പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 116 – ജോൺ IX (840-900)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 898 ജനുവരി മുതൽ 900 ജനുവരി വരെയുള്ള രണ്ടു വർഷക്കാലം സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ജോൺ ഒൻപതാമൻ. മധ്യ ഇറ്റലിയിലെ ലാസിയോ പ്രദേശത്തുള്ള തീവൊളി എന്ന നഗരത്തിൽ എ.ഡി. 840 -ലാണ് ജോണിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അവിടെയുള്ള ബെനഡിക്‌റ്റീൻ ആശ്രമത്തിൽ ചേർന്ന് ഒരു സന്യാസി ആകുന്നതിനുള്ള പരിശീലനത്തിൽ ഏർപ്പെട്ടു. പരിശീലനം പൂർത്തീകരിച്ച ജോണിനെ ഫോർമോസൂസ് മാർപാപ്പയാണ് ഒരു സന്യാസവൈദികനായി അഭിഷേചിക്കുന്നത്. പിന്നീട് ബെനഡിക്‌റ്റീൻ ആശ്രമത്തിന്റെ അധിപനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

തിയഡോർ രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി ജോൺ തിരഞ്ഞെടുക്കപ്പെട്ടു. റോമിൽ അന്ന് വ്യാപകമായിരുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് മാർപാപ്പ മുൻകൈയ്യെടുത്തു. സഭയിലെ അച്ചടക്കം തിരികെ കൊണ്ടുവരുന്നതിനായി നിരവധി സിനഡുകളും അദ്ദേഹം വിളിച്ചുകൂട്ടി. ഫോർമോസൂസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയ തന്റെ മുൻഗാമിയുടെ പ്രവൃത്തിയെ സ്ഥിരീകരിക്കുകയും അദ്ദേഹത്തെ സഭയിൽ പുനഃസ്ഥാപിക്കാൻ തിയഡോർ രണ്ടാമൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. റെവെന്നായിൽ കൂടിയ സിനഡിൽ വച്ച് കുപ്രസിദ്ധ കഡാവർ സിനഡിലെ രേഖകൾ കത്തിച്ചുകളഞ്ഞു. ഈ സിനഡ് കാരണം വിലക്കിലായ പുരോഹിതരെയും മെത്രാന്മാരെയും അവരുടെ വിലക്ക് നീക്കി പഴയ സ്ഥാനങ്ങളിൽ പുനഃസ്ഥാപിച്ചു. കഡാവർ സിനഡിന്റെ ഭാഗമായെങ്കിലും തെറ്റ് തിരുത്തി മാപ്പപേക്ഷിച്ചവരോട് പൊറുക്കുകയും അതിന് തയ്യാറാകാഞ്ഞവരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. കൂടാതെ മരിച്ചുപോയവരുടെ മൃതദേഹസാന്നിധ്യത്തിലുള്ള വിചാരണകൾക്ക് വിലക്കേർപ്പെടുത്തുകയും അതിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.

മാർപാപ്പമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന പല നിയമങ്ങളും നിർദ്ദേശങ്ങളും നടപ്പിൽ വരുത്തുന്നതിനും ജോൺ ഒൻപതാം മാർപാപ്പ മുൻകൈയെടുത്തു. എന്നാൽ ചെറുപ്പക്കാരനായിരുന്ന സ്‌പോളേറ്റോയിലെ ലാംബർട്ട് ചക്രവർത്തിയുടെ പെട്ടെന്നുള്ള മരണം സൃഷ്ടിച്ച കുഴപ്പങ്ങൾ റോമിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയ അസ്ഥിരത ജോൺ മാർപാപ്പയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നതിനും അപ്പുറത്തായിരുന്നു. എന്നിരുന്നാലും കോൺസ്റ്റാന്റിനോപ്പിളുമായി നല്ല ബന്ധത്തിൽ പോകുന്നതിന് ജോൺ മാർപാപ്പ പരിശ്രമിച്ചു. മോണ്ടെ കസിനോയിലെ ബെനഡിക്‌റ്റീൻ ആശ്രമത്തിന് പ്രത്യേക ചില ആനുകൂല്യങ്ങൾ നൽകുകയും സന്യാസ ജീവിതശൈലിയെ സഭയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എ.ഡി. 900 ജനുവരി മാസത്തിൽ കാലം ചെയ്ത ജോൺ ഒൻപതാം മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.