പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 113 – സ്റ്റീഫൻ VI (850-897)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 896 മെയ് 22 മുതൽ 897 ആഗസ്റ്റ് വരെ മാർപാപ്പ ആയിരുന്ന ആളാണ് സ്റ്റീഫൻ ആറാമൻ. എ.ഡി. 850 -ൽ റോമിൽ ജോൺ എന്ന പേരോടു കൂടിയ ഒരു പുരോഹിതന്റെ മകനായിട്ടാണ് സ്റ്റീഫന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദികപരിശീലനം പൂർത്തിയാക്കി വിവിധ ഇടവകകളിൽ അദ്ദേഹം ജോലി ചെയ്തു. ഈ സമയത്ത് ഫോർമോസൂസ് മാർപാപ്പ സ്റ്റീഫനെ അദ്ദേഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ അനാഗ്നി രൂപതയുടെ മെത്രാനായി നിയമിക്കുന്നു.

ബോനിഫസ് ആറാമൻ മാർപാപ്പയുടെ പതിനഞ്ചു ദിവസം മാത്രം നീണ്ടുനിന്ന സഭാഭരണത്തിനു ശേഷം മധ്യ ഇറ്റലിയിലെ ഭരണാധികാരികളായിരുന്ന ഡ്യൂക്കുമാരുടെ പ്രേരണയാൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു സ്റ്റീഫൻ ആറാമൻ. സഭയ്ക്ക് വലിയ ദുഷ്‌പേരുണ്ടാക്കിയ മാർപാപ്പമാരിലൊരാളാണ് ഇദ്ദേഹം. അതിന്റെ പ്രധാന കാരണം ഫോർമോസൂസ് മാർപാപ്പയുടെ മൃതശരീരം അടക്കം ചെയ്ത് ഒൻപതു മാസത്തിനു ശേഷം പുറത്തെടുത്തു വിചാരണ നടത്തി എന്നതാണ്. എ.ഡി. 897 ജനുവരിയിൽ നടന്ന ഈ സംഭവം അറിയപ്പെടുന്നത് “കഡാവർ സിനഡ്” എന്ന പേരിലാണ്. ഈ വിചാരണ ഇറ്റലിയുടെ രാജാവായിരുന്ന ലാംബർട്ടിന്റെയും അദ്ദേഹത്തിന്റെ മാതാവിന്റെയും പ്രേരണയാലാണ് നടന്നതെങ്കിലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം മാർപാപ്പ എന്ന നിലയിൽ സ്റ്റീഫൻ ആറാമനായിരുന്നു. ഫോർമോസൂസ് വ്യാജമാർഗ്ഗങ്ങളിലൂടെയാണ് മാർപാപ്പ സ്ഥാനത്ത് എത്തിയതെന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം.

ഒരു ഡീക്കൻ മാർപാപ്പയെ പ്രതിനിധീകരിച്ച് മറുപടി പറയുകയും വിചാരണയുടെ അന്ത്യത്തിൽ ഫോർമോസൂസിന്റെ മൃതശരീര സാന്നിധ്യത്തിൽ അദ്ദേഹത്തെ കുറ്റക്കാരാരനായി വിധിക്കുകയും ചെയ്തു. കൂടാതെ, അദ്ദേഹം നടത്തിയ നിയമനങ്ങളും പട്ടങ്ങളും അസാധുവാക്കി ഉത്തരവിറക്കി. വിചാരണയുടെ അന്ത്യത്തിൽ മൃതദേഹത്തിൽ ധരിപ്പിച്ചിരുന്ന മാർപാപ്പയുടെ വസ്ത്രങ്ങൾ നീക്കം ചെയ്ത് വിശ്വാസികളെ ആശീർവദിച്ച വലതുകരത്തിലെ മൂന്ന് വിരലുകൾ മുറിച്ചുകളഞ്ഞ് മൃതദേഹം ടൈബർ നദിയിൽ ഒഴുക്കി. ഒരു സന്യാസി ഫോർമോസൂസ് മാർപാപ്പയുടെ മൃതശരീരം വീണ്ടെടുത്ത് റോമിലെ വിദേശികൾക്കായുള്ള സെമിത്തേരിയിൽ അടക്കി. പിന്നീട് തിയഡോർ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഫോർമോസൂസിനെ കുറ്റവിമുക്തനാക്കി പത്രോസിന്റെ ബസിലിക്കയിൽ ഔദ്യോഗിക ബഹുമതികളോടെ അടക്കി. എന്നാൽ റോമൻ ജനത താമസിയാതെ സ്റ്റീഫൻ ആറാമൻ മാർപാപ്പക്കെതിരെ തിരിയുകയും അദ്ദേഹത്തെ മാർപാപ്പ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. താമസിയാതെ എ.ഡി. 897 ഓഗസസ്റ്റിൽ ജയിലിൽ സ്റ്റീഫൻ ആറാമൻ കൊല്ലപ്പെടുകയാണുണ്ടായത്. അക്കാലത്തെ രാഷ്ട്രീയ ഇടപെടലുകൾ കാരണം സഭയിലുണ്ടായ അധഃപതനത്തിന്റെ നേർരേഖയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.