പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 109 – വി. അഡ്രിയാൻ III (830-885)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 884 മെയ് 17 മുതൽ 885 ജൂലൈ വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. അഡ്രിയാൻ മൂന്നാമൻ. എ.ഡി. 830 -ൽ റോമിലാണ് അദ്ദേഹം ജനിച്ചത്. അഡ്രിയാൻ മൂന്നാമൻ മാർപാപ്പയുടെ നാമം അഗാപ്പേത്തൂസ് എന്നായിരുന്നു. കുറച്ചുകാലം മാത്രമാണ് സഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചതെങ്കിലും പട്ടിണിയിലും യുദ്ധത്തിലും വലഞ്ഞ തന്റെ ജനത്തെ സഹായിക്കാൻ മാനുഷികമായി സാധിതമായതെല്ലാം മാർപാപ്പ ചെയ്തു. വളരെ പ്രശ്നകലുഷിതവും രാഷ്ട്രീയ അസ്ഥിരതയിലുമായിരുന്ന ഒരു കാലഘട്ടത്തിൽ ദൈവജനത്തിന് പ്രതീക്ഷ നല്‍കിയ ആത്മീയനേതാവായിരുന്നു അദ്ദേഹം.

തന്റെ മുൻഗാമിയായിരുന്ന മരിനൂസിന്റെ നയങ്ങളേക്കാൾ ജോൺ എട്ടാമൻ മാർപാപ്പയുടെ നയങ്ങളാണ് അഡ്രിയാൻ മൂന്നാമൻ മാർപാപ്പ അനുധാവനം ചെയ്തത്. വളരെ അസ്ഥിരമായ ഒരു കാലഘട്ടമായതിനാൽ റോമൻ തെരുവുകളിൽ മിക്കപ്പോഴും രക്തരൂക്ഷിത കലാപങ്ങൾ അരങ്ങേറിയിരുന്നു. ഈ കലാപങ്ങൾ ഇല്ലാതാക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങൾ പരാജയപ്പെടുമ്പോൾ നേതൃത്വത്തിനായി ജനങ്ങൾ മാർപാപ്പയെ ആണ് ആശ്രയിച്ചിരുന്നത്. പേപ്പൽ സ്റ്റേറ്റിന്റെ അധികാരം ഉപയോഗിച്ച് പലപ്പോഴും മാർപാപ്പ ദൈവജനത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.

അഡ്രിയാൻ മാർപാപ്പയുടെ മറ്റൊരു നേട്ടം പൗരസ്ത്യദേശത്തെ സഭയുമായി വളരെ സൗഹൃദത്തിൽ പോകുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു എന്നതാണ്. മാർപാപ്പ സ്ഥാനത്തേക്കുള്ള തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഫൊത്തിയൂസ് പാത്രിയർക്കീസിന് അഡ്രിയാൻ മാർപാപ്പ കത്തെഴുതി. ഇതുകൂടാതെ ചാൾസ് മൂന്നാമൻ ചക്രവർത്തിയുടെ അഭ്യർത്ഥന മാനിച്ച് 885 -ൽ ജർമ്മനിയിലേക്ക് മാർപാപ്പ സഞ്ചരിച്ചു. ‘പരിശുദ്ധ റോമൻ ചക്രവർത്തി’ വിളിച്ചുകൂട്ടിയ പ്രത്യേക മീറ്റിംഗിൽ സംബന്ധിക്കുന്നതിനായിരുന്നു ഈ യാത്ര. തനിക്ക് ഒരു അനന്തരാവകാശി ഇല്ലാതിരുന്നതിനാൽ ഒരാളെ ആ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുക, അതിന് മാർപാപ്പയുടെ അംഗീകാരം നേടുക എന്നതായിരുന്നു ചക്രവർത്തിയുടെ ലക്ഷ്യം. ഇക്കാര്യം മാർപാപ്പയ്ക്ക് അറിവുള്ളതായിരുന്നുവെങ്കിലും അതിന് പ്രത്യുപകാരമായി റോമിന്റെ സംരക്ഷണം നേടിയെടുക്കുക എന്നതായിരുന്നു മാർപാപ്പയുടെ ഉദ്ദേശം. ഇറ്റലിയുടെ വടക്കൻ നഗരമായ മൊഡേർണയിൽ ആയിരിക്കുമ്പോൾ അഡ്രിയാൻ മൂന്നാമൻ മാർപാപ്പ കാലം ചെയ്യുകയും അവിടുത്തെ പ്രസിദ്ധമായ നോണന്തോള ആശ്രമത്തിൽ അടക്കപ്പെടുകയും ചെയ്തു. പ്രസിദ്ധമായ ഈ ബനഡിക്റ്റീൻ ആശ്രമം ലോമ്പാർഡിയായിലെ ഡ്യൂക്കായിരുന്ന വി. അൻസലെം എ.ഡി. 752 -ൽ സ്ഥാപിച്ചതാണ്. അഡ്രിയാൻ മാർപാപ്പയെ ഇവിടെ അടക്കിയിരിക്കുന്നതിനാൽ പിന്നീട് ഇത് വലിയ തീർത്ഥാടനകേന്ദ്രമായി പരിണമിക്കുകയും ചെയ്തു. വി. അഡ്രിയാൻ മാർപാപ്പയുടെ തിരുനാൾ ജൂലൈ 8-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.