പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 107 – ജോൺ VIII (820-882)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 872 ഡിസംബർ 14 മുതൽ 882 ഡിസംബർ 16 വരെയുള്ള കാലയളവിലെ മാർപാപ്പയാണ് ജോൺ എട്ടാമൻ. എ.ഡി. 820 -ൽ റോമിലാണ് അദ്ദേഹം ജനിച്ചത്. മഹാനായ നിക്കോളാസ് മാർപാപ്പയുടെ അടുത്ത സുഹൃത്തും ഇരുപതു വർഷത്തോളം അദ്ദേഹത്തിന്റെ ആർച്ച്ഡീക്കനുമായിരുന്നു ജോൺ. ഏകകണ്ഠമായി മാർപാപ്പ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജോൺ, തന്റെ ഭരണകാലത്തിലെ അധിക സമയവും മുസ്ളീം അധിനിവേശത്തിനെതിരെ പൊരുതുന്നതിനായിരുന്നു ചിലവഴിച്ചത്. ഇറ്റലിയുടെ തെക്കൻ പ്രദേശങ്ങൾ ഇക്കാലയളവിൽ മുസ്ലീങ്ങൾ കയ്യടക്കിയിരുന്നു. ഇക്കാര്യത്തിൽ ഫ്രാങ്കിഷ്‌ രാജാക്കന്മാരിൽ നിന്നോ ബൈസന്റൈൻ ചക്രവർത്തിയിൽ നിന്നോ അദ്ദേഹത്തിന് കാര്യമായ സഹായം കിട്ടിയില്ല.

തെസലോനിക്കയിലെ മെത്തോഡിയസ് സ്ളാവ് വംശജരുടെ ഇടയിൽ നടത്തിയ മിഷൻ പ്രവർത്തനത്തെ ജോൺ മാർപാപ്പ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചത് സുവിശേഷം ഇവിടെയെല്ലാം വളരെ വേഗം എത്തിച്ചേരുന്നത്തിനും ഈ പ്രദേശങ്ങൾ ക്രിസ്തീയമാകുന്നതിനും കാരണമായി. എന്നാൽ റോം അറിയാതെ കരോളിഞ്ചൻ രാജാക്കന്മാർ ബവേറിയൻ ബിഷപ്പുമാരുടെ പ്രേരണയാൽ മെത്തോഡിയസിനെ തടവിലാക്കി. തങ്ങളുടെ സ്വാധീനം ഈ പ്രദേശങ്ങളിൽ ഇല്ലാതാക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമാകുന്നുവെന്ന് അവർ ചിന്തിച്ചു. ആരാധനക്രമം പ്രാദേശികഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു പ്രകോപന കാരണം. ഇതറിഞ്ഞ ജോൺ മാർപാപ്പ, അദ്ദേഹത്തെ മോചിപ്പിക്കാനും ബൈബിൾ സ്ലോവേനിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനും അനുവാദം കൊടുത്തു.

ജോൺ മാർപാപ്പ നേരിട്ട ഏറ്റം വലിയ പ്രശ്നം ഇറ്റലിയുടെ തെക്കുഭാഗം ഇക്കാലയളവിൽ മുസ്ലീങ്ങൾ പിടിച്ചടക്കി തങ്ങളുടെ അധീശത്വം സ്ഥാപിച്ചു എന്നതായിരുന്നു. മാർപാപ്പ ഈ പ്രദേശങ്ങളിൽ സഞ്ചരിച്ച് അവിടുത്തെ ക്രിസ്തീയസമൂഹത്തെ ശക്തിപ്പെടുത്തി മുസ്ലിങ്ങൾക്കെതിരെ പോരാടാൻ അവരെ ഒരുക്കി. ഇക്കാര്യത്തിൽ ക്രിസ്തീയ രാജാക്കന്മാരിൽ നിന്നും കാര്യമായ സഹായം കിട്ടാതിരുന്നതിനാൽ മാർപാപ്പ പലപ്പോഴും ഒറ്റയ്ക്ക് പൊരുതുകയായിരുന്നു. ഇതു കൂടാതെ റോമിന്റെ മതിലുകൾ ബലവത്താക്കുകയും പള്ളികൾ സംരക്ഷിക്കുന്നതിനു വേണ്ടുന്ന നടപടികളെടുക്കുകയും ചെയ്തു. എന്നാൽ വലിയ അരക്ഷിതാവസ്ഥ നിലനിന്ന അന്നത്തെ സാഹചര്യത്തിൽ മാർപാപ്പയ്ക്ക് വലിയ എതിർപ്പുകളും നേരിടേണ്ടി വന്നു. എ.ഡി. 882 ഡിസംബർ 16 -ന് മാർപാപ്പയുടെ അടുപ്പക്കാർ തന്നെ അദ്ദേഹത്തിന് വിഷം കൊടുത്തിനു ശേഷം അടിച്ചുകൊല്ലുകയാണുണ്ടായത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കൊല്ലപ്പെടുന്ന മാർപാപ്പയാണ് ജോൺ എട്ടാമൻ. അന്നത്തെ പ്രശ്നങ്ങളിൽ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടി ആരെങ്കിലും ചെയ്ത ക്രൂരകൃത്യമായി ഈ സംഭവം വിലയിരുത്തപ്പെടുന്നു. വി. പത്രോസിന്റെ ബസിലിക്കായിലാണ് ജോൺ എട്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.