പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 101 – ഗ്രിഗറി IV (790-844)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 827 ഒക്ടോബർ മുതൽ 844 ജനുവരി 25 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഗ്രിഗറി നാലാമൻ. റോമിലെ ഭരണകാര്യങ്ങളിൽ സ്വാധീനം ഉണ്ടായിരുന്ന പട്രീഷ്യൻ കുടുംബത്തിലെ ജോൺ എന്നയാളുടെ മകനായി എ.ഡി. 790 -ൽ ഗ്രിഗറി ജനിച്ചു. പാസ്കൽ മാർപാപ്പയുടെ കാലത്ത് ഒരു വൈദികനായി അഭിഷിക്തനായി. വാലന്റീൻ മാർപാപ്പ മരിക്കുമ്പോൾ റോമിലെ വി. മർക്കോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ പുരോഹിതനായിരുന്നു ഗ്രിഗറി. പ്രഭുക്കന്മാരുടെ സ്ഥാനാർത്ഥിയായിട്ടാണ് മാർപാപ്പ സ്ഥാനത്തേയ്ക്ക് വന്നതെങ്കിലും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. തന്നെ മാർപാപ്പയായി തിരഞ്ഞെടുത്തെന്നറിഞ്ഞ ഗ്രിഗറി ഈ സ്ഥാനം ഏറ്റെടുക്കാൻ മനസ്സില്ലാതെ വിശുദ്ധരായ കോസ്‌മോസിന്റെയും ഡാമിയന്റെയും നാമത്തിലുള്ള ബസിലിക്കയിൽ ആരുമറിയാതെ ഒളിച്ചിരുന്നു. എന്നാൽ ജനങ്ങൾ അദ്ദേഹത്തെ കണ്ടെത്തുകയും ബലമായി ലാറ്ററൻ ബസിലിക്കയിൽ എത്തിച്ച് സ്ഥാനാരോഹണം നടത്തുകയും ചെയ്തു. റോമിൽ അപ്പോൾ നിലവിലുണ്ടായിരുന്ന സംവിധാനം തുടരുന്നതിനു വേണ്ടിയാണ് ഗ്രിഗറിയെ മാർപാപ്പയായി തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു.

ഇക്കാലയളവിൽ ഫ്രാങ്കിഷ്‌ ചക്രവർത്തിയുടെ അംഗീകാരം മാർപാപ്പ തിരഞ്ഞെടുപ്പ് സാധുവാകുന്നതിന് വേണമെന്നതിനാൽ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നുവെങ്കിലും അത് കഴിഞ്ഞു വരുന്ന മാർച്ചിലാണ് സ്ഥാനാരോഹണം നടക്കുന്നത്. സഭാകാര്യങ്ങളിൽ എന്നതുപോലെ പേപ്പൽ സ്റ്റേറ്റിന്റെ കാര്യങ്ങളും നടത്തിക്കൊണ്ടുപോവുക വളരെ ശ്രമകരമായ ജോലിയായിരുന്നു. എ.ഡി. 817 -ൽ ലൂയിസ് ചക്രവർത്തി പാസ്കൽ ഒന്നാമൻ മാർപാപ്പയുടെ കാലത്ത് തന്റെ സാമ്രാജ്യം മൂന്നായി വിഭജിച്ച് ലോത്തെയർ, പെപ്പിൻ, ലൂയിസ് എന്നീ മക്കളെ ഏല്പിക്കുന്നു. എന്നാൽ ഇവർ പരസ്പരം വഴക്കിടുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഇവർ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി മാർപാപ്പയുടെ സഹായം ലോത്തെയർ ആവശ്യപ്പെട്ടു. എന്നാൽ ഫ്രാങ്കിഷ്‌ ബിഷപ്പുമാർ ലോത്തെയറിനെ എതിർത്തിരുന്നതിനാൽ മാർപാപ്പയുടെ ഇടപെടൽ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. പിന്നീട് മാർപാപ്പ വിവേകപൂർവ്വം ഇക്കാര്യങ്ങളിൽ നിന്നും പിൻവാങ്ങുകയും സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

റോമിലെ പുരാതനമായ ജലവിതരണ സംവിധാനം നവീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും സാരസീൻ സൈന്യത്തിന്റെ ആക്രമണത്തിൽ നിന്നും റോമിനെ രക്ഷിക്കുന്നതിനായി ഓസ്തിയാ തുറമുഖം നവീകരിക്കുകയും ചെയ്തു. എ.ഡി. 833 -ൽ റോമിലെ വി. മർക്കോസിന്റെ ബസിലിക്ക പൂർണ്ണമായും പുനർനിർമ്മിക്കുകയും ബൈസന്റീൻ മൊസൈക്ക് ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു. എ.ഡി. 844 ജനുവരി 25 -നു കാലം ചെയ്ത ഗ്രിഗറി മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.