കൊന്തയില്‍ നിന്ന് റോസറിയിലേക്ക്

”ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ. ഞാന്‍ ഈ ലോകത്തെ കീഴടക്കും”വാഴ്ത്തപ്പെട്ട പീയൂസ് ഒമ്പതാമന്‍ പാപ്പ

ക്രിസ്തുവര്‍ഷം 1214-ല്‍ കര്‍ത്തൂസ്യന്‍ സഭാംഗം ഫാ. ഡൊമിനിക്കിന് പരിശുദ്ധ മറിയം പ്രത്യക്ഷയായി മരിയഭക്തി പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ജപമാല സമ്മാനിക്കുകയുമൊക്കെ ഉണ്ടായെങ്കിലും കൊന്ത, ജപമാല, റോസറി ഈ പദങ്ങളുടെയൊക്കെ ആവിര്‍ഭാവം അതിനുശേഷമാണ്. ‘ജപമാല’ എന്ന പേര് ലഭിക്കുന്നത് 1310-നുശേഷമാണ്. അതുവരെ ‘കൊന്ത’ എന്നാണറിയപ്പെട്ടിരുന്നത്. ‘കൊന്ത’ എന്ന വാക്ക് പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്ന് ഉത്ഭവിച്ച ‘കൊന്താരെ’ എന്ന പദത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ ക്രിയാപദത്തിനര്‍ത്ഥം ‘എണ്ണുക’ എന്നതാണ്. ഇതിന്റെ നാമപദമാണ് ‘എണ്ണം’ എന്നര്‍ത്ഥം വരുന്ന ‘കൊന്ത’ എന്ന വാക്ക്.

പ്രാചീന കാലത്ത് സന്യാസസഭകളിലെ ഏതെങ്കിലുമൊരംഗം മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി സഭാംഗങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് സങ്കീര്‍ത്തകന്റെ പുസ്തകത്തിലെ 150 അധ്യായങ്ങളും വായിക്കുക പതിവായിരുന്നു. ഏ.ഡി. 800-ആയപ്പോഴേക്കും വിശുദ്ധ ഗാളിന്റെ നിര്‍ദ്ദേശപ്രകാരം ഇത് 50 സങ്കീര്‍ത്തനങ്ങളാക്കി പരിമിതപ്പെടുത്തി. അക്ഷരജ്ഞാനത്തിന്റെ കുറവ് വായനയ്ക്ക് തടസ്സമായപ്പോള്‍ 812-ല്‍ സങ്കീര്‍ത്തന വായനയ്ക്കു പകരം പ്രതിദിനം അമ്പതോ, നൂറോ, നൂറ്റമ്പതോ തവണ ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലിയാല്‍ മതിയെന്ന് നിഷ്‌കര്‍ഷിച്ചു. ഇതോടൊപ്പം സാധ്യമെങ്കില്‍ മൂന്നോ നാലോ സങ്കീര്‍ത്തനവും ആലപിക്കുകയെന്ന് കൂട്ടിച്ചേര്‍ത്തു. തിരുസ്സഭാ പടയാളികളായിരുന്ന ‘നൈറ്റ് ടെംപ്ലേഴ്‌സ്’ എന്നറിയപ്പെടുന്ന സമാധാന പോര്‍വീരന്മാരുടെ ക്യാമ്പുകളില്‍ ഇത്രയും സ്വര്‍ഗസ്ഥനായ ചൊല്ലുക എന്നത് ബുദ്ധിമുട്ടാണെന്നു വന്നപ്പോള്‍ ആഴ്ചയില്‍ അമ്പത് ‘സ്വര്‍ഗസ്ഥനായ പിതാവേ’ ചൊല്ലിയാല്‍ മതിയെന്നും ആഴ്ചയിലൊരിക്കലായതിനാല്‍ ആഴ്ചയെ പ്രതിനിധീകരിക്കുന്ന ഏഴ് സ്വര്‍ഗ്ഗസ്ഥനായ ജപം കൂടി കൂട്ടാനും നിര്‍ദ്ദേശമുണ്ടായി. അങ്ങനെ 57 പ്രാവശ്യം കര്‍ത്തൃപ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. ഇതിന് എണ്ണം പിടിക്കാന്‍ ഒരു ചരടില്‍ 57 മരക്കായകളോ പാറക്കഷണങ്ങളോ കെട്ടി മാലയാക്കി.

കേരളത്തില്‍ പാശ്ചാത്യമിഷണറിമാരാണ് കൊന്തനമസ്‌ക്കാരത്തിന്റെ പ്രചാരകര്‍. പോര്‍ച്ചുഗീസ് മിഷണറിമാര്‍ ‘കൊന്ത’ എന്ന പദം സമ്മാനിച്ചെങ്കില്‍ യൂറോപ്യന്‍ മിഷണറിമാര്‍ പ്രാര്‍ത്ഥനാശൈലി നല്‍കി. എന്നാല്‍ തുടര്‍ച്ചയായി 57 പ്രാവശ്യം ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് വിരസതയായി തോന്നിത്തുടങ്ങിയപ്പോള്‍ പ്രാര്‍ത്ഥനാ ശൈലിയില്‍ മാറ്റം വരുത്താന്‍ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചു. ഏ.ഡി. 955 കാലഘട്ടത്തില്‍ മാതാവിനെ സ്തുതിക്കുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തുടങ്ങിയിരുന്നു. ഗബ്രിയേല്‍ മാലാഖ മറിയത്തെ സ്തുതിച്ച വാക്കുകളും എലിസബത്ത് മറിയത്തെ പുകഴ്ത്തിയ വാക്കുകളും ചേര്‍ത്ത് 960 മുതല്‍ ഒരു പ്രാര്‍ത്ഥനയ്ക്ക് രൂപം നല്‍കുകയുണ്ടായി. 13-ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം വരെ ഈ രീതി തുടര്‍ന്നു. എന്നാല്‍ 1514 മുതല്‍ മെര്‍ച്ചെദാറിയന്‍ സന്യാസിമാരും ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിമാരും ‘നന്മനിറഞ്ഞ മറിയമേ’ എന്ന സ്തുതിപ്പിന് പൂര്‍ണ്ണരൂപം നല്‍കി പ്രചരിപ്പിക്കാന്‍ തുടങ്ങി.

വിശുദ്ധ ഡൊമിനിക്കാണ് ഈശോയുടെ രക്ഷാകര ജീവിതത്തിലെ സംഭവങ്ങള്‍ മൂന്നായി തിരിച്ച് 15 ദിവ്യരഹസ്യങ്ങള്‍ക്ക് ക്രോഡീകരണം നടത്തിയത്. ഒന്നാം ഭാഗത്തില്‍ ഈശോയുടെ ജനനാറിയിപ്പു മുതല്‍ ബാലനായ യേശുവിനെ ദേവാലയത്തില്‍ വച്ച് കണ്ടു കിട്ടുന്നതുവരെയുള്ള ബാല്യകാല ജീവിതത്തിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങള്‍ തെരഞ്ഞെടുത്ത് ‘സന്തോഷകരം’ എന്നും, ഗദ്‌സമെന്‍ തോട്ടത്തിലെ പ്രാര്‍ത്ഥന മുതല്‍ ഗാഗുല്‍ത്തായിലെ കുരിശുമരണം വരെയുള്ള സംഭവങ്ങളെ കോര്‍ത്തിണക്കി അഞ്ച് പ്രധാന കാര്യങ്ങളെ ‘ദുഃഖകരം’ എന്നും യേശുവിന്റെ ഉയിര്‍പ്പു മുതല്‍ കന്യാമറിയത്തിന്റെ കിരീടധാരണം വരെയുള്ള മഹനീയ സംഭവങ്ങളിലെ അഞ്ച് സുപ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ‘മഹിമ നിറഞ്ഞത്’ എന്ന പേരിലുമായി 15 രഹസ്യങ്ങള്‍ക്ക് രൂപഭാവം നല്‍കി. 1409-നുശേഷം കൊന്തനമസ്‌ക്കാരത്തില്‍ ഈ ദിവ്യരഹസ്യങ്ങള്‍ ധ്യാനവിഷയങ്ങളായി വിശ്വാസി സമൂഹത്തിനിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതിനെ ‘സാല്‍മൊ ദെല്‍ മരിയ’ അഥവാ ‘മരിയ കീര്‍ത്തനമാല്യം’ എന്നാണ് വിളിച്ചിരുന്നത്. ഇംഗ്ലീഷില്‍ ഇന്ന് ഇതിനെ ‘റോസറി’ അഥവാ ‘റോസാപുഷ്പമാല്യം’ എന്നു വിളിക്കുന്നു. ഈ മൊഴിമാറ്റത്തിനു പിന്നില്‍ ഒരു ദര്‍ശന സംഭവം ഒളിഞ്ഞുകിടപ്പുണ്ട്.

കര്‍ത്തൂസ്യന്‍ സഭാംഗമായ ഒരു യുവസന്യാസി മരിയന്‍ കീര്‍ത്തനം ചൊല്ലി സ്തുതിച്ചുകൊണ്ടിരിക്കേ സന്യാസിക്കൊരു ദര്‍ശനമുണ്ടായി. ഓരോ നന്മനിറഞ്ഞ മറിയവും ചൊല്ലിക്കഴിയുമ്പോള്‍ പരിശുദ്ധ മറിയം വന്ന് തന്റെ അധരങ്ങളില്‍ നിന്ന് ഓരോ റോസാപൂവ് എടുത്ത് മാല കോര്‍ക്കുന്നു. ഒരു മരിയന്‍ കീര്‍ത്തനം പൂര്‍ണമാക്കിയപ്പോഴേക്കും 10 പൂക്കളുള്ള അഞ്ച് മാലകള്‍ മാതാവ് സ്വന്തം കഴുത്തില്‍ അണിയുന്നതായി കണ്ടു. എന്നാല്‍ സന്യാസിയുടെ പ്രാര്‍ത്ഥന ശ്രദ്ധിച്ചുകൊണ്ടു നിന്നിരുന്ന ആശ്രമാധിപന്‍ കണ്ട ദര്‍ശനം മറ്റൊന്നായിരുന്നു. സന്യാസി പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു മാലാഖ വന്ന് അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് റോസാപ്പൂക്കള്‍ അടര്‍ത്തിയെടുത്ത് മാല കോര്‍ത്ത് മാതാവിന്റെ തിരുസ്വരൂപത്തില്‍ ചാര്‍ത്തുന്നതായിട്ടാണ്. ഇത്തരത്തിലുള്ള വിവിധങ്ങളായ ദര്‍ശനങ്ങള്‍ യൂറോപ്പിലെ പല മരിയഭക്തര്‍ക്കും കാണാന്‍ കഴിഞ്ഞു. എന്ന വിശ്വാസം പ്രചരിച്ചുപോരുന്നുണ്ട്. ഇതോടെ ഈ മാലയ്ക്ക് ‘റൊസാരിയും’ അഥവാ ‘റോസറി’ എന്നു പേരു വന്നു.

ജപമാല ഭക്തി ലോകമെമ്പാടും പ്രബലപ്പെട്ടതോടുകൂടി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാക്കുകള്‍ കൂട്ടിയോജിപ്പിച്ച് ‘പരിശുദ്ധ മറിയമേ’ എന്ന മധ്യസ്ഥ പ്രാര്‍ത്ഥന ഉപയോഗിച്ചു തുടങ്ങി. ‘നന്മനിറഞ്ഞ മറിയമേ’ എന്ന സ്തുതിപ്പിനൊപ്പം 1689 മുതല്‍ ‘പരിശുദ്ധ മറിയമേ’ എന്ന പ്രാര്‍ത്ഥനയും വിശ്വാസി സമൂഹം ചൊല്ലിത്തുടങ്ങി. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ 2002-ല്‍ ‘പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങള്‍’ കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ കര്‍ത്താവിന്റെ മംഗളവാര്‍ത്ത മുതല്‍ മാതാവിന്റെ സ്വര്‍ഗീയ കിരീടധാരണം വരെയുള്ള സംഭവങ്ങള്‍ യഥാക്രമത്തില്‍ സന്തോഷകരം, പ്രകാശപൂര്‍ണം, ദുഃഖകരം, മഹിമ നിറഞ്ഞത് എന്നിങ്ങനെ നാലുതരം ദിവ്യരഹസ്യങ്ങളുള്ള സമ്പൂര്‍ണ ജപമാലയായിത്തീര്‍ന്നു.

1653-ലെ കൂനന്‍ കുരിശു സത്യത്തിനുശേഷം ക്രൈസ്തവര്‍ കേരളത്തില്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞു. റോമന്‍ അധികാരികളെ അംഗീകരിക്കാത്തവര്‍ ക്രമേണ മറ്റൊരു സഭാവിഭാഗമായി വേര്‍പിരിഞ്ഞു. ഇവരും പില്‍ക്കാലത്ത് മറ്റു പ്രോട്ടസ്റ്റന്റ് വിഭാഗങ്ങളും കൊന്തനമസ്‌ക്കാരം അഥവാ ജപമാലയര്‍പ്പണം പരിത്യജിച്ചു. ഇപ്പോള്‍ കത്തോലിക്കര്‍ മാത്രമേ കൊന്ത നമസ്‌ക്കാരം നടത്തുന്നുള്ളൂ. വാക്കുകള്‍കൊണ്ടും ചിന്തകള്‍കൊണ്ടുമുള്ള പ്രാര്‍ത്ഥനകളുടെ സംക്ഷിപ്തരൂപമാണ് ജപമാല പ്രാര്‍ത്ഥന. ഇത് ക്രൈസ്തവ സംഹിതകളെ സമഗ്രമായി പ്രകാശിപ്പിക്കുന്നു. ക്രിസ്തീയ കുടുംബ ബന്ധങ്ങളെ ഒരുമിപ്പിച്ച് നിലനിര്‍ത്തുന്ന സ്‌നേഹശൃംഖലയായി മാറിയിരിക്കുന്നു ജപമാല അഥവാ റോസറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.