സിറിയൻ യുദ്ധത്തെ അതിജീവിച്ച ഫ്രാൻസിസ്കൻ സന്യാസി കോവിഡ് ബാധിച്ച് മരിച്ചു

“ഞാൻ അവരോടൊപ്പവും അവർക്കുവേണ്ടിയും മരിക്കും” – സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ആലപ്പോ വിട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മേലധികാരിയോടുള്ള ഫാ. എഡ്വേർഡ് ടമറിന്റെ മറുപടി ഇതായിരുന്നു. സിറിയൻ യുദ്ധത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലും പാവപ്പെട്ട ജനങ്ങളോടൊപ്പം നിന്ന ആ ഫ്രാൻസിസ്‌ക്കൻ വൈദികൻ തൻ്റെ എൺപത്തിമൂന്നാമത്തെ വയസ്സിൽ കോവിഡ് -19 ബാധിച്ച്  മരിച്ചു.

സിറിയയിലുള്ള ഫ്രാൻസിസ്‌ക്കൻ വൈദികരിൽ ഇത് രണ്ടാമത്തെ ആളാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. 49 വയസുള്ള ഫാ. ഫിറാസ് ഹെജാസ് ആണ് കോവിഡ് ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ചത്. അലപ്പോയിലെ കഷ്ടപ്പാടുകളും പ്രശ്നങ്ങളും ദുരന്തങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞ രണ്ട് വലിയ മിഷനറിമാരാണ് മരിച്ചുപോയ ഈ രണ്ട് സന്യാസികളും.

സിറിയൻ ആഭ്യന്തരയുദ്ധം ഉൾപ്പെടെ ആലപ്പോയിൽ തന്റെ ജീവിതത്തിന്റെ അവസാന 20 വർഷം ചെലവഴിച്ച ലെബനൻ വൈദികനായിരുന്നു ഫാ. ടമെർ. സ്കൂളുകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ദൈവശാസ്ത്രഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തു. ദുരിതമനുഭവിക്കുന്ന ആളുകളുടെ അരികിൽ താമസിച്ച ഒരാളായിട്ടാണ് ഈ വൈദികൻ അറിയപ്പെടുന്നത്.

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം സിറിയൻ ജനത നേരിടുന്ന ബുദ്ധിമുട്ടുകളും ദാരിദ്ര്യവും വളരെ രൂക്ഷമായിട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത്. സിറിയയിൽ 3,654 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.