പ്രാർത്ഥനയുടെ പ്രതിബന്ധങ്ങളെ കുറിച്ച് ഫ്രാൻസിസ് പാപ്പാ

നമ്മുടെ പ്രാർത്ഥനയ്ക്ക് തടസ്സങ്ങളായി നിൽക്കുന്ന കാര്യങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച നടന്ന ജനറൽ ഓഡിയൻസിൽ ആണ് പാപ്പാ ഈ കാര്യം വിശദീകരിച്ചത്.

എല്ലാ ദിവസവും ദേവാലയത്തില്‍ പോവുകയും ചെയ്തിട്ടും അതിനു ശേഷവും മറ്റുള്ളവരോട് വെറുപ്പ് കാട്ടുകയും പരദൂഷണം പറഞ്ഞ് നടക്കുകയും ചെയ്തുകൊണ്ട് ഉതപ്പിനു കാരണമാകുന്നവരായ വ്യക്തികളെ നാം എത്രയോ തവണ കാണുന്നു. ഇത് അപമാനകരമാണ്! അപ്പോള്‍ പള്ളിയില്‍ പോകാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ, നീ ഒരു നാസ്തികനായി മാറുന്നു.

എന്നാല്‍ നീ ദേവാലയത്തില്‍ പോവുകയും പുത്രനെപ്പോലെയും സഹോദരനെപ്പോലെയും ജീവിക്കുകയും ചെയ്യുകയാണെങ്കില്‍ നീ വിരുദ്ധ സാക്ഷ്യമല്ല, യഥാര്‍ത്ഥ സാക്ഷ്യം ഏകുകയാണ്. സ്വന്തം മനസ്സാക്ഷിയല്ലാതെ മറ്റൊരു വിശ്വാസയോഗ്യമായ സാക്ഷി ക്രിസ്തീയ പ്രാര്‍ത്ഥനയ്ക്കില്ല. പിതാവുമായി തീവ്രവും നിരന്തരവുമായ ഒരു സംഭാഷണമാണ് മനസ്സാക്ഷിയില്‍ നടക്കുക.

രണ്ടാമത്തെ പ്രതിബന്ധം ഔപചാരികതയും വാചാലതയും ആണ്. ദൈവഹിതത്തോട് തുറവ് കാട്ടാതെ പരാതികള്‍ സമര്‍പ്പിക്കുക മാത്രമാണ് ഇവിടെ. ഒരു തത്തയെപ്പോലെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് പ്രാര്‍ത്ഥനയെന്ന് കരുതുന്ന ക്രൈസ്തവരുമുണ്ട്. തത്തമ്മയെപ്പോലെ സംസാരിക്കുകയല്ല പ്രാര്‍ത്ഥന, അത് ഹൃദയത്തില്‍ നിന്ന് പുറപ്പെടേണ്ടതാണ്. പുത്രന്‍ പിതാവിനോടെന്ന പോലെ ദൈവത്തോട് പ്രാര്‍ത്ഥിക്കാനാണ് യേശു പറയുന്നത്. നമ്മള്‍ ചോദിക്കുന്നതിനു മുമ്പു തന്നെ നമ്മുടെ  ആവശ്യങ്ങള്‍ എന്തെന്ന് പിതാവിനറിയാം. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന മൗനമായി ചൊല്ലിയാലും മതി. എന്നാല്‍ അവിടുത്തെ കടാക്ഷത്തിന്‍ കീഴിലായിരിക്കണം, അവിടുത്തെ സ്നേഹം നാം ഓര്‍ക്കണം. ഇത്രയും മതി നമ്മുടെ പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കാന്‍.

ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നതിന്, നമ്മുടെ ബലികള്‍ ദൈവത്തിന് ആവശ്യമില്ല എന്ന ചിന്ത എത്ര മനോഹരമാണ്! നമ്മുടെ ദൈവത്തിന് ഒന്നും ആവശ്യമില്ല. നാം എന്നും അവിടുത്തെ ഏറ്റം സ്നേഹിക്കപ്പെടുന്ന മക്കളാണെന്ന് കണ്ടെത്തുന്നതിനുള്ള വിനിമയമാര്‍ഗ്ഗം, പ്രാര്‍ത്ഥനയില്‍ തുറന്നി‌ട്ടാല്‍ മതി എന്നു മാത്രമാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.