ഭിന്നശേഷി ഉന്നമനം: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവര്‍ക്ക് സവിശേഷ പരിഗണന നല്‍കി മുഖ്യധാരാവത്ക്കരണത്തിന് അവസരം ഒരുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളെ ശക്തിപ്പെടുത്താന്‍ നിരന്തരമായ പരിശീലന പരിപാടികളിലൂടെയും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലുടെയും സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു. തോമസ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ബോധവത്ക്കരണ പരിപാടിയോടനുബന്ധിച്ച് നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു. തോമസ് ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളുമായി സംവദിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശസംരക്ഷണത്തോടൊപ്പം മുഖ്യധാരാവത്കരണത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെയാണ് കെ.എസ്.എസ്.എസ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കൂടാതെ തുടര്‍ കര്‍മ്മപരിപാടികളുടെ ആസൂത്രണവും നടത്തപ്പെട്ടു.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.