ടോമച്ചന്റെ സഹനത്തിന് ഒരു വര്‍ഷം

കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഫാദര്‍ ടോം ഉഴുന്നാലിലിനെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ ജോലി ചെയ്യുന്ന മിഷണറീസ് ഓഫ് ചാരിറ്റി ഓള്‍ഡ് ഏജ് ഹോമിന് നേര്‍ക്ക് ഐഎസ് തീവ്രവാദികള്‍ അക്രമണം നടത്തിയത്. ആയുധധാരികളായ നാല് പേര്‍ വൃദ്ധസദനത്തില്‍ കടന്നുകയറുകയും നാല് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ പതിനഞ്ച് പേരെ വധിക്കുകയും അദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുകയും ചെയ്തു.

കേരളത്തില്‍ കോട്ടയം ജില്ലയിലെ പാലാ രൂപത രാമപുരം സ്വദേശിയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍. രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന ചര്‍ച്ച് ഇടവകയില്‍ പരേതനായ വര്‍ഗ്ഗീസ് – ത്രേസ്യാക്കുട്ടി ദമ്പതിമാരുടെ ഏഴുമക്കളില്‍ ഒരാള്‍. രാമപുരം സെന്റ് അഗസ്റ്റിന്‍ ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ്സ് വരെ പഠിച്ചത്. കോട്ടഗിരി മൗണ്ട് ഡോണ്‍ബോസ്കോ സെമിനാരിയിലായിരുന്നു വൈദിക പഠനം. 1996-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 2010- ലാണ് ഫാദര്‍ ടോം യെമന്‍ തെയിസിലെ ഇടവക വൈദികനായി എത്തുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം യെമനിലെ ഏദന്‍ സെന്റ് ഫ്രാന്‍സീസ് ദേവാലയത്തിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നത്. യെമന്‍ സര്‍ക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു ഫാദര്‍ ടോം ഇവിടെ ശുശ്രൂഷക്കെത്തിയത്.

അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയ വിവരം പിന്നീട് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ തട്ടിക്കൊണ്ട് പോയി മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനിടയില്‍ 2016 -ലെ ഈസ്റ്റര്‍ ദിനത്തില്‍  ഫാദര്‍ ടോമിനെ കുരിശിലേറ്റാനുള്ള തീരുമാനത്തിലാണ് ഐഎസ് ഭീകരര്‍ എന്നും വാര്‍ത്ത പുറത്ത് വന്നിരുന്നു. ദൈവത്തിന്റെ കരുണയാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല.

ഫാദര്‍ ടോമിന്റെ മോചനത്തിനായി കൊച്ചിയില്‍ വളരെ വ്യത്യസ്തമായ ഒരു സമരമായിരുന്നു അരങ്ങേറിയത്. കൊച്ചി കുമ്പളങ്ങി പാലത്തില്‍ നീളത്തില്‍ വലിച്ച് കെട്ടിയ  200 മീറ്റര്‍ നീളമുളള വന്‍കാന്‍വാസിലാണ് ഫാദര്‍ ടോമിന്റെ ചിത്രം വരച്ച് അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. നൂറോളം പേരാണ് ഈ കാന്‍വാസില്‍ ടോമച്ചന്റെ ചിത്രം വരച്ച് അദ്ദേഹത്തിനൊപ്പം പ്രാര്‍ത്ഥനയോടെ പിന്തുണച്ചത്. ജാതിക്കും മതത്തിനും അതീതരായി അനവധി പേരാണ് ഈ സംരംഭത്തില്‍ പങ്കാളികളായത്. കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയാണ് വ്യത്യസ്തമായ ഈ സമരമുറ സംഘടിപ്പിച്ചത്.

അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്രം ഇടപെട്ടിരുന്നു. കേന്ദ്രം നിയോഗിച്ച മൂന്ന് പേരടങ്ങുന്ന മോണിറ്ററിംഗ് സമിതി കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വത്തിക്കാന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടിരുന്നു. ദിവ്യകാരുണ്യ ആരാധനയോട് കൂടിയ പ്രാര്‍ത്ഥനകളാണ് സഭ ടോമച്ചന് വേണ്ടി അര്‍പ്പിച്ചത്. സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ടോമച്ചന്റെ കാര്യത്തില്‍ അനുകൂലമായ നിലപാടുമായി മുന്നോട്ട് വന്നിരുന്നു.

ലോകം ക്രിസ്മസിന്റെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് ഫാദര്‍ ടോമിന്റെ വീഡിയോ സന്ദേശം വീണ്ടും വന്നത്. ഈ വീഡിയോ സന്ദേശത്തിലുടനീളം നിറഞ്ഞു നിന്നിരുന്നത് യാചനയുടെ സ്വരമായിരുന്നു.”ഞാനൊരു യൂറോപ്യന്‍ വൈദികനായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരിക്കാം. യെമനില്‍ സേവനം ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ വൈദികനാണ് ഞാന്‍; മലയാളിയുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ രക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ഞാന്‍ യാചിക്കുന്നു.” ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു വൈദികന്റെ വിലാപ സ്വരമാണിത്. ഭീകരര്‍ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് ഇത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്വരം അച്ചന്റെതുതന്നെയാണ് എന്ന് അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭീഷണിപ്പെടുത്തിയിട്ടാണ് എങ്കിലും അല്ലെങ്കിലും അച്ചന്‍ വലിയ അപകടത്തിലാണ്, സഹായം ഉടന്‍ ആവശ്യമാണ് എന്നതിന് രണ്ടുപക്ഷമില്ല.  തട്ടിക്കൊണ്ട്  പോകപ്പെട്ട് ആറുമാസങ്ങള്‍ക്ക് ശേഷം പുറത്തു വന്ന വീഡിയോയില്‍ അദ്ദേഹത്തെ ആരോ മര്‍ദ്ദിക്കുന്നതായും അദ്ദേഹം കരയുന്നതായും കണ്ടിരുന്നു.

”ഐഎസ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ് യെമന്‍. എന്നിട്ടും ഇവിടെയുള്ള ന്യൂനപക്ഷ ക്രൈസ്തവര്‍ക്കും സന്യസ്തര്‍ക്കും ആത്മീയ ശുശ്രൂഷയും പിന്തുണയും നല്‍കുന്നതിന് വേണ്ടിയാണ് ഫാദര്‍ ടോം ഇവിടെത്തന്നെ താമസിച്ചത്.” യെമനില്‍ ഫാദര്‍ ടോമിനെ തട്ടിയെടുത്ത ഭീകരാക്രണമണത്തില്‍ നിന്ന് രക്ഷപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റര്‍ സാലി പറയുന്നു. ഭീകരര്‍ എത്തിയ സമയം അവിടത്തെ സ്റ്റോര്‍റൂമില്‍ ഒളിച്ചത് കൊണ്ടാണ് സിസ്റ്റര്‍ സാലി രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഏക വ്യക്തിയും സിസ്റ്റര്‍ സാലി മാത്രമാണ്.

”മാര്‍ച്ച് നാലിന് രാവിലെ 8.30 നാണ് നീലവസ്ത്രം ധരിച്ച, മുഖം മറച്ച ഭീകരര്‍ വാഹനത്തില്‍ ഇവിടെയെത്തിയത്. അഗതിമന്ദിരത്തില്‍ ഉണ്ടായിരുന്ന ഗാര്‍ഡിനെയും ഡ്രൈവറെയും ആദ്യം അവര്‍ വധിച്ചു. അതിന് ശേഷമാണ് അവര്‍ ഉള്ളില്‍ കടന്ന് മറ്റുള്ളവരെ വെടിവച്ച് വീഴ്ത്തിയത്.” ആ ദിവസത്തെ പേടിയോടെ മാത്രമെ സിസ്റ്റര്‍ സാലിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കൂ. ”രാവിലെ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്നു ടോമച്ചന്‍. നാല് കന്യാസ്ത്രീകളെയും അവിടത്തെ പാചകക്കാരിയായിരുന്ന സ്ത്രീയെയും വധിച്ചതിന് ശേഷമാണ് അവര്‍ അച്ചനെ പിടികൂടിയത്. കണ്ണുകള്‍ മൂടിക്കെട്ടി, വലിച്ചിഴച്ചാണ് അവര്‍ അദ്ദേഹത്തെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയത്.” ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതിന്റെ ഏകദൃക്സാക്ഷിയാണ് സിസ്റ്റര്‍ സാലി. ടോമച്ചന്റെ സഹനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടിയാണെന്നും അന്നുമുതല്‍ ലോകമെമ്പാടുമുള്ള വിശുദ്ധ മദര്‍ തെരേസയുടെ സ്ഥാപനങ്ങളില്‍ ആരംഭിച്ച പ്രാര്‍ത്ഥന ഇന്നും മുടങ്ങിയിട്ടില്ല എന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഐഎസ് ഭീകരര്‍ക്ക് നടുവില്‍ താന്‍ ദുരിതമനുഭവിക്കുകയാണ് എന്നറിയിച്ച് കൊണ്ട് മുമ്പും ഫാദര്‍ ടോമിന്റെ വീഡിയോ സന്ദേശം എത്തിയിരുന്നു. ഫാദര്‍ ടോമിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി സുഷമ സ്വരാജ് അന്ന് പറഞ്ഞിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും സഭയും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

അദ്ദേഹം ഭീകരരുടെ പിടിയിലായട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായിക്കൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തി സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.  ഫ്രാന്‍സിസ് പാപ്പയോടും മറ്റ് സഭാധികാരികളോടും സഹായം യാചിക്കുന്നതാണ് ഏറ്റവും അവസാനം പുറത്ത് വന്ന വീഡിയോയുടെ ഉള്ളടക്കം. ലോകം മുഴുവനും ഈ മലയാളി വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.