ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും നീട്ടിവച്ചു

മോശമായ ആരോഗ്യാവസ്ഥയിൽ ജയിലിൽ തുടരാൻ നിർബന്ധിതനായ 84-കാരനായ ജെസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ അടുത്ത മാസത്തേക്ക് മാറ്റി മുംബൈ ഹൈക്കോടതി. മെയ് 21-ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വൈദികനെ മുംബൈയിലെ സർക്കാർ ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ മാറ്റാൻ ആവശ്യപ്പെട്ടു. ആരോഗ്യം മോശമായതിനെ തുടർന്നുള്ള അപേക്ഷ പരിഗണിച്ചായിരുന്നു ഇത്.

എന്നാൽ, ഫാ. സ്റ്റാൻ സ്വാമി ഈ ആവശ്യം നിരസിച്ചു. തന്റെ നാടായ റാഞ്ചിയിലേക്ക് പോകണമെന്നാണ് തന്റെ ഏക അഭ്യർത്ഥനയെന്നും അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ നഗരത്തിലെ തലോജ സെൻട്രൽ ജയിലിലെ തന്റെ അവസ്ഥയെക്കുറിച്ച് വീഡിയോ കോൺഫറൻസിലൂടെ ഫാ. സ്റ്റാൻ സ്വാമി കോടതിയെ അറിയിച്ചു. പാർക്കിൻസൺസ് രോഗം, കേൾവിക്കുറവ്, പ്രായവുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ഈ വൈദികൻ ഒക്ടോബർ ഒൻപതു മുതൽ ജയിലിലാണ്. ജയിലിലായ ശേഷം തനിയെ നടക്കാനോ എഴുതാനോ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം.

അദ്ദേഹത്തെ ഇപ്പോൾ റാഞ്ചിയിലേക്ക് തിരിച്ചയയ്ക്കാൻ കഴിയില്ലെന്നും എന്നാൽ ആശുപത്രിയിൽ ചികിത്സ തുടരാനുള്ള ക്രമീകരണമുണ്ടാക്കാമെന്നും കോടതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.