അതിജീവനത്തിന്റെ ഉണർത്തുപാട്ടുമായി വേദികൾ കീഴടക്കിയ സാജനച്ചൻ

മരിയ ജോസ്

ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല…

അരണ്ട വെളിച്ചത്തിൽ നിറഞ്ഞ സദസ്സിന്റെ മധ്യത്തിൽ നിന്ന് ഒരു വൈദികൻ പാടുകയാണ്. ശാന്തമായ അന്തരീക്ഷത്തിൽ അതിലും ശാന്തമായ പശ്ചാത്തലസംഗീതത്തോടെ വൈദികനിൽ നിന്ന് ആ പാട്ട് ഒഴുകി… അനേകം മനസ്സുകളിലെ ആകുലതകളെ, ആശങ്കകളെ, വേദനകളെ ശമിപ്പിക്കുന്ന ഒരു കുളിർക്കാറ്റായി…

ഏഴു വർഷങ്ങൾക്കു മുമ്പ് ക്യാൻസർ സമ്മാനിച്ച വേദനകൾക്കു നടുവിൽ, ഒരു വൈദികനായ തനിക്ക് എന്തുകൊണ്ട് ഈ സഹനം അനുവദിച്ചു എന്നു ചോദിച്ച ഒരു മാർത്തോമ്മാ വൈദികനുണ്ട്. ഫാ. സാജൻ പി. മാത്യു. ക്യാൻസറും തുടർന്നുള്ള റേഡിയേഷനുകളും സഹിക്കാവുന്നതിനപ്പുറത്തേയ്ക്കുള്ള‌ വേദനകൾ സമ്മാനിച്ചപ്പോൾ ആ വേദനയ്ക്കുള്ളിലും ഒരു ആത്മീയതയുണ്ടെന്ന് അച്ചനെ ബോധ്യപ്പെടുത്തിയ നല്ല തമ്പുരാൻ അച്ചന്റെ ചിന്താമണ്ഡലങ്ങളിലേയ്ക്ക് നിക്ഷേപിച്ച അതിജീവനത്തിന്റെ സന്ദേശം. അതാണ് പിന്നീട് അനേകം ആളുകൾക്ക് പ്രചോദനമായ, ‘ഒരു മഴയും തോരാതിരുന്നിട്ടില്ല…’ എന്ന ഗാനമായി രൂപാന്തരപ്പെട്ടത്.

‘ഇന്നുവരെ പെയ്‌ത ഒരു മഴയും തോരാതെ ഇരുന്നിട്ടില്ല’ എന്ന സന്ദേശത്തിലൂടെ നിന്റെ ദുഃഖങ്ങളും വേദനകളും ഒരുനാൾ അസ്തമിക്കും എന്നുള്ള വലിയ പ്രതീക്ഷ, ഈ ഗാനം അനേകർക്ക്‌ സമ്മാനിക്കുന്നു. ഈ പാട്ടിനെക്കുറിച്ചും ആ പാട്ടിലൂടെ അദ്ദേഹം നടത്തിയ അതിജീവനത്തെക്കുറിച്ചും ലൈഫ് ഡേയോട് സംസാരിക്കുകയാണ് സാജനച്ചൻ.

 വ്യത്യസ്തമായ സിൽവർ ജൂബിലി സമ്മാനം

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ, അതെപ്പോഴും സന്തോഷകരമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം. സാജനച്ചനും അങ്ങനെ തന്നെ ആയിരുന്നു. തന്റെ പൗരോഹിത്യജീവിതത്തിൽ ദൈവം ദാനമായി നൽകിയ കഴിവും ആരോഗ്യവമെല്ലാം ദൈവത്തിനും ദൈവജനത്തിനുമായി വിനയോഗിച്ച വൈദികൻ, തുടർന്നും അങ്ങനെ തന്നെ ആയിരിക്കുവാൻ മാത്രമാണ് ആഗ്രഹിച്ചത്. സംഗീതത്തെ കൂട്ടുപിടിച്ച് യാത്ര ചെയ്തിരുന്ന അദ്ദേഹത്തെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. സന്തോഷം തന്ന ദൈവത്തിൽ നിന്നും ദുഃഖവും സ്വീകരിക്കാൻ പഠിക്കണമെന്ന് നല്ല തമ്പുരാൻ സാജനച്ചനെ പഠിപ്പിച്ച ദിവസങ്ങൾ. ആ ദിവസങ്ങളിലേയ്ക്കുള്ള യാത്ര ആരംഭിച്ചത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസവും.

പൗരോഹിത്യ സ്വീകരണത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാകുന്ന ദിവസം! അന്നാണ് അച്ചൻ, തനിക്കു ക്യാൻസർ ആണെന്ന് അറിയുന്നതും ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാകുന്നതും. സന്തോഷകരമായ മുഹൂർത്തങ്ങൾ നേരെ ദുഃഖകരമായി തീർന്ന നിമിഷങ്ങൾ. എങ്കിലും ദൈവം തനിക്കു നൽകിയ ആ വേദനയെ വ്യത്യസ്തമായ സമ്മാനം എന്നു വിശ്വസിക്കാനാണ് അച്ചൻ ഇഷ്ടപ്പെട്ടിരുന്നത്.

ഞെട്ടലിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക്

2013- ലാണ് അച്ചനു ക്യാൻസർ ആണെന്ന് തിരിച്ചറിയുന്നത്. തുടരെത്തുടരെ ഉണ്ടാകുന്ന ശ്വാസതടസം നേസൽ ട്രാക്കിലെ ക്യാൻസറിന്റെ അനന്തരഫലമാണെന്നു തിരിച്ചറിഞ്ഞ നിമിഷം മറ്റാരെയും പോലെ തന്നെ അച്ചനും ഒന്ന് നിശ്ചലനായി. അതുവരെ ഒരു വൈദികനായിരുന്ന അദ്ദേഹം അക്ഷരാർത്ഥത്തിൽ ഒരു പച്ചമനുഷ്യനായി മാറുകയായിരുന്നു. “ഇതുവരെ നിനക്കു വേണ്ടിയല്ലേ ദൈവമേ ഞാൻ പ്രവർത്തിച്ചത്, പിന്നെ എനിക്ക് എന്തുകൊണ്ട് ഈ രോഗം” എന്ന ചോദ്യമായിരുന്നു ആദ്യം എന്റെ മനസ്സിൽ” – അച്ചൻ പറയുന്നു. ക്യാൻസർ എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കണോ വേണ്ടയോ എന്നറിയാതെ മനസ് കലുഷിതമായ നിമിഷങ്ങൾ. ആദ്യ ദിവസങ്ങളിൽ മനസ് പതിയെ നിരാശയിലേയ്ക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു.

എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ നിരാശയുടെ കയത്തിലേയ്ക്ക് ദൈവം ഇറങ്ങിവന്ന അനുഭവമാണ് അച്ചനുണ്ടായത്. അവിടുന്ന് ചില ബോധ്യങ്ങളും തിരിച്ചറിവുകളും നൽകി. പ്രാർത്ഥനയുടെ ആഴങ്ങളിൽ ദൈവം അച്ചനോട് വ്യക്തിപരമായി സംസാരിച്ചുതുടങ്ങി. ആ സംഭാഷണങ്ങളിൽ  ദൈവം പറഞ്ഞു: “കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ ആരോഗ്യത്തോടെ നീ നടന്നല്ലോ. അപ്പോഴൊന്നും എന്തുകൊണ്ടാണ് ഞാന്‍ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്ന് നീ ചോദിച്ചില്ലല്ലോ. ഇപ്പോൾ നിനക്കുചുറ്റും നോക്കുക. അവർക്കുള്ള അത്രയും വേദന നിനക്കില്ലല്ലോ?”

അച്ചനും അത് വലിയ ഒരു തിരിച്ചറിവായിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ തന്നെയുള്ള ധാരാളം ക്യാൻസർ രോഗികളിലേയ്ക്ക് നോക്കുവാൻ, രോഗം ഒരു യാഥാർത്ഥ്യമാണെന്നു മനസിലാക്കുവാൻ ഒക്കെ ആ തിരിച്ചറിവ് വഴിതെളിച്ചു. ഒപ്പം മാനസികമായി ഈ രോഗത്തെ നേരിടുവാനും ദൈവം ആ കാലയളവിൽ അച്ചനെ ശക്തിപ്പെടുത്തി.

അതിജീവനം സാധ്യമാക്കിയ ഗാനം

നേസൽ കനാലിലായിരുന്നു ക്യാൻസർ. ബയോപ്സിയുടെ റിസൾട്ട് വന്ന ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. ചികിത്സയുടെ ഭാഗമായി 33 റേഡിയേഷനുകള്‍ ആയിരുന്നു അച്ചനു വേണ്ടിയിരുന്നത്. അതെല്ലാം മുഖത്തും. വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ശബ്ദം, അല്ലെങ്കിൽ കഴ്ച തന്നെ നഷ്ടപ്പെടാം. അതിനാൽ ഡോക്ടർമാർക്കും പേടിയുണ്ടായിരുന്നു. എങ്കിലും ട്രീറ്റ്മെന്റുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. അല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ലാതാനും.

റേഡിയേഷന്‍ തുടങ്ങി. അതിന്റെ അനന്തരഫലങ്ങൾ ശാരീരികമായും മാനസികമായും അസഹനീയമായി തോന്നിത്തുടങ്ങിയിരുന്നു അച്ചന്. “ഞാൻ തളർന്നുതുടങ്ങി എന്ന് ദൈവത്തിനു തോന്നിത്തുടങ്ങിയപ്പോൾ എന്നെ ഒന്ന് ബലപ്പെടുത്തുന്നതിനായി ദൈവം നൽകിയ വരികളാണ് ഒരു മഴയും തോരാതിരുന്നിട്ടില്ല എന്നത്” – അച്ചൻ പറയുന്നു. ആ വരികൾക്ക് പ്രചോദനമായി മാറിയത് റേഡിയേഷന്റെ സമയത്ത് സമാശ്വാസമായി എത്തിയ അനേകം ആളുകളും. ഒപ്പം ബോബി ജോസ് കട്ടിക്കാട്ടിൽ അച്ചന്റെ ഒരു പുസ്തകവുമായിരുന്നു.

ആ പുസ്തകത്തിൽ ഒരു കഥ പറയുന്നുണ്ട്. രണ്ടു പേര്‍ പള്ളിയിലെത്തി പ്രാർത്ഥിച്ചശേഷം തിരികെ പോകാനിറങ്ങിയപ്പോൾ അതിഭയങ്കരമായ മഴയും. പള്ളിയിൽ വരേണ്ടതില്ലായിരുന്നു എന്നുപറഞ്ഞ് ഒരാൾ അക്ഷമനാകുമ്പോൾ മറ്റെയാൾ മഴ മാറും അൽപം കാത്തിരിക്കേണ്ടിവരും എന്ന്  ആശ്വസിക്കുന്നു. ആ സംഭവത്തിൽ നിന്നാണ് ഒരു മഴയും തോരാതിരുന്നിട്ടില്ല എന്ന ആദ്യ ആശയത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് ഇതിനോട് കൂട്ടിചേർത്തു വച്ചുള്ള ധ്യാനങ്ങളിൽ ദൈവം ബാക്കി വരികൾ വെളിപ്പെടുത്തുകയായിരുന്നു.

റേഡിയേഷനും മറ്റു ചികിത്സയ്ക്കുമായി വെല്ലൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ രണ്ടു മാസങ്ങൾ. ആ സമയത്താണ് ഈ പാട്ട് എഴുതുന്നത്. തീവ്രമായ ധ്യാനത്തിന്റെ നിമിഷങ്ങളിൽ ദൈവം വെളിപ്പെടുത്തിയ ആ സന്ദേശം ഗാനരൂപത്തിലാക്കിയെടുക്കുവാൻ അച്ചന് രണ്ടു ദിവസങ്ങൾ മാത്രമാണ് വേണ്ടിവന്നത്. ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട അച്ചൻ ആ വർഷം തന്നെ നവംബറിലാണ് ഈ ഗാനം ആദ്യമായി ഒരു സദസിനു മുന്നിൽ പാടുന്നത്.

അനേകർക്ക്‌ കരുത്ത് പകർന്ന ഗാനം

ആദ്യമായി ഈ പാട്ട് ഒരു സദസിനു മുന്നിൽ പാടിയപ്പോൾ വല്ലാതെ വികാരാധീനനായി മാറി. കാരണം, അത് എന്റെ അതിജീവനമായിരുന്നു. അത് കേട്ടവരിലും കണ്ണ് നിറയുന്ന അനുഭവമുണ്ടായി – അച്ചൻ വെളിപ്പെടുത്തുന്നു. പിന്നീടിങ്ങോട്ട് ഏഴു വർഷങ്ങൾ പിന്നിടുമ്പോൾ നൂറിലധികം വേദികളിൽ അച്ചൻ ഈ ഗാനം ആലപിച്ചു. ചിലയിടങ്ങളിൽ പ്രാർത്ഥനയായി, മറ്റു ചിലയിടങ്ങളിൽ സ്വാന്ത്വനമായി, ചിലർക്ക് കരുത്തായി മാറി ഈ പാട്ട്.

അനേകം ആളുകൾ പാട്ടു കേട്ടു. അഭിനന്ദനങ്ങൾ അറിയിച്ചു. എന്നും ആ പാട്ട് അലയടിക്കുകയാണ്. എവിടെയൊക്കയോ. അച്ചന്റെ ജീവിതകഥ അറിയാത്ത ധാരാളം ആളുകൾക്കിടയിൽ ഒരുപക്ഷേ, നിരാശയിലേയ്ക്ക് കൂപ്പുകുത്തുന്ന ഹൃദയങ്ങളിൽ ഒരു പ്രത്യാശ പകരുന്ന ഗാനമായി മാറുന്നുണ്ടാവാം ഈ പാട്ട്.

പ്രതീക്ഷയോടെ ക്യാൻസറിനെ നേരിട്ട പോരാളി  

“ചികിത്സയുടെ സമയത്ത് ഡോക്ടർമാർ പറഞ്ഞത് ഇതൊരു യുദ്ധമാണ് എന്നാണ്. ക്യാൻസർ എന്ന വില്ലനെതിരെ ഡോക്ടറും രോഗിയും കൂടെയുള്ളവരും നടത്തുന്ന യുദ്ധം. ഈ യുദ്ധത്തിൽ ഇരുവശത്തും നഷ്ടങ്ങളുണ്ടാകാം. എന്നാൽ നമ്മുടെ ലക്ഷ്യം അന്തിമമായ വിജയമായിരിക്കണം” – ഡോക്ടർമാർ പറഞ്ഞത് ശരിയായിരുന്നു. ക്യാൻസറിനെതിരെ നടന്ന യുദ്ധത്തിൽ അച്ചന് ധാരാളം നഷ്ടം ഉണ്ടായിരുന്നു. റേഡിയേഷന്റെ ഫലമായി കണ്ണുനീർ വറ്റിപ്പോയി. ഉമിനീർ ഇല്ലാതെയായി. നേസൽ ട്രാക്കും വറ്റിവരണ്ട അവസ്ഥ. അതിന്റേതായ ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നു. ഒന്നല്ലെങ്കിൽ രണ്ടു വർഷം കഴിയുമ്പോൾ മടങ്ങിവരും എന്നുപറഞ്ഞ കണ്ണുനീരും ഉമിനീരും ഇതുവരെ മടങ്ങിയെത്തിയില്ല. എങ്കിലും അച്ചന് പരാതിയില്ല. ഇപ്പോഴുള്ള ഈ സാഹചര്യം, അതാണ് തന്റെ നോർമൽ അവസ്ഥ എന്നു കരുതി മുന്നോട്ടുപോവുകയാണ് അച്ചൻ.

ട്രീറ്റ്മെന്റ് നടന്നുകൊണ്ടിരുന്ന നാളുകളിൽ ദൈവം ഒപ്പമുണ്ടായിരുന്നു. ചില ബോധ്യങ്ങളായി, വെളിപ്പെടുത്തലുകളായി. അതിലൊന്നായിരുന്നു. മനുഷ്യന് പ്രാപ്യമായതും അപ്രാപ്യമായതുമായ കാര്യങ്ങൾ ഉണ്ടെന്നുള്ള ചിന്ത. മനുഷ്യന് കഴിയാത്ത കാര്യങ്ങളുടെ പിറകെപോയി അതിനെക്കുറിച്ച് ആകുലപ്പെടുക എന്ന കാര്യം അച്ചനും അച്ചന്റെ കുടുംബവും ചികിത്സയുടെ ആദ്യനാളുകളിൽ തന്നെ ഉപേക്ഷിച്ചിരുന്നു. വരുന്നതിനെ വരുന്നിടത്തുവച്ചു കാണുക. അതായിരുന്നു പിന്നീടുള്ള മനോഭാവം. ഒപ്പം തന്നെ വെല്ലൂർ മെഡിക്കൽ കോളേജ് ഒരുപാട് അനുഭവങ്ങൾ പകർന്നു. ചുറ്റുപാടുമുള്ള വേദനിപ്പിക്കുന്ന കാഴ്ചകളിൽ നിന്നും, ദൈവമേ ഞാൻ എത്ര അനുഗ്രഹീതാനാണ് എന്ന് തിരിച്ചറിയുവാൻ അച്ചനു കഴിഞ്ഞു.

ലോകത്ത് ഒരുപാട് ആളുകൾക്ക് ഈ രോഗമുണ്ട്. അതിനാൽ തന്നെ, “എന്തുകൊണ്ട് ദൈവമേ, എനിക്ക് ഇത് വന്നു എന്ന് ചോദിക്കാന്‍ തനിക്ക് അവകാശമില്ല” എന്ന തിരിച്ചറിവ് നൽകിയ ബോധ്യം വളരെ വലുതായിരുന്നു എന്ന് അച്ചൻ പറയുന്നു.

ട്രീറ്റ്മെന്റ് കഴിഞ്ഞ സമയങ്ങളിൽ മാനസികമായ വെല്ലുവിളികള്‍ ഏറെ ഉണ്ടായിരുന്നു. പ്രത്യേകിച്ച്, മുടിയെല്ലാം പോയി. താടി പോയി. വൈദികപട്ടം സ്വീകരിച്ചശേഷം ദീക്ഷ വളർത്തുക എന്നത് ഒരു വ്രതമായി എടുത്തിരുന്നു. ട്രീറ്റ്മെന്റിനുശേഷം മുടിയും താടിയുമൊക്കെ പോയതുകാണുമ്പോൾ വലിയ ഒരു മാനസിക സമ്മർദ്ദമായിരുന്നു. ഒന്നു-രണ്ടു ദിവസങ്ങൾക്കുശേഷം ആ ഒരു മാനസികസമ്മർദ്ദത്തെ അതിജീവിക്കുവാൻ അച്ചന് കഴിഞ്ഞു. കണ്ണാടിയിൽ നോക്കുമ്പോൾ സങ്കടം തോന്നുമെങ്കിലും കണ്ണാടിയിൽ നോക്കാൻ ഞാൻ ജീവനോടെ ഉണ്ടല്ലോ എന്ന ചിന്തകൊണ്ട് അതിജീവിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

ഇതുകൂടാതെ സംഗീതവും അതിജീവനത്തിന് അച്ചനെ കൂടുതൽ സഹായിച്ചു. ക്യാൻസർ വന്നതിനുശേഷം അച്ചൻ തയ്യാറാക്കിയ പാട്ടുകൾ കുറച്ചുകൂടെ തീവ്രമായിരുന്നു. അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഗാനങ്ങൾക്ക് ആളുകളെ കൂടുതൽ സ്വാധീനിക്കാൻ, കൂടുതൽ ദൈവാനുഭവം പകരുവാൻ കഴിഞ്ഞു എന്നുവേണം പറയാൻ.

സംഗീതജീവിതം

വളരെ ചെറുപ്പത്തിൽ തന്നെ സംഗീതവുമായി ബന്ധപ്പെട്ട് വളർന്നുവന്ന വ്യക്തിയാണ് സാജനച്ചൻ. സംഗീതപാരമ്പര്യം അച്ചനിലേയ്ക്ക് കടന്നുവരുന്നത് വല്യച്ഛനിൽ നിന്നാണ്. അന്നത്തെ കാലത്ത് സംഗീതം പഠിച്ച പാടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ്സ് മുതൽ സാജനച്ചനും ഒരു ഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു.  കൂടാതെ, മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്ത്യൻ മ്യൂസിക്കിൽ ബിരുദം നേടി. അമേരിക്കയിൽ സേവനം ചെയ്യുമ്പോൾ വെസ്റ്റേൺ മ്യൂസിക്കിലും സ്റ്റുഡിയോ റെക്കോഡിങ്ങും മാനേജ്മെന്റും പഠിച്ചു.

തിരികെ നാട്ടിലെത്തിയ അച്ചനെ മാർത്തോമാ സഭയുടെ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങുന്നതിനുള്ള ചുമതല ഏൽപ്പിക്കുകയും അദ്ദേഹം അത് ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു. മാർത്തോമാ സഭയുടെ സംഗീതവിഭാഗമായ ഡിപ്പാർട്മെന്റ് ഓഫ് സേക്രട് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷന്സിന്റെ കീഴിൽ തുടങ്ങിയവ സ്റ്റുഡിയോ ഇന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സൗത്ത് ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഹൈ ഡെഫനിഷൻ സ്റ്റുഡിയോ ആണ് അത്.

മാരാമൺ കൺവൻഷന്റെ ഗായകസംഘത്തിന്റെ ഡയറക്ടറായി ഒൻപതു വർഷത്തോളം അച്ചൻ പ്രവർത്തിച്ചിരുന്നു. ഇതുകൂടാതെ നിരവധി ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു. ഇപ്പോൾ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോർജ്ജ് മാർത്തോമാ ഇടവകയുടെ വികാരിയായി സേവനം ചെയ്യുന്ന സാജനച്ചൻ കുടുംബസ്ഥാനാണ്. ഭാര്യ ഷീന, മക്കൾ ജീവൻ, നന്മ എന്നിവർക്കൊപ്പം കഴിയുന്നു.

ക്യാൻസർ, അത് പലപ്പോഴും നമ്മെ വേദനിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ്. എങ്കിൽ തന്നെയും ദൈവത്തോട് ചേർന്നുനിന്നു കൊണ്ട് അതിനെ നേരിടുവാൻ കഴിയും. വിജയം അതെപ്പോഴും പോരാടുന്നവനുള്ളതാണ്. തോൽക്കാൻ മനസ് അനുവദിക്കാത്തിടത്തോളം കാലം ക്യാൻസർ എന്ന മഹാമാരിക്ക് ഒരു വ്യക്തിയെയും കീഴടക്കാൻ കഴിയില്ല എന്ന വലിയ സന്ദേശമാണ് സാജനച്ചൻ നൽകുന്നത്. ഇപ്പോഴും വർഷത്തിലൊരിക്കൽ വെല്ലൂർ മെഡിക്കൽ കോളേജിൽ തുടർപരിശോധനയ്ക്കായി എത്തുന്നുണ്ട് സാജനച്ചൻ.

മുക്കാൽ മണിക്കൂർ നീണ്ട സംസാരം. ആ സംസാരത്തിൽ മുഴുവൻ വല്ലാത്ത ഒരു പോസിറ്റീവ് എനർജി നിറഞ്ഞിരുന്നു. ഒരു യുദ്ധം ജയിച്ച ലഹരിയിലായിരിക്കുന്ന ഒരു പട്ടാളക്കാരനെപ്പോലെ അദ്ദേഹം തന്റെ സംസാരം തുടർന്നു.

സംഭാഷണം അവസാനിക്കുമ്പോൾ അദ്ദേഹം ഒരു അത്ഭുതമായി മാറിയിരുന്നു. ലാളിത്യമേറിയ സംസാരം കൊണ്ട്, അതിലേറെ അതിജീവനത്തിന്റെ വലിയ മാതൃക കൊണ്ട്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.