‘സിറ്റി ഓഫ് ജോയ്’ നോവലിനു പിന്നിലെ പ്രചോദനമായ ജസ്യൂട്ട് വൈദികൻ ഓർമ്മയായി

‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിനും അതിനുശേഷം പുറത്തിറങ്ങിയ ചിത്രത്തിനും പ്രചോദനമായിത്തീർന്ന ഇന്ത്യയിലെ ഫ്രഞ്ച് ജസ്യൂട്ട് വൈദികൻ ഫാ. ഫ്രാങ്കോയിസ് ലാബോർഡ് അന്തരിച്ചു. ഇന്നലെ പശ്ചിമബംഗാളിലെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ മൃതസംസ്കാര ചടങ്ങ് നടക്കുമ്പോൾ പ്രിയവൈദികന്റെ വേർപാടിൽ ആയിരങ്ങൾ വിതുമ്പുകയായിരുന്നു. കൊൽക്കത്തയിലെ ദരിദ്രർക്കിടയിൽ പതിറ്റാണ്ടുകൾ ചെലവഴിച്ച ബഹുമാന്യനായ ഒരു വൈദികനായിരുന്നു അദ്ദേഹം.

93 വയസുണ്ടായിരുന്ന ഫാ. ഫ്രാങ്കോയിസ്, വാർദ്ധക്യസംബന്ധായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. “കഴിഞ്ഞ 55 വർഷം ഏറ്റവും വിനയത്തോടെയും നിശബ്ദമായും അദ്ദേഹം പാവങ്ങൾക്കിടയിൽ സേവനം ചെയ്തു. പാവങ്ങളുടെ ഇടയിൽ പ്രവർത്തിക്കുവാൻ അവരുടെ ജാതിയോ മതമോ ഒന്നും അദ്ദേഹത്തിന് ഒരു തടസ്സമല്ലായിരുന്നു. അനേകം കാര്യങ്ങൾ ഓടിനടന്നു ചെയ്യുമ്പോഴും അഭിനന്ദനങ്ങൾ തേടിയെത്തിമ്പോഴും, ഞാൻ ദൈവം ഏൽപ്പിച്ച ജോലി ചെയ്യുന്നു എന്ന് അദ്ദേഹം പറയുമായിരുന്നു” – മൃതസംസ്കാര ചടങ്ങിൽ ആർച്ചുബിഷപ്പ് തോമസ് ഡിസൂസ അനുസ്മരിച്ചു.

വളരെ ചറുപ്പം മുതൽ പാവങ്ങളെ സഹായിക്കുക എന്ന ലക്ഷ്യം മനസ്സിൽ കൊണ്ടുനടന്ന വ്യക്തിയാണ് ഫാ. ഫ്രാങ്കോയിസ് ലാബോർഡ്. 1951-ൽ അദ്ദേഹം പുരോഹിതനായി. യുഎന്‍ -ന്റെയും യുനെസ്കോയുടെയും നേതൃത്വത്തിൽ “പാർശ്വവത്കരിക്കപ്പെട്ടതും സംയോജിതവുമായ ജനസംഖ്യകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്” ഒരു സാമൂഹ്യശാസ്ത്രപഠനം നടത്താൻ 1965 ജനുവരിയിൽ ഫാ. ലാബോർഡ് ഇന്ത്യയിലെത്തി. ഈ സമയം കൊല്‍ക്കത്തയിലെ തെരുവുകളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അതിനാൽ തന്നെ അദ്ദേഹം ഇന്ത്യയിൽ തുടരുവാൻ ആഗ്രഹിച്ചു. വലിയ സാമ്പത്തിക സഹായങ്ങൾ ചെയ്യുവാൻ അദ്ദേഹത്തിന് കഴിയില്ലായെങ്കിലും ആത്മീയമായും മനുഷ്യത്വപരമായുമുള്ള സമീപനം കൊണ്ട് പാവപ്പെട്ട ജനങളുടെ ഹൃദയത്തിൽ ഇടം നേടുവാൻ അദ്ദേഹത്തിനായി.

പാവങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ സേവനത്തിൽ പല ഉന്നതപുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രോഗബാധിതരായ കുട്ടികൾക്കിടയിൽ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ഇടയിൽ, വൈകല്യങ്ങൾ മൂലം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കിടയിൽ, തെരുവുകളിൽ ഒക്കെയും അദ്ദേഹം കടന്നുചെന്നു, ആശ്വസിപ്പിച്ചു, ചേർത്തുപിടിച്ചു. ആ പുണ്യപുരോഹിതനാണ് യാത്രയായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.