ഒരു കുടുംബമെന്ന നിലയിൽ പരസ്പരം നന്നായി സ്നേഹിക്കാനുള്ള നാല് വഴികൾ

ഏറ്റവും മനോഹരമായ സ്നേഹത്തിന്റെ വിദ്യാലയമാണ് കുടുംബം. എന്നാൽ, ചിലപ്പോൾ ദൈനംദിന ജീവിതത്തിന്റെ തിരക്കുകളാല്‍ പരസ്പരം സ്നേഹിക്കുന്നത് ഒരു ബുദ്ധിമുട്ടായി മാറുന്നു. അങ്ങനെ ബന്ധങ്ങൾ അറ്റുപോകുന്നു. അത് വ്യക്തികളുടെ ജീവിതചുറ്റുപാടുകളേയും അവര്‍ ആയിരിക്കുന്ന സാഹചര്യങ്ങളേയുമൊക്കെ വളരെ സാരമായിത്തന്നെ ബാധിക്കും. ഒരു കുടുംബമെന്ന നിലയിൽ പരസ്പരം നന്നായി സ്നേഹിക്കാനുള്ള നാല് വഴികൾ ഇതാ…

1. സ്നേഹം ക്ഷമയാണ്

വീട്ടിൽ ചെറിയ കുട്ടികൾ കാണിക്കുന്ന കുസൃതികളും വാശികളുമൊക്കെ അമ്മമാർ ക്ഷമയോടെ സഹിക്കുന്നത് എന്തുകൊണ്ടാണ്? സ്നേഹം ഉള്ളതുകൊണ്ടാണ്. ഇങ്ങനെ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും സഹിക്കാനും ക്ഷമിക്കാനും സാധിക്കുന്നിടത്ത് ബന്ധങ്ങൾ വളരുന്നു. ക്ഷമ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ ഇപ്രകാരം പ്രാർത്ഥിക്കണം:”കർത്താവേ, അങ്ങയുടെ ക്ഷമ എനിക്കു തരേണമേ.”

2. സ്നേഹം സഹായമാണ്

സേവനത്തിന്റെ പ്രാഥമിക വിദ്യാലയമാണ് കുടുംബം. മറ്റുള്ളവരെ സഹായിക്കാനും അവരെ ശ്രവിക്കാനുമൊക്കെ ശ്രമിക്കുന്നതിലൂടെ സ്നേഹത്തിന്റെ ബാലപാഠങ്ങൾ വീട്ടിൽ നിന്നും നാം പഠിക്കുകയാണ്. ഈ കാര്യങ്ങള്‍ ചെറുപ്പത്തിലേ ശീലിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിലെന്നും അത് കാത്തുസൂക്ഷിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം മക്കൾക്ക് പ്രോത്സാഹനം നൽകുകയും പ്രചോദനമാവുകയും വേണം.

3. സ്നേഹം കോപിക്കുന്നില്ല

കുടുംബജീവിതത്തിൽ പരസ്പരം ദേഷ്യപ്പെടാൻ ധാരാളം സാഹചര്യങ്ങളുണ്ട്. അത് സാധാരണമാണ്. ദേഷ്യം തോന്നുക എന്നത് മോശമായ ഒരു കാര്യമല്ല. എന്നാൽ, അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്നേഹത്തിൽ വളരുക എന്നാൽ നമ്മുടെ കോപം നിയന്ത്രിക്കാൻ പഠിക്കുക എന്നാണ്. നമ്മുടെ ഉള്ളിലുള്ള നന്മയുടെ വശങ്ങളെ നാം നമ്മുടെ പെരുമാറ്റം കൊണ്ട് കളയരുത്.

4. സത്യത്തിൽ സന്തോഷിക്കുക

മറ്റൊരാളെ സ്നേഹിക്കുകയെന്നാൽ, നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുക, അവരോടൊപ്പം ആയിരിക്കുന്നതിൽ സന്തോഷം കണ്ടെത്തുക എന്നതാണ്. ഓരോ ദിവസവും ജീവിതപങ്കാളിയെ, മക്കളെയൊക്കെ കാണുമ്പോൾ അവരെ ബാഹ്യമായി കാണുക മാത്രമാണ് നാം ചെയ്യുന്നത്. അവരുടെ മാനസികപ്രശ്നങ്ങൾ, വിഷമങ്ങൾ എന്നിവയിലേയ്ക്കു കൂടി നമ്മുടെ ശ്രദ്ധ കടന്നുചെല്ലണം. മറ്റുള്ളവരുടെ ചെറിയ കുറവുകളെ അംഗീകരിക്കുവാൻ നമുക്കാവണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.