ചരിത്രത്തില്‍ ആദ്യമായി സിസ്റ്റൈന്‍ ഗായക സംഘത്തില്‍ വനിതാംഗം 

റോമിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ അംഗം. ഇറ്റലിയിലെ പ്രശസ്ത ഗായികമാരില്‍ ഒരാളായ സെസില ബാര്‍ട്ടോളിക്കാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ അഞ്ഞൂറു വര്‍ഷമായി പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്നു ഗായകസംഘത്തില്‍ ഉണ്ടായിരുന്നത്. പുരാതന സംഗീതത്തിന് പുതുജീവന്‍ നല്‍കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആണ് ബാര്‍ട്ടോളിയെ ദേവാലയ സംഗീത സംഘത്തില്‍ അംഗമാക്കിയത്.

20 പുരുഷന്‍മാരും 30 ആണ്‍കുട്ടികളുമടങ്ങുന്ന ഗായകര്‍ക്കൊപ്പം ബാര്‍ട്ടോളി നവോത്ഥാന സംഗീതരചയ്താവായ പെരോട്ടിന്റെ ഗാനമാണ് ആലപിച്ചത്. ഏഴാം സ്വര്‍ഗത്തില്‍ എത്തിയത് പോലെയുള്ള അനുഭവം ആയിരുന്നു അതു എന്ന് ബാര്‍ട്ടോളി  പറഞ്ഞു. പതിനഞ്ച്‌, പതിനാറ് നൂറ്റാണ്ടുകളിലായി രചിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം സംഗീതങ്ങളും പുരുഷന്മാരുടെ സ്വരത്തിനനുസരിച്ചു ചിട്ടപ്പെടുത്തിയവ ആയിരുന്നു. ചാപ്പല്‍ ക്വയറില്‍ വനിതകളുടെ അപര്യാപ്തതയുണ്ടെന്നു ബാര്‍ട്ടോളി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ ‘പൊന്തിഫിക്കല്‍ ക്വയര്‍’ ഇറ്റലിയില്‍ പുറത്തിറക്കിയ 16 പാട്ടുകളടങ്ങിയ സി‌ഡിയിലും ബാര്‍ട്ടോളി പാടിയിട്ടുണ്ട്. പാപ്പയ്ക്ക് മുന്നില്‍ പാടുവാന്‍ ഉള്ള അവസരം ലഭിക്കണേ എന്നുള്ള പ്രാര്‍ത്ഥനയിലാണ്‌ സിസ്റ്റൈന്‍ ഗായക സംഘത്തിലെ ഈ വനിതാംഗം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.