കേരള കത്തോലിക്കാ സഭയുടെ പ്രളയാനന്തര സഹായം 211 കോടി രൂപ

കാരുണികൻ

‘പ്രളയം പെയ്തൊഴിഞ്ഞ ദുരന്തങ്ങളുടെ ഓര്‍മ്മ പുസ്തകത്തിലേയ്ക്ക് നീങ്ങി തുടങ്ങി. ഒരുപാട് നാഷ്ടങ്ങള്‍ അവശേഷിപ്പിച്ച പ്രളയാനന്തര നടപടികളില്‍ പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴും വേദനിക്കുന്ന ജനങ്ങളുടെ ഒപ്പം നിന്ന് നിശബ്ദം അവരുടെ കണ്ണീരു തുടയ്ക്കുന്ന ഒരു കൂട്ടരുണ്ട്. ‘കേരളത്തിലെ കത്തോലിക്കാ സഭ’.

നിശബ്ധമായി തുടര്‍ന്ന പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കിടയിലും കത്തോലിക്കാ സഭ എന്ത് ചെയ്തു എന്ന് ചോദിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. വളരെ അധികം സേവനം ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന കേരള കത്തോലിക്ക സഭ ഒന്നും ചെയ്തില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. അവരുടെ അറിവിലേയ്ക്കായി കഴിഞ്ഞ പ്രളയ കാലത്ത് കേരള കത്തോലിക്കാ സഭ പ്രളയ ബധിതര്‍ക്കായി ചിലവഴിച്ച തുകയുടെ കണക്കുമായി കരുണികന്‍ മാസിക തയ്യാറാക്കിയ ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.’

കഴിഞ്ഞ തിരുവോണ നാളുകളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ രക്ഷകരായി നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. എന്നാല്‍ പ്രളയകാലത്തും പ്രളയാനന്തരവും ദുരന്തഭൂമിയില്‍ രക്ഷകരായെത്തിയ കേരള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമായിരുന്നു. നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളേറെയും അവാസ്തവങ്ങളായിരുന്നു. നാം കാണുകയും കേള്‍ക്കുകയും ചെയ്ത മാധ്യമവാര്‍ത്തകള്‍ക്കും പ്രചരണങ്ങള്‍ക്കും അപ്പുറം ചില നേരറിവുകളിലേക്ക്.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയം കേരളജനതയുടെ ഉള്ളും ഉള്ളായ്മയും ജീവനും സ്വത്തും കവര്‍ന്നെടുത്തപ്പോള്‍ ജാതി-മത- കക്ഷി-രാഷ്ട്രീയ ഭേദമെന്യേ സഹായഹസ്തങ്ങള്‍ കൂട്ടിയിണക്കപ്പെട്ടെങ്കിലും പ്രളയത്തിനു മീതെ കേരള കത്തോലിക്കാസഭയുടെ വലിയ തുറവാണ് സഹായത്തിന്റെ മാരിവില്ലായി തെളിഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയപ്പോള്‍ റീത്ത് വ്യത്യാസമില്ലാതെ സഭയുടെ സാമൂഹ്യശുശ്രൂഷാ സേവനവിഭാഗങ്ങള്‍ വഴി പെയ്തിറങ്ങിയത് സഹായത്തിന്റെ പെരുമഴയായിരുന്നു.

കത്തോലിക്കാ സഭയെയും സഭാനേതൃത്വങ്ങളെയും വിമര്‍ശനബുദ്ധിയോടെ നോക്കിക്കണ്ടവരും പഴി പറഞ്ഞവരും ദുരന്തമുഖത്ത് ആശ്വാസദായകരായി പറന്നെത്തിയവരെ കണ്ടപ്പോള്‍ അമ്പരന്നിട്ടുണ്ടാകും. പരസ്‌നേഹത്തിന്റെ വിടര്‍ത്തിയ കരങ്ങളുമായി സഭയുടെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങളും കോളജുകളും സന്യാസഭവനങ്ങളും എന്തിനേറെ ആരാധനാലയങ്ങള്‍ പോലും മലര്‍ക്കെ തുറന്നിട്ട് പ്രളയബാധിതര്‍ക്ക് സംരക്ഷണവും കരുതലുമൊരുക്കി. ഭീതിയില്ലാതെ തല ചായ്ക്കാനൊരിടം മാത്രമല്ല,  ഭക്ഷണവും മരുന്നും അത്യാവശ്യ വസ്തുവകകളും നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ട് പ്രതീക്ഷയുടെ നാളങ്ങള്‍ തെളിച്ചു.

വെള്ളമിറങ്ങി ഭവനങ്ങളിലേക്ക് ജനങ്ങള്‍ തിരിച്ച് ചെല്ലുമ്പോഴുണ്ടായ അവസ്ഥ പ്രളയത്തിനെക്കാള്‍ ഭീകരവും ദുരിതവുമായിരുന്നു. വീടുകളൊക്കെ ചെളിയും മാലിന്യങ്ങളും കെട്ടിക്കിടന്ന് ഇഴജന്തുക്കളുടെയും വിഷജീവികളുടെയും ആവാസ കേന്ദ്രങ്ങളായിത്തീര്‍ന്നിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഇടങ്ങളിലേക്ക്, ജീവന്‍ പോലും പണയപ്പെടുത്തി ഭവനങ്ങളൊക്കെ മാലിന്യവിമുക്തമാക്കി വാസയോഗ്യമാക്കാനായി അത്യദ്ധ്വാനം ചെയ്ത് അല്മായരും സമര്‍പ്പിതരും പുതിയ നൂറ്റാണ്ടിന്റെ നല്ല സമരിയാക്കാരായി മാറുകയായിരുന്നു.

പിടിയരി പിരിച്ച് പള്ളിയും പള്ളിക്കൂടവും ഉയര്‍ത്തിയ പഴയകാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ദുരിതബാധിതര്‍ക്കൊപ്പം സഭ കൂട്ടുചേര്‍ന്ന് കൂടൊരുക്കുകയായിരുന്നു. ഇതില്‍ വിശ്വാസികളുടെ കാഴ്ചയര്‍പ്പണവും സമര്‍പ്പിതരുടെയും വൈദികരുടെയും ത്യാഗത്തിന്റെയും മഹാമനസ്ക്കതയുടെയും ഓഹരിയും യുവജനങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും സ്വരൂപിച്ച ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളും ദുരിതബാധിതര്‍ക്കുള്ള സ്‌നേഹാര്‍പ്പണമായപ്പോള്‍ ഭരണതലങ്ങളില്‍ നിന്നുള്ള സാന്ത്വനങ്ങള്‍ക്കും നാമമാത്ര സഹായങ്ങള്‍ക്കും മീതെയുള്ള പരസ്‌നേഹത്തിന്റെ കുടചൂടലായി മാറി. കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) യും ലത്തീന്‍-മലബാര്‍-മലങ്കര സഭകളും നല്‍കിയ സഹായങ്ങളും പുനരധിവാസ തുടര്‍സഹായ വാഗ്ദാനങ്ങളും കണക്കുകള്‍ക്കുമപ്പുറമാണ്.

കോടികള്‍ ചിലവ് വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വലിയ പ്രോജക്ടുകളാണ് ഈ വ്യക്തിസഭകളിലെ ഓരോ രൂപതകളും സാമൂഹ്യസേവന ശുശ്രൂഷാസമിതികള്‍ വഴി വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ സന്യാസ സഭാ സമൂഹങ്ങളുടെ സേവനവും സഹായവും എടുത്തു പറയേണ്ടതാണ്. സമയബന്ധിതമായ ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസഫണ്ട് കൊണ്ടോ വിദേശസഹായങ്ങള്‍ കൊണ്ടോ ഒന്നുമല്ലായെന്ന് തിരിച്ചറിയേണ്ടതാണ്.

തിരുനാളാഘോഷങ്ങളും ആര്‍ഭാടങ്ങളും ധൂര്‍ത്തുമെല്ലാം പാടെ ഒഴിവാക്കിക്കൊണ്ട് വിശ്വാസി സമൂഹത്തിലൂടെയും പൊതുജന പങ്കാളിത്തത്തിലൂടെയും സമാഹരിക്കുന്ന സാമ്പത്തിക സഹായങ്ങളാണ് പരോപകാര പ്രവര്‍ത്തനങ്ങളുടെ മുതല്‍ക്കൂട്ട്. പ്രളയബാധിതര്‍ക്കായി ഇതുവരെ ചിലവഴിച്ച സഹായനിധിയുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തി (KSSF) ന്റെ ഔദ്യോഗിക കണക്കാണിത്.

കേരള കത്തോലിക്കാ സഭയിലെ വിവിധ രൂപതകൾ ചേർന്ന് പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മിതിക്കായി ചിലവിട്ടത് 211 കോടിയിൽ അധികം (211,74,72,719) രൂപയാണ്. അതിൽ ഓരോ റീത്തുകളും ചിലവഴിച്ച തുക താഴെ ചേർക്കുന്നു.

ലത്തീന്‍ സഭ

ലത്തീന്‍ സഭയിലെ വിവിധ രൂപതകൾ ചേർന്ന് ചിലവഴിച്ച ആകെ തുക – 37 കോടി രൂപ (37,62,46,301)

സീറോ മലബാര്‍ സഭ

സീറോ മലബാര്‍ സഭയില്‍ നിന്ന് ചിലവഴിച്ച ആകെ തുക- 153 കോടി രൂപ (153,28,87,778)

സീറോ മലങ്കര സഭ 

സീറോ മലങ്കര സഭയില്‍ നിന്ന് ചിലവഴിച്ച ആകെ തുക -20 കോടി രൂപ (20,83,38,640)

കടപ്പാട്: കാരുണികൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.