
രക്ഷാകരചരിത്രത്തിൽ അതുല്യമായ പങ്ക് വഹിച്ച ഒരാളാണ് യോഹന്നാൻ സ്നാപകൻ. ‘വഴിയൊരുക്കുന്നവൻ’ എന്നാണ് സ്നാപകൻ അറിയപ്പെടുന്നത്. മിശിഹായ്ക്കു മുൻപേ പോയി അവന്റെ വരവ് പ്രഖ്യാപിക്കുക എന്നതായിരുന്നു യോഹന്നാന്റെ ദൗത്യം. തികഞ്ഞ സത്യസന്ധനും നീതിനിഷ്ഠനുമായ ഒരു മനുഷ്യനാണ് അദ്ദേഹം. ജനനത്തിനു മുൻപേ ദൈവത്തിന്റെ ഇടപെടൽ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. ‘കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു’ എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയുള്ള സ്നാപകയോഹന്നാൻ ‘ഇസ്രായേലിനു വെളിപ്പെടുന്നതുവരെ മരുഭൂമിയിലായിരുന്നു.’
നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും പ്രാർഥനയുടെയും ഒരുക്കത്തിന്റെയും ഇടമായി മരുഭൂമിയെ വ്യഖ്യാനിക്കാറുണ്ട്. തന്റെ ദൗത്യം ആരംഭിക്കും മുൻപേ, യോഹന്നാൻ നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും പ്രാർഥനയുടെയും ഒരുക്കത്തിന്റെയും ഇടത്തിലേക്കു പിന്മാറി എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അനുദിനജീവിതത്തിൽ നമ്മളും പുലർത്തേണ്ട ചൈതന്യമാണിത്. ഒരുക്കത്തിനു ശേഷം മാത്രം ദൗത്യത്തിന് ഇറങ്ങുക. അപ്പോഴേ, വിജയിക്കാനും പ്രതിസന്ധികളെ അതിജീവിക്കാനും സാധിക്കൂ.
ഫാ. ജി. കടൂപ്പാറയിൽ MCBS




