മാര്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ സുറിയാനി പാരമ്പര്യത്തില്‍

റോമന്‍ കത്തോലിക്കാ സഭ ഉള്‍പ്പെടെ മിക്ക സഭകളും ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 23-ന് അനുസ്മരിക്കുമ്പോള്‍ എന്തുകൊണ്ടാണ് സീറോ മലബാര്‍ സഭയില്‍ അത് ഏപ്രില്‍ 24-ന് കൊണ്ടാടുന്നത്?

സുറിയാനി പാരമ്പര്യത്തില്‍ വിശുദ്ധരെ അനുസ്മരിക്കുന്നത് സാധാരണ വെള്ളിയാഴ്ചകളിലാണ്. എന്നാല്‍ ആ പതിവില്‍ നിന്നു വ്യത്യസ്തമായി ഒരു പ്രത്യേക തീയതിയില്‍ ഈ സഭ അനുസ്മരിക്കുന്ന ഒരു വിശുദ്ധനാണ് ഗീവര്‍ഗീസ് സഹദാ. പരിശുദ്ധ കന്യകാമറിയത്തിനും മാര്‍ തോമാ ശ്ലീഹായ്ക്കും ശേഷം നസ്രാണി പാരമ്പര്യത്തില്‍ മുഖ്യസ്ഥാനം അലങ്കരിച്ചിരുന്ന ഒരു വിശുദ്ധനാണ് ഗീവര്‍ഗീസ് സഹദാ.

സുറിയാനി കലണ്ടറനുസരിച്ച് നീസാന്‍ (Nisan) മാസം 24 തീയതിയാണ് ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍. മാര്‍ത്തോമാ നസ്രാണികള്‍ ഉപയോഗിച്ചിരുന്ന കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാരം നീസാന്‍ മാസത്തിനു തത്തുല്യമായ മാസം ‘മേടം’ ആണ്. അങ്ങനെ അവര്‍ മലയാള വര്‍ഷത്തിലെ മേടം 24 ന് ഈ തിരുനാള്‍ ആഘോഷിച്ചു പോന്നു. പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും കേരളത്തില്‍ വന്നപ്പോള്‍ നസ്രാണികളെ ഗ്രിഗോറിയന്‍ കലണ്ടര്‍ പരിചയപ്പെടുത്തിയെങ്കിലും മേടം 24 ലെ സഹദായുടെ തിരുനാള്‍ തീയതിയില്‍ മാറ്റം വരുത്താതെ അവര്‍ തുടര്‍ന്നു പോന്നു.

കാലക്രമത്തില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഔദ്യോഗിക മായതോടെ നസ്രാണികളുടെ ആരാധനക്രമ പഞ്ചാംഗവും ‘ഇംഗ്ലീഷ്’ മാസപ്രകാരം ക്രമീകരിക്കപ്പെട്ടു. അങ്ങനെ 1959 ല്‍ പുറത്തിറങ്ങിയ സീറോ-മലബാര്‍ സഭയുടെ പഞ്ചാംഗത്തില്‍ (Ordo) ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 24 നാണ് കൊടുത്തിരിക്കുന്നത്. സഹദായുടെ നാമത്തിലുള്ള കേരളത്തിലെ പഴയ പള്ളികള്‍ പലതും ഇപ്പോഴും മേടം 24 നു തന്നെ (മെയ് 7) ഈ തിരുനാള്‍ കൊണ്ടാടുന്നുണ്ട്. കലണ്ടറുകള്‍ മാറിയെങ്കിലും 24 എന്ന തീയതി മാത്രം മാറാതെ കാത്തു സൂക്ഷിക്കാന്‍ സഭ ശ്രമിച്ചിട്ടുണ്ട്. കാരണം ആ തീയതിക്ക് ഒരു പ്രത്യേകതയുണ്ട്! സുറിയാനി കലണ്ടറിനു മറ്റു കലണ്ടറുകളിലെ തീയതികളുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ ലേഖനത്തിന്റെ അവസാനം ഒരു അനുബന്ധക്കുറിപ്പു നല്‍കിയിട്ടുണ്ട്.

തിരുനാള്‍ ഒരു വിശ്വാസ ആഘോഷം

ഗീവര്‍ഗീസ് സഹദാ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഏഷ്യമൈനര്‍ ദേശത്ത് രക്തസാക്ഷിത്വം വരിച്ച ഒരു ചരിത്ര പുരുഷനാണെങ്കിലും അദ്ദേഹത്തെക്കുറിച്ച് ലഭ്യമായ രക്തസാക്ഷി വിവരണങ്ങള്‍ (Acts/Passio) എല്ലാം തന്നെ ഐതിഹ്യശൈലിയില്‍ (legends) ഉള്ളവയാണ്. രക്തസാക്ഷി വിവരണങ്ങളുടെ ലക്ഷ്യം ചരിത്രം പഠിപ്പിക്കുകയല്ല, കേള്‍വിക്കാരനില്‍ തീക്ഷ്ണത ജനിപ്പിച്ച് വീരപുരുഷനെ അനുകരിക്കാന്‍ പ്രചോദിപ്പിക്കുക എന്നതാണ്. ഗീവര്‍ഗീസ് സഹദാ രക്തസാക്ഷിത്വം വരിച്ച ദിവസം ചരിത്ര കൃത്യതയോടെ സ്ഥാപിക്കുക ഇന്നു സാധ്യമാവുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ സഹദാ മരിച്ച ദിവസം ശാസ്ത്രീയമായി തെളിയിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ചരിത്രവശത്തേക്കാളുപരി ഓരോ തിരുനാളിനു പിന്നിലും ഒരു വിശ്വാസ ആഘോഷം കൂടിയുണ്ട്. ഒരു ചരിത്ര സംഭവത്തിലേയ്ക്ക് ‘വിശ്വാസം’ ചേരുന്നതാണ് തിരുനാള്‍. ഡിസംബര്‍ 25 ഈശോയുടെ പിറവിത്തിരുനാളായി സഭ ആചരിച്ചു തുടങ്ങിയത്, അത് ഈശോ ജനിച്ച കൃത്യമായ ദിവസമായിട്ടല്ല, മറിച്ച് ഒരു വലിയ വിശ്വാസരഹസ്യത്തിന്റെ, മനുഷ്യാവതാര രഹസ്യത്തിന്റെ സ്ഥലകാല ആഘോഷമായിട്ടാണ് (celebration of a mystery in time and space). ഓരോ തിരുനാളും ഒരു ചരിത്രസംഭവം (chronos) മാത്രമല്ല, രക്ഷയുടെ ഒരു സംഭവം (kairos) കൂടിയാണ്. അതാണ് ആ തിരുനാളിന്റെ ദൈവശാസ്ത്ര കാരണവും അര്‍ത്ഥവും.

ഇപ്രകാരം തിരുനാളുകളുടെ ഉത്ഭവവും അര്‍ത്ഥം വിശദീകരിക്കുന്ന ഒരു സാഹിത്യരൂപം തന്നെ (Cause literature) ആറാം നൂറ്റാണ്ടില്‍ നിസിബിസിലെ മതപഠന ശാലയിലുണ്ടായിരുന്നു (School of Nisibis). ഈ സാഹിത്യരൂപ മാതൃകയില്‍ സഹദായുടെ തിരുനാളിന്റെ ‘ദൈവശാസ്ത്ര’ അര്‍ത്ഥം അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

സഹദായുടെ തിരുനാളിന്റെ അര്‍ത്ഥം ഒളിഞ്ഞിരിക്കുന്നത് അതിന് ‘നീസാന്‍’ മാസത്തോടുള്ള സവിശേഷ ബന്ധത്തിലാണ്. യഹൂദ പാരമ്പര്യത്തെക്കുറിച്ചും അതേ പിന്‍തുടര്‍ച്ചയുള്ള സുറിയാനി പാരമ്പര്യത്തെക്കുറിച്ചും അടിസ്ഥാന അറിവുള്ളവര്‍ക്ക് നീസാന്‍ മാസത്തിന്റെ സവിശേഷതകള്‍ പകല്‍ പോലെ വ്യക്തമാണ്. സൃഷ്ടി നടന്നതും ഇസ്രയേല്‍ ഈജിപ്റ്റില്‍ നിന്നു പുറപ്പെട്ടതും ഈശോ തന്റെ മരണ-ഉത്ഥാനങ്ങള്‍ പൂര്‍ത്തിയാക്കിയതും എല്ലാം ഈ മാസമാണ്. ഈ മാസത്തിലാണ് ആണ്ടുവട്ടത്തിലെ ഏറ്റം പ്രധാനപ്പെട്ട തിരുനാളായ പെസഹാ ആഘോഷിക്കുന്നത്.

നീസാന്‍ 14 ലെ പെസഹാ തിരുനാള്‍

സഹദായുടെ തിരുനാളിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ നാമാദ്യം ഓര്‍ത്തിരിക്കേണ്ടത് നീസാന്‍ 14 തീയതിയുടെ പ്രാധാന്യമാണ്. പൂര്‍ണ്ണചന്ദ്രദിവസമായ അന്നാണ് യഹൂദരുടെ പെസഹാ തിരുനാള്‍. മിശിഹായെ ‘നമ്മുടെ പെസഹാക്കുഞ്ഞാടായിട്ടാണ്’ (1 Cor 5:7) ആദിമസഭ മനസ്സിലാക്കിയത്. പെസഹാതിരുനാളില്‍ കുഞ്ഞാടിനെ കൊല്ലുന്ന സമയത്ത് ഈശോ കുരിശിലേറിയെന്നുള്ള യോഹന്നാന്‍ സുവിശേഷകന്റെ സാക്ഷ്യമാണ് ഇതിന് അടിസ്ഥാനം (Jn 19:14). ആയതിനാല്‍ നീസാന്‍ 14 തീയതി പെസഹാക്കുഞ്ഞാടായ മിശിഹായുടെ മഹാതിരുനാളായി ആദിമസഭ ആചരിച്ചു. ആ ദിവസം ഈശോയുടെ മരണ – ഉത്ഥാന സംഭവത്തിന്റെ ഏറ്റം കൃത്യമായ തീയതിയാണന്ന് ചരിത്രകാരന്മാരും ഇന്ന് സമ്മതിക്കുന്നുണ്ട്.

നീസാന്‍ 14 നോടുള്ള വണക്കം മൂലം ചില സ്ഥലങ്ങളില്‍ നാലാം നൂറ്റാണ്ടു വരെ ഉയിര്‍പ്പുതിരുനാള്‍ ആചരിച്ചിരുന്നതും നീസാന്‍ 14 നായിരുന്നു. പ്രത്യേകിച്ച്, യഹൂദക്രിസ്ത്യാനികളുണ്ടായിരുന്ന പാലസ്തീനായിലും ഏഷ്യാമൈനറിലും. (ഗീവര്‍ഗീസ് സഹദായുടെ സ്വദേശം അതായിരുന്നല്ലോ.) ഏദ്ദേസായിലെ ആദിമ സുറിയാനി സഭയെയും ഈ ആചരണം വളരെ സ്വാധീനിച്ചിരുന്നു.

നീസാന്‍ 14 നു ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുന്ന പാരമ്പര്യത്തെ ‘പതിനാലുക്രമം’ (Quartodecimans) എന്നാണ് പറഞ്ഞിരുന്നത്. ഈ ക്രമക്കാരുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ ഈശോയുടെ പീഡാനുഭവ മരണത്തിനു നല്‍കിയിരുന്ന വലിയ പ്രാധാന്യമാണ്. പെസഹാ (Pascha) എന്ന വാക്കിന്റെ ‘കടന്നുപോകല്‍’ (Passover) എന്ന അര്‍ത്ഥത്തെക്കാളും ‘പീഡാനുഭവം’ (Passion) എന്ന അര്‍ത്ഥത്തിനാണ് അവര്‍ മുന്‍ഗണന നല്‍കിയത്.

നീസാന്‍ 14 കഴിഞ്ഞു വരുന്ന ഞായറാഴ്ച ഉയിര്‍പ്പു തിരുനാളായി ആഘോഷിക്കുന്ന ഒരു പതിവും (Sunday Pascha) ആദിമസഭയില്‍ ഉണ്ടായിരുന്നു. റോമന്‍ സഭയും അലക്‌സാണ്ട്രിയന്‍ സഭയും ഈ പാരമ്പര്യമാണ് പിന്‍തുടര്‍ന്നിരുന്നത്. AD 325 ലെ നിഖ്യാ സൂനഹദോസില്‍ വച്ച് ഉയിര്‍പ്പു തിരുനാളിലെ വ്യത്യസ്ത രീതികള്‍ ഏകീകരിക്കപ്പെട്ടു. ഞായറാഴ്ച ഉയിര്‍പ്പാചരണമാണ് ഔദ്യോഗിക രീതിയായി അംഗീകരിക്കപ്പെട്ടത്.

നിഖ്യാ സൂനഹദോസിന്റെ തീരുമാനങ്ങള്‍ പൗരസ്ത്യ സുറിയാനി സഭയില്‍ നടപ്പിലായത് AD 410 ലെ സഭാ സിനഡിലാണ്. ഞായറാഴ്ച ഉയിര്‍പ്പാചരണത്തിലേക്ക് സുറിയാനി സഭ മാറിയെങ്കിലും ‘പതിനാലുക്രമ’ത്തിന്റെ ചില ഘടകങ്ങള്‍ അവരുടെ ലിറ്റര്‍ജിയില്‍ തുടര്‍ന്നു പോന്നു. ഉദാഹരണത്തിന്, പൗരസ്ത്യ സുറിയാനി സഭയിലെ വലിയാഴ്ചക്രമത്തില്‍ ‘പെസഹാ’ എന്നത് ഉയിര്‍പ്പുഞായറിനെക്കാളും മിശിഹായുടെ പീഡാനുഭവ ദിനത്തെ സൂചിപ്പിക്കുന്ന പദമാണ്.
ധ ഈശോ മുന്‍കൂട്ടി കഴിച്ച പെസഹാ ഭക്ഷണത്തിന്റെ (Jn 13:1) ഓര്‍മ്മയ്ക്കായി, മാര്‍ത്തോമാ നസ്രാണികള്‍ പരമ്പരാഗതമായി ഭവനങ്ങളില്‍ അനുഷ്ഠിക്കുന്ന പെസഹാചരണവും ‘പതിനാലുക്രമ’ത്തില്‍ നിന്ന് ഉത്ഭവിക്കാനാണ് സാധ്യത.

മിശിഹായുടെ മരണവുമായുള്ള രക്തസാക്ഷികളുടെ ബന്ധം

സഹദായുടെ തിരുനാളിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ അടുത്തതായി അറിയേണ്ടത് രക്തസാക്ഷികളുടെ അനുസ്മരണത്തെക്കുറിച്ചുള്ള സുറിയാനി സഭയുടെ കാഴ്ചപ്പാടാണ്. ഈശോയിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികളെ വണങ്ങുന്ന പതിവ് പ്രചരിച്ചതോടെ, അവര്‍ക്കായി പ്രത്യേക അനുസ്മരണങ്ങള്‍ നടത്താന്‍ സഭ ആഗ്രഹിച്ചു. മിശിഹായുടെ മരണത്തില്‍ പൂര്‍ണ്ണമായി പങ്കുചേര്‍ന്ന് അവന്റെ ഉത്ഥാനത്തിന്റെ ആദ്യഫലം സ്വീകരിച്ച രക്തസാക്ഷികളെ ഉയിര്‍പ്പുതിരുനാളിനു തൊട്ടടുത്തു തന്നെ ആഘോഷിക്കുന്ന പതിവാണ് പൗരസ്ത്യ സുറിയാനി സഭയില്‍ രൂപം കൊണ്ടത്. അങ്ങനെ ഈശോയുടെ മരണത്തിന്റെ (പീഡാനുഭവ വെള്ളി) ഏഴാം പക്കം വേദസാക്ഷികളുടെ (മൗദീനന്മാരുടെ) തിരുനാളായി ആചരിക്കാന്‍ തുടങ്ങി.

അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും ഈ തിരുനാള്‍ ആചരിച്ചു തുടങ്ങി കാണണം. കാരണം ഈ തിരുനാളിന്റെ ഉത്ഭവവും അര്‍ത്ഥവും വിശദീകരിക്കുന്ന ഒരു ദൈവശാസ്ത്ര വ്യാഖ്യാനം നിസിബിസിലെ പഠനശാല ആറാം നൂറ്റാണ്ടില്‍ തയ്യാറാക്കിയിരുന്നു (Cause of Friday of Confessor-s).

AD 344 ലെ ദുഃഖവെള്ളിയാഴ്ചയില്‍ പേര്‍ഷ്യന്‍ ഷഹന്‍ഷയായിരുന്ന ഷാപോര്‍ രണ്ടാമന്‍ അന്നത്തെ സുറിയാനി സഭയുടെ തലവനായിരുന്ന മാര്‍ ശിമയോന്‍ ബര്‍സബായെയും അനുചരെരെയും വധിച്ചതിന്റെ ഓര്‍മ്മ ആചരണത്തില്‍ നിന്നാണ് ഈ തിരുനാളിന്റെ ഉത്ഭവം. രക്തം കൊണ്ട് സാക്ഷ്യം നല്‍കിയവരെ (സഹദാ) മാത്രമല്ല, ജീവിതസമര്‍പ്പണം കൊണ്ട് മിശിഹായ്ക്കു സാക്ഷ്യം വഹിച്ച വരെ കൂടി (മൗദീനന്‍) ഈ തിരുനാളില്‍ ഓര്‍മ്മിച്ചു വന്നു. അങ്ങനെ ‘പുണ്യവാന്മാരുടെ തിരുനാള്‍’ എന്ന വിശാല അര്‍ത്ഥത്തിലും ഇതിനെ മനസിലാക്കാം.

ഈശോയുടെ കുരിശു മരണത്തോടു ബന്ധപ്പെടുത്തി വെള്ളിയാഴ്ചകളിലാണ് ഈ സഭ വിശുദ്ധരെ കൊണ്ടാടുന്നത്. ഇതിനു പിന്നിലെ ദൈവശാസ്ത്രം ‘നീസാന്‍ പതിനാലുക്രമത്തില്‍’ നിന്നും ഉരുത്തിരിഞ്ഞതാണ് എന്നു വ്യക്തമാണ്.

നീസാന്‍ 24: നിസാന്‍ 14 ന്റെ പത്താം ദിവസം

നീസാന്‍ 14 ലെ പെസഹായുടെയും അതിനു രക്തസാക്ഷികളുമായുള്ള ബന്ധത്തിന്റെയും പശ്ചാത്തലങ്ങള്‍ മനസ്സിലായാല്‍ ഇനി വിശദീകരിക്കേണ്ടത് നീസാന്‍ 24 നെക്കുറിച്ചാണ്, അതായത് നീസാന്‍ 14 നു പത്താം പക്കമായ ദിവസത്തെക്കുറിച്ചാണ്. പത്താം ദിനത്തിനു യഹൂദ-സുറിയാനി പാരമ്പര്യത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചു ബോധ്യമുണ്ടെങ്കിലേ ഇതിനു പിന്നിലെ ദൈവശാസ്ത്രം മനസിലാകൂ.

ഏഴ് എന്ന സംഖ്യ പോലെ തന്നെ ഒരു പൂര്‍ണ്ണ സംഖ്യയായി കരുതപ്പെട്ടിരുന്നതാണ് പത്ത്. ദൈവം സ്വന്തം വിരല്‍ കൊണ്ടെഴുതിയ കല്പനകള്‍ പത്തെണ്ണമാണ്. പെസഹാ കുഞ്ഞാടിനെ തെരഞ്ഞെടുക്കുന്നത് പത്താം ദിനത്തിലാണ്. മഹാപുരോഹിതന്‍ അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചു നടത്തുന്ന പാപപരിഹാരബലി വര്‍ഷാരംഭത്തിലെ പത്താമത്തെ ദിവസമാണ്. താലന്തുകളുടെ ഉപമയില്‍ വിശ്വസ്തരായ ഭൃത്യനു ഇരട്ടിച്ചു കിട്ടുന്നത് പത്ത് താലന്തുകളാണ്. സ്വര്‍ഗ്ഗാരോഹണത്തിന്റെ പത്താം പക്കമാണ് പന്തക്കുസ്താ. പത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന ഒരു കാര്യം മാത്രം അല്പം കൂടി വിശദീകരിച്ചു പറയാം.

സുറിയാനി പാരമ്പര്യത്തില്‍ ഈശോ മിശിഹായുടെ പേരിന് പത്ത് അക്ഷരങ്ങളാണുള്ളത്. കാരണം അത് പൂര്‍ണ്ണതയുള്ള നാമമാണ്. ചിത്രം: പള്ളിവീട്ടില്‍ മാര്‍ ചാണ്ടി മെത്രാന്റെ പ്രാര്‍ത്ഥനാ പുസ്തകം; ആദ്യവരിയില്‍ ഈശോനാമം, ഒരു ‘ആലപ്പ്’ കൂട്ടി, പത്ത് അക്ഷരങ്ങളാക്കി എഴുതിയിരിക്കുന്നത് കാണാം.
ഈശോനാമത്തിന്റെ സ്തുതിക്കായി മാര്‍ അപ്രം എഴുതിയ ഒരു ഗീതം ഞായറാഴ്ച സപ്രായിലുണ്ട്. ഈശോനാമത്തിന്റെ ഓരോ അക്ഷരവും വച്ചു തുടങ്ങുന്ന പത്തു പാദങ്ങളാണ് ഈ ഗീതത്തിനുള്ളത്. മിശിഹായുടെ രണ്ടാം ആഗമനത്തില്‍ വിശുദ്ധര്‍ അവനെ കണ്ടുമുട്ടുന്നതാണ് പത്താം പാദത്തിലെ പ്രതിപാദ്യം. ഈ പാദത്തിന് ഗബ്രിയേല്‍ ഖത്രായ (ഏഴാം നൂറ്റാണ്ട്) നല്‍കിയ വ്യാഖ്യാനത്തില്‍ പത്തിന്റെ അര്‍ത്ഥം വിശുദ്ധരുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. ‘പത്ത് പൂര്‍ണ്ണ സംഖ്യയാണ്, കാരണം അതില്‍ മറ്റെല്ലാ സംഖ്യകളും ഉള്‍പ്പെടുന്നു. ഈ പ്രഭാതഗീതം പത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ കാരണം മിശിഹായിലുള്ള നീതിമാന്മാര്‍ നേടുന്ന വിശുദ്ധിയുടെ പൂര്‍ണ്ണതയെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്.’

പത്ത് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. നീസാന്‍ 14 ന്റെ പത്താം പക്കമുള്ള ഓര്‍മ്മയാചരണം എന്നു വച്ചാല്‍ മിശിഹായുടെ മരണത്തില്‍ പൂര്‍ണ്ണമായി പങ്കുചേര്‍ന്ന വ്യക്തിയുടെ ദുക്‌റാന എന്നാണര്‍ത്ഥം. വിശുദ്ധരുടെ സ്വര്‍ഗീയ ജനനത്തെ (dies natalis) അവര്‍ മരിച്ച ചരിത്ര ദിവസത്തേക്കാളും മിശിഹായുടെ മരണത്തില്‍ പങ്കുചേര്‍ന്ന ദിവസവുമായി ബന്ധപ്പെടുത്തി ആചരിക്കാനാണ് സുറിയാനി സഭ ആഗ്രഹിച്ചത്. അതുകൊണ്ടാണല്ലോ വെള്ളിയാഴ്ചകളിലെ ഓര്‍മ്മയാചരണങ്ങള്‍. അതേ തത്ത്വം മറ്റൊരു രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് നീസാന്‍ 24 ലെ ആചരണം. ഈ തിരുനാളാചരണം ‘പതിനാലുക്രമ’ ത്തിന്റെ സ്വാധീനത്തില്‍ സുറിയാനി സഭയില്‍ പ്രവേശിച്ചതാകണം. സഭയുടെ ഔദ്യോഗിക തിരുനാളാകുന്നതിനു വളരെ മുമ്പു തന്നെ ഈ ആചരണം നിലവിലുണ്ടായിരുന്നിരിക്കണം.

വിശുദ്ധരുടെ മരണദിവസം ആത്യന്തികമായി പെസഹാ സംഭവത്തിന്റെ പ്രഖ്യാപനവും വിജയവുമാണന്ന് സ്ഥാപിക്കുന്നതാണ് നീസാന്‍ 24 ലെ ഈ തിരുനാള്‍.
സഹദായുടെ തിരുനാള്‍ പൗരസ്ത്യ സുറിയാനി സഭയില്‍ ഗീവര്‍ഗീസ് സഹദായോടുള്ള വണക്കം അഞ്ചാം നൂറ്റാണ്ടു മുതലെങ്കിലും സുറിയാനി സഭയില്‍ പ്രചരിച്ചിട്ടുണ്ടാകണം. കാരണം ആറാം നൂറ്റാണ്ടു മുതല്‍ ജീവിച്ചിരുന്ന പല പ്രധാന വ്യക്തികളും ഗീവര്‍ഗീസ് നാമധാരികളായിരുന്നു. സഹദാ യുടെ പേരു സ്വീകരിച്ച മറ്റൊരു ഗീവര്‍ഗീസ് (George of Izla, +614) രക്തസാക്ഷിയായി തന്നെ ഈ സഭയില്‍ വണങ്ങപ്പെടുന്നുണ്ട്. ഏഴാം നൂറ്റാണ്ടിന്റെ അവസാനം ഈ സഭയെ നയിച്ച കാതോലിക്കോസും (+680) ഒരു ഗീവര്‍ഗീസ് നാമധാരിയായിരുന്നു.

നീസാന്‍ 24 ലെ തിരുനാള്‍ എന്നു മുതല്‍ സുറിയാനി സഭയില്‍ പ്രവേശിച്ചു എന്നു കൃത്യമായി പറയാനാവില്ലെങ്കിലും, മൗദീനന്മാരുടെ തിരുനാള്‍ ആചരിക്കുവാന്‍ തുടങ്ങിയതിനു ശേഷമാണന്ന് നിരൂപിക്കാം. ഈ തിരുനാളാചരണത്തെക്കുറിച്ച് (എന്റെ പരിമിതമായ അന്വേഷണത്തില്‍) ലഭ്യമായ ആദ്യത്തെ രേഖ ഒന്‍പതാം നൂറ്റാണ്ടിലെ ഒരു കൈയെഴുത്തു പ്രതിയാണ്. അതില്‍ ഈ തിരുനാള്‍ നിസാന്‍ 24 ന് എന്ന് പഞ്ചാംഗക്രമത്തിന്റെ അനുബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട് (British Museum Syr 246, AD 862).

പത്താം നൂറ്റാണ്ടു മുതലുള്ള പഴയ കൈയെഴുത്തുപ്രതികളില്‍ ഈ തിരുനാള്‍ ഉയിര്‍പ്പുകാലത്തുത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതുവഴി ഈ തിരുനാളിനു ഉയിര്‍പ്പുകാലവുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കപ്പെടുന്നു. ഇന്നുള്ള അച്ചടിച്ച പ്രാര്‍ത്ഥനാ പുസ്തകത്തിലും ഉയിര്‍പ്പുകാലത്തിലെ തിരുനാളുകളുടെ ഭാഗത്താണ് (ഗാസാക്രമം) ഇത് കൊടുത്തിരിക്കുന്നത്.

സഹദായോടുള്ള വണക്കം മലബാര്‍ സഭയില്‍

ഗീവര്‍ഗീസ് സഹദായോടുള്ള വണക്കത്തില്‍ ഒട്ടും പുറകിലായിരുന്നില്ല മാര്‍ത്തോമാ ക്രിസ്ത്യാനികള്‍. അവരുടെ ചില ആദ്യകാല ദൈവാലയങ്ങള്‍ ആ പേരില്‍ അറിയപ്പെട്ടിരുന്നതു തന്നെ സഹദായോടുള്ള വണക്കത്തിന്റെ ആഴം ചൂണ്ടിക്കാട്ടുന്നു. ആദ്യസഹസ്രാബ്ദത്തില്‍ നടന്ന മലയോര കുടിയേറ്റ കാലഘട്ടത്തില്‍, വന്യജീവിയില്‍ നിന്നും മാരകരോഗങ്ങളില്‍ നിന്നും സംരക്ഷണത്തിനായി അവര്‍ സഹദായുടെ മാദ്ധ്യസ്ഥ്യം തേടി. അവരുടെ ‘ജാതിക്കു കര്‍ത്തവ്യന്മാ’രില്‍ മിക്കവരും ഗീവര്‍ഗീസ് നാമധാരികളായിരുന്നു.

നീസാന്‍ മാസത്തിനു തത്തുല്യമായ മലയാളമാസം മേടം 24 ന് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഈ തിരുനാള്‍ സാഘോഷം കൊണ്ടാടിയിരുന്നു. കൊല്ലവര്‍ഷ പ്രകാരമുള്ള കലണ്ടര്‍ ഹൈന്ദവ സംസ്‌കാരത്തില്‍ ജന്മം കൊണ്ടതാണെങ്കിലും അത് നസ്രാണികള്‍ സ്വന്തമെന്നെ പോലെ കരുതിയിരുന്നു എന്നുള്ളതും ഇവിടെ കൂട്ടി വായിക്കണം. മാര്‍ സാപ്പോറും മാര്‍ പ്രോത്തും (ഖന്ദീശന്മാര്‍) കൊല്ലത്തുള്ള മാര്‍ത്തോമാ പള്ളി പുന:സ്ഥാപിച്ചതിന്റെ ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്നു പിറന്നതാണ് കൊല്ലവര്‍ഷമെന്ന് (AD 825) അവര്‍ കരുതിപ്പോന്നിരുന്നു.

ഉദയംപേരൂര്‍ സൂനഹദോസിന്റെ മലയാള കാനോനകളില്‍ ഈ തിരുനാള്‍ മേടം 24 നെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. (പോര്‍ച്ചുഗീസ് ഭാഷയില്‍ തയ്യാറാക്കിയ കാനോനയിലാകട്ടെ അത് ഏപ്രില്‍ 23 ആണ്). പോര്‍ട്ടുഗീസുകാര്‍ ഈ തിരുനാള്‍ മേടം 23 നു നടത്താന്‍ നസ്രാണികളെ നിര്‍ബന്ധിച്ചതായി തോന്നുന്നില്ല. നിര്‍ബന്ധിച്ചാല്‍ തന്നെ അതൊട്ടു നടന്നതുമില്ല. അതുകൊണ്ടാണല്ലോ ഇന്നും സഹദായുടെ തിരുനാള്‍ മേടം 24 നു തന്നെ കേരളത്തിലെ പുരാതന ദൈവാലയങ്ങള്‍ ആഘോഷിക്കുന്നത്.

സഹദായോടുള്ള ആരാധനക്രമ വണക്കം

മറ്റു വിശുദ്ധരുടേതു പോലെ ഒരു ഓര്‍മ്മദിവസമായിട്ടല്ല (commemoration) മറിച്ച് ഒരു ‘തിരുനാള്‍’ ആയിട്ടാണ് (feast) പൗരസ്ത്യ സുറിയാനി സഭ ഈ ദിവസത്തെ കൊണ്ടാടുന്നത്. അനുദിന കുര്‍ബാന ഇല്ലാതിരുന്ന കാലഘട്ടത്തിലും ഞായറാഴ്ച പോലെ ആചരിച്ചിരുന്ന ഒരു ദിവസമാണിത്. കര്‍ത്താവിന്റെ മറ്റു തിരുനാളുകള്‍ക്കിടയില്‍ ഈ തിരുനാള്‍ വന്നാല്‍ അത് ആചരിക്കേണ്ടതിന്റെ ക്രമവും തക്‌സാ നല്‍കുന്നുണ്ട്. പീഡാനുഭവ ആഴ്ചയിലും ഉയിര്‍പ്പിന്റെ വലിയ ആഴ്ചയിലും വരാനിടയുള്ള തിരുനാളായതു കൊണ്ടാണ് ഈ നിര്‍ദ്ദേശങ്ങള്‍ പ്രസക്തമാകുന്നത്. വലിയ ശനി, ഉയിര്‍പ്പു ഞായര്‍, മൗദീനന്മാര്‍ വെള്ളി, പുതുഞായര്‍ എന്നീ ദിവസങ്ങളില്‍ വന്നാല്‍ ഈ തിരുനാള്‍ അടുത്ത ദിവസത്തേയ്ക്കു മാറ്റണം എന്നാണ് തക്‌സാ പറയുന്നത്. മറ്റു വിധത്തില്‍ പറഞ്ഞാല്‍, ഈ തിരുനാള്‍ എല്ലാ പ്രകാരത്തിലും കുറവുകൂടാതെ ആഘോഷിക്കപ്പെടണം എന്നു തന്നെ.

ഹുത്താമാ പ്രാര്‍ത്ഥനകളില്‍ വിശുദ്ധരെ അനുസ്മരിക്കുന്ന ഭാഗത്തും രക്തസാക്ഷി ഗീതങ്ങളിലും (ഓനീസ ദ്‌സഹദേ) ചൊല്ലിയിരുന്ന ‘വീരയോദ്ധാവും വിശ്രുത രക്തസാക്ഷിയുമായ മാര്‍ ഗീവര്‍ഗീസേ’ എന്നുള്ള അപേക്ഷ നസ്രാണികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മാദ്ധ്യസ്ഥ്യ ശക്തിയായിരുന്നു.

ഈ തിരുനാളിലെ കുര്‍ബാനഗീതം (ഓനീസ ദ്‌റാസാ) ഇങ്ങനെയാണ്: ‘ദൈവത്തിനു ബലിവസ്തുവും തന്റെ കര്‍ത്താവിനു ശുദ്ധമായ ‘കുര്‍ബാന’യുമായിത്തീര്‍ന്ന, വിശ്രുതനും വിജയശ്രീലാതിനുമായ മാര്‍ ഗീവര്‍ഗീസ് സഹദായുടെ ദുക്‌റാന നമുക്കെല്ലാവര്‍ക്കും ഭയഭക്തികളോടെ ആചരിക്കാം’. പരി. കുര്‍ബാനയിലെ ബലിവസ്തു നമ്മുടെ സഹനജീവിതമാണെന്നും, രക്തസാക്ഷിത്വമാണ് അതിന്റെ മകുടമെന്നും ഈ ഗീതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഫാ. ജോസഫ് ആലഞ്ചേരി (ചങ്ങനാശേരി അതിരൂപത)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.