മാര്‍ ശെമയോന്‍ ബര്‍സബായുടെയും സഹരക്തസാക്ഷികളുടെയും തിരുനാള്‍

പൗരസ്ത്യ സുറിയാനി സഭയില്‍ കൈത്താക്കാലം ആറാം വെള്ളിയാഴ്ചയാണ് മാര്‍ ശെമയോന്‍ ബര്‍സബായുടെയും സഹരക്തസാക്ഷികളുടെയും ഓര്‍മ്മത്തിരുനാള്‍ ആഘോഷിക്കുന്നത്. സെലൂഷ്യാ – സ്റ്റെസിഫോണിലെ, ‘പാപ്പാ’ എന്ന നാമധാരിയായ പ്രഥമ കാതോലിക്കോസിന്റെ ആര്‍ച്ചുഡീക്കനായിരുന്നു ശെമയോന്‍ ബര്‍സബാ.

എ.ഡി. 327-ല്‍ മാര്‍’പാപ്പാ’യുടെ പിന്‍ഗാമിയായി അദ്ദേഹം സ്ഥാനമേറ്റു. ആരാധനക്രമ പരിഷ്‌കര്‍ത്താക്കളില്‍ ഒന്നാമനായി ഗണിക്കപ്പെടുന്ന ശെമയോനാണ് ഉത്ഥാനഗീതം രചിച്ചതെന്ന് പറയപ്പെടുന്നു. പിതാക്കന്മാരുടെ കൃതി എന്നൊരു ഗ്രന്ഥവും നിരവധി ആരാധനക്രമ ഗീതങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജെ. അസ്സെമാനിയുടെ ‘ആക്താ സാങ്ങ്‌തോരും മര്‍ത്തീരും’ (Acta Sanctorum Martyrum) എന്ന ഗ്രന്ഥത്തില്‍ ശെമയോന്‍ ബര്‍സബാ (ശെമയോന്‍ ബര്‍ സാബേ) യെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമാ ചക്രവര്‍ത്തിമാര്‍ സഭയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതിനെ തുടര്‍ന്നാണ് റോമാസാമ്രാജ്യത്തിന്റെ ശത്രുക്കളായിരുന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ പേര്‍ഷ്യയിലെ സഭയ്‌ക്കെതിരെ തിരിഞ്ഞത്. സഭാവിശ്വാസികളെ ഏകദൈവ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിച്ച് സൂര്യദേവന്റെ ആരാധകരാക്കുവാനായിരുന്നു മാര്‍ ശെമയോനെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന സാപ്പോര്‍ (ശാവോര്‍) രണ്ടാമന്‍ നിര്‍ബന്ധിച്ചത്. മാര്‍ ശെമയോന്റെ നേതൃത്വത്തില്‍ സത്യവിശ്വാസത്തില്‍ ഉറച്ചുനിന്ന മെത്രാന്മാരും വൈദികരും ഉള്‍പ്പെടുന്ന നൂറോളം പേരെ എ.ഡി. 341-ലെ പെസഹാവ്യാഴാഴ്ച രാജാവിന്റെ പടയാളികള്‍ വധിച്ചു. എന്നാല്‍, പിറ്റേന്ന് പീഡാനുഭവ വെള്ളിയാഴ്ചയാണ് മാര്‍ ശെമയോനെ അവര്‍ വധിച്ചത്. ”നീ സഹിച്ച ഈ ദിനത്തില്‍, ഈ നാഴികയില്‍ത്തന്നെ ഈ കാസ സ്വീകരിക്കുവാനും ഇതില്‍ നിന്ന് കുടിക്കുവാനും എനിക്ക് യോഗ്യത നല്‍കണമേ” എന്ന് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ച ആ പിതാവ്, നീസാന്‍ മാസം പതിനാലാം തീയതി വെള്ളിയാഴ്ച ഒന്‍പതാം മണിക്കൂറില്‍ രക്തസാക്ഷിത്വം വരിച്ചു.

ഈ തിരുനാളിലെ സായാഹ്നശുശ്രൂഷയില്‍ ഓനീസാ ദക്ക്ദത്തില്‍ സഭ ഇപ്രകാരം ഉദ്‌ഘോഷിക്കുന്നു: ”ശ്രേഷ്ഠപുരോഹിതനീശോനാഥന്‍/ ശെമയോനെ തന്‍ ശ്ലീഹായാക്കി/ കാസ ചങ്ങലയും സഹനവുമെല്ലാം/ ശെമയോന്‍ മുദമോടാശ്ലേഷിച്ചു./ സ്‌നേഹിതരൊപ്പം സഹദായായി/ വിണ്ണിന്‍ മഹിതകിരീടം ചൂടി.” ഓനീസാ ദ്‌റംശായില്‍ സഭ പാടുന്നു: ”ദൈവികസ്‌നേഹ വിഭൂഷിതനാം/ ധന്യന്‍ ശെമയോന്‍ സഹദായെ/ മിശിഹാനാഥന്‍ തന്‍ വധുവാം/ സത്യസഭയ്ക്കു കനിഞ്ഞേകി./ കര്‍ത്താവിന്‍ തിരുസഹനദിനേ/ ശിരസ്സു മുറിച്ചതില്‍ നിഷ്ഠൂരം/ മാര്‍ ശെമയോനെ കൊലചെയ്തു.” ഓനീസാ ദ്‌ലെലിയായില്‍ നാം ആലപിക്കുന്നു: ”അജപാലകനാം ശെമയോനൊപ്പം/ നൂറില്‍പ്പരമനുയായികളും/ സാപ്പോറാം ഭരണാധിപനാല്‍/ സഹദാമാരായ് മൃതി പുല്‍കി.” മൂശെയെപ്പോലെ അനിതരസാധാരണമായ പാടവത്തോടെയാണ് ശെമയോന്‍ അജവൃന്ദത്തെ നയിച്ചതെന്നും തനിക്കു ഭരമേല്‍പിക്കപ്പെട്ടിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി പത്രോസിനെപ്പോലെ അദ്ദേഹവും സ്വയം ഒരു ബലിയായിത്തീര്‍ന്നുവെന്നും നാം ഗീതത്തില്‍ കാണുന്നു.

അദ്ദേഹം ആത്മാവിനെ കറ കൂടാതെ പാലിച്ചതെങ്ങനെയെന്ന് ഓനീസാ ദ്ശഹറായില്‍ നാം പാടുന്നു: ”ശുദ്ധിയെഴുന്നവ മാത്രം നീ/ നിന്‍ നയനത്താല്‍ ദര്‍ശിച്ചു./ വിണ്ണിന്‍ വിസ്മയദൃശ്യത്താല്‍/ കണ്ണുകളേറ്റമലംകൃതമായ്./ ദൈവാത്മാവിന്‍ ഗീതങ്ങള്‍/ സന്തതമുരുവിട്ടീടുകയാല്‍/ അധരം പാവനമായതുപോല്‍/ നാവും നിര്‍മ്മലമായ്മാറി.” കര്‍ത്താവ് സഹദായോടു പറയുന്ന വചനവും ഓനീസാ ദ്ശഹറായിലെ ധ്യാനവിഷയമാണ്. ”നല്ലവനാകും ഭൃത്യാ, നീ/ വന്നാലും നിന്‍ നാഥന്‍തന്‍/ ശാശ്വതമായിടുമാനന്ദം/ നുകരുക നിത്യം സാമോദം.” ഓനീസാ ദ്‌സപ്രായില്‍ കാണുന്നതുപോലെ – ”കണ്ണിനു കാണാനാവില്ല/ കാതിനു കേള്‍ക്കാനാവില്ല/ വിണ്ണിലെയനുപമ സന്തോഷം/ മര്‍ത്ത്യമനീഷയ്ക്കറിവില്ല” –

അവാച്യമായ ആനന്ദത്തില്‍ മുഴുകുന്ന ധീരരായ സഹദാമാരുടെ തിരുനാള്‍ മംഗളങ്ങള്‍ സഭാമക്കള്‍ക്കേവര്‍ക്കും നേരുന്നു.

ആരാധനക്രമ കമ്മീഷന്‍, മൗണ്ട് സെന്റ് തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.