
‘നന്ദി’. ഈ രണ്ടക്ഷരം കേവലം ഒരു മര്യാദയുടെയോ വാക്കിന്റെയോ രൂപം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെയും ചിന്താഗതിയെയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മഹത്തായ ഒരു വികാരമാണ്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നമുക്ക് ലഭിച്ച നന്മകളെയും മറ്റുള്ളവരുടെ സഹായങ്ങളെയും തിരിച്ചറിയുകയും അതിൽ നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക എന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന ഒന്നാണ്. നന്ദിയുള്ള ഒരു മനോഭാവം ജീവിതത്തിൽ വളർത്തിയെടുക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മാനസികാരോഗ്യവും സന്തോഷവും വർധിക്കുന്നു
നമുക്ക് ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നതിന് പകരം, നമ്മുടെ കൈവശമുള്ള കൊച്ചു കൊച്ചു കാര്യങ്ങളിൽ നന്ദിയുള്ളവരാകുമ്പോൾ മസ്തിഷ്കം കൂടുതൽ സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് വിഷാദം, ഉത്കണ്ഠ, അനാവശ്യ സമ്മർദം എന്നിവ കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കുന്നു. ഇല്ലായ്മകളെക്കാൾ ഉള്ളതിലേക്ക് നമ്മൾ നോക്കുമ്പോൾ അത് നമ്മുടെ ഉള്ളിൽ നിറയ്ക്കുന്ന പോസിറ്റിവ് എനർജി വളരെ വലുതായിരിക്കും. ഒപ്പം കൂടുതൽ നല്ലകാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുവാൻ ഈ നന്ദിയുടെ മനോഭാവം വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.
നല്ല ബന്ധങ്ങൾ രൂപപ്പെടുന്നു
ഓർക്കുക, നമ്മൾ ചെയ്ത നിസാരമായ ഒരു കാര്യം. അതിനു ഒരാൾ ഹൃദയം നിറഞ്ഞു നന്ദി പറയുമ്പോൾ ആ വ്യക്തിയെ പിന്നീട് നമ്മൾ ഒരിക്കലും മറക്കാൻ ഇടയില്ല. ഇതുപോലെ തന്നെയാണ് നാമും ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് നന്ദി പറയുമ്പോൾ സംഭവിക്കുന്നത്. മറ്റുള്ളവർ നമുക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് പോലും നന്ദി പ്രകടിപ്പിക്കുമ്പോൾ, അത് അവരോടുള്ള ബഹുമാനവും സ്നേഹവുമാണ് വ്യക്തമാക്കുന്നത്. കുടുംബത്തിലും സൗഹൃദങ്ങളിലും ജോലിസ്ഥലത്തും നന്ദിയുള്ള മനോഭാവം പുലർത്തുന്നത് ആളുകൾ തമ്മിലുള്ള വിശ്വാസവും അടുപ്പവും വർധിപ്പിക്കുന്നു. ഇത് എല്ലായിടത്തും നല്ല ഒരു സാഹചര്യം വളർത്താൻ ഉപകരിക്കും. തങ്ങളെ അംഗീകരിക്കുന്നു എന്ന് തോന്നുമ്പോൾ മറ്റുള്ളവരും നമ്മോട് കൂടുതൽ സഹകരണത്തോടെ പെരുമാറും.
ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നു
നന്ദിയുടെ മനോഭാവം വളർത്തിയെടുക്കുമ്പോൾ നമ്മുടെ മാനസിക ആരോഗ്യത്തിനൊപ്പം തന്നെ ശാരീരികമായ ആരോഗ്യവും മെച്ചപ്പെടുന്നു. നന്ദിയുള്ള മനസ്സ് ശാരീരിക ആരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സന്തോഷമുള്ള മനസ്സ് രക്തസമ്മർദം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. അനുഗ്രഹങ്ങളിലേക്ക് നോക്കാൻ പഠിക്കുമ്പോൾ അത് മാനസിക സമ്മർദം കുറയ്ക്കുന്നതിനു കാരണമായി മാറുന്നു. ഇതുവഴി പലവിധ ശാരീരിക അസ്വസ്ഥതകളിൽ നിന്നും നമുക്ക് മുക്തി നേടാനാകും.
പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത്
ജീവിതത്തിൽ തിരിച്ചടികളും പരാജയങ്ങളും ഉണ്ടാകുമ്പോൾ തളർന്നുപോകാതെ, ഇപ്പോഴും കൂടെയുള്ള നല്ല കാര്യങ്ങളെ ഓർത്ത് നന്ദിയുള്ളവരായിരിക്കാൻ സാധിച്ചാൽ, പ്രതിസന്ധികളെ കൂടുതൽ കരുത്തോടെ നേരിടാൻ കഴിയും. പോസിറ്റീവ് ചിന്താഗതി വളരുന്നതിലൂടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പരിഹാരങ്ങൾ കണ്ടെത്താൻ നാം പ്രാപ്തരാക്കുന്നു. നമ്മുടെ വിജയങ്ങൾക്ക് പിന്നിൽ സ്വന്തം അദ്ധ്വാനം മാത്രമല്ല, മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, കൂടാതെ ദൈവാനുഗ്രഹം എന്നിവയുമുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് നന്ദിയുള്ള മനസ്സ് ഉണ്ടാകുന്നത്. ഇത് വ്യക്തികളിൽ അഹങ്കാരം ഇല്ലാതാക്കാനും വിനയവും ദയയും വളർത്താനും സഹായിക്കുന്നു.
ഇനി നന്ദിയുള്ളവരായിരിക്കുക എന്നാൽ അതൊരു ജീവിത രീതിയാക്കി മാറ്റുക എന്നതാണ് അർഥമാക്കുന്നത്. രാവിലെ ഉണരുമ്പോൾ ലഭിക്കുന്ന പുതിയൊരു ദിവസത്തിനും, കഴിക്കുന്ന ഭക്ഷണത്തിനും, കൂടെയുള്ള പ്രിയപ്പെട്ടവർക്കും നന്ദി പറഞ്ഞുകൊണ്ട് ദിവസം ആരംഭിച്ചു നോക്കൂ. ജീവിതം കൂടുതൽ മനോഹരവും അർഥപൂർണ്ണവുമാകുന്നത് നിങ്ങൾക്ക് സ്വയം അനുഭവിക്കാൻ സാധിക്കും.




