
യോഹന്നാന്‍ പറഞ്ഞു: “ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു.” ഈ പശ്ചാത്തലത്തിലാണ്, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ് എന്ന വാക്യം യേശു പറയുന്നത്. പ്രശ്നങ്ങളോടും സാഹചര്യങ്ങളോടും ശിഷ്യന്മാരും ഈശോയും പുലര്‍ത്തുന്ന വ്യത്യസ്ത മനോഭാവങ്ങള്‍ നമുക്കു കാണാം. ശിഷ്യന്മാര്‍ക്കുള്ളത് നിഷേധാത്മക മനോഭാവമാണെങ്കില്‍, ഈശോയുടെത് ഭാവാത്മകമാണ്. നന്മ ആരില്‍ നിന്നു വന്നാലും നന്മയാണെങ്കില്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവണം. കാരണം, നന്മയുടെ ഉറവിടം ക്രിസ്തു തന്നെയാണ്.
എതിര്‍ക്കുന്നവരെ നശിപ്പിക്കാനുള്ള പ്രവണതയും നല്ലതല്ലെന്നാണ് ഇന്നത്തെ വചനം കാണിക്കുന്നത്. മാത്രമല്ല, തിന്മ കാണുമ്പോള്‍ നമ്മുടെ സമചിത്തത നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. സമചിത്തത നഷ്ടപ്പെട്ട ശിഷ്യരെ തിരിഞ്ഞുനിന്നു ശാസിക്കുന്ന ഈശോയെ നമ്മള്‍ മറക്കരുത്. ഒപ്പം, നമ്മള്‍ പുലര്‍ത്തേണ്ടത് ഈശോയുടെ മനോഭാവമാണെന്നതും വിസ്മരിക്കരുത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS




