കൃപാസനം അഖണ്ഡ ജപമാല മഹാറാലി: ലക്ഷക്കണക്കിന് തീർഥാടകർ അണിനിരക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരക്കുന്ന കൃപാസനം അഖണ്ഡ ജപമാല മഹാറാലി നാളെ ആലപ്പുഴയിൽ നടക്കുന്നു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഒക്ടോബറിലെ നാലാമത്തെ ശനിയാഴ്ചയാണ് ഈ വലിയ ജപമാല റാലി സംഘടിപ്പിക്കപ്പെടുന്നത്. വർഷം തോറും റാലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. തീർഥാടകരുടെ വൻ തിരക്ക് കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും എല്ലാവിധ ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് കൃപാസനം ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ അറിയിച്ചു.

രാജ്യത്തിന്റെ നന്മയാണ് ഈ ജപമാല റാലിയുടെ ഏറ്റവും പ്രധാന ലക്ഷ്യം. “രാജ്യമില്ലെങ്കിൽ പിന്നെ ഒന്നുമില്ല. നമ്മുടെ രാജ്യം സമാധാനത്തിലും കെട്ടുറപ്പിലും നിൽക്കണം. യുദ്ധങ്ങൾ ഒഴിവാക്കി ലോകത്ത് സമാധാനം പുലരണം. അതോടൊപ്പം ജാതിമതഭേദമന്യേ സർവജനങ്ങളെയും സമർപ്പിച്ചു പ്രാർഥിക്കും” എന്ന് ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ വ്യക്തമാക്കുന്നു.

കലവൂർ കൃപാസനം തീർഥാടന കേന്ദ്രം മുതൽ അർത്തുങ്കൽ പള്ളി വരെ ഏകദേശം 14 കിലോമീറ്ററാണ് ദൂരം. ഈ പാതയിലുടനീളം ലക്ഷക്കണക്കിന് വിശ്വാസികൾ ജപമാല ചൊല്ലി പ്രാർഥനയോടെ നീങ്ങും. ജാതിമത വ്യത്യാസങ്ങൾക്കതീതമായി നാടിന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രതീകമായിട്ടാണ് ഈ മഹാറാലി മാറുന്നത്. റാലി കടന്നുപോകുന്ന വഴികളിലെ വീടുകളിലുള്ളവരും നാട്ടുകാരും ചേർന്ന് തീർഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നത് വലിയ മാതൃകയാണ്.

തീർഥാടകരുടെ സുരക്ഷയ്ക്കായി ശനിയാഴ്ച പുലർച്ചെ ഒന്ന് മുതൽ തീർഥാടകരെ കടത്തിവിടാനാണ് തീരുമാനം. ഇതിനായി പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. ഉച്ചയോടുകൂടി അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരുന്ന തീർഥാടകർക്കായി ആലപ്പുഴ രൂപതാ മെത്രാന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

ആലപ്പുഴ ജില്ലയിലെ കലവൂരിൽ ലാറ്റിൻ കത്തോലിക്കാ ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു മരിയൻ തീർഥാടന കേന്ദ്രവും സാമൂഹിക-സാംസ്കാരിക കേന്ദ്രവുമാണ് കൃപാസനം. 1990-ൽ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തിലാണ് ഈ പ്രാർഥനാ കേന്ദ്രത്തിന് തുടക്കക്കമിട്ടത്.

സ്ഥാപിതമായ കാലം മുതൽ കേരളത്തിനകത്തും പുറത്തുനിന്നുള്ള പതിനായിരക്കണക്കിന് തീർഥാടകരാണ് ആത്മീയ ശാന്തിയും ആശ്വാസവും തേടി ദിവസേന കൃപാസനത്തിൽ എത്തിച്ചേരുന്നത്. മരിയൻ ഉടമ്പടി വഴി വിശ്വാസികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ കൃപാസനം, ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായി വളർന്നുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.