പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍: പ്രസംഗം

കത്തോലിക്കാ സഭയില്‍ വിവിധ തിരുനാളുകള്‍ ആഘോഷിക്കാറുണ്ട്. ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഓര്‍മ്മദിനങ്ങളിലാണ് പതിവായി ഇവ ആഘോഷിക്കാറുള്ളത്. വിശുദ്ധരായവരുടെ തിരുനാളുകളില്‍ ഏറെ ഭക്ത്യാദരങ്ങളോടെ ആഘോഷിക്കുന്ന തിരുനാളുകളിലൊന്ന് പരിശുദ്ധ അമ്മയുടേതാണ്. മംഗളവാര്‍ത്ത (മാര്‍ച്ച് 25), സ്വര്‍ഗ്ഗാരോപണം (ആഗസ്റ്റ് 15), പിറവി (സെപ്റ്റംബര്‍ 8), അമലോത്ഭവം (ഡിസംബര്‍ 8).

ഈശോയുടെ അമ്മയായ പരിശുദ്ധ മറിയം പാപലേശമെന്യെ മറിയത്തിന്റെ അമ്മയുടെ ഉദരത്തില്‍ ഉത്ഭവിച്ചു എന്നതിന്റെ ഓര്‍മ്മയാണ് ഇന്ന് ഡിസംബര്‍ 8-ന് പ്രത്യേകമായി ആചരിക്കുന്നത്. പുത്രനായ ഈശോയുടെ യോഗ്യതകളെ മുന്‍നിര്‍ത്തി ദൈവകൃപയില്‍ പരിശുദ്ധ അമ്മ ഉത്ഭവപാപത്തിന്റെ കറകളില്‍ നിന്നും വിമുക്തയായിക്കൊണ്ട് രൂപം കൊണ്ടു എന്ന വിശ്വാസസത്യം ഉറക്കെ പ്രഷോഷിക്കുകയാണ് ഈ തിരുനാളില്‍.

ഏഴാം നൂറ്റാണ്ട് മുതല്‍ തന്നെ പൗരസ്ത്യസഭകളില്‍ ആഘോഷിച്ചു വന്നിരുന്ന അമലോത്ഭവത്തെക്കുറിച്ച് ഗ്രിഗോറിയോസ് സ്‌കൊളാരിസ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “കന്യകയും പരിശുദ്ധയുമായ അവള്‍ സാധാരണ രീതിയിലാണ് ഈ ലോകത്തിലേയ്ക്ക് പ്രവേശിച്ചതെങ്കിലും ഉത്ഭവപാപത്തില്‍ അകപ്പെട്ടിരുന്നില്ല. അതുകൊണ്ട് ദൈവവചനത്തിന് മാംസം ധരിക്കുവാന്‍ ഏറ്റവും പരിശുദ്ധമായ ശരീരം നല്‍കുവാന്‍ അവള്‍ക്ക് സാധിച്ചു. മനുഷ്യവ്യക്തികളില്‍ അവള്‍ക്കു മാത്രം ലഭിച്ച പ്രത്യേക ആനുകൂല്യത്താല്‍ ഉത്ഭവപാപത്തിലും ശിക്ഷയിലും നിന്ന് അവള്‍ വിമുക്തയായതിനാല്‍ പാപകരമായ ചിന്തകളുടെ കാര്‍മേഘങ്ങളില്‍ അവള്‍ പ്രവേശിച്ചില്ല. ആത്മശരീരങ്ങളോടെ അവള്‍ ദൈവികപേടകമായി.” 1854 ഡിസംബര്‍ 8-ാം തീയതി ‘അവാച്യനായ ദൈവം (Ineffabili Deus)’ എന്ന ചാക്രികലേഖനത്തിലൂടെ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് ഒമ്പതാം പീയൂസ് മാര്‍പ്പാപ്പയും ഇങ്ങനെ പറഞ്ഞു: “ദൈവകൃപയാല്‍ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ജന്മപാപത്തിന്റെ മാലിന്യമേശാതെ മറിയം കാത്തുസൂക്ഷിക്കപ്പെട്ടു.”

പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവത്തിരുന്നാള്‍ പ്രത്യേകമായി വിളിച്ചോതുന്ന സത്യം അമ്മയുടെ വിശുദ്ധിയാണ്. ദൈവത്തിന്റെ ഗുണവിശേഷമാണ് വിശുദ്ധി. ലേവ്യരുടെ പുസ്തകത്തില്‍ ദൈവം ഇപ്രകാരം പറയുന്നുണ്ട്: “നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍; എന്തെന്നാല്‍ ഞാന്‍ പരിശുദ്ധനാണ്” (ലേവ്യ. 11:14). ദൈവത്തിന്റെ ഈ വിശുദ്ധിയിലാണ് എല്ലാവരും പങ്കുചേരുന്നത്. വിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. വിശുദ്ധിയില്‍ പങ്കുചേരുവാനുള്ള സ്വതന്ത്രമായ ക്ഷണവും എല്ലാവര്‍ക്കുമുണ്ട്. പരിശുദ്ധ അമ്മ ദൈവത്തിന്റെ ഈ പരിശുദ്ധിയില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ്.

2018 മാര്‍ച്ച് 19-ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പുവച്ച അപ്പസ്‌തോലിക ലേഖനമായ ‘ആനന്ദിച്ച് ആഹ്ളാദിക്കുവിന്‍’ (Gaudete et Exsultate = Rejoice and be Glad) എന്ന പ്രബോധനത്തില്‍ പാപ്പ ഇപ്രകാരം പഠിപ്പിക്കുന്നുണ്ട്: “വിശുദ്ധിയിലേയ്ക്ക് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും അവരവര്‍ക്ക് നല്‍കപ്പെട്ട മാര്‍ഗ്ഗത്തിലൂടെ വിശുദ്ധി കൈവരിക്കണം. ദൈവകൃപയാല്‍ കളങ്കമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ അമ്മ തന്റെ ജീവിതത്തിലൂടനീളം ഈ വിശുദ്ധി പരിപാലിച്ചുപോന്ന വ്യക്തിയാണ്.”

പരിശുദ്ധ അമ്മയുടെ വിശുദ്ധിയെക്കുറിച്ച് ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട്. ദൈവത്താല്‍ അയയ്ക്കപ്പെട്ട ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ അഭിസംബോധന ചെയ്യുന്നത് ഇങ്ങനെയാണ്: “ദൈവകൃപ നിറഞ്ഞവളെ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ” (ലൂക്ക. 1:28). കൃപ വര്‍ഷിക്കുക, അനുഗ്രഹിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ‘Charito (ഖരീതോ)’ എന്ന ഗ്രീക്ക് പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ കൃപ, അനുഗ്രഹം ധാരാളമായി ലഭിച്ചവളാണ് പരിശുദ്ധ മറിയം എന്ന അര്‍ത്ഥതലത്തിലാണ് അവളെ ദൈവകൃപ നിറഞ്ഞവള്‍ എന്ന് വിളിക്കുന്നത്. മറിയത്തിന്റെ വിശുദ്ധിയുടെ കാരണം ദൈവത്തിന്റെ അനന്തമായ കൃപയാണ്. മറിയത്തിന് ദൈവം ഈ കൃപ അവള്‍ തന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ നല്‍കി എന്നതാണ് അമലോത്ഭവസത്യം. വിശുദ്ധിയായ ദൈവം അവളുടെ കൂടെ ഉണ്ടെന്നുള്ളതാണ് മറിയത്തിന്റെ വിശുദ്ധിയുടെ രഹസ്യം. കര്‍ത്താവ് നിന്നോടു കൂടെ (the lord is with you) എന്ന ദൈവദൂതന്റെ വാക്കുകളുടെ അര്‍ത്ഥമിതാണ്. അത്യുന്നതന്റെ ശക്തി ആവസിച്ചവളാണ് മറിയം (ലൂക്ക. 1:35).

തന്റെ ഉള്ളിലെ ദൈവസാന്നിധ്യം, വിശുദ്ധി അനേകര്‍ക്ക് അനുഗ്രഹമായി പരിശുദ്ധ അമ്മ നല്‍കി എന്നതാണ് അമ്മയുടെ മറ്റൊരു പ്രത്യേകത. തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്ത് ആറു മാസം ഗര്‍ഭിണിയാണെന്ന വിവരം ദൈവദൂതനില്‍ നിന്ന് അറിഞ്ഞ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള പട്ടണത്തിലെ ഭവനത്തിലേയ്ക്ക് തിടുക്കത്തില്‍ യാത്രയാകുന്നുണ്ട് (ലൂക്ക. 1:39-45). സഖറിയായുടെ വീട്ടിലെത്തുന്ന മറിയം എലിസബത്തിനെ അഭിവാദനം ചെയ്യുന്നു. തല്‍ക്ഷണം എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. അവള്‍ പരിശുദ്ധാത്മാവ് നിറഞ്ഞവളായി. പരിശുദ്ധയായ മറിയത്തിന്റെ സാന്നിധ്യവും സംഭാഷണവും അഭിവാദനവും മറ്റൊരാളില്‍ പരിശുദ്ധാത്മാവ് നിറയാന്‍ ഇടയാക്കി. വിശുദ്ധിയുടെ വഴിയെ യാത്ര ചെയ്യുന്ന എല്ലാ വിശ്വാസികള്‍ക്കും പരിശുദ്ധ അമ്മ മാതൃകയാകുന്നു. നമ്മുടെ സംഭാഷണം, സാന്നിധ്യം അനേകര്‍ക്ക് അനുഗ്രഹദായകമാകണം. ആത്മാവിന്റെ അഭിഷേകം ലഭിക്കുന്നതാകണം.

ദൈവകൃപയാല്‍ അമലോത്ഭവയായ മറിയം തന്റെ വിശുദ്ധിയ്ക്ക് നിദാനമായ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മഹത്തായ കീര്‍ത്തനങ്ങളിലൊന്ന് എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്ന മറിയത്തിന്റെ സ്‌തോത്രകീര്‍ത്തനം (Magnificat) ദൈവത്തിന്റെ കൃപയ്ക്ക് അവിടുത്തേക്ക് മറിയം മഹത്വം അര്‍പ്പിക്കുന്നതാണ് (ലൂക്ക. 1:46-56).

‘ദൈവകൃപ വേണ്ട’ എന്നു പറയുന്ന സമകാലിക പെലാജിയനിസത്തിന്റെ (Contemporary Pelagianism) സംസ്‌ക്കാരത്തില്‍ പരിശുദ്ധ മറിയം വീണ്ടും മാതൃകയാകുന്നു. എന്റെ കഴിവും എന്റെ ബുദ്ധിയും എന്റെ യുക്തിയും എന്റെ അറിവും എന്ന് ചിന്തിക്കുന്ന ലോകത്തില്‍ ‘ദൈവകൃപയിലൂടെയാണ് രക്ഷ’ എന്ന് പരിശുദ്ധ അമ്മ പഠിപ്പിക്കുന്നു. ‘ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു’ (ലൂക്ക. 1:49) എന്ന മറിയത്തിന്റെ വാക്കുകള്‍ അവള്‍ക്ക് നല്‍കപ്പെട്ട വിശുദ്ധിയുടെ മാഹാത്മ്യത്തെയാണ് വീണ്ടും വിളിച്ചോതുന്നത്.
ജന്മപാപത്തിന്റെ യാതൊരു മാലിന്യവും ഏശാതെ കാത്തുസൂക്ഷിക്കപ്പെട്ട പരിശുദ്ധ മറിയത്തിന്റെ അസ്തിത്വം ദൈവകൃപയിലാണ്. ദൈവത്തിന്റെ കൃപയ്ക്ക് പ്രത്യേകമാംവിധം അര്‍ഹയായതിലൂടെ അവള്‍ അമലോത്ഭവയായി.

മറിയം തന്റെ ജീവിതം മുഴുവന്‍ വിശുദ്ധിയില്‍ ജിവിച്ചു. അനേകര്‍ക്ക് അനുഗ്രഹമായി ദൈവകൃപയ്ക്ക് നന്ദിയുള്ളവളായി. പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാള്‍ വിശുദ്ധിയുടെ വഴിയെ ചരിക്കാന്‍ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. നമ്മുടെ അസ്തിത്വം ദൈവത്തിലാകട്ടെ. ദൈവകൃപയ്ക്ക് നാം വീണ്ടും പാത്രീഭൂതരാകട്ടെ. വിശുദ്ധി നിറയുന്ന നമ്മുടെ സാന്നിധ്യം അനേകര്‍ക്ക് അനുഗ്രഹത്തിന്റെയും ആത്മാഭിഷേകത്തിന്റെയും അവസരങ്ങളാകട്ടെ.

ഫാ. തോമസ് വടക്കേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.