ഫാത്തിമയില്‍ വച്ച്, ജപമാല ‘നന്നായി ചൊല്ലണം’ എന്ന് പരിശുദ്ധ മറിയം പറഞ്ഞതിനു കാരണം

പരിശുദ്ധ അമ്മ ഫാത്തിമയില്‍ ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ കുട്ടികള്‍ക്ക് പ്രത്യക്ഷയായപ്പോള്‍ നല്കിയ പ്രധാനപ്പെട്ട ഉപദേശം, ജപമാല ചൊല്ലുക എന്നതായിരുന്നു. പക്ഷേ, അമ്മ ഒരു കാര്യം പ്രത്യേകമായി അവരോട് എടുത്തുപറഞ്ഞു: ജപമാല ‘നന്നായി ചൊല്ലണം’ എന്ന്. എന്താണ് അതുകൊണ്ട് പരിശുദ്ധ മറിയം ഉദ്ദേശിച്ചത്?

ജപമാല നന്നായി ചൊല്ലുന്നത്, ജപത്തിന്റെ പിന്നില്‍ നമ്മുടെ അധരങ്ങള്‍ മാത്രമല്ല ബുദ്ധിയും മനസ്സും ഹൃദയവും ആത്മാവും കൂടെ ഉള്ളപ്പോഴാണ്. ജപമാലയില്‍ അവയെല്ലാം പ്രവര്‍ത്തനനിരതമാകണം എന്നാണ് മാതാവ് ഉദ്ദേശിച്ചത്. രഹസ്യങ്ങള്‍ ശ്രദ്ധിച്ച് ശ്രവിക്കണം, ഒരു നിമിഷം ധ്യാനിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ ജപങ്ങള്‍ ചൊല്ലുമ്പോള്‍ നമ്മുടെ ശ്രദ്ധ നാം ശ്രവിച്ച രഹസ്യത്തില്‍ കേന്ദ്രീകരിക്കണം; അതുപോലെ തന്നെ ഈശോയേയും മറിയത്തെയും. ചുരുക്കിപ്പപറഞ്ഞാല്‍ ഹൃദയം കൂടാതെയുള്ള പ്രാര്‍ത്ഥനയാകരുത് ജപമാല എന്നാണ് മാതാവ് ഉദ്ദേശിച്ചത്.

ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പ സന്ധ്യാസമയത്ത് നടക്കാനിറങ്ങിയാല്‍ ഉടനെ കൊന്ത ചൊല്ലുമായിരുന്നു. പരിശുദ്ധ അമ്മയുമൊത്ത് യേശുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നടപ്പായിരുന്നു അത്. ആത്മാവും ശരീരവും ഒന്നിച്ച് ശക്തിപ്പെടുന്ന നടപ്പ്.

വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിയഭക്തിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചവനും മരിയഭക്തിയുടെ പ്രേഷിതനുമായിരുന്നുവല്ലോ. ഈ മാര്‍പാപ്പമാര്‍ക്കൊക്കെ കൊന്ത എന്ന എളിയ പ്രാര്‍ത്ഥന ഇത്ര പ്രധാനമായി തോന്നിയെങ്കില്‍ അത് അത്രയേറെ മനോഹരവും ഉപകാരപ്രദവും ലളിതവും ആയതുകൊണ്ടു തന്നെയാവണം. അതുകൊണ്ട് പരിശുദ്ധ മറിയം ആവശ്യപ്പെട്ടതുപോലെ തന്നെ ‘ നന്നായി ജപമാല ചൊല്ലാന്‍’ പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.