ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: മൂന്നാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: മാലാഖയുടെ മൂന്നാം വെളിപ്പെടുത്തൽ
സ്ഥലം: ലോക്ക ദോ കാബെക്കോ, പ്രേഗിയ്‌റ

കൈകളിൽ കർത്താവിന്റെ തിരുരക്തം പേറുന്ന പാനപാത്രവും, അതിനുമുകളിൽ കാണാൻ സാധിക്കുന്ന വിധത്തിൽ യേശുവിന്റെ തിരുശരീരമായ അപ്പവും ഏന്തിയാണ് മൂന്നാം വെളിപ്പെടുത്തലിൽ മാലാഖ ഇടയബാലകരായ ലൂസിയയ്ക്കും, ഫ്രാൻസിസ്കോയ്ക്കും, അവന്റെ സഹോദരി ജസീന്തയ്ക്കും പ്രത്യക്ഷനായത്. തിരുവോസ്തിയിൽ നിന്ന് രക്ത തുള്ളികൾ പാനപാത്രത്തിലേക്കു വീഴുന്നുണ്ടായിരുന്നു.

1916 ലെ ഒരു മഞ്ഞുകാലമായിരുന്നു അത്. പാനപാത്രവും തിരുവോസ്തിയും അന്തരീക്ഷത്തിൽ നിറുത്തി മാലാഖ സാഷ്ടാംഗപ്രണാമം നടത്തി ഇപ്രകാരം പ്രാർത്ഥിച്ചു.
“ഏറ്റവും പരിശുദ്ധ ത്രിയേക ദൈവമായ പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും ഞാൻ പൂർണ ഹൃദയത്തോടെ ആരാധിക്കുന്നു. ഞാൻ അങ്ങേയ്ക്കു യേശുക്രിസ്തുവിന്റെ ഏറ്റവും വിലയേറിയ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും കാഴ്ചവെക്കുന്നു. ഇന്നു ലോകത്തിലെ എല്ലാ ഇടങ്ങളിലും നടമാടുന്ന കുറ്റകൃത്യങ്ങളും വർധിച്ചു വരുന്ന പാപങ്ങളും യേശുക്രിസ്തുവിന്റെ പീഡകളോടുള്ള ഞങ്ങളുടെ ഉദാസീനതയാണെന്നു ഞങ്ങൾ അറിയുന്നു. യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെയും മാതാവിന്റെ വിമലഹൃദയത്തിന്റെയും അപരിമേയമായ യോഗ്യതകളാൽ പാപികളുടെ മനസാന്തരത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.”

ഇപ്രകാരം 3 തവണ പ്രാർത്ഥിച്ചശേഷം മാലാഖ എഴുന്നേറ്റു വീണ്ടും പാനപാത്രവും തിരുവോസ്തിയും കൈകളിൽ എടുത്തു. അതിനുശേഷം ലൂസിയക്കും, ജസീന്തയ്ക്കും, ഫ്രാൻസിസ്കോയ്ക്കും തിരുവോസ്തിയും അതിനുശേഷം തിരുരക്തവും നൽകിക്കൊണ്ട് പറഞ്ഞു: “ദൈവത്തോട് മനുഷ്യൻ കാണിക്കുന്ന വലിയ നന്ദികേടിനു പരിഹാരമായി യേശുക്രിസ്തുവിന്റെ തിരുശരീരം ഭക്ഷിക്കുകയും അവിടുത്തെ തിരുരക്തം പാനം ചെയ്യുകയും ചെയ്യുക. അവരുടെ പാപങ്ങൾക്ക് പരിഹാരവും ദൈവത്തിന്റെ ഹൃദയം അനുഭവിക്കുന്ന വേദനയ്ക്കു സാന്ത്വനമായും ഇത് ചെയ്യുക.”

വീണ്ടും ഭൂമിയിൽ സാഷ്ടാംഗം വീണു മുൻപ് ചൊല്ലിയ പ്രാർത്ഥന മാലാഖ മൂന്നുതവണ ആവർത്തിച്ചു. അതിനുശേഷം മാലാഖ അപ്രക്ത്യക്ഷയായി.

സുകൃത ജപം

ഏറ്റവും പരിശുദ്ധ ത്രിയേക ദൈവമായ പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും ഞാൻ പൂർണ ഹൃദയത്തോടെ ആരാധിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.