നോമ്പിനെ വിജയകരമാക്കുവാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നിര്‍ദ്ദേശിക്കുന്ന സുപ്രധാന ഘടകം

ഒരു നോമ്പിനായുള്ള തയ്യാറെടുപ്പിലാണ് നാം. ക്രിസ്തുവിന്റെ കുരിശുമായുള്ള വഴിയേ പാപപരിഹാരങ്ങളുമായുള്ള യാത്ര ആരംഭിക്കുകയാണ്. മാംസവും മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായി ഒരു നോമ്പിന് തയ്യാറെടുക്കുമ്പോള്‍ ശരിയായ നോമ്പാചരണം എന്താണെന്നതിനെക്കുറിച്ച് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നത് നമുക്ക് ശ്രദ്ധിക്കാം; അനുകരിക്കാം.

നമ്മുടെ നോമ്പ്, ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയതുകൊണ്ടോ ഉപവസിച്ചതുകൊണ്ടോ കൂടുതല്‍ പ്രാര്‍ഥിച്ചതുകൊണ്ടോ മാത്രം പരിപൂര്‍ണ്ണവിജയം കൈവരിക്കുകയില്ല എന്ന് ജോണ്‍പോള്‍ പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. അതിനാവശ്യം പ്രാര്‍ത്ഥനയില്‍ നാം കണ്ടെത്തുന്ന ദൈവത്തിന്റെ കരുണ അന്യരിലേയ്ക്ക് പകര്‍ന്നു നല്‍കുക എന്നതാണ്. കരുണ, അത് എങ്ങനെ പകരും എന്നതിനും പാപ്പാ കൃത്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ദൈവിക കരുണയിലേയ്ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കുവാനുള്ള വലിയ മാര്‍ഗ്ഗമാണ് ഹൃദയം തുറന്നുള്ള പങ്കുവയ്ക്കല്‍. നിന്റെ അയല്‍ക്കാരന് ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ സഹായിക്കാതെ, വേദനിക്കുന്നവനെ സ്വന്തം സഹോദരനെപ്പോലെ കാണാതെ നാമെടുക്കുന്ന ഓരോ നോമ്പും വ്യര്‍ത്ഥമാവുകയാണെന്ന് പാപ്പാ പറയുന്നു. എന്നാല്‍, സഹോദരനോട് ക്ഷമിച്ച് മാപ്പു നല്‍കി അവനെയും ഒപ്പം ചേര്‍ത്തുള്ള ഒരു കുരിശിന്റെ വഴി, നാളുകളായി മിണ്ടാത്ത അയല്‍ക്കാരുമായുള്ള സൗഹൃദം പുതുക്കല്‍, വേദനിക്കുന്നവന്റെ വേദനയായി അവന്‍ പറയാതെ സഹായവുമായുള്ള കടന്നുചെല്ലല്‍… ഇവയൊക്കെ നമ്മുടെ നോമ്പിനെ പൂര്‍ണ്ണമാക്കുകയും ക്രൂശിതന്റെ സന്ദേശം ലോകത്തിനു പകരുന്നവരായി നമ്മെ മാറ്റുകയും ചെയ്യുന്നു.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വീക്ഷണത്തില്‍ നോമ്പ് എന്നത് ദൈവത്തിനു മുന്നില്‍ നമ്മെ സ്വയം വിനീതരാക്കുന്നതിനും സമൂഹത്തില്‍ അവശരായ ആളുകള്‍ക്ക് സഹായം ചെയ്യുന്നതിനുമുള്ള അവസരമാണ്. അതിനാല്‍ ഈ നോമ്പുകാലം പാപ്പായുടെ വാക്കുകള്‍ ശ്രവിക്കാം. അതിനനുസൃതമായ ഒരു നോമ്പിനായി ഒരുങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.