കുറ്റകൃത്യങ്ങളുടെ ലിസ്റ്റില്‍പെട്ട വിഖ്യാത ക്രിസ്മസ് ചിത്രം

കരവാ ജൊ

1609 ൽ ഇറ്റാലിയൻ ബറോക്ക് മാസ്റ്റർ കരവാജൊയാൽ രചിക്കപ്പെട്ട ചിത്രമാണ് “തിരു ജനനം – വി.ഫ്രാൻസിസിനും വി. ലോറൻസിനും ഒപ്പം” എന്ന ചിത്രം. The Adoration എന്നും അറിയപ്പെടുന്നുണ്ട് ഈ ചിത്രം.

യേശുവിന്റെ ജനനം വളരെ റിയലിസ്റ്റിക് ആയി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ കരവാജൊ. അതിന്റെ ആഖ്യാനരീതി തന്നെ തികച്ചും യാഥാർത്ഥ്യമെന്ന തോന്നൽ കാഴ്ചക്കാരന് തരുന്ന രീതിയിലാണ്. ചിത്രത്തിലെ ഓരൊ കഥാപാത്രവും സ്വമേധയായുള്ള പെരുമാറ്റം നടത്തുന്ന രീതിയിലാണ് കാണപ്പെടുന്നത്.

ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇവിടെ മാതാവിനെ ചിത്രീകരിച്ചിരിക്കുന്നത് അൽപം വ്യത്യസ്തതകളോടെയാണെന്ന കാര്യമാണ്. തികച്ചും സാധാരണമായ ഒരു സ്ത്രീയുടെ വേഷധാരണത്തോടു കൂടി അൽപം വിഷാദ ഭാവങ്ങളോടെ, ജനിച്ചു വീണ തന്റെ പൊന്നു മകനെ തന്നെ സൂക്ഷിച്ചു നോക്കുമ്പോഴും അവനെ കാത്തിരിക്കുന്ന പീഡാനുഭവ മരണത്തിന്റെ നീറുന്ന ഓർമ്മകളെപ്പറ്റി മുന്നറിവുളള ഒരു അമ്മയായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ടാണ് കുഞ്ഞുമോണ കാട്ടി ചിരിക്കുന്ന പൊന്നോമനയെ നൊന്തു പ്രസവിച്ച ഏതൊരമ്മയും ചെയ്യുന്നതു പോലെ അത്യാനന്ദത്തോടെ ആയിരിക്കാൻ കഴിയാത്ത ഒരമ്മയായി മറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്.

തിരുജനന ചിത്രത്തിൽ എന്തുകൊണ്ട് വി. ഫ്രാൻസിസും വി. ലോറൻസും?

കണ്ടു ശീലിച്ച തിരുപ്പിറവിയുടെ ചിത്രങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തമായി ചില കഥാപാത്രങ്ങൾ ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പിറകിലായി വലതു വശത്ത് കാപ്പി പ്പൊടി വസ്ത്രം ധരിച്ചു കാണപ്പെടുന്നത് അസീസ്സിയിലെ വി. ഫ്രാൻസിസാണ്. എന്നാൽ ഇടതു വശത്ത് നിൽക്കുന്ന സ്വർണ്ണ നിറത്തിലുള്ള അലങ്കാരപ്പണികൾ കൊണ്ടുള്ള വസ്ത്രം ധരിച്ചിരിക്കുന്നത് വി. ലോറൻസ് ആണ്.

caravaggio-nativityഒരു പക്ഷെ ഈ ചിത്രം കാണുന്ന കാഴ്ചക്കാരിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഒരു ചോദ്യമുണ്ട്. ക്രിസ്തുവിന്റെ ജനനവുമായി നൂറ്റാണ്ടുകൾക്കിപ്പുറം ജനിച്ചു മരിച്ച ഈ വിശുദധർക്ക് എന്താണ് ബന്ധം എന്ന ചോദ്യം. അതിന് ലളിതമായ ഒറ്റ ഉത്തരമേയുള്ളൂ. ഈ ചിത്രം പെയിന്റ് ചെയ്ത് വി. ലൊറേൻസൊയുടെ ദേവാലയത്തിൽ വയ്ക്കാൻ ഏൽപിച്ചത് പലേർമൊയിലെ ഫ്രാൻസിസ്കൻ സഭയാ യിരുന്നു. കാരണം തിരുക്കുടുംബവുമായി ബന്ധിപ്പിച്ചുള്ള അവരുടെ പ്രേക്ഷിത പ്രവർത്തനങ്ങളെ കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന് സഹായകരമായ വിധത്തിൽ ഒരു രംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടി ആയിരുന്നു അത്. കൂടാതെ വി. ലൊറെൻസിന്റെ ദേവാലയത്തിൽ സ്ഥാപിക്കുന്നതിനുള്ള ചിത്രമായതിനാലാവാം ചിത്രത്തിൽ വി. ലോറൻസും സ്ഥാനം പിടിച്ചത്.

ചിത്രത്തിൽ ഉണ്ണിയേശുവിനു തൊട്ടു മുകളിലായി പറന്നിറങ്ങുന്ന മാലാഖയെ ചിത്രീകരിച്ചിരിക്കുന്നത് ദിവ്യമഹത്വത്തിന്റെ പ്രതീകമായിട്ടാണ്. ഇത് കരവാ ജൊയുടെ തന്നെ “വി. മത്തായി ശ്ലീഹായുടെ രക്തസാക്ഷിത്വം” എന്ന ചിത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഏതാണ്ട് സമാനമായ രീതിയിൽ പറന്നിറങ്ങുന്ന ഒരു മലാഖ തന്നെയാണ് അവിടെയും. എന്നാൽ ഇവിടെ കരങ്ങളിൽ “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം” എന്ന കീർത്തനഫലകമാണെന്നു മാത്രം.

വ്യത്യസ്തതകളും പുതുമകളും നിറഞ്ഞ ചിത്രം എന്നു പറയുമ്പോഴും ഈ ചിത്രത്തിൽ മാതാവിനും ഉണ്ണിയേശുവിനും മറ്റു കഥാപാത്രങ്ങൾക്കും ഒക്കെ പിന്നിലായി സാധാരണ മറ്റെല്ലാ ചിത്രങ്ങളിലും കാണുന്നതുപോലെ കാളയുടെയും കഴുതയുടേയും സാന്നിധ്യമുണ്ട്. എന്നാൽ മങ്ങിയ വെളിച്ചത്തിൽ അത്ര കൃത്യമായ ഒരു കാഴ്ച തരുന്നില്ല താനും.

ഇത് ഏശയ്യാ പ്രവാചകന്റെ പ്രവചനത്തിൽ പറയുന്നതുപോലെ “കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ, ഇസ്രായേൽ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല” (ഏശയ്യ 1,3) എന്ന വചനത്തിന്റെ സൂചനയാണ് രക്ഷകന്റെ സമീപത്തുള്ള ഈ മൃഗങ്ങളുടെ സാന്നിധ്യം.

ചിത്രത്തെ വ്യത്യസ്തമാക്കുന്നതും എടുത്തു പറയേണ്ടതുമായ പ്രത്യേകത ചിത്രകാരൻ ഉപയോഗിച്ചിരിക്കുന്ന പ്രകാശ വിന്യാസങ്ങളും പക്വതയാർന്ന നിറങ്ങളുടെ ഉപയോഗവുമാണ്.

നേരത്തെ പറഞ്ഞതുപോലെ ഈ ചിത്രം കാഴ്ചക്കാരനിൽ അവശേഷിപ്പിക്കുന്ന ചില ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതിൽ ഒന്നാണ് യൗസേപ്പിതാവിന് തൊട്ടടുത്തായി മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്ന പേരില്ലാത്ത ഒരു കഥാപാത്രം. അയാളുടെ ഭാവപ്രകടനങ്ങളും ശരീരഭാഷയും, പുറo തിരിഞ്ഞ് യൗസേപ്പിനെ നോക്കുന്ന രീതിയും കാഴ്ചക്കാരന് നേരിയ അസ്വസ്ഥത തരുന്നുണ്ട്. ഒരു പക്ഷെ അവർ പരസ്പരം പ്രധാനപ്പെട്ട എന്തൊ ആശയ വിനിമയം നടത്തുകയാവാം എന്ന തോന്നൽ കാഴ്ചക്കാരനുണ്ടായാൽ അതിൽ അതിശയോക്തിയില്ല. കാരണം പേരില്ലാത്ത ആ യുവാവ് ഷൂസിട്ട പാദങ്ങൾ കൊണ്ട് പൈതലായ യേശുവിനെ ചെറുതായി സ്പർശിച്ചിട്ടുമുണ്ട്.

നിഗൂഢതകൾ ഒളിപ്പിച്ച ചിത്രം?

1969 ഒക്ടോബർ 18 ന് ഇറ്റലിയിലെ പലേർമൊയിലുള്ള വി.ലൊറെൻ സൊ ദേവാലയാങ്കണത്തിൽ നിന്നും വിചിത്രമായ രീതിയിൽ മോഷ്ടിക്കപ്പെട്ടു എന്നും നാളിതുവരെ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല ഈ ചിത്രത്തെപ്പറ്റിയുള്ള നിഗൂഢത വർദ്ധിപ്പിക്കുന്നുണ്ട്.

നല്ല വലുപ്പത്തിലുള്ളതായതിനാൽ ഫ്രയിം ഇളക്കി മാറ്റിയ ശേഷമാണ് മോഷ്ടാക്കൾ ദേവാലയത്തിൽ നിന്നും പുറത്തു കൊണ്ടുപോയിരിക്കുന്നത് എന്ന് വ്യക്തമാണ്.  സിസിലിയായിലെ പ്രാദേശിക മാഫിയ സംഘമായിരിക്കാം ഈ കളവിനു പിന്നിൽ എന്നാണു കരുതപ്പെടുന്നത്. എന്നാൽ എങ്ങനെ നഷ്ടപ്പെട്ടുവെന്നൊ ആരുടെ കൈവശമാണെന്നൊ ക്യത്യമായി കണ്ടുപിടിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല.

ഒരു പക്ഷെ ആ ചിത്രം നശിപ്പിക്കപ്പെട്ടതൊ, അതുമല്ലെങ്കിൽ ഭൂമി കുലുക്കത്തിലൊ മറ്റൊ നശിച്ചു പോയതാവാം എന്നും പറയപ്പെടുന്നുണ്ട്.

എന്നാൽ 1996 ൽ ഫ്രഞ്ചേസ് കൊ മരീ നൊ മന്നോയിയ (മാഫിയാ സംഘത്തിന്റെ ഭാഗമായിരുന്നതും എന്നാൽ ഇപ്പോൾ പോലീസിനു വിവരം ചോർത്തി കൊടുക്കുന്നതുമായ ആൾ) നൽകുന്ന വിവരം അനുസരിച്ച് ചെറുപ്പത്തിൽ അയാളാണ് ഏതൊ മാഫിയാ സംഘത്തിനു വേണ്ടി ചിത്രം മോഷ്ടിച്ചതെന്നും പിന്നീട് പല സംഘങ്ങൾ വഴി കൈമാറ്റം ചെയ്യപ്പെട്ടെന്നുമാണ് പറയപ്പെടുന്നത്.

എന്നാൽ 2009 ൽ, മാഫിയ സംഘത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന ഗാസ്പറെ സ്പത്തൂസ്സ വാദിക്കുന്നത് 1999 ൽ അയാൾക്ക് കിട്ടിയ അറിവനുസരിച്ച് ഈ ചിത്രത്തിന്റെ മോഷ്ടാവിന്റെ പക്കൽ വച്ചു തന്നെയാണ് ചിത്രം നശിപ്പിക്കപ്പെട്ടതെന്നാണ്. കാരണമായി പറയുന്നത് ഒളിപ്പിക്കുന്നതിനായി ഏതൊ ഫാം ഹൗസിൽ സൂക്ഷിക്കപ്പെട്ടിരുന്ന ചിത്രം പന്നികളും എലികളും നശിപ്പിച്ചുവെന്നും പിന്നീട് ചിത്രത്തിന്റെ ശിഷ്ട ഭാഗം കത്തിച്ചു നശിപ്പിച്ചു കളഞ്ഞു എന്നുമാണ് പറയുന്നത്.

അങ്ങനെ വലിയ ഒരു കലാകാരന്റെ വില മതിക്കപ്പെടാനാവാത്ത ഒരു കലാ സൃഷ്ടി എന്നേക്കുമായി മൺമറത്തു എന്ന സത്യം കലയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ചെറിയ ഒരു നോവു തന്നെയാണ്.

ഈ ചിത്രത്തിന്റെ കളവ് FBl യുടെ കണക്കു പ്രകാരം, ഇന്നുവരെയുള്ള, കലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളിൽ പ്രമുഖ പത്ത് എണ്ണത്തിന്റെ പട്ടികയിൽപ്പെടുന്നതാണ് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വിറ്റിരുന്നെങ്കിൽ ഈ പെയിന്റിങ്ങിന്റെ മൂല്യം കണക്കാക്കപ്പെടുന്നത് 20 മില്യൻ ഡോളർ ആണ്.

ഈ വർഷം 2016 ൽ ഈ ചിത്രത്തിന്റെ ഒരു കോപ്പി വരയ്ക്കപ്പെട്ടു. അത് ചിത്രത്തെപ്പറ്റിയും അതിന്റെ കളവിനെപ്പറ്റിയും ഒരു ഡോക്യുമെന്ററി ചിത്രം തയ്യാറാക്കുന്നതിനായിരുന്നു.

കാഴ്ചക്കാരനും ഇടം തരുന്ന ചിത്രം

ഒരാൾ മനസ്സിൽ സങ്കൽപ്പിക്കുന്ന ഒരു ക്രിസ്തുമസ്സ് ചിത്രത്തിൽ നിന്നും കുറെ വ്യത്യസ്തതകൾ നിറഞ്ഞതു തന്നെയാണ് ഈ കരവാജിയൻ ചിത്രം എന്നതു തന്നെയാണിതിന്റെ പ്രത്യേകത. കാഴ്ചക്കാരന് തന്റെ ജീവിത യാഥാർത്ഥ്യങ്ങളുമായി അടുത്തു നിൽക്കുന്ന ഒരു ചിത്രമായിട്ടാണ് അനുഭവപ്പെടുക. കാരണം ഇതിലെ തിരുകുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നത് തികച്ചും മാനുഷികമായ ഒരു തലത്തിൽ നിന്നു കൊണ്ടാണ്. അതായത് പച്ചയായ ജീവിതാനുഭവങ്ങളെ തൊട്ടു നിൽക്കുന്ന കഥാപാത്രങ്ങൾ. അനുദിന ജീവിതത്തിൽ ഏതൊരു സാധാരണക്കാരന്റേയും അനുഭവങ്ങളായ ദാരിദ്ര്യവും കഷ്ടപ്പാടുകളൂം അവരേയും തൊടാതെ പോകുന്നില്ല എന്നു തോന്നിപ്പോകും ഈ ചിത്രം കാണുമ്പോൾ. ഒപ്പം ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാവരും കൂടി ചേർന്ന് ഒരു സമവൃത്താകൃതിയിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ കാഴ്ചക്കാരനും അതിന്റെ ഭാഗമാകാൻ ഒരു സാധ്യത തുറന്നിടുക കൂടി ചെയ്തിട്ടുണ്ട് എന്നു വേണം കരുതാൻ.

നൻമയും സന്തോഷവും സ്നേഹവും നിറഞ്ഞു പതയുന്ന ക്രിസ്തുമസ്സിന്റെ ആഘോഷ ദിനങ്ങളിൽ ഈ ചിത്രം നമുക്ക് ധ്യാനമാക്കാം, പ്രാർത്ഥനയുടെ ദൈവ വിചാരങ്ങൾക്ക് ഉപാധിയാക്കാം.  ഏവർക്കും ക്രിസ്തുമസ്സ് മംഗളങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.