കൊടുമുടിയോളം ഉയരത്തിലുള്ള വിശ്വാസം! എവറസ്റ്റ് കീഴടക്കിയ ഇരുപത്തിനാലുകാരന്റെ വിശ്വാസ സാക്ഷ്യം ശ്രദ്ധ നേടുന്നു

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്നു മുകളില്‍ നിന്നുള്ള ഒരു വിശ്വാസ സാക്ഷ്യമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയമായത്. അരുണാചല്‍ പ്രദേശില്‍ നിന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകന്‍ എബ്രഹാം ടാഗിത് സോറാംഗിന്റെ സാക്ഷ്യമാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്.

കഴിഞ്ഞ മെയ് 31-ന് രാവിലെയാണ് ഇരുപത്തിനാലുകാരന്‍ സൊറാംഗ് ഹിമാലയത്തിന്റെ നെറുകയിലെത്തിയത്. ഏറെക്കാലത്തെ കഠിനപരിശ്രമം വിജയം കണ്ട ആ നിമിഷം അവന്‍ ആദ്യം ചെയ്തത് ബാഗിലുണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചെറിയ രൂപം ഹിമാലയത്തിലെ മഞ്ഞിനു മുകളില്‍ വച്ച് പോക്കറ്റില്‍ നിന്നും കൊന്തയെടുത്ത് ഒരു ജപമാല അര്‍പ്പിക്കുകയായിരുന്നു. അതിന്റെ ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറുകയായിരുന്നു.

ക്രൈ-ദാഡി ജില്ലയിലെ സെപാഹ എന്ന ഗ്രാമത്തില്‍ നിന്നുള്ള എബ്രഹാം, ഇറ്റാനഗറിലെ സെന്റ് മേരീസ് ഇടവകാംഗവും അടിയുറച്ച കത്തോലിക്കാ വിശ്വാസിയുമാണ്. 2000-ലാണ് ബാപ്റ്റിസ്റ്റ് കുടുംബത്തില്‍ ജനിച്ച സൊറാംഗ് പരിശുദ്ധ മാതാവിനോടുള്ള ഭക്തി വഴിയായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. തന്റെ അമ്മയുടെ അകാലവേര്‍പാടിലുണ്ടായ വേദനയെ അവന്‍ മറികന്നത് അമ്മയുടെ സ്ഥാനത്ത് പരിശുദ്ധ മാതാവിനെ പ്രതിഷ്ഠിച്ചായിരുന്നു. ഇതേ തുടര്‍ന്ന് ദൈവമാതാവിന്റെ ചിത്രവും ജപമാലയും എബ്രഹാമിന്റെ പോക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളായി മാറുകയായിരുന്നു. ഹിമാലയ യാത്രക്ക് പുറപ്പെട്ടപ്പോഴും പതിവ് തെറ്റിച്ചില്ല. ഏതായാലും വലിയ നേട്ടത്തോടൊപ്പം വിശ്വാസജീവിതത്തിലും ഈ വലിയ സുവിശേഷപ്രഘോഷണത്തിലൂടെ അനേകം ആത്മാക്കളെ വിശ്വാസത്തിലേയ്ക്ക് അടുപ്പിക്കാനും അവര്‍ക്ക് പ്രചോദനമേകാനും എബ്രഹാം ടാഗിത് സോറാംഗിന് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.