ബൈബിളുകൾ കത്തിച്ച് തീവ്ര ഹിന്ദുത്വവാദികൾ

ബൈബിളുകൾ കത്തിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ഡിസംബർ 11 ശനിയാഴ്ച, കർണ്ണാടകയിലാണ് തീവ്ര ഹിന്ദുത്വവാദികൾ ബൈബിളുകൾ കത്തിച്ചത്. ബൈബിളുകൾ അടങ്ങുന്ന മൂന്നു പെട്ടികൾ കത്തിക്കുകയും പിന്നീട്, നിയമവിരുദ്ധമായി ക്രൈസ്തവർ മതപരിവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കുകയും ചെയ്തു.

കർണ്ണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്റർ അഞ്ജിനപ്പയുടെയും ശ്രീ. സത്യരാജിന്റെയും നേതൃത്വത്തിലുള്ള ഒരു കൂട്ടം ക്രൈസ്തവർ, ക്രിസ്തുമസ് ആശംസകൾ അറിയിക്കുന്നതിനായി മറ്റു ക്രൈസ്തവരുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിനിടെ ഇരുപതോളം വരുന്ന തീവ്ര ഹിന്ദുത്വവാദികളുടെ ഒരു സംഘം അവരെ ആക്രമിക്കുകയായിരുന്നു. അവർ, പാസ്റ്റർ അഞ്ജിനയും കൂട്ടരും വന്ന ഒരു കാറിൽ കയറി ബൈബിളുകൾ അടങ്ങുന്ന മൂന്ന് പെട്ടികൾ നീക്കം ചെയ്യുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്‌തു. സംഭവസ്ഥലത്തെത്തിയ പോലീസ്, ക്രൈസ്തവരെയും അക്രമികളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസും ക്രൈസ്തവരെ  മർദ്ദിച്ചു.

ഏതെങ്കിലും തരത്തിലുള്ള ക്രിസ്ത്യൻ പ്രാർത്ഥനകൾ നടത്താൻ ശ്രീനിവാസപുര ഗ്രാമത്തിൽ പ്രവേശിക്കുന്നവരെ തടയാൻ തീവ്ര ഹിന്ദുത്വവാദികൾ പോലീസിനോട് ആവശ്യപ്പെട്ടു. ഒടുവിൽ, ശ്രീനിവാസപുര ഗ്രാമത്തിൽ ഇനി ക്രിസ്ത്യൻ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകില്ല എന്ന് എഴുതി ഒപ്പിടുവിച്ചതിനുശേഷം പോലീസ് ക്രൈസ്തവരെ വിട്ടയക്കുകയാണ് ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.