കണ്ണീര്‍ നിറയ്ക്കുന്ന അനുഭവങ്ങളോടെ അഭയാർത്ഥികള്‍ സംസാരിക്കുന്നു

 അഭയാർത്ഥിയായി ജീവിക്കണമെന്ന് ഒരു മനുഷ്യരും ആഗ്രഹിക്കാറില്ല. മെലാനി ഹെർണാണ്ടസ് എന്ന സ്ത്രീയും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല, തനിക്ക് ഒരു അഭയാർത്ഥിയായി മാറേണ്ടിവരുമെന്ന്. എന്നാൽ നിർഭാഗ്യം അവളെ അതിലേയ്ക്ക് നയിച്ചു. ഡബ്ലിനിൽ നിന്നുള്ള വിനോദസഞ്ചാരിയായാണ് മെലാനി മൂന്ന് വർഷങ്ങൾക്കുമുമ്പ് റോമിലെത്തിയത്. എന്നാൽ ഒറ്റ രാത്രികൊണ്ട് ആ സനാതന നഗരത്തിൽ വച്ച് അവളുടെ ജീവിതം മാറിമറിയുകയായിരുന്നു.

ഇവിടെ വിനോദസഞ്ചാരിയായി കഴിയുന്ന സമയത്താണ് വെനസ്വേലയിൽ അരങ്ങേറിയിരുന്ന സംഘർഷങ്ങളെയും കലാപത്തെയും തുടർന്ന് ഐറിഷ് സർക്കാർ രാജ്യാതിർത്തികൾ മുഴുവൻ അടച്ചത്. അതുകൊണ്ട് ഡബ്ലിനിലേയ്ക്കുള്ള തിരിച്ചുപോക്ക് അസാധ്യമായി. വെനസ്വേലയിൽ നിന്ന് പുതിയ വിസ സംഘടിപ്പിക്കാനും നിർദേശമുണ്ടായി. എന്നാൽ അവിടേയ്ക്ക് പോവുന്നത് അത്യന്തം ആപത്കരവുമായിരുന്നു- മെലാനി പറയുന്നു.
രണ്ട് ബാഗുകളിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രമാണ് മെലാനി അന്ന് കൊണ്ടുവന്നിരുന്നത്. എന്നാൽ പിന്നീട് അവൾക്കാകെയുള്ളത് അതുമാത്രമായി. കാരണം അവളുടെ ജീവിതം മുഴുവൻ ഡബ്ലിനിലായിരുന്നു.

കൊളംബിയൻ യുദ്ധാന്തരീക്ഷത്തിൽ നിന്ന് രക്ഷപെട്ട് വെനസ്വേലയിൽ അഭയം തേടിയെത്തുന്നവരെ സഹായിക്കാനായി ഇരുരാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ ഒരു സംഘടന പ്രവർത്തിക്കുന്നതായി ജെസ്യൂട്ട് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് കേട്ടിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആ സംഘടനയുടെ ഒരു ശാഖ റോമിലും ഉണ്ടായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. അതുശരിയായിരുന്നു. പ്രതിവർഷം 21000 അഭയാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്ന റോമിലെ അസ്റ്റലി സെന്റർ എന്നെയും സഹായിച്ചു. മെലാനി കൂട്ടിച്ചേർത്തു.

മീറ എന്ന പെൺകുട്ടിയെ സഹായിച്ചതും ഈ സംഘടനയാണ്. ഒരു അഭയാർത്ഥിയാകണമെന്ന് അവളും വിചാരിച്ചിരുന്നതല്ലെങ്കിലും ചെറുപ്പത്തിൽ തന്നെ റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് അവൾക്ക് നാടുവിടേണ്ടിവന്നു. കാരണം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സംഘർഷവും കലാപവുമാണ് കോംഗോയിൽ അരങ്ങേറിയിരുന്നത്. മരണനിരക്കാകട്ടെ അമ്പത് ലക്ഷവും കടന്നിരുന്നു.

അപരിചിതരായ ആളുകളും കൊടുതണുപ്പമുള്ള ഒരു രാജ്യത്തെത്തിയപ്പോൾ എന്ത് ചെയ്യണമെന്നോ എവിടെ തുടങ്ങുമെന്നോ അറിയില്ലായിരുന്നു. കാരണം എനിക്ക് വളരെയേറെ സ്വപ്നങ്ങളും പ്രതീക്ഷകളും പദ്ധതികളും ഉണ്ടായിരുന്നു, ജീവിതത്തെക്കുറിച്ച്. അതെല്ലാം പക്ഷേ എന്റെ നാടിനെ കേന്ദ്രീകരിച്ചായിരുന്നു. അതെല്ലാം അവിടെ ഉപേക്ഷിച്ചിട്ടാണ് ഞാൻ പോന്നതും. മീറ പറയുന്നു.

കലാപത്തിന്റെ ഭാഗമായി രൂപപ്പെട്ട വിവിധ പ്രശ്നങ്ങളെ തുടർന്നാണ് എനിക്ക് നാടുവിടേണ്ടിവന്നത്. രണ്ട് മക്കളെയും അമ്മയെയും സഹോദരന്മാരെയും വിട്ടിട്ടാണ് ഞാനിവിടെ എത്തിയത്. അതാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത്. എന്നാൽ അവരുടെകൂടി രക്ഷയ്ക്കുവേണ്ടിയാണല്ലോ എനിക്കിത് അനുഭവിക്കേണ്ടിവന്നതെന്ന് ആശ്വസിക്കുകയാണ് പതിവ്. മീറ കൂട്ടിച്ചേർത്തു.

ലോക സമാധാന ദിനത്തിൽ ഇരുവരും ലോകത്തിന് നൽകിയ സന്ദേശത്തിലാണ് തങ്ങളുടെ അനുഭവങ്ങളും അതിന്റെ വെളിച്ചത്തിൽ അവർക്ക് ലോകത്തോട് പറയാനുള്ളതും വെളിപ്പെടുത്തിയത്. അഭയാർത്ഥി നയങ്ങളിൽ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും അയവുവരുത്തണമെന്നാണ് പ്രധാനമായും അവർ ആവശ്യപ്പെട്ടത്.

അഭയാർത്ഥികൾക്കുനേരെ മതിൽ പണിയുന്നത് പ്രശ്നം കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് മീറ പറഞ്ഞത്. കാരണം ഒരു മാർഗം അടഞ്ഞാൽ മരണസംഖ്യ ഉയരുന്നവിധത്തിൽ കൂടുതൽ ഗുരുതരമായ മാർഗങ്ങളാവും ഏതെങ്കിലും രാജ്യത്തേക്ക് കടക്കാൻ അവർ സ്വീകരിക്കുക.

അഭയാർത്ഥികൾക്ക് ജീവിക്കാനുള്ള അവസരം ഒരുക്കി നൽകുന്നത് വലിയൊരു നിക്ഷേപത്തിന് തുല്യമാണെന്നാണ് മെലാനി അഭിപ്രായപ്പെട്ടത്.

ലോകത്ത് മുഴുവനായി ഏഴുകോടിയോളം അഭയാർത്ഥികളുണ്ടെന്നാണ് കണക്ക്. അവരാരും അഭയാർത്ഥികളാകണമെന്ന് ആഗ്രഹിച്ചവരല്ല. മറിച്ച് ജീവിത സാഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിതീർത്തതാണ്. അല്ലെങ്കിൽ വേണ്ടപ്പെട്ടവർക്കായി മറ്റൊരുവഴിയുമില്ലാതെ അവരത് സ്വീകരിച്ചതാണ്. അതുകൊണ്ടാണ് ഇവർ അഭിപ്രായപ്പെടുന്നത്, അഭയാർത്ഥികളെ സ്വന്തം ജനത്തെയെന്നപോലെ സ്വീകരിക്കണമെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.