ആത്മീയശക്തി നഷ്ടപ്പെട്ട യൂറോപ്പിനെക്കുറിച്ച് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തി

ഇറ്റലിക്കും പൊതുവെ യൂറോപ്പിനും രാഷ്ട്രീയാധികാരത്തോടൊപ്പം ഇന്ന് ഇല്ലാത്ത ശക്തമായൊരു ആത്മീയ ആധികാരികത മദ്ധ്യകാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തി. വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

മദ്ധ്യകാലഘട്ടത്തിലെ ഇറ്റലിയെയും യൂറോപ്പിനെയുമാണ് സമകാലീന സമൂഹത്തിന്‍റെ അവസ്ഥയുമായി തുലനം ചെയ്തുകൊണ്ട്, വിശ്വാസം ക്ഷയിച്ച് ദൈവത്തെ നഷ്ടമാകുന്നൊരു സമൂഹം എന്നാണ് കര്‍ദ്ദിനാള്‍ ബസേത്തി അഭിമുഖത്തില്‍ ഖേദപൂര്‍വ്വം വിലയിരുത്തിയത്.

2008-ല്‍ ആഗോളവ്യാപകമായും യൂറോപ്പില്‍ പ്രത്യേകിച്ചും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യസമൂഹത്തിന്‍റെ സാമൂഹിക-മാനസിക സ്വത്വത്തെയും വ്യക്തിത്വത്തെയും തകര്‍ത്തിട്ടുണ്ടെന്ന് അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു. സാമൂഹ്യഘടന ദുര്‍ബലമായത് തീര്‍ച്ചയായും ദേശീയ സാമൂഹ്യഘടനകളെ അപരിഹാര്യമാം വിധം തകര്‍ത്തുകളഞ്ഞു. തുടര്‍ന്ന് സമൂഹം അതിവേഗം വഴുതിവീണത് മതനിരപേക്ഷമായ ഒരു ജീവിതശൈലിയിലേയ്ക്കാണ് – കര്‍ദ്ദിനാള്‍ ബസേത്തി അഭിമുഖത്തില്‍ വ്യക്തമാക്കി.

കാലത്തിന്‍റെ കാലൊച്ച കേള്‍ക്കാനും, ദീര്‍ഘദൃഷ്ടിയുള്ള വിവേചനത്തോടെ സഭ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടത് വ്യാപകമായി സമൂഹത്തിന്‍റെ തന്നെ ധാര്‍മ്മികത നിലനിര്‍ത്താനും ആഗോളതലത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും അന്തരീക്ഷം വളര്‍ത്താനും അനിവാര്യമാണ്. യൂറോപ്പില്‍ സംഭവിച്ച ആത്മീയജീര്‍ണ്ണത പ്രത്യക്ഷത്തില്‍ മാനുഷികമായോ നരവംശശാസ്ത്രപരമായോ ഒരു പ്രതിസന്ധിയായി (anthropological) തോന്നാമെങ്കിലും, അടിസ്ഥാനപരമായി മനുഷ്യമനസ്സുകളി നിന്നും മങ്ങിപ്പോകുന്ന ദൈവത്തിന്‍റെ പ്രതിച്ഛായയുടെ പ്രത്യാഘാതമാണത്. ഇത് എവിടെയും ഏതു സമൂഹത്തിനും സഭാകൂട്ടായ്മയ്ക്കും സംഭാവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതിനാല്‍ ഭൗതികതയിലും സമ്പദ്കാര്യങ്ങളിലും മുഴികയിരിക്കുന്ന ഭരണകര്‍ത്താക്കളായി ആത്മീയഗുരുക്കന്മാരും സഭാനേതൃത്വവും മാറിപ്പോകുന്ന കെണിയില്‍ വീഴാതിരിക്കാന്‍ പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ ബസ്സേത്തി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.