കോവിഡ് രോഗികൾക്കിടയിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം; അത്ഭുതങ്ങള്‍ നടന്ന ആ പ്രദക്ഷിണ വഴികളിലൂടെ

സുനിഷ നടവയല്‍

എല്ലാ പ്രതീക്ഷയും തകർന്നിരിക്കുമ്പോൾ പ്രത്യേകിച്ച്, കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആയിരിക്കുന്ന അവസ്ഥയിൽ ക്രിസ്തു മുന്നിൽ അവതരിച്ചാൽ എന്ത് തോന്നും? വലിയ ഒരു ആശ്വാസത്തിന്റെ നിമിഷങ്ങളായി അത് മാറും. അത്തരത്തിൽ ഒരു ആശ്വാസമാണ് തമിഴ്‌നാട്ടിലെ ഈറോഡിലെ ക്രിസ്തുജ്യോതി ആശുപത്രിയിലെ കോവിഡ് കെയറിൽ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ സംഭവിച്ചത്. ഫേസ്ബുക്കിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും അനേകർ ഏറ്റെടുത്ത ഒരു ദിവ്യകാരുണ്യ പ്രദക്ഷിണം ആർക്കും മറക്കുവാൻ കഴിയില്ലല്ലോ. അതെ, അത് തന്നെയാണ് ഈ ആശുപത്രിയിൽ സംഭവിച്ച അത്ഭുതവും. ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ ക്രിസ്തുജ്യോതി ഹോസ്പിറ്റലിലെ കൊറോണ രോഗികൾക്കിടയിൽ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ അനുഭവങ്ങൾ ലൈഫ് ഡേയോട് പങ്കുവയ്ക്കുകയാണ് ആശുപത്രിയിലെ നേഴ്‌സായ സി. ലിറ്റി എഫ്സിസി.

വഴിത്തിരിവായി തിരുനാൾ ദിനത്തിലെ സന്ദേശം

ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനമായ ജൂൺ മൂന്നാം തീയതി രാവിലെയായിരുന്നു കോൺവെന്റിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നത്. ആ ദിനത്തിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ വൈദികൻ നൽകിയ സന്ദേശം സി. ലിറ്റിയെ സ്പർശിച്ചു. “യേശുവിന്റെ ദൈവത്വം മുഴുവനായും ദിവ്യകാരുണ്യത്തിൽ അവിടുന്ന് കാണിച്ചിരുന്നെങ്കിൽ ഒരു വൈദികനും തന്റെ ദിവ്യബലി പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല. നമുക്കിടയിലേക്ക് ഇറങ്ങി വരുവാൻ അവിടുന്ന് തന്നെത്തന്നെ ശൂന്യനാക്കി, അവിടുത്തെ ദൈവത്വത്തെ മറച്ചുവെച്ചുകൊണ്ടാണ് ദിവ്യകാരുണ്യത്തിൽ എഴുന്നള്ളിയിരിക്കുന്നത്.” വൈദികൻ നൽകിയ ഈ സന്ദേശം സി. ലിറ്റിയുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. കാരണം കൊറോണ ബാധിതരുടെ ഇടയിൽ ജോലി ചെയ്യുന്നതുകൊണ്ടാകണം മനുഷ്യൻ എത്ര നിസ്സാരനാണെന്നു സിസ്റ്ററിനു നല്ല ബോധ്യമുണ്ടായിരിക്കുന്നു. എന്തൊക്കെ ഉണ്ടായിരുന്നാലും ആരൊക്കെ കൂടെ ഉണ്ടായാലും ഈ അസുഖം വന്നാൽ കൂട്ടിനു ദൈവവും പിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുറച്ച് ഡോക്ടർമാരും നേഴ്‌സുമാരും മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവാണ് ഈ സമയത്ത് മനുഷ്യനുള്ളത്. കോവിഡ് കെയറിലെ രോഗികളുടെ മാനസികാവസ്ഥ കൃത്യമായി അറിയാവുന്നതുകൊണ്ട് ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം തങ്ങളുടെ രോഗികൾക്ക് വലിയ ആശ്വാസവും ദൈവാനുഭവവുമായി മാറുമെന്ന് സിസ്റ്ററിനു തോന്നി. അങ്ങനെയാണ് ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ കോവിഡ് രോഗികൾക്കിടയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയാലോ എന്ന ആശയം സിസ്റ്ററിനു തോന്നിയത്.

പിന്നീട് വികാരിയച്ചനോട് ചോദിച്ചപ്പോഴാണ് കടമ്പകൾ ഏറെയുണ്ടെന്നു മനസ്സിലായത്. ദിവ്യകാരുണ്യ പ്രദക്ഷിണം അങ്ങനെ നടത്തുവാൻ പ്രത്യേകം അനുമതി ആവശ്യമാണെന്നും സാധാരണഗതിയിൽ അനുമതി ലഭിക്കാറില്ലെന്നതും സിസ്റ്ററിനെ അല്പം വിഷമത്തിലാഴ്ത്തി. എങ്കിലും, തന്റെ മുൻപിൽ അനുദിനം കടന്നുവരുന്ന രോഗികൾക്ക് ഈശോയെ കാണിച്ചുകൊടുക്കുവാൻ സാധിച്ചാൽ അതായിരിക്കും ചികിത്സയ്‌ക്കൊപ്പം നൽകാവുന്ന ഏറ്റവും വലിയ ഔഷധം എന്ന് സിസ്റ്ററിനു തിരിച്ചറിവുണ്ടായിരുന്നു. അങ്ങനെ രാമനാഥപുരം രൂപതാധ്യക്ഷൻ റവ. പോൾ ആലപ്പാട്ട്‌ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. 40 രോഗികൾക്ക് മാത്രം കിടക്കാൻ പറ്റുന്ന ആശുപത്രിയിൽ കോവിഡ് കെയർ തുടങ്ങുന്നതിനായി പിതാവ് ആദ്യനാൾ മുതൽ തന്നെ വലിയ പ്രാർത്ഥനയും പിന്തുണയുമായിരുന്നു നൽകിയിരുന്നത്. അതിനുശേഷം രോഗികളുടെ എണ്ണം കൂടിയപ്പോൾ അടുത്തുള്ള സ്‌കൂളിൽ 100 പേരെക്കൂടി ഉൾപ്പെടുത്താവുന്ന തരത്തിൽ കോവിഡ് കെയർ സെന്റർ വർദ്ധിപ്പിച്ചു. ഇതിനെല്ലാം വലിയ പിന്തുണയായിരുന്നു പിതാവ് നൽകിവരുന്നത്. അതിനാൽ എഫ് സി സി സമർപ്പിത സഭാംഗങ്ങളുടെ ഈ ആവശ്യത്തെ ഒരു കാലഘട്ടത്തിന്റെ പ്രത്യേക ആവശ്യമായി പിതാവ് കണ്ടു. എന്നാൽ ഇത് ഒരു സാധാരണ അനുവാദമായി നൽകുവാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അസാധാരണ കാലഘട്ടത്തിലെ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ആയതിനാൽ അദ്ദേഹം അനുവാദം നൽകി. ഒപ്പം ഏറ്റവും ആരാധ്യമായും ബഹുമാനത്തോടെയും ഈശോയെ കൊണ്ടുപോകണമെന്നു നിർദ്ദേശവും നൽകി.

പി പി ഇ കിറ്റ് അണിഞ്ഞുകൊണ്ടൊരു ദിവ്യകാരുണ്യ പ്രദക്ഷിണം

പിതാവിന്റെ അനുവാദം കിട്ടിയ ഉടനെ അന്ന് വൈകുന്നേരം ആശുപത്രിയിൽ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുവാനുള്ള കാര്യങ്ങൾ കോൺവെന്റിൽ ആരംഭിച്ചു. അങ്ങനെ അന്ന് വൈകുന്നേരം 4.30 -ഓടു കൂടി ഉദുമൽപേട്ട് ഇടവക വികാരിയും ക്രിസ്തുജ്യോതി ആശുപത്രിയിലെ കോവിഡ് വോളന്റീയറും സലേഷ്യൻ സഭാംഗവുമായ ഫാ. റോയ് കൊട്ടകപ്പുറം ദിവ്യകാരുണ്യ ഈശോയെയും കൊണ്ട് രോഗികൾക്കിടയിലൂടെ ആശീർവാദവുമായി നടന്നു നീങ്ങി. എല്ലാ രോഗികളും വളരെ ഭക്തിപൂർവ്വമായിരുന്നു അതിൽ പങ്കുചേർന്നത്. ക്രൈസ്തവർക്ക് ദിവ്യകാരുണ്യ ഈശോയെക്കുറിച്ചു പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു.

“ആശുപത്രിയിൽ പിപിഇ കിറ്റ് ഒക്കെ ഇട്ടുകൊണ്ട് പോകുന്നതിനാൽ ഞങ്ങൾ നഴ്‌സുമാരായ സിസ്റ്റർമാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു. എന്നാൽ ഈ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആദ്യമായി പിപിഇ കിറ്റ് അണിഞ്ഞ മറ്റു സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. അവരോട് ഇതൊരു വലിയ സഹനവും ദൈവാനുഭവുമായി കാണുവാൻ ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആ സമയത്ത് ഞങ്ങൾക്കാർക്കും തന്നെ യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. അല്ലെങ്കിലും ഈശോയുടെ കൂടെ നടക്കുമ്പോൾ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നില്ലല്ലോ”- സി. ലിറ്റി പറയുന്നു.

“ആണ്ടവർ അങ്കെ പോവിട്ടാങ്കെ സിസ്റ്ററെ”

വളരെ വലിയ ദൈവാനുഭവമായിരുന്നു ആ ദിവസം ആശുപത്രിയിൽ ഉണ്ടായിരുന്നവർക്ക്. ദിവ്യകാരുണ്യ ഈശോയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ വിശ്വാസത്തോടെ അനുഭവിക്കുവാൻ സാധിക്കുക എന്നത് വളരെ വലിയ കാര്യമാണ്. യേശുവിന്റെ ദൈവത്വത്തെ ഏറ്റവും കൂടുതൽ മറ്റുള്ളവരുടെ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ട് അനുഭവിച്ചറിയുവാൻ കഴിയുക എന്നത് വളരെ ചെറിയ കാര്യമല്ലല്ലോ. അതിനുശേഷം അവിടെ ഉണ്ടായിരുന്നര്‍ ഒരു ചേച്ചിയോട് സിസ്റ്റർമാർ ഈശോ വന്നപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചു. വളരെ നാളുകളായി ദൈവാലയത്തിൽ പോകുവാനോ വി. ബലിയിൽ പങ്കുചേരുവാനോ അവസരം ലഭിക്കാത്തതിനാൽ അവർ വളരെയധികം വിഷമത്തിലായിരുന്നു. ‘ഈശോ എന്റെ അടുത്തുകൂടി പോകുന്നത് ഞാൻ കണ്ടു.’ “ആണ്ടവർ അങ്കെ പോവിട്ടാങ്കെ സിസ്റ്ററെ” -എന്ന് നിറമിഴികളോടെയാണ് അവർ പറഞ്ഞത്. ഈ അനുഭവം പങ്കു വയ്ക്കുമ്പോൾ സി. ലിറ്റിയുടെ ഹൃദയവും നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ ക്രിസ്തുജ്യോതിയിലെ ദിവ്യകാരുണ്യ അത്ഭുതം

ദിവ്യകാരുണ്യ ആരാധയിലും ആശീർവാദത്തിലും യേശു ക്രിസ്തുജ്യോതിയിലെ കോവിഡ് രോഗികളെ സുഖപ്പെടുത്തുമെന്ന്‍ എല്ലാവർക്കും വലിയ ഉറപ്പായിരുന്നു. എങ്കിലും ആ ദിവസത്തിൽ സി. ലിറ്റി ഈശോയോട് ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടിരുന്നു. “എന്റെ ഈശോയെ അങ്ങ് സന്ദർശിച്ച ആ മക്കൾ സൗഖ്യമുള്ളവരാകുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. എങ്കിലും എല്ലാ ദിവസവും 20 പേരൊക്കെയാണ് രോഗമുക്തി നേടി ആശുപത്രി വിടാറുള്ളത്. എന്നാൽ നാളെ 30 പേർക്ക് സൗഖ്യം നൽകണമേ.” പിറ്റേ ദിവസം അത്ഭുതകരമായി അവിടുന്ന് കൃത്യം 30 പേർക്ക് സൗഖ്യം നൽകി. അവരെല്ലാം ആശുപത്രി വിടുകയും ചെയ്തു. വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതമായിത്തന്നെയാണ് അവർ ഓരോരുത്തരും ഇതിനെ കാണുന്നത്.

“അനുവാദം ലഭിക്കുകയാണെങ്കിൽ രണ്ടാഴ്ചയിലൊരിക്കലെങ്കിലും കോവിഡ് രോഗികൾക്കിടയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതിനായി പ്രത്യേകം പ്രാർത്ഥിക്കുന്നുമുണ്ട്. ആശയറ്റ സന്ദർഭങ്ങളിൽ അവിടുന്ന് നൽകുന്ന ആശ്വാസവും സൗഖ്യവുമാണല്ലോ ഏറ്റവും പ്രധാനപ്പെട്ടത്. അതിനാൽ തന്നെ ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തോട് ചേർത്ത് നിർത്തുവാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു.” -സിസ്റ്റർ പറയുന്നു. ക്രിസ്തു ജ്യോതിയിലെ കൊറോണ രോഗികൾക്കുമാത്രമല്ല ഒരുപാട് വിശ്വാസികൾക്കുള്ള ഒരു വലിയ ദിവ്യകാരുണ്യ അനുഭവമായിരുന്നു ഈ ദിവ്യകാരുണ്യ പ്രദക്ഷിണം. മറ്റുള്ളവരുടെ കണ്ണുകളിലൂടെ ദൈവത്തെ കാണുവാൻ സാധിച്ച അപൂർവ്വ ഭാഗ്യം നമുക്കും ലഭിക്കുകയാണ് ചെയ്തത്. ഏറ്റവും ബഹുമാനത്തോടെ ദൈവത്തെ സ്വീകരിക്കുവാൻ മനസ് കാണിച്ച ഓരോരുത്തരും നമ്മുടെ വിശ്വാസത്തിന്റെയും ആഴം കൂട്ടുവാൻ സഹായിക്കട്ടെ.

തമിഴ്‌നാട്ടിലെ ഈറോഡിലെ ക്രിസ്തുജ്യോതി ആശുപത്രിയിലും സ്കൂളിലുമായി ദിനവും 140 കോവിഡ് രോഗികളെയാണ് ഒരേ സമയം കിടത്തി ചികിത്സിക്കുവാൻ സാധിക്കുന്നത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സെറാഫിക് പ്രൊവിൻസിന്റെ ഉടമസ്ഥതയിലാണ് ക്രിസ്തുജ്യോതി ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ആശുപത്രി കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങൾ തികയാതെ വന്നപ്പോൾ അടുത്തുള്ള സ്‌കൂൾ കൂടി കോവിഡ് ചികിത്സയ്ക്കായി നീക്കിവെച്ചിരിക്കുകയാണ് ഈ സമർപ്പിത സഹോദരങ്ങൾ.

ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ ആവശ്യത്തെ അവിടുത്തേക്കായി സമർപ്പിച്ചുകൊണ്ട് ചികിത്സയും ഭക്ഷണവും എല്ലാം തികച്ചും സൗജന്യമായാണ് ഇവിടെ നൽകുന്നത്. രോഗികൾക്കിടയിലൂടെ അവരുടെ ഏതാവശ്യങ്ങളിലും ഈ സമർപ്പിതർ കൂടെയുണ്ട്. 24 മണിക്കൂർ കൗൺസിലിംഗ് സൗകര്യവും ഇവിടെ ഉണ്ട്. “ഞങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ പേടിയാകുന്നില്ലേ സിസ്റ്ററെ എന്ന് രോഗികൾ തന്നെ ഞങ്ങളോട് ചോദിക്കാറുണ്ട്. എന്നാൽ ഞങ്ങൾക്കെല്ലാവർക്കും ഒരു മറുപടിയേ ഉള്ളൂ. ‘ഈശോ അല്ലെ ഞങ്ങളുടെ കൂടെയുള്ളത്, പിന്നെ ഞങ്ങൾ എന്തിനാ ഭയപ്പെടുന്നത്’. ക്രിസ്തുജ്യോതിയിലെത്തുന്ന കോവിഡ് രോഗികൾക്ക് ആരുടേയും മുഖം കാണുവാൻ സാധിക്കാറില്ല. പിപിഇ കിറ്റ് അണിഞ്ഞാണല്ലോ എല്ലാവരും നടക്കുന്നത്. എന്നാൽ അവർ ശരിക്കും ഇവരുടെയെല്ലാം മുഖം കാണുന്നുണ്ടെന്നു ഉറപ്പാണ്. അതെ, തങ്ങളെ ശുശ്രൂഷിക്കുന്നവർക്കെല്ലാം ഒരേ മുഖമാണ്. കഴിഞ്ഞ ദിവസം ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിൽ തങ്ങളെ കാണുവാനെത്തിയ ഈശോയുടെ അതേ മുഖം!

സുനിഷ നടവയല്‍

1 COMMENT

  1. ദിവ്യകാരുണ്യത്തിൻ്റെ ശക്തി വലുതാണ്. അതനുഭവിച്ചവർക്ക് വ്യക്തമായ് ,അറിയാം. …….അവതരണവും നന്നായിരിക്കുന്നു. സുനിഷയ്ക്ക് അഭിനന്ദനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.