എട്ട് നോമ്പ് ആറാം ദിവസം: പരിശുദ്ധ മറിയം – കുരിശിന്റെ കൂട്ടുകാരി

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

കുരിശുകൾ മനുഷ്യജീവിതത്തിന്റെ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യത്തെ ഞാൻ എപ്രകാരം സ്വീകരിക്കുന്നു എന്നതനുസരിച്ചിരിക്കും കുരിശ് എനിക്ക് ഭാരമാണോ അതോ ആനന്ദമാണോ നൽകുന്നത് എന്നുള്ളത്. ജീവിതകുരിശുകൾ ഭാരമായി തീരുമ്പോൾ കുരിശിന്റെ ചുവട്ടിൽ നിൽക്കുന്ന പരിശുദ്ധ മറിയത്തിലേക്ക് ഒന്നു നോക്കാൻ സാധിക്കണം.

പരിശുദ്ധ മറിയം സത്യമായും കുരിശിന്റെ കൂട്ടുകാരി ആയിരുന്നു. ഒരുപക്ഷേ ഈശോയ്ക്കു മുമ്പേ അവൻ ലോകത്തിന് കാണിച്ചുതന്ന കുരിശിന്റെ മഹത്വവഴി ജീവിച്ചുതുടങ്ങിയ പച്ചയായ മനുഷ്യസ്ത്രീ. മറിയത്തോളം കുരിശുകളെ ആനന്ദമാക്കിത്തീർത്ത ഒരു മനുഷ്യജന്മത്തെ നമുക്ക് ഒരിക്കലും കണ്ടെത്താൻ കഴിയില്ല. മറിയത്തിന്റെ കുരിശിന്റെ വഴി: ദൈവപുത്രന് ജന്മം നൽകിക്കൊള്ളാം എന്ന സമ്മതം. കുഞ്ഞിന് ജന്മം നൽകാൻ ഇടമില്ലാതെ കാലിത്തൊഴുത്തിൽ അഭയം പ്രാപിക്കേണ്ടി വന്നത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നടത്തിയ ഓട്ടപ്രദക്ഷിണങ്ങൾ. മകനെ കാണാതെപോയപ്പോൾ നീറിയ അമ്മ മനസ്. സ്വന്തം മകനെ സ്വന്തക്കാർ തന്നെ പിശാചുബാധിതനെന്നും കള്ളുകുടിയനെന്നും ദൈവദൂഷകനെന്നും വിളിച്ച് ആക്ഷേപിച്ചത് കേട്ട അമ്മയുടെ കാതുകൾ. തന്റെ മുമ്പിൽ തന്റെ മകൻ കുറ്റക്കാരനായി പീഢ സഹിച്ച് കുരിശിൽ മരിച്ചത് കണ്ടുനിൽക്കേണ്ടി വന്ന അമ്മയുടെ കണ്ണുകൾ.

പക്ഷേ ഇവിടെയെല്ലാം ദുർബലമാകേണ്ട അമ്മയുടെ ഹൃദയം ദൈവീകപദ്ധതി തിരിച്ചറിഞ്ഞപ്പോൾ കുരിശുകളെ ഹൃദയത്തോട് ചേർത്തുവച്ച് സ്നേഹിച്ച് കുരിശുകൾ നൽകുന്ന ഉയിർപ്പിന്റെ സന്തോഷം ആസ്വദിക്കുകയായിരുന്നു. ചുരുക്കം പറഞ്ഞാൽ കുരിശിന്റെ കൂട്ടുകാരിയായിത്തീർന്നു പരിശുദ്ധ മറിയം.

നമുക്കും അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു കുരിശുകളിൽ ഉയിർപ്പിന്റെ സന്തോഷത്തെ മുന്നിൽ കണ്ടുകൊണ്ട് പരിശുദ്ധ അമ്മയെപ്പോലെ തകരാത്ത ഹൃദയവും ഇടറാത്ത പാദവുമായി കുരിശിന്റെ ചുവട്ടിൽ നിൽക്കാം.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.