2019 വിശുദ്ധിയ്ക്കായുള്ള വര്‍ഷമായി പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ ബിഷപ്പ്

2019  വിശുദ്ധിയ്ക്കായുള്ള വര്‍ഷമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത് ഇംഗ്ലണ്ടിലെ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ആഗമന കാലത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ്,  അടുത്ത വര്‍ഷം ശ്രൂസ്ബറി രൂപത വിശുദ്ധിയുടെ വര്‍ഷമായി ആചരിക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിശുദ്ധിയ്ക്കായുള്ള വര്‍ഷം ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. ‘പുരോഹിതരും വിശ്വാസികളും ഒരുപോലെ വിശുദ്ധിയ്ക്കായുള്ള വര്‍ഷം അതിന്റെ പൂര്‍ണ്ണതയില്‍ ആചരിക്കുവാന്‍ ശ്രമിക്കണം. ആരും മാറി നില്‍ക്കരുത്’ അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഏതു തലത്തില്‍ ഉള്ളവരും ക്രിസ്തീയ ജീവിതത്തിന്റെയും സ്‌നേഹത്തിന്റെയും പൂര്‍ണ്ണതയിലേയ്ക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധിയിലേയ്ക്കുള്ള വിളിയാണ് ഇത്. ഇതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നതും. ബിഷപ്പ് ഓര്‍മിപ്പിച്ചു.

ക്രിസ്തുവാകുന്ന പ്രകാശത്തിലേയ്ക്ക് നമ്മെ പ്രത്യാശയോടെ നയിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സമയമാണ് ആഗമനകാലം. ഇരുള്‍ നിറഞ്ഞ ഒരു ലോകത്തിലൂടെയാണ് നാം യാത്ര ചെയ്യുന്നത്. ഇവിടെ പ്രകാശം പരത്തുവാന്‍ നാം രൂപാന്തരപ്പെടേണ്ടതുണ്ട്, വിശുദ്ധിയിലേയ്ക്കാണത്. അദ്ദേഹം വിശ്വസികളോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.