വംശനാശ ഭീഷണി നേരിടുന്ന ക്രൈസ്തവർ

ഫാ. ജയിംസ് കൊക്കാവയലില്‍

വളരെ വലിയ ഒരു വടവൃക്ഷം, മനോഹരമായ ഇലകൾ, നിറയെ പൂക്കൾ, പഴുത്ത ഫലങ്ങൾ. വളരെയേറെ കിളികൾ ചേക്കേറുകയും മനുഷ്യർ ചുവട്ടിൽ  വിശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ, ഒരു കുഴപ്പമുണ്ട്. ആ മരത്തിന്റെ വേര് ചീഞ്ഞു തുടങ്ങിയിരിക്കുന്നു. വേര് ചീഞ്ഞു തുടങ്ങിയാൽ സംഭവിക്കുന്നത് എന്താണ്? ഉടനെ അത് പുറത്ത് അറിയാൻ സാധിക്കുകയില്ല. പൂക്കളും ഇലകളും ഒക്കെ കുറച്ചുനാൾ കൂടി ഭംഗിയായി പഴയതുപോലെ നിൽക്കും. പിന്നീട് പെട്ടെന്ന് ഇലകൾ ഉണങ്ങിയും ഫലങ്ങൾ കൊഴിഞ്ഞും പോകും.

കേരള സഭയ്ക്കും ഇതു തന്നെയല്ലേ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. പുറമേ മനോഹരമായ പള്ളികൾ, അതിൽ നിറയെ ആളുകൾ, ധാരാളം സ്കൂളുകൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ, അനേകം വൈദികർ, സന്യസ്തർ, പിന്നെ നിറഞ്ഞുകവിഞ്ഞ ധ്യാനകേന്ദ്രങ്ങൾ… ഇവയെല്ലാം ധാരാളമുണ്ട്. പക്ഷേ, ഈ സമൂഹത്തിന്റെ ഭാവി എന്താണ്? ഇതിന് മുമ്പോട്ട് എന്താണ് സംഭവിക്കാൻ പോകുന്നത്? ഇതിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായി കൊണ്ടിരിക്കുകയാണ്, നമ്മുടെ യുവജനങ്ങൾ മുഴുവൻ പ്രവാസികളായി കൊണ്ടിരിക്കുകയാണ്.

പണ്ട് മലബാർ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവും ഒക്കെ നടന്നിട്ടുണ്ട്. പക്ഷേ, അവയെ അതിജീവിക്കുവാൻ നമ്മുടെ സമൂഹത്തിന് സാധിച്ചു. കാരണം, കുടുംബങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു, നാട്ടിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. ആകെയുള്ള ഒന്നോ രണ്ടോ കുട്ടികൾ പോലും പ്രവാസികളാകുന്നു. പല വീടുകളും പൂട്ടിയിട്ടു കൊണ്ടിരിക്കുകയാണ്. ഏകദേശം 10 % വീടുകളെങ്കിലും ഓരോ ഇടവകയിലും പൂട്ടിയിട്ടിട്ടുണ്ട്. ഈ പ്രവാസത്തെ അതിജീവിക്കാനുള്ള ശേഷി നമ്മുടെ സമൂഹത്തിനില്ല.

ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വിവാഹം കഴിക്കാൻ സാധിക്കാതെ 30 വയസ്സ് കഴിഞ്ഞിട്ടും നിൽക്കുന്ന ആൺകുട്ടികളുടെ പ്രശ്നങ്ങൾ. സീറോ മലബാർ സഭയിൽ തന്നെ ഇപ്രകാരം ഒരു ലക്ഷത്തിന് മുകളിൽ ആൺകുട്ടികളുണ്ട് എന്ന കണക്ക് നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഇവയൊക്കെ മൂലം കുടുംബങ്ങളുടെ തുടർച്ച നഷ്ടപ്പെടുകയാണ്. നമ്മുടെ സമൂഹം അന്യംനിന്നു കൊണ്ടിരിക്കുകയാണ്, വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കേരളത്തിലെ ജനസംഖ്യയുടെ 25 % ക്രിസ്ത്യാനികൾ ആയിരുന്നു. മുസ്ലീങ്ങൾ 14 %-വും. 2004 സെൻസസിൽ നമ്മൾ 19.05 %. 2011-ലെ സെൻസസ് പ്രകാരം നമ്മൾ 18.38 ശതമാനവും മുസ്ലീങ്ങൾ 26.5 % ശതമാനവുമാണ്.

ഇനി 2021-ലെ സെൻസസ് വരുമ്പോൾ കാര്യങ്ങൾ ഇതിലും ഭീകരമായിരിക്കും. 2004 നിന്ന് 2011-ലേയ്ക്കുള്ള ഏഴു വർഷത്തെ ഇടവേളയ്ക്കകത്ത് ഇവിടെ മുസ്ലീങ്ങളുടെ എണ്ണം കൂടിയത്, പത്തുലക്ഷത്തി അമ്പതിനായിരം ആണ്. ഹിന്ദുക്കൾ മൂന്നര ലക്ഷം കൂടി. എന്നാൽ, ക്രിസ്ത്യാനികൾ കൂടിയത് ആകെ 84,000 ആണ്. ജനസംഖ്യ കുറയുന്നതു കൊണ്ട് നമ്മുടെ സാമൂഹിക- രാഷ്ട്രീയ സ്വാധീനങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനമൊന്നും ഇപ്പോൾ നമുക്കില്ല. ഈ പ്രദേശത്തെ പല നിയമസഭാ മണ്ഡലങ്ങളും നമുക്ക് നഷ്ടപ്പെട്ടു പോയി. വാഴൂർ, കല്ലൂപ്പാറ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പകരം മലബാറിൽ പുതിയവ ആരംഭിച്ചു. മലപ്പുറം ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങളുണ്ട്. പത്തനംതിട്ടയിൽ അഞ്ചെണ്ണം മാത്രമാണുള്ളത്. മൂവാറ്റുപുഴ എന്ന ലോകസഭാ മണ്ഡലവും ഇതുപോലെ നമുക്ക് നഷ്ടപ്പെട്ടു പോയതാണ്.

ജനാധിപത്യ ഭരണക്രമത്തിൽ ജനസംഖ്യ തന്നെയാണ് ഏറ്റവും വലിയ ശക്തി. ഈ സ്വാധീനം നമുക്ക് നഷ്ടപ്പെട്ടതിന് തെളിവാണ്, നമ്മൾ നിരന്തരം പ്രഹരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു എന്നത്. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും മാത്രമുള്ള പ്രശ്നങ്ങളല്ല. നമ്മളറിയാതെ തന്നെ സാമൂഹിക തലത്തിലും ഗവൺമെൻറ് തലത്തിലും എല്ലാം നമുക്കെതിരെ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല നിയമക്കുരുക്കളും പുതുതായി ഉണ്ടാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പല സഭാസ്ഥാപനങ്ങളും നടത്തിക്കൊണ്ടു പോകുവാൻ ഇപ്പോൾ ബുദ്ധിമുട്ടായി മാറിക്കൊണ്ടിരിക്കുകയാണ്. ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഈ കാര്യങ്ങൾ വളരെ വ്യക്തമായി അറിയാം. ചാനൽ ബഹിഷ്കരണവും  സോഷ്യൽ മീഡിയയിലെ പ്രതിഷേധവും ഒന്നും ഇതിന് മറുപടികളല്ല.

നമ്മൾ ലക്ഷണങ്ങളെ ചികിത്സിച്ചിട്ട് കാര്യമില്ല. രോഗത്തെ തന്നെ ചികിത്സിക്കണം. അതായത്, ഞാൻ പറഞ്ഞുവരുന്നത് നമ്മുടെ അംഗസംഖ്യ കുറയുന്നതു തന്നെയാണ് നമ്മുടെ സമൂഹം നേരിടുന്ന സകല പ്രതിസന്ധികൾക്കും പ്രധാന കാരണം. ഇതിന്, കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന പരിഹാരത്തിലേയ്ക്കാണ് നമ്മൾ പെട്ടെന്നു തിരിക്കുന്നത്. അവിടംകൊണ്ട് നിർത്തുകയാണ്. എന്നാൽ അതിനുവേണ്ട സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതെ അതു സംഭവിക്കുകയില്ല. നമ്മുടെ യുവജനങ്ങളെ ഇവിടെ പിടിച്ചുനിർത്തുകയും അവർക്ക് കുടുംബജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും വേണം.

അതായത്, തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചെങ്കിൽ മാത്രമേ മുകളിൽ പറഞ്ഞവ സംഭവിക്കുകയുള്ളൂ. അവർക്ക് തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കണം. സ്വയംതൊഴിലിനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കണം. ഇതിനുള്ള പ്രധാന മാർഗ്ഗമാണ്, സർക്കാർ നമുക്ക് ഒരുക്കിത്തന്നിരിക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ നമുക്ക് അർഹമായത് നേടിയെടുക്കുക എന്നത്.

kscminorities.org എന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ വെബ്സൈറ്റിൽ കയറി നോക്കിയാൽ കാണാൻ സാധിക്കും, എത്രമാത്രം ആനുകൂല്യങ്ങളാണ് സർക്കാർ അനുവദിച്ചു നൽകുന്നതെന്ന്. അതിന്റെ ഹാൻഡ് ബുക്ക് നോക്കിയാൽ നമുക്ക് തലകറക്കം വരും. കാരണം, ഇവ മുഴുവൻ മുസ്ലിം സമുദായം ഒറ്റയടിക്ക് കൊണ്ടുപോവുകയാണ്. നമുക്ക് യാതൊന്നും തന്നെ ലഭിക്കുന്നില്ല. മദർ തെരേസയുടെ പേരിലുള്ള സ്കോളർഷിപ്പ് പോലും മുസ്ലീങ്ങൾക്ക് 80 ശതമാനവും, ബാക്കി അഞ്ച് സമുദായങ്ങൾക്കും കൂടി 20 ശതമാനവുമാണ് നൽകുന്നത്.

പി എസ് സി, ബാങ്ക് കോച്ചിങ്ങ് തുടങ്ങിയ മത്സര പരീക്ഷകൾ പരിശീലിപ്പിക്കുന്നതിനായി സർക്കാർ ചെലവിൽ 38 കേന്ദ്രങ്ങളാണ് മുസ്ലീങ്ങൾക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്. നമുക്ക്, അപേക്ഷിച്ചിട്ടും ഒന്നുപോലും നൽകാതെ നീതിനിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അപേക്ഷകളൊക്കെ നിഷ്കരുണം തള്ളിക്കളയുകയാണ്.

കേന്ദ്രസർക്കാർ ഒരുവർഷം 4,700 കോടി രൂപയാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കായി നീക്കിവയ്ക്കുന്നത്. ഒരു കോടി കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. കൂടാതെ, സ്വയംതൊഴിൽ പദ്ധതികൾ, തൊഴിൽ വായ്പകൾ, വിദ്യാഭ്യാസ ലോണുകൾ, ഇതര സാമ്പത്തിക സഹായങ്ങൾ തുടങ്ങി എത്രമാത്രം ആനുകൂല്യങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം 80:20 അനുപാതത്തിലാണ് വീതിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് ഉച്ചിഷ്ടം പോലെ തരുന്ന 20 ശതമാനം പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്തിനു വേണ്ടിയാണ്? നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ. അങ്ങനെ നോക്കുകയാണെങ്കിൽ, ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നതിന്റെ യഥാർത്ഥ അന്തസത്ത മനസ്സിലാക്കുകയാണെങ്കിൽ, നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന ക്രൈസ്തവ സമൂഹത്തിനാണ് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്. മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പ് അപകടത്തിൽ ഒന്നുമല്ല. അവർ അനുദിനം വർദ്ധിച്ചു പെരുകിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്.

സംസ്ഥാനം ഭരിക്കുന്ന സർക്കാരുകൾ ഇരട്ടത്താപ്പ് നയങ്ങളാണ് എപ്പോഴും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വിമോചന സമരകാലത്ത് ഇവിടെ 25 % ഉള്ള ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കാൻ സാധിക്കില്ല എന്ന് സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്ത ഇഎംഎസ് സർക്കാരിന്റെ പിൻഗാമികൾ ഭരിക്കുന്ന പിണറായി സർക്കാർ എന്തുകൊണ്ട് 27 % ഉള്ള മുസ്ലിങ്ങളെ ന്യൂനപക്ഷങ്ങളായി തന്നെ കണക്കാക്കിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങൾ ആരൊക്കെ എന്നു തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്.

ന്യൂനപക്ഷം എന്ന പേര് നമുക്ക് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. മുസ്ലീങ്ങൾ എവിടെയൊക്കെ ബോംബ് പൊട്ടിച്ചാലും പറയും ന്യൂനപക്ഷ വർഗ്ഗീയത വളർന്നുകൊണ്ടിരിക്കുന്നു എന്ന്. ഇവിടുത്തെ ക്രിസ്ത്യാനികൾ എന്തെങ്കിലും വർഗ്ഗീയ പ്രവർത്തനങ്ങൾക്കോ, വിധ്വംസക പ്രവർത്തനങ്ങൾക്കോ പോകുന്നുണ്ടോ? പിന്നെ എന്തിനാണ് സ്ഥിരം ന്യൂനപക്ഷ വർഗ്ഗീയത വളരുന്നു എന്നുപറഞ്ഞ് നമ്മളെക്കൂടി അപമാനിക്കുന്നത്. എന്നാൽ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ നമ്മളെ യാതൊരു തരത്തിലും പരിഗണിക്കുന്നുമില്ല.

ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സംവരണത്തിന്റെ കാര്യവും. സംവരണം ഇന്ന് തികച്ചും അനീതിപരമായി നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനും, ജോലിക്കും, അതിനുള്ള മാനദണ്ഡങ്ങളിലും എല്ലാം സംവരണമാണ്. മുസ്ലീങ്ങൾ പിൻവാതിലിലൂടെ 12 % ബന്ധമാണ് നേടിയെടുത്തിരിക്കുന്നത്. സംവരണത്തിന്റെ പേരിൽ നിരന്തരം പഴി കേൾക്കുന്ന എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 8 % മാത്രമാണ് സംവരണം. ജനസംഖ്യാനുപാതികമായി കൂടുതൽ സംവരണം വേണമെന്ന് പറഞ്ഞ് അവർ ഹൈക്കോടതിയിൽ ഇപ്പോൾ ഹർജി കൊടുത്തിരിക്കുകയാണ്. നിലപാട് അറിയിക്കുവാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

മുസ്ലിം സപ്പോർട്ടോടു കൂടി മുന്നോട്ടുപോകുന്ന ഒരു സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളത് വ്യക്തമാണ്. ഇതര സമുദായങ്ങളെ ഇതിനോട് പ്രതികരിക്കാൻ സാധിക്കാത്തവിധം നിശബ്ദമാക്കിയിരിക്കുകയാണ്. ഈഴവ സമുദായത്തെ കെണിയിൽപ്പെടുത്തി വച്ചിരിക്കുകയാണ്. അവരിൽ പ്രധാനപ്പെട്ട ഒരാളെ കേസിൽ കുടുക്കുകയും ജാമ്യത്തിലിറക്കുകയും ചെയ്തു. ഒരു മുസ്ലിം വ്യവസായിയുടെ സഹായം സ്വീകരിച്ചതുകൊണ്ട് അവർക്ക് ഇനി ഒരക്ഷരം മിണ്ടാൻ സാധിക്കുകയില്ല.

ക്രിസ്ത്യാനികൾക്ക് സംവരണം വേണ്ട എന്ന് പണ്ട് ഏതോ ഒരു വൈദികൻ പറഞ്ഞുവെന്ന പഴങ്കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഭരണഘടനാപരമായി സംവരണാനുകൂല്യം ഉള്ളത് എസ് സി, എസ് ടി വിഭാഗത്തിനു മാത്രമാണ്. പിന്നീട് 1982-ലോ മറ്റോ ആണ് മണ്ഡൽ കമ്മീഷൻ വരുകയും ഒബിസി വിഭാഗങ്ങൾ എന്ന പേരിൽ ധാരാളം വിഭാഗങ്ങളെ അതിൽ ഉൾപ്പെടുത്തി അവർക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തത്. ആദ്യം പത്തു വർഷത്തേയ്ക്ക് വിഭാവനം ചെയ്ത സംവരണം 75 വർഷമായിട്ടും തുടരുകയാണ്. ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുവാൻ ഏർപ്പെടുത്തിയ സംവരണം, ഇന്ന് ചില പ്രബല വിഭാഗങ്ങൾ കൈയ്യടക്കിയിരിക്കുകയാണ്. നമ്മളെപ്പോലെ തന്നെ സമാനമായ പ്രതിസന്ധികൾ അനുഭവിക്കുന്ന നായർ സമുദായവും, ബ്രാഹ്മണ സമുദായവും, ഇതര സമുദായങ്ങളും ഒക്കെയുണ്ട്. അവയ്ക്കൊന്നും ഇത്രയും പോലും പ്രതികരണശേഷി ഇല്ല എന്നു മാത്രം ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു.

ഫാ. ജയിംസ് കൊക്കാവയലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.