എട്ട് നോമ്പ് നാലാം ദിവസം: പരിശുദ്ധ മറിയം – ഉത്തമ കുടുംബനാഥ

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

കുടുംബനാഥ – കുടുംബത്തിന്റെ വിളക്കും ഐശ്വര്യവും. തന്റെ ഭർത്താവിനെയും മക്കളെയും എത്രമാത്രം പരിഗണിക്കാൻ ഒരു കുടുംബനാഥയ്ക്കാകുന്നോ അത്രമാത്രം കുടുംബം ഇമ്പമുള്ളതാകും. കുടുംബനാഥകൾക്ക് ഏറ്റവും നല്ല മാതൃകയാണ് നസ്രസിലെ തിരുക്കുടുംബത്തിന്റെ കുടുംബനാഥയും യൗസേപ്പിന്റെ പ്രിയ പത്നിയും ഈശോയുടെ അമ്മയുമായ മറിയം.

പരിശുദ്ധ മറിയം വെറുമൊരു കുടുംബനാഥ ആയിരുന്നില്ല, മറിച്ച് ദൈവഹിതമനുസരിച്ച് കുടുംബത്തെ രൂപപ്പെടുത്തിയവളായിരുന്നു. ദൈവേഷ്ഠപ്രകാരം ഭർത്താവിനെ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്തവൾ. തന്റെ ഭർത്താവിന് ദൈവം വെളിപ്പെടുത്തിക്കൊടുത്ത വഴികളിലൂടെ കൂടെ സഞ്ചരിക്കുവാൻ ഒട്ടും ശങ്കിക്കാത്ത ഉത്തമയായ ഭാര്യ ഭർത്താവിനൊപ്പം ദൈവാലയത്തിലേക്ക് സ്ഥിരമായി യാത്ര നടത്തിയവൾ. പുത്രനെ നഷ്ടപ്പെട്ടുപോയപ്പോൾ പരസ്പരം കുറ്റപ്പെടുത്താതെ അന്വേഷിച്ചവൾ. ഇപ്രകാരം യൗസേപ്പ് നല്ല കുടുംബനാഥനും മറിയം നല്ല കുടുംബനാഥയുമായപ്പോൾ ഉണ്ടായ ഫലമാണ് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിനും മനുഷ്യർക്കും ഇഷ്ടപ്പെട്ട ഈശോ എന്ന മകൻ.

നല്ല കുടുംബനാഥയാകണമെങ്കിൽ മറിയത്തെപ്പോലെ ദൈവേഷ്ഠമനുസരിച്ചുള്ള കുടുംബത്തെ രൂപപ്പെടുത്തി, കുടുംബനാഥനോട് / ഭർത്താവിനോട് ചേർന്നുനിൽക്കുക. അപ്പോൾ ഈശോമാർ കുടുംബത്തിൽ രൂപപ്പെടും.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.