ഈസ്റ്റര്‍ ഫുഡ്‌സ്

ഈസ്റ്റര്‍ കുര്‍ബാന കഴിഞ്ഞ് അനൂപ് പുറത്തേക്കിറങ്ങിയപ്പോള്‍, അനൂപിന് ഉയിര്‍പ്പ് തിരുനാളിന്റെ മംഗളങ്ങള്‍ നേരാന്‍ ഒരുപാട് പേര് അടുത്തെത്തി. കാരണം ആ ഇടവകയില്‍നിന്നുള്ള ഒരേയൊരു വൈദിക വിദ്യാര്‍ത്ഥിയണവന്‍. എല്ലാവരുടെയും ആശംസകള്‍ സ്വീകരിച്ച് അവന്‍ മുമ്പോട്ട് നീങ്ങിയപ്പോള്‍ വികാരിയച്ചന്‍ അവന്റെ മുമ്പിലേക്ക് ഈസ്റ്റര്‍ മുട്ട വച്ചുനീട്ടി. അവനത് സ്വീകരിച്ചു. ഉടനെ ഒരു കൊച്ചുകുട്ടി ഓടിയെത്തി അവനോട് ചോദിച്ചു ”ശെമ്മാശാ, ഈ ഈസ്റ്റര്‍ മുട്ട എന്തിനാ തരുന്നത്?” ഇതിന്റെ പിന്നിലുള്ള കാരണമെന്താ? ഉത്തരം പറയാനാവാതെ അവന്‍ പകച്ചു നിന്നു. ‘നാളെ വരുമ്പോള്‍ പറഞ്ഞ് തരാം കേട്ടോ!’ അവന്‍ മറുപടി കൊടുത്തു. അവനൊട്ടു താമസിച്ചില്ല. വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് അവനോടിയെത്തി. ഈസ്റ്റര്‍ മുട്ടയുടെ പിന്നിലുള്ള ചരിത്രത്തെപ്പറ്റി അവന്‍ ചോദിച്ചു.

ഓടിക്കിതച്ചെത്തിയ അവന് ഒരുമ്മ കൊടുത്തുകൊണ്ട് അമ്മ പറഞ്ഞുതുടങ്ങി മെസെപ്പൊട്ടോമിയയിലെ ആദിമ ക്രൈസ്തവ സമൂഹമാണ് മുട്ടയിന്മേല്‍ ചുമ്മന്ന പെയിന്റടിച്ചത്. അത് ഈശോയുടെ തിരുരക്തത്തെ പ്രതിനിധാനം ചെയ്യുന്നു എന്നവര്‍ വിശ്വസിച്ചു. പിന്നീട് റോമന്‍ കത്തോലിക്കാസഭ ഈ പൈതൃകം സ്വീകരിച്ചു. കത്തോലിക്കാസഭ ഇതിനെ ഈശോയുടെ ഉയിര്‍പ്പുമായിട്ട് ബന്ധിപ്പിച്ചു. ഈ മുട്ടയുടെ തോട് ഈശോയുടെ കല്ലറയെ സൂചിപ്പിക്കുന്നു. ഈ തോട് നാം പൊട്ടിക്കുമ്പോള്‍ ഈശോയുടെ ഉയിര്‍പ്പിനെ നാം ഓര്‍ക്കണം.

ഇവയെല്ലാം കേട്ട് അനൂപ് ആശ്ചര്യപൂര്‍വ്വം നിന്നു. കാരണം ഏഴാം വര്‍ഷ വൈദികവിദ്യാര്‍ത്ഥിയായിരുന്നിട്ടും ഈ അറിവ് അവന് സ്വന്തമായിരുന്നില്ല. അമ്മ നിര്‍ത്തിയില്ല വീണ്ടും പറഞ്ഞ് തുടങ്ങി. യു.കെ.യിലെ ആള്‍ക്കാര്‍ ദുഃഖവെള്ളിയാഴ്ച കഴിക്കുന്ന ഒരു പ്രധാന വിഭവമാണ് ‘ഹോട്ട് ക്രോസ് ബണ്ണ്’. കുരിശ് ഇതിന് മീതെ പതിപ്പിച്ചിട്ടുണ്ട്. ഇത് പേഗണ്‍ സമയത്ത് ഉപയോഗിച്ചിരുന്നതാണ്. പിന്നീട് ക്രിസ്ത്യാനികള്‍ ഇത് സ്വീകരിച്ചതാണ്. ഇതിന്റെയുള്ളില്‍ ചേര്‍ത്തിരിക്കുന്ന ‘സ്‌പൈസസ്’ ഈശോയെ അടക്കാന്‍ നേരത്ത് ഉപയോഗിച്ചവയെ സൂചിപ്പിക്കുന്നു.

യു.കെ.യില്‍ തന്നെ ഉപയോഗിക്കുന്ന മറ്റൊരു വിഭവമാണ് സിമ്‌നല്‍ കേക്ക്. ഇതൊരു ഫ്രൂട്ട് കേക്കാണ്. 11 മാര്‍സിപ്പന്‍ കഷണങ്ങള്‍ കേക്കിന്റെ മുകളില്‍ കാണാം. ഇത് ക്രിസ്തുവിന്റെ വിശ്വസ്തരായ 11 ശിഷ്യന്മാരെ പ്രതിനിധാനം ചെയ്യുന്നു.

റഷ്യയില്‍ ഈസ്റ്റര്‍ സമയത്ത് ഭക്ഷിക്കുന്ന ഒരു വിഭവമാണ് ‘പിസ്‌ക’. ഡെന്മാര്‍ക്കില്‍ ഈസ്റ്റര്‍ സമയത്ത് ഉപയോഗിക്കുന്നത് ‘ഷ്രോവെറെതട് ബണ്ണാ’ണ്. ഗ്രീക്ക് ഈസ്റ്റേണ്‍ കേക്കാകട്ടെ ഓറഞ്ചും ബദാമും കൊണ്ട് ഉണ്ടാക്കിയതാണ്. എരുവുള്ള ഓറഞ്ച് സോസുമായി വേണം അത് കഴിക്കാന്‍. അമ്മ തനിക്കുണ്ടായിരുന്ന അറിവ് പങ്കുവെച്ചു നിര്‍ത്തി.

അമ്മയില്‍ നിന്ന് അനൂപ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈസ്റ്റര്‍ വിഭവങ്ങളെക്കുറിച്ചും അമ്മയില്‍ നിന്ന് പഠിച്ചു. നാളെയോ കൊച്ചുകുട്ടിക്ക് പറഞ്ഞ് കൊടുക്കാന്‍ അവനിപ്പോള്‍ കൂടുതല്‍ അറിവുണ്ട്.

ജൂഡ് കെ. സെബാസ്റ്റ്യന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.