ഞായര്‍ പ്രസംഗം – ഉയിര്‍പ്പ് തിരുനാള്‍

ഓശാന തിരുനാള്‍ ദിനം നാം ഏവരുടെയും മനസ്സിലേക്കുയരുന്നത് കഴുതയുടെ പുറത്ത് എഴുന്നള്ളിയ രാജാവായ ക്രിസ്തുവിന്റെ ചിത്രമാണ്. കഴുതയുടെ പുറത്ത് എഴുന്നള്ളിയ ഈ രാജാവ് മൂന്നാണികളില്‍ കുരിശില്‍ തൂങ്ങിമരിച്ചപ്പോള്‍ ലോകം കരുതി, ഇവന്‍ പരാജിതനായ രാജാവാണെന്ന്. എന്നാല്‍ മൂന്നാണികളില്‍ തൂങ്ങിമരിച്ച ഈ രാജാവ് പരാജിതനല്ല. തിന്മയുടെ മേല്‍ എന്നെന്നേയ്ക്കുമായി വിജയം വരിച്ച ശക്തനായ കര്‍ത്താവാണ് എന്ന് ലോകത്തെ ഓര്‍മ്മിപ്പിച്ച ഈശോയുടെ ഉത്ഥാനത്തിന്റെ ഓര്‍മ്മയിലാണ് നാം ഏവരും. ഏവര്‍ക്കും ഉത്ഥാനത്തിരുനാളിന്റെ പ്രാര്‍ത്ഥനാശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു.

വെള്ളിയാഴ്ച ഈശോയെ സംസ്‌കരിച്ച ശേഷം കല്ലറയിങ്കല്‍ നിന്ന് എല്ലാവരും മടങ്ങി. ശനിയാഴ്ച സാബത്താണ്. സാബത്തില്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടക്കാന്‍ യഹൂദനിയമം അനുവദിക്കുന്നില്ല. ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നാല്‍ അത് സാബത്ത് ലംഘനമാണ്. അതുകൊണ്ട് ശനിയാഴ്ച കല്ലറ സന്ദര്‍ശിക്കാന്‍ മഗ്ദലേന മറിയത്തിനും കൂട്ടര്‍ക്കും സാധിച്ചില്ല. സാബത്ത് തീര്‍ന്നയുടന്‍ ഞായറാഴ്ച അതിരാവിലെ തന്നെ മഗ്ദലേന മറിയവും മറ്റൊരു മറിയവും കൂടി കല്ലറയിങ്കലെത്തി. മൂന്നാം ദിനത്തില്‍ കല്ലറയിങ്കലെത്തിയ ഈ സ്ത്രീകള്‍ കണ്ട കാഴ്ച മത്തായി സുവിശേഷകന്‍ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. തിന്മയുടെ മേല്‍ സ്വര്‍ഗ്ഗം നേടിയ വിജയത്തെയാണ് മത്തായി ശ്ലീഹാ 28:1-6 വാക്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

രണ്ട് വാക്യങ്ങളിലൂടെയാണ് സുവിശേഷകന്‍ ഈ വിജയം വ്യക്തമാക്കിയിരിക്കുന്നത്. 28:2 “കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന് കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നു.” 28:4 “അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറ പൂണ്ട് മരിച്ചവരെപ്പോലെയായി.” കര്‍ത്താവിന്റെ ദൂതന്‍ കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരിക്കുന്നു. കര്‍ത്താവിന്റെ ദൂതനെക്കുറിച്ചുള്ള ഭയം നിമിത്തം മരിച്ചവരെപ്പോലെയായ കാവല്‍ക്കാര്‍. നാം ശ്രദ്ധിക്കേണ്ടത്, കല്ലിനും കാവല്‍ക്കാര്‍ക്കും സംഭവിച്ച മാറ്റത്തെയാണ്. കല്ലും കാവല്‍ക്കാരും തിന്മയുടെ ശക്തികളെ പ്രതിനിധീകരിക്കുന്നതായിട്ടാണ് മത്തായി ശ്ലീഹാ അവതരിപ്പിക്കുന്നത്. കര്‍ത്താവിന്റെ കല്ലറയ്ക്കു മുമ്പിലെ കല്ലിനും കാവല്‍ക്കാര്‍ക്കും പിന്നില്‍ ഒരു ചരിത്രമുണ്ട്. മത്തായി ശ്ലീഹാ തന്നെ ആ ചരിത്രം ആവിഷ്‌ക്കരിക്കുന്നു. ഈശോയെ സംസ്‌കരിച്ച ശേഷവും ഫരിസേയരുടെയും ജനപ്രമാണികളുടെയും മനസ്സില്‍ തിന്മ പ്രവര്‍ത്തിച്ചു. അവര്‍ക്കൊരു ഭയം, ഈശോയു ടെ ശിഷ്യന്മാര്‍ അവന്റെ ശരീരം മോഷ്ടിച്ചശേഷം അവന്‍ അരുളിച്ചെയ്തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറഞ്ഞുപരത്തിയാലോ? അത് ഒഴിവാക്കാന്‍ തിന്മ രണ്ട് പ്രധാനപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തു. തിന്മയുടെ ഒന്നാമത്തെ പ്രവര്‍ത്തി കര്‍ത്താവിന്റെ കല്ലറയിങ്കലെ കല്ലിന് അവര്‍ മുദ്ര വച്ചു; രണ്ടാമത്തെ പ്രവര്‍ത്തി കല്ലറയ്ക്കു മുന്നില്‍ കാവല്‍ക്കാരെ നിയമിച്ചു. തിന്മ ചെയ്ത ഈ രണ്ട് പ്രവര്‍ത്തികളെയാണ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള കര്‍ത്താവിന്റെ ദൂതന്‍ ഉന്മൂലനം ചെയ്യുന്നത്. കര്‍ത്താവിന്റെ ദൂതന്‍ തിന്മ മുദ്ര വച്ച കല്ല് ഉരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നു. തിന്മ ഏര്‍പ്പെടുത്തിയ കാവല്‍ക്കാര്‍ കര്‍ത്താവിന്റെ ദൂതനെക്കുറിച്ചുള്ള ഭയം നിമിത്തം മരിച്ചവരെപ്പോലെയായി. പ്രിയമുള്ളവരേ, തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയാണ് ഓരോ ഉത്ഥാനത്തിരുന്നാളും നമ്മുടെ മനസ്സില്‍ ഉയര്‍ത്തുന്നത്.

തിന്മയുടെ മേല്‍ വിജയം നേടിയ സ്വര്‍ഗ്ഗം കര്‍ത്താവിന്റെ ദൂതനിലൂടെ സ്ത്രീകള്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. കര്‍ത്താവിന്റെ ദൂതന്‍ അവരോടു പറഞ്ഞു: “നിങ്ങള്‍ വേഗം പോയി അവന്റെ ശിഷ്യന്മാരോട് അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍പ്പിക്കപ്പെട്ടു എന്നു പറയുവിന്‍” (28:7). സര്‍വ്വപ്രതീക്ഷയും നഷ്ടപ്പെട്ട് യഹൂദരെ ഭയന്ന് ഒളിച്ചുകഴിയുന്ന ശിഷ്യന്മാരെ സന്തോഷത്തിന്റെ, നന്മയുടെ ഉത്ഥാനവാര്‍ത്ത അറിയിക്കുവാനുള്ള വിളിയാണ് ഈ സ്ത്രീകള്‍ക്കു ലഭിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട് നിരാശരായവര്‍ക്ക് സന്തോഷത്തിന്റെ സദ്വാവാര്‍ത്ത അറിയിക്കുന്ന നന്മയുടെ സന്ദേശവാഹകരാകാനുള്ള വിളിയും സ്വീകരിച്ചാണ് മഗ്ദലേന മറിയം കല്ലറയിങ്കല്‍ നിന്ന് മടങ്ങുന്നത്.

തിന്മയുടെ മേല്‍ വിജയം നേടിയ കര്‍ത്താവ് നമ്മോടും ആവശ്യപ്പെടുന്നു, നന്മയുടെ സന്ദേശവാഹകരാകുക. കല്‍ക്കത്തയുടെ തെരുവുകളില്‍ നന്മ പടര്‍ത്തിയ ഒരു കന്യാസ്ത്രീയെ ലോകം സ്‌നേഹത്തോടെ വിളിക്കുന്നത് മദര്‍ തെരേസ എന്നാണ്. ഏത് നിരീശ്വരവാദിയും ആ കന്യാസ്ത്രീയെ വിളിക്കുന്നത് അമ്മ എന്നാണ്. അതിനു പിന്നിലെ കാരണം, അത് നന്മ നിറഞ്ഞ ജീവിതമായിരുന്നു എന്നതു മാത്രം. മദര്‍, തന്റെ പ്രവര്‍ത്തനത്തിന്റെ ആരംഭഘട്ടത്തില്‍ തെരുവുകുട്ടികളെ വിളിച്ചിരുത്തി പഠിപ്പിച്ചിരുന്നു. ഒരു ദിവസം ക്ലാസ്സില്‍ വന്ന ഒരു കുട്ടി ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്ന് മദറിനു മനസ്സിലായി. മദറിന്റെ കയ്യിലാകട്ടെ, വണ്ടിക്കൂലിക്കു കൊണ്ടുവന്ന മൂന്ന് അണ മാത്രവും. എങ്കിലും അതെടുത്ത് അവന് ഭക്ഷണം വാങ്ങാന്‍ കൊടുത്തശേഷം ആ അമ്മ മഠത്തിലേയ്ക്ക് കിലോമീറ്ററുകള്‍ നടന്നുപോയി. ഉത്ഥിതന്റെ സന്ദേശം സ്വീകരിച്ച് നിരാശയിലും ദുരിതത്തിലും കഴിയുന്നവര്‍ക്ക് നന്മ നല്‍കിയ വ്യക്തിയാണ് കല്‍ക്കത്തയിലെ മദര്‍ തെരേസ.

ഈശോയുടെ ഉത്ഥാനത്തിലൂടെ തിന്മയുടെമേല്‍ സ്വര്‍ഗ്ഗം നേടിയ വിജയത്തില്‍ പങ്കാളിയാകാന്‍ നാം ചെയ്യേണ്ടത് ഇത്രമാത്രം. ലോകത്തില്‍ നന്മയുടെ സന്ദേശവാഹകരാവുക. നന്മ പരത്താന്‍ ലോകത്തിന്റെ വിവിധ കോണുകളിലേയ്ക്ക് നാം യാത്ര ചെയ്യേണ്ടതില്ല. അത് എന്റെ കുടുംബത്തിലാകാം, എന്റെ അയല്‍വക്കങ്ങളിലാകാം, എന്റെ ഇടവകയിലാകാം, എന്റെ കൂട്ടുകാര്‍ക്കിടയിലാകാം. കുടുംബത്തില്‍ പ്രായമായ മാതാപിതാക്കന്മാരെ ശുശ്രൂഷിക്കുമ്പോള്‍, ഇടവകയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമ്പോള്‍, കൂട്ടുകാര്‍ക്കിടയില്‍ നന്മ പങ്കുവയ്ക്കുന്ന വ്യക്തിത്വങ്ങളാകുമ്പോള്‍ നാം നന്മയുടെ സന്ദേശവാഹകരാവുകയാണ്.

പ്രിയമുള്ളവരേ ഓര്‍ക്കാം, നാമോരോരുത്തരും ഒരു പോരാട്ടഭൂമിയിലാണ് ചുവടുറപ്പിച്ചിരിക്കുന്നത്. നന്മയും തിന്മയും എന്റെ മുന്നില്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടഭൂമിയില്‍. എന്റെ ഓരോ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നിലും രണ്ട് സാദ്ധ്യതകളുണ്ട്; നന്മയും തിന്മയും. അന്തിമമായ വിജയം നന്മയ്ക്കാണെന്ന ബോദ്ധ്യത്തില്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ നമുക്കാകട്ടെ. പാപത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചവരാണെന്നും യേശുക്രിസ്തുവില്‍ ദൈവത്തിനു വേണ്ടി ജീവിക്കുന്നവരാണ് നാം എന്നും ലേഖനത്തിലൂടെ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിച്ചു. ദൈവത്തിനു വേണ്ടി ജീവിക്കുന്നവരായ നമുക്ക് നന്മ തെരഞ്ഞെടുക്കുവാനുള്ള ആര്‍ജ്ജവത്വം ലഭിക്കുന്നതിനായി ഈ വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കാം.

ബ്ര. ജൂഡ് കോയില്‍പറമ്പില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.