ഉയിര്‍പ്പ്: സൃഷ്ടിയുടെ പെരുന്നാള്‍

ലോകരക്ഷകനായ യേശു സര്‍വ്വസൃഷ്ടികളെയും ദൈവസംസര്‍ഗ്ഗത്തിലേയ്ക്ക് പുനരാനയിച്ച തിരുനാളാണ് ഉയിര്‍പ്പ് തിരുന്നാള്‍. പാപത്തിലൂടെ ദൈവീകസംസര്‍ഗ്ഗ
ത്തിന്‍റെ ഇടമായ പറുദീസായില്‍ നിന്നും പുറത്താക്കപ്പെട്ടവരെ പുനഃപ്രതിഷ്ഠിക്കുവാന്‍ ഇസ്രായേല്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് പഴയനിയമചരിത്രം. ദൈവനിയോഗം സ്വീകരിച്ച് ഇതിനായി പരിശ്രമിച്ച പിതാക്കന്മാരുടെയും ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും പ്രവാചകരുടെയും തുടര്‍ച്ചയായിട്ടാണ് ദൈവപുത്രനായ യേശു മനുഷ്യാവതാരം ചെയ്തത്. യേശുവിന്‍റെ വിസ്മനീയമായ പ്രബോധനങ്ങളും അത്ഭു
തങ്ങളും ജനത്തെ ആകര്‍ഷിച്ചു. അവര്‍ക്കുവേണ്ടി സ്വജീവനെ നല്‍കി മരണം പുല്‍കിയ യേശു തമ്പുരാന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് സൃഷ്ടിയെ രക്ഷയില്‍ പുനപ്രതി
ഷ്ഠിച്ചതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഉയിര്‍പ്പ് തിരുന്നാള്‍. തിന്മ നിമിത്തം സൃഷ്ടാവില്‍ നിന്നുമകന്ന സൃഷ്ടിയെ സൃഷ്ടാവിലേക്ക് ആനയിക്കുകയും അതു വഴി ദൈവ-മനുഷ്യ-
പ്രപഞ്ച-ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന തിരുന്നാളാണ് ഉയിര്‍പ്പു തിരുന്നാള്‍.

ഉയിര്‍പ്പ് സൃഷ്ടിയുടെ ആഘോഷം

യഹൂദനായി ജനിച്ച യേശു യഹൂദമതാചാരങ്ങള്‍ അനുഷ്ഠിക്കുകയും അവരുടെ വിശ്വാസത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ജനനത്തിന്‍റെ എട്ടാം ദിവസം ചേലാകര്‍മ്മം നിര്‍വ്വഹിച്ചു. (ഉല്പ 17:10, ലൂക്കാ 2:21) ആറാഴ്ച പിന്നിട്ടപ്പോള്‍ ദൈവാലയത്തില്‍ സമര്‍പ്പിച്ചു (ലൂക്ക 2: 22-24). പന്ത്രണ്ടാം വയസ്സില്‍ ദൈവാലയശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു (ലൂക്ക 2:42) മുപ്പതാം വയസ്സില്‍ അനുതാപത്തിന്‍റെ മാമ്മോദീസാ സ്വീകരിച്ചു (മര്‍ക്കോ 1:4). യേശുതമ്പുരാന്‍ യഹൂദാചാരാനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നപ്പോള്‍ തന്നെ അര്‍ത്ഥം നഷ്ടപ്പെട്ട ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു. തുളസ്സി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവയെ അവഗണിക്കുകയും
(മത്താ 23:23) ചെയ്യുന്നതിനെതിരെ യേശു ശബ്ദമുയര്‍ത്തി: “നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നതെന്ന്” പ്രഖ്യാപിച്ച യേശു (മത്താ 5:17) നിയമത്തിന് പുതുവ്യാഖ്യാനങ്ങളും നല്‍കുന്നു (മത്താ 5: 21-22, 27-28, 31-32, 33-34, 38-39, 43-44). യേശുവിന്‍റെ ജീവിതത്തിലുടനീളം നിയമത്തിന് വിധേയപ്പെടുകയും പൊളളയായ നിയമാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നത് കാണാനാകും.

ഈസ്റ്റര്‍ ആഘോഷത്തിലും പാരമ്പര്യാനുഷ്ഠാനത്തിന്‍റെയും പുതുമയുടെയും ഭാവമുണ്ട്.
ഉയിര്‍പ്പു തിരുന്നാളിനെ പെസഹാ ആഘോഷത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. പഴയനിയമത്തിലെ പെസഹാ ആചരണം സാബത്താചരണത്തിന്‍റെ പശ്ചാത്തലത്തില്‍. ആറുദിവസത്തെ സൃഷ്ടികര്‍മ്മത്തിനുശേഷം വിശ്രമിച്ച ദിവസത്തെ കര്‍ത്താവിന്‍റെ ദിവസമായി ഇസ്രായേല്‍ ജനം ആചരിച്ചു. സൃഷ്ടവസ്തുക്കള്‍ സൃഷ്ടാവില്‍ നിന്നും അനുഗ്രഹം പ്രാപിച്ച ദിവസമാണ് സൃഷ്ടികര്‍മ്മം തുടരുന്ന സാബത്താചരണമായി രൂപപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ നിന്നും വിട്ട് സൃഷ്ടാവിനോടുകൂടി ചിലവഴിക്കുന്ന ദിവസമാണിത് (ഉല്പ 2:1-3). ആഴ്ചവട്ടത്തില്‍ സൃഷ്ടവസ്തുക്കള്‍ സൃഷ്ടാവിനോട് ചേര്‍ന്നു നടത്തിയ ആചരണം സാബത്തായി രൂപാന്തരപ്പെട്ടു. ആറുവര്‍ഷത്തെ അദ്ധ്വാനത്തിനുശേഷം ഏഴാം വര്‍ഷം വിശ്രമത്തിനായി മാറ്റിവച്ചുകൊണ്ട് സാബത്ത് വര്‍ഷം ആചരിക്കുന്ന രീതിയും (പുറ 23:10-11, നിയമാവര്‍ത്തനം 15 :1-11, ലേവ്യ 25: 1-7) ഏഴു സാബത്ത് വര്‍ഷത്തിനുശേഷം വരുന്ന ജൂബിലി വര്‍ഷത്തില്‍ കരുണയുടെയും സ്വാതന്ത്ര്യത്തിന്‍റെയും വിശുദ്ധവര്‍ഷം ആചരിക്കുന്ന രീതിയും (ലേവ്യ 25:8-22) യഹൂദരുടെയിടയില്‍ പ്രചാരത്തില്‍ വന്നു.
സാബത്ത് ആചരണം ദൈവത്തിന്‍റെ പ്രതിനിധിയായി പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കളെ പരികര്‍മ്മം ചെയ്യുന്ന മനുഷ്യന്‍ സൃഷ്ടാവിനോട് ചേര്‍ന്ന് നടത്തുന്ന ദൈവസംസര്‍ഗ്ഗത്തിന്‍റെ ആചരണമാണ്.

യഹൂദരുടെ സാബത്താചരണത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് പെസഹ ആചരണത്തെ കാണേണ്ടത്. ഈജിപ്തിലെ അടിമത്തത്തില്‍ സാബത്താചരണം മുടങ്ങുകയും ദുരിതം വര്‍ദ്ധിക്കുകയും ചെയ്ത നാളുകളിലാണ് മോശ വിമോചകനായി രംഗപ്രവേശം ചെയ്യുന്നത്. ജനത്തെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി മോശയുടെ നിര്‍ദ്ദേശപ്രകാരം കടിഞ്ഞൂല്‍ മൃഗങ്ങളെ ബലിയര്‍പ്പിച്ച് വാതില്‍പ്പടികളില്‍ തളിച്ച രക്തത്തിലൂടെ സംഹാരദൂതനെ അതിജീവിച്ച (പുറ. 12 1-14) ഇസ്രായേല്‍ജനത വീണ്ടെടുപ്പിന്‍റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് പെസഹ ആചരണം. യഹൂദരുടെ മതാചാരങ്ങളില്‍ സുപ്രധാനമായ പെസഹ ആചരണത്തെ അതിന്‍റെ പൂര്‍ണ്ണഗൗരവത്തോടെയാണ് യേശു അനുഷ്ഠിച്ചത്. യേശുവിന്‍റെ നിര്‍ദ്ദേശാനുസരണം സെഹിയോന്‍ മാളികയില്‍ തയ്യാറാക്കിയ പെസഹാ (മത്താ 26:17) യില്‍ കുഞ്ഞാടിന് പകരം യേശു തമ്പുരാന്‍ നല്‍കിയത് സ്വന്തം ശരീരവും രക്തവുമാണ്. വ്യാഴാഴ്ച സെഹിയോന്‍ മാളികയില്‍ പ്രതീകാത്മകമായി നടത്തിയത് ദുഃഖവെള്ളിയാഴ്ച തന്‍റെ മരണത്തിലൂടെ പൂര്‍ത്തിയാക്കി. മരണത്തെ തുടര്‍ന്നുള്ള സാബത്ത് പൂര്‍വ്വപിതാക്കന്മാരുടെ വിടുതലിനായി ഉപയോഗിച്ച യേശു തമ്പുരാന്‍ ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച മരിച്ചവരില്‍ നിന്ന് ഉത്ഥിതനായി. യേശു തന്‍റെ മരണത്തിലൂടെ മനുഷ്യരുടെയും പ്രപഞ്ചത്തിന്‍റെയും വിമോചകനായി മാറി.

വിശ്രമത്തിന്‍റെ, സാബത്താചരണത്തില്‍ നിന്നും മരണത്തില്‍ നിന്നും ജീവനിലേയ്ക്ക് പ്രപഞ്ചത്തെ കൈപിടിച്ചുയര്‍ത്തിയ ഉത്ഥാനത്തിന്‍റെ ആചരണത്തിലേക്ക് പുതിയ ഇസ്രായേല്‍ രംഗപ്രവേശം ചെയ്തു. അങ്ങനെ കര്‍ത്താവിന്‍റെ ദിവസമായ സാബത്ത് ആചരണം നിത്യജീവനില്‍ പ്രവേശിപ്പിക്കപ്പെട്ട സൃഷ്ടിയുടെ ആഘോഷമായി മാറി. ഞായറാഴ്ചയാചരണം കേവലം ഉയിര്‍പ്പിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, ദൈവരാജ്യത്തിന്‍റെ നിത്യസൗഭാഗ്യം ഈ ലോകത്ത് തന്നെ അനുഭവിക്കുന്നതിനുള്ള അവസരവുമായി മാറി. ഉയിര്‍പ്പ് ഞായറാഴ്ച ആചരണം വര്‍ഷം തോറും നടത്തി വരുന്ന ദൈവം മനുഷ്യപ്രപഞ്ച സംഗമത്തിന്‍റെ ഉത്സവം കൂടിയാണ്.

ഉയിര്‍പ്പ് തിരുന്നാള്‍ മലങ്കരസഭയില്‍

ദൈവ-മനുഷ്യ-പ്രപഞ്ചബന്ധത്തിന്‍റെ സംഗമം എല്ലാ ഞായറാഴ്ചകളിലും പ്രത്യേകമാം വിധത്തില്‍ നാമനുസ്മരിക്കുന്നു. ആണ്ടുവട്ടത്തില്‍ പ്രത്യേകമായി ഉയിര്‍പ്പ് തിരുന്നാള്‍ ദിവസം നാമിതാചരിക്കുന്നു. നാല്‍പ്പതുദിവസം നീണ്ട് നില്‍ക്കുന്ന നോമ്പനുഷ്ഠാനത്തോടെയാണ് നാമിതിനൊരുങ്ങുന്നത്. ഓശാന ദിവസത്തെ വിശുദ്ധീകരണത്തോടും ആര്‍പ്പ് വിളികളോടെയുമാണ് വലിയ ആഴ്ചയിലേയ്ക്ക് നാം പ്രവേശിക്കുന്നത്. പെസഹാ ആചരണത്തിലൂടെ ഇസ്രായേലിന്‍റെ വിടുതലും നിത്യജീവന് അച്ചാരവുമായി യേശുതമ്പുരാന്‍ നല്‍കിയ തിരുശരീരരക്തത്തിലുമുള്ള പങ്കുചേരലിലൂടെയും ഒരുങ്ങുന്ന വിശ്വാസികള്‍ യേശുവിന്‍റെ മരണത്തോടൊപ്പം പാപത്തിന് മരണപ്പെടുകയും ചെയ്തുകൊണ്ടാണ് ഉയിര്‍പ്പിനായി ഒരുങ്ങുന്നത്.
സഭയില്‍ നിശ്ചിതദിവസത്തില്‍ ആചരിക്കുന്ന പെരുന്നാളുകളും, ഓരോ വര്‍ഷവും മാറിമാറി വരുന്ന പെരുന്നാളുകളും ഉണ്ട്. യേശുവിന്‍റെ രക്ഷാകരകൃത്യത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന പെസഹാ, ദുഃഖവെളളി, ഈസ്റ്റര്‍, സ്വര്‍ഗ്ഗാരോഹണം, പെന്തിക്കോസ്തി എന്നിവ അനിശ്ചിതോത്സവത്തില്‍പ്പെടുന്നു.

ഉയിര്‍പ്പുതിരുന്നാളിന്‍റെ ആഘോഷത്തിനനുസരിച്ചാണ് അനിശ്ചിതോത്സവങ്ങളിലെ ഇതരതിരുനാള്‍ ദിവസങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ദക്ഷിണായനം കഴിഞ്ഞുണ്ടാകുന്ന പൗര്‍ണ്ണമാസി ദിവസത്തിനുശേഷം വരുന്ന ഞായറാഴ്ചയാണ് ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പ് തിരുന്നാള്‍ വിവിധ സഭകളില്‍ ഓരേ ദിവസം നടക്കത്തക്കവിധം നിഖ്യാ സൂനഹദോസില്‍ (AD 325) ഏകീകരിച്ചതിന്‍റെ ഭാഗമായിട്ടാണ് ഈ ക്രമീകരണം. എന്നാല്‍ യഹൂദരുടെ പെസഹായ്ക്കുശേഷം വേണം ഉയിര്‍പ്പുതിരുന്നാള്‍ എന്നു കൂടി നിഖ്യാ സൂനഹദോസ് നിശ്ചയിച്ചിരുന്നു. കാലക്രമത്തില്‍ ഈ ഭാഗത്തിന് വേണ്ട പ്രാധാന്യം പാശ്ചാത്യ സഭ നല്‍കിയില്ല. പിന്നീട് ഇതരസഭകളിലേക്കും വ്യാപിച്ചു. ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ നിന്നും പുറപ്പെടുന്നതിന് യഹോവ നിശ്ചയിച്ച സമയവും ഇതായിരുന്നു. വസന്തകാലത്തെ പൗര്‍ണ്ണമി ദിവസത്തില്‍ രാത്രി മുഴുവന്‍ നിലാവുള്ള സമയത്താണ് ഇസ്രായേല്‍ ജനം അടിമത്തം വിട്ട് യഹോവ കാണിച്ച വഴിയിലൂടെ കാനാന്‍ ദേശത്തേക്ക് യാത്ര തിരിച്ചത്. പുതിയ ഇസ്രായേലും തിന്മയുടെ അടിമത്തത്തില്‍ നിന്നും നിത്യജീവന്‍റെ സ്വാതന്ത്യത്തിലേക്കു പ്രവേശിക്കുവാനായി ഈ സമയം തന്നെ നിശ്ചയിച്ചു.
നാല്‍പ്പതുദിവസം നീണ്ടു നിന്ന നോമ്പിന്‍റെ വ്രതശുദ്ധിയൊടും ഹാശായാഴ്ചയിലെ പരിത്യാഗത്തോടും തിന്മയെ ഉപേക്ഷിച്ച് വിശ്വാസത്തോടും പ്രത്യാശയോടും കൂടി യേശുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഉറച്ച് നില്‍ക്കാനുള്ള തീരുമാനമാണ് ഉയിര്‍പ്പ് ദിവസത്തിലെ ആഘോഷങ്ങളിലൂടെ നാം നടത്തുന്നത്. പാപത്തിന് മരിക്കുകയും ദൈവീകജീവനില്‍ പുനര്‍ ജനിക്കുകയും ചെയ്യുന്ന തിരുന്നാളാണ് ഉയിര്‍പ്പ് തിരുന്നാള്‍. വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അനുഭവത്തിലാണ് നാം ഉയിര്‍പ്പു തിരുന്നാള്‍ ആഘോഷിക്കുന്നത്.

മലങ്കരസഭയിലെ ഉയിര്‍പ്പുശുശ്രൂഷ

പാശ്ചാത്യസുറിയാനി പാരമ്പര്യമനുസരിച്ച് മലങ്കര സഭയില്‍ നടത്തപ്പെടുന്ന ഉയിര്‍പ്പ് ശുശ്രൂഷ ലളിതമെങ്കിലും ഹൃദ്യമാണ്. ഇതില്‍ പ്രധാനമായും നാലു ശുശ്രൂഷ
കളാണുളളത്. ഉയിര്‍പ്പിന്‍റെ പ്രഖ്യാപനം രാത്രി പ്രാര്‍ത്ഥനയില്‍ മൂന്നാം കൗമ്മായുടെ അവസാനത്തിലാണ്. ഉയിര്‍പ്പിന്‍റെ പ്രഖ്യാപനം നടത്തുന്നത്. മലങ്കരക്രമമനുസരിച്ച് ഏറ്റവും ആഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഒരു മുഹൂര്‍ത്തമാണിത്. രാത്രി പ്രാര്‍ത്ഥനയിലൂടെ മൂന്നാം കൗമ്മാ വിശ്വാസികള്‍ നടത്തികൊണ്ടിരിക്കുന്ന അവസരത്തില്‍ പുരോഹിതനും ശുശ്രൂഷകരും മദ്ബഹായില്‍ പ്രവേശിച്ച് അംശവസ്ത്രങ്ങള്‍ ധരിച്ച് നിര്‍ദ്ദിഷ്ട പ്രാര്‍ത്ഥനകള്‍ ചൊല്ലികൊണ്ട് അടക്കം ചെയ്ത കുരിശിലെ ഊറാറ നീക്കി ചുവന്ന ശോശപ്പാ അണിയിക്കുന്നു. തുടര്‍ന്ന് മദ്ബഹായിലെ മുഴുവന്‍ തിരികളും കത്തിച്ച് മദ്ബഹായെ മോഹനമായി അലങ്കരിക്കുന്നു. ശുശ്രൂഷകര്‍ മണി, മറുബഹാസ, ധൂപക്കുറ്റി, കത്തിച്ച തിരി എന്നിവയുമായി പടിഞ്ഞാറോട്ടഭിമുഖമായി നില്‍ക്കുന്ന കാര്‍മ്മികന്‍റെ ഇരുവശങ്ങളിലും അണിനിരക്കുന്നു. തുടര്‍ന്ന് “ഒരു പുതിയ വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു”എന്ന് ആമുഖമായി പറഞ്ഞുകൊണ്ട് യേശു കബറില്‍ നിന്നുയിര്‍ക്കുകയും ശത്രുക്കളെ തുരത്തുകയും ചെയ്ത വിവരം പ്രഖ്യാപിക്കുന്നു. പ്രതിവാക്യമായി വിശ്വാസിസമൂഹം യേശുവിന്‍റെ ഉയിര്‍പ്പിലുള്ള വിശ്വാസത്തെ പ്രഘോഷിക്കുന്നു. ഈ പ്രഖ്യാപനം മൂന്നുപ്രാവശ്യം നടത്തുന്നു. പണ്ടുകാലങ്ങളില്‍ ഈ പ്രഖ്യാപനത്തിന്‍റെ അവസരത്തില്‍ വെടിയും പടക്കവും പൊട്ടിക്കുന്ന പതിവും ഉണ്ടായിരുന്നു.

രണ്ടാം ശുശ്രൂഷ ഉയിര്‍പ്പിന്‍റെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാത്രി പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയശേഷമാണ് ഉയിര്‍പ്പിന്‍റെ രണ്ടാം ശുശ്രൂഷ നടത്തുന്നത്. പ്രാരംഭ
പ്രാര്‍ത്ഥന, എനിയോനോ, പ്രുമിയോന്‍, സെദ്റാ എന്നിവയടങ്ങുന്ന ഒരു ചെറിയ ശുശ്രൂഷയാണിത്. യേശുവിന്‍റെ ഉയിര്‍പ്പിനോടൊപ്പം ഞങ്ങളെയും മരണത്തില്‍ നിന്നും ജീവനിലേക്കുയര്‍പ്പിച്ചുവെന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് ഇത് നടത്തുന്നത്. ഉത്ഥിതനായ യേശുവിന്‍റെ കാരുണ്യം യാചിക്കുന്ന എനിയോനെയും വിശ്വാസിസമൂഹത്തിന്‍റെ ഉത്കണ്ഠകളിലും അസ്വസ്ഥകളുടെ നിമിഷങ്ങളിലും ഉത്ഥിതന്‍റെ ഇടപെടലിനുവേണ്ടി നടത്തുന്ന സെദ്റ പ്രാര്‍ത്ഥനകളും ഇതിന്‍റെ പ്രത്യേകതയാണ്. സുറിയാനി പാരമ്പര്യമനുസരിച്ച് പഴയനിയമത്തിലും പുതിയ നിയമത്തിലും നടന്നിട്ടുളള പ്രധാന ദൈവീക ഇടപെടലുകളെ പരാമര്‍ശിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന പ്രാര്‍ത്ഥനകള്‍ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ സഹായകമാണ്.

പ്രദക്ഷിണം ഉത്ഥിതനായ യേശു അപ്പസ്തോലന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട് അവരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തിയ രീതിയില്‍ ഉത്ഥിതനായ യേശുവിനെ വഹിച്ചു
കൊണ്ടു ദേവാലയത്തിനു ചുറ്റും നടത്തുന്ന പ്രദക്ഷിണമാണ് തുടര്‍ന്ന് നടക്കുന്നത്. ഉത്ഥാന സ്ലീബായും ഏവന്‍ഗേലിയോനും വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ കുട, കൊടി ആദിയായവയും വഹിച്ചുകൊണ്ട് വിശ്വാസികള്‍ പങ്കുചേരുന്നു. പ്രദക്ഷിണസമയത്ത് ദൈവാലയത്തിലും പടിഞ്ഞാറെ വാതില്‍ക്കലും നടത്തുന്ന സുവിശേഷവായനകള്‍ ഉത്ഥാനം ചെയ്ത യേശുവിന്‍റെ പ്രത്യക്ഷത്തെ അനുസ്മരിക്കുന്നു. ഇതിലൂടെ ഇന്നും നമ്മോടുകൂടിയായിരുന്ന് നമ്മെ ശക്തിപ്പെടുത്തുന്ന ഉത്ഥിതന്‍റെ സാന്നിദ്ധ്യത്തെ നാം ഏറ്റ് പറയുന്നു.

സ്ലീബാ ആഘോഷം അവസാനമായി ഉത്ഥാന സ്ലീബാ ഉയര്‍ത്തി നടത്തുന്ന സ്ലീബാ ആഘോഷത്തിലൂടെ സര്‍വ്വപ്രപഞ്ചത്തെയും വാഴ്ത്തി അനുഗ്രഹിക്കുന്നു. യേശുവിന്‍റെ ഉത്ഥാന സന്തോഷം മനുഷ്യര്‍ക്കു മാത്രമല്ല, പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടവസ്തുക്കള്‍ക്കു കൂടെ അവകാശപ്പെട്ടതാണ് എന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്ലീബായും ഏവന്‍ഗേലിയോനും മുത്തി പരസ്പരം സമാധാനം കൊടുക്കുന്നുവെന്നത് ഉയിര്‍പ്പ് ശുശ്രൂഷയുടെ പ്രത്യേകതയാണ്.
സമാധാനത്തിന്‍റെ സന്ദേശം യേശുവിന്‍റെ ജനനവാര്‍ത്ത അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടി: “അത്യുന്നതങ്ങളില്‍ സ്തുതി, ഭൂമിയില്‍ സന്മനസ്സുളളവര്‍ക്ക് സമാധാനം.” ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ആശംസിച്ചതും സമാധാനം ആയിരുന്നു. ഉയിര്‍പ്പിന്‍റെ ശുശ്രൂഷയിലും രജഞിപ്പിന്‍റെയും സമാധാനത്തിന്‍റെയും കൈസൂരിക്ക് വലിയ പ്രാധാന്യമാണുള്ളത്. അനുരജ്ഞനത്തിന്‍റെ ശുബുക്കോനോ ശുശ്രൂഷയിലൂടെ നോമ്പിലേക്ക് പ്രവേശിച്ച വിശ്വാസിസമൂഹം സമാധാന ആശംസകള്‍ കൈമാറുന്ന ഉയിര്‍പ്പ് ശുശ്രൂഷയിലൂടെ സമാധാനത്തിന്‍റെ സംവാഹകരാവുകയാണ്. തിന്മയെ വെടിഞ്ഞ് നന്മയെ പുല്‍കുന്നവന്‍റെ ആശ്വാസവും ദുഷ്ടചിന്തകളുടെയും പ്രവര്‍ത്തികളുടെയും സ്ഥാനത്ത് ദൈവീകചൈതന്യത്താല്‍ മനസ്സിനെയും ഹൃദയത്തെയും മാത്രമല്ല, ജീവിതത്തെ തന്നെ സമൃദ്ധമാക്കുന്ന പെരുന്നാളാണ് ഉയിര്‍പ്പ്തിരുന്നാള്‍.

വ്യക്തിജീവിതത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല, ഉയിര്‍പ്പ് നല്‍കുന്ന സമാധാനചിന്തകള്‍. സമൂഹമന:സാക്ഷിയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ദുഷ്ചിന്തകളുടെ സ്ഥാനത്ത് ഉയിര്‍പ്പ് നല്‍കുന്ന സമാധാനത്തിന്‍റെ ചിന്തകളെ പ്രവഹിപ്പിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, തത്വസംഹിതകളുടെ പേരില്‍ വിഭജിതമായിരിക്കുന്ന സമൂഹമന:സാക്ഷിയിലേക്ക് ഉയിര്‍പ്പിന്‍റെ സന്ദേശത്തെ കടത്തിവിടാന്‍ ഓരോ ക്രിസ്ത്യാനിയും കടപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ പാപത്തെക്കുറിച്ചുളള വ്യസനമാണ് ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിനും മരണത്തിനും ഉയിര്‍പ്പിനും പ്രേരകമായത്. ഇന്നത്തെ ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന തിന്മയുടെ സ്ഥാനത്താണ് നാം ഉയിര്‍പ്പ് തിരുന്നാളാഘോഷിക്കുന്നത്. തിന്മയുടെ സ്ഥാനത്ത് നന്മയെ പുനഃപ്രതിഷ്ഠിക്കുക, ഇതായിരിക്കട്ടെ നമ്മുടെ കര്‍മ്മവും സാക്ഷ്യവും.

റവ. ഫാ. മത്തായി കടവില്‍ ഒ.ഐ.സി

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.