ചില ഉയിര്‍പ്പുവിചാരങ്ങള്‍

ഈ ലേഖനത്തിന്റെ വിചാരവിഷയം ‘സ്ലീബായാരാധന’യുടെ (സെഗ്ദ്‌തൊ ദ് സ്ലീബൊ) വെള്ളിയാഴ്ച (ദുഃഖവെള്ളിയാഴ്ച) കബറടക്കപ്പെട്ടിരുന്ന മാര്‍ സ്ലീബായുമായി ക്യംതായുടെ രാത്രി നമസ്‌കാരത്തിനിടയിലും വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പുമായി നടത്തുന്ന ഉയിര്‍പ്പുശുശ്രൂഷയുടെ പ്രദക്ഷിണപാദങ്ങള്‍ മാത്രമാണ്.

സുറിയാനിശുശ്രൂഷക്രമമനുസരിച്ച്, ഉയിര്‍പ്പുശുശ്രൂഷക്രമം ‘സ്ലീബായുടെ ഘോഷയാത്രയുടെ / പ്രദക്ഷിണത്തിന്റെ ക്രമം ’ (സൂയോഹൊ ദ് സ്ലീബൊ) അത്രേ. ഈ പ്രദക്ഷിണത്തിന്റെ അന്തസത്ത ഇതാണ്: വധിക്കപ്പെട്ടു മരിച്ചടക്കപ്പെട്ട മിശിഹാകര്‍ത്താവ് ശത്രുവായ മരണത്തെയും കൂട്ടാളികളെയും പറ്റെ പരാജയപ്പെടുത്തി ഉഥിതനായി പ്രത്യക്ഷനാകുന്നു. കര്‍ത്താവിന്റെ വിജയവും പ്രത്യക്ഷീകരണവും മാമോദീസായിലെ ഉടമ്പടിയോടു വിശ്വസ്തരായിരിക്കുന്നവര്‍ക്ക് ആനന്ദത്തിന്റെ അവസരമാകുന്നു. ഈ  പ്രത്യക്ഷീകരണം ആരാധകസംഘത്തിനു പൊതുവെയും ആരാധകസംഘത്തിലെ ഓരോരുത്തര്‍ക്കും അനുഭവസ്ഥമാകുന്നതിലും അതനുസരിച്ചു പ്രവര്‍ത്തിക്കുന്നതിലുമാണ് ഉയിര്‍പ്പുശുശ്രൂഷയുടെ ഫലസമൃദ്ധി.

ശുശ്രൂഷയുടെ പേരും അനുഷ്ഠാനക്രമവും അറിയിക്കുന്നത്

അനുഷ്ഠാനക്രമമനുസരിച്ച് സ്ലീബായുടെ ഘോഷയാത്രയ്ക്ക് / പ്രദക്ഷിണത്തിന് രണ്ടു പാദങ്ങളുണ്ട്. ആദ്യത്തേതില്‍ മദ്ബഹായില്‍  ‘ഉയിര്‍പ്പിക്കല്‍ – പ്രഖ്യാപനശുശ്രൂഷ ’കള്‍. ഇതില്‍, ഉയിര്‍പ്പിക്കപ്പെട്ടവനായ കര്‍ത്താവ് ആരാധകസംഘത്തിന് ആദ്യമായി പ്രത്യക്ഷപ്പെടുന്നു. അവര്‍ അവന്റെ ഉയിര്‍പ്പിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുന്നു. തുടര്‍ന്ന് പ്രാര്‍ഥനമേശയുടെ പടിഞ്ഞാറുവശത്തുനിന്നുള്ള പ്രാര്‍ഥനകള്‍ക്കുശേഷം പള്ളിയുടെ പുറത്തു നടത്തുന്ന പ്രദക്ഷിണമാണ് സ്ലീബായുടെ ഘോഷയാത്രയുടെ രണ്ടാം പാദം.

സ്ലീബായുടെ ഘോഷയാത്രയുടെ ഒന്നാം പാദം:   ‘ഉയിര്‍പ്പിക്കല്‍ – പ്രഖ്യാപനശുശ്രൂഷ ’കള്‍ ശത്രുക്കളുടെമേല്‍ ദൈവത്തിന്റെ സമ്പൂര്‍ണ വിജയം ഉയിര്‍പ്പുതിരുനാളിലെ ഏറ്റവും പ്രതീക്ഷാനിര്‍ഭവും ആവേശഭരിതവും ആനന്ദദായകവുമായ ശുശ്രൂഷകളാണ് ‘ഉയിര്‍പ്പിക്കല്‍ – പ്രഖ്യാപനശുശ്രൂഷ ’കള്‍. രാത്രിനമസ്‌കാരം മൂന്നാം കൗമായിലെ ‘മാലാഖാസ്തുതി’ക്കു (“ഹാലേലുയ്യാ, ഹാലേ…”) മുമ്പായി, വിരിയിട്ടു മറച്ചിരുന്ന മദ്ബഹായില്‍ കര്‍മി പ്രവേശിച്ച് തിരുവസ്ത്രങ്ങളണിഞ്ഞ്,  ‘സ്ലീബായാരാധന’യുടെ വെള്ളിയാഴ്ച കബറടക്കപ്പെട്ടിരുന്ന മാര്‍ സ്ലീബായെ യഥാവിധി ‘കബറില്‍’നിന്ന് എടുത്ത്, ചുവന്ന ഊറാറയും ശോശപ്പയും അണിയിച്ച്, മദ്ബഹായില്‍, ചുവന്ന ചിത്തോലയിട്ട മ്‌നോര്‍ത്തൊയില്‍ (ഗോല്‌ഗോഥായില്‍) വയ്ക്കുന്നു. ശുശ്രൂഷകര്‍ സ്ലീബായുടെ ഇരുവശങ്ങളിലും മര്‍ബഹാസകളും കത്തിച്ച തിരികളും വയ്ക്കുന്നു.

കര്‍മി സ്ലീബായുടെ പടിഞ്ഞാറുവശത്തുനിന്ന് ‘രഹസ്യശുശ്രൂഷ’ നടത്തുന്നു. കബറില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ട സ്ലീബായെ മദ്ബഹായില്‍ മ്‌നോര്‍ത്തൊയില്‍ (ഗോല്‌ഗോഥായില്‍) ഉയര്‍ത്തുന്നതില്‍ ഗോല്‌ഗോഥായിലെ യേശുവിന്റെ ഉയര്‍ത്തലിന്റെ അന്തസത്തയുടെ സമ്പന്നത അന്തര്‍ഭവിച്ചിട്ടുണ്ട്. പെസഹാത്തിരുനാളിനോടനുബന്ധിച്ച് യേശു പറഞ്ഞിട്ടുണ്ടല്ലോ, “ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്ക്  ആകര്‍ഷിക്കും” എന്ന് (യോഹ 12,20-36). ഗോല്‌ഗോഥായിലെ യേശുവിന്റെ ഉയര്‍ത്തലില്‍ അവന്റെ മരണം മാത്രമല്ല, മൃതരില്‍നിന്നുള്ള ഉയിര്‍പ്പും സ്വര്‍ഗത്തിലേക്കുള്ള ഉയര്‍ത്തലും (സ്വര്‍ഗാരോഹണവും) ഉണ്ട്. ഇവയെല്ലാം ഉള്ളടങ്ങിയിട്ടുള്ളതാണ് പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്താന്‍വേണ്ടിയുള്ള യേശുവിന്റെ മഹത്വീകരണം (യോഹ 12,27-36).

മദ്ബഹായില്‍ മ്‌നോര്‍ത്തൊയില്‍ ഉയര്‍ത്തപ്പെട്ട സ്ലീബായുടെ മുമ്പിലെ രഹസ്യശുശ്രൂഷ ആരംഭിക്കുന്നത് “ദൈവമുയിര്‍ക്കുമവനുടെ വൈരികള്‍ ചിതറിപ്പോം …”(സുറിയാനി മൂലമനുസരിച്ച്) എന്നാരംഭിക്കുന്ന, നാലു പാദങ്ങളുള്ള, കുക്കിലിയോന്‍ പാടി ധൂപാര്‍പ്പണം നടത്തിക്കൊണ്ടാണ്.  ദൈവവും കര്‍ത്താവുമായ യേശു ഉയിര്‍പ്പാല്‍ തന്റെ ശത്രുക്കളുടെമേല്‍ നേടിയ വിജയത്തിന്റെ ഉദ്‌ഘോഷണമത്രേ കുക്കിലിയോന്‍. “ദൈവമുയിര്‍ക്കുമവനുടെ വൈരികള്‍ ചിതറിപ്പോം …” എന്ന ഒന്നാം പാദം സംഖ്യ10,35പ്ശീത്തായെ അനുസ്മരിപ്പിക്കുന്നതാണ്. ഉഥിതസ്ലീബാ ദൈവജനത്തിനു ശത്രുക്കളുടെമേല്‍ സമ്പൂര്‍ണവിജയം നേടിത്തരുന്ന വാഗദാനപെട്ടകമാകുന്നു എന്ന് അടയാളപ്പെടുത്തുന്നു. “പകയാളര്‍ പുകപോല്‍ മാഞ്ഞിടുമേ ഹാ … ഹാ … നീചന്മാര്‍ നാശംപൂകും കര്‍ത്തൃസമക്ഷം” എന്ന രണ്ടാം പാദം സങ്കീര്‍ത്തനം 37,20 പ്ശീത്താ  അധികരിച്ചുള്ളതാണ്. ഈ സങ്കീര്‍ത്തനത്തില്‍ ഉടമ്പടിത്താത്പര്യം മുന്തിനില്ക്കുന്നു. യേശുവിന്റെ ഉയിര്‍പ്പും ഉയിര്‍പ്പുശുശ്രൂഷയും മാമോദീസായിലെ ഉടമ്പടിയോടു വിശ്വസ്തരല്ലാത്തവര്‍ക്ക് ആനന്ദത്തിന്റെ അവസരമല്ല; മറിച്ച്, ന്യായവിധിയുടെയും ദണ്ഡനത്തിന്റെയുമത്രേ. മാമോദീസായിലെ ഉടമ്പടിപ്രവേശനം യേശുവിന്റെ ഉഥാനത്തിലെ വിജയത്തിലേക്കും ആനന്ദത്തിലേക്കുമുള്ളതുമാകുന്നു എന്നും, ഉടമ്പടിയോട് അവിശ്വസ്തരാകുന്നവര്‍ക്ക് ഉയിര്‍പ്പുശുശ്രൂഷ ന്യായവിധിയുടെയും ദണ്ഡനത്തിന്റെയുമാകുന്നു എന്നും, ഉയിര്‍പ്പുശുശ്രൂഷയ്ക്കുമുമ്പ് മാമോദീസാ നടത്തിയിരുന്ന ആദിമസഭാക്രമത്തിന്റെ പശ്ചാത്തലത്തില്‍ സൂചിതമാകുന്നു.

കുക്കിലിയോന്റെ മൂന്നും നാലും പാദങ്ങള്‍ യേശു തന്റെയും തന്റെ ജനത്തിന്റെയും ശത്രുക്കള്‍ക്കെതിരേ പ്രയോഗിച്ച അപ്രധിരോധ്യമായ ശക്തിയുടെയും, അവരുടെമേല്‍ അവന്‍ നേടിയ വിജയത്തിന്റെയും അവരുടെ സമ്പൂര്‍ണ പരാജയത്തിന്റെയും ഉദ്‌ഘോഷണമാണ്.  “നിദ്രിതനെപ്പോല്‍ കര്‍ത്താവെഴുന്നേറ്റു ഹാ…ഉ…ഹാ… വീഞ്ഞിന്‍ മത്തു പിടിച്ചൊരു വീരനെയുംപോല്‍” എന്നു മൂന്നാം പാദവും, “വൈരികളെ പിന്നോട്ടടിച്ചോടിച്ചു ഹാ …ഹാ… ഉലകിതിലവരെ നിന്ദാപാത്രവുമാക്കി” എന്ന നാലാം പാദവും (അവസാനത്തെ രണ്ടു വാക്കുകളൊഴികെ) സങ്കീ 78,65-66 പ്ശീത്തായുടെ വാക്കുകള്‍ കൊരുത്തുള്ളതാണ്. ഇസ്രായേലിന്റെ കര്‍ത്താവ് ഫിലിസ്ത്യര്‍ക്കെതിരേ ഉണര്‍ന്നെഴുന്നേറ്റതിന്റെയും അവര്‍ക്കെതിരെ തന്റെ അജയ്യശക്തി പ്രയോഗിച്ചതിന്റെയും (1 സാമു 5,6-12) അനുരണനങ്ങളുണ്ട് സങ്കീ 78,65-66ല്‍. മിശിഹാ നശിപ്പിച്ചതും നശിപ്പിക്കേണ്ടതുമായ അവസാന ശത്രു മരണമാണെന്ന ആദിക്രൈസ്തവബോധം 1 കോറി 15,25-26ല്‍ പൗലോസ്‌പ്പോസ്‌തോലന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ. സ്വന്തം ആത്മാവിനെ മരിപ്പിച്ചിട്ട്, അതേ, സ്വര്‍ഗരാജ്യം (ദൈവത്തെ) നഷ്ടപ്പെടുത്തിയിട്ട്, ലോകം മുഴുവന്‍ നേടിയാലും ഒന്നുമേ നേടുന്നില്ലെന്ന ക്രൈസ്തവബോധജ്ഞാനത്തിന്റെ ദൈവികശക്തിയാല്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നവര്‍ക്ക് ആനന്ദിക്കാനും അപരരെ ആനന്ദിപ്പിക്കാനുമുള്ള പെരുന്നാളാണ് ഉയിര്‍പ്പുപെരുന്നാള്‍. ക്രൈസ്തവാനന്ദത്തിന്റെ പെരുന്നാള്‍!

യേശു തന്റെ ശത്രുക്കളുടെമേല്‍ സമ്പൂര്‍ണ വിജയം നേടിയത് അതിഘോരമായ ഏറ്റുമുട്ടലിനു ശേഷമത്രേ. ഈ വസ്തുത മദ്ബഹായില്‍ മ്‌നോര്‍ത്തൊയില്‍ ഉയര്‍ത്തപ്പെട്ട സ്ലീബായുടെ മുമ്പിലെ രഹ സ്യശുശ്രൂഷയിലെ പ്രുമിയോന്‍-സെദറായ്ക്കു ശേഷമുള്ള കൂക്കോയൊന്‍ഗീതത്തില്‍, മൂന്നാം ഏശായയുടെ (ഏശ 63,1-6) വാക്കുകളാസ്പദമാക്കി, ആലപിക്കുന്നുണ്ട്. “വീരന്‍ ശക്തിയാല്‍ കല്ലറയില്‍നിന്ന് എഴുന്നേറ്റു. പ്രവാചകന്‍ അദ്ഭുതപരതന്ത്രനായി ചെന്നു ചോദിച്ചു: നാഥാ, നിന്റെ അങ്കി ചുവന്നും പാര്‍ശ്വം മുറിവേറ്റും കരം തുളഞ്ഞും കാണുന്നതെന്തേ? നാഥന്‍ മറുപടി പറഞ്ഞു: മൃതരുടെ ലോകത്ത് ഞാന്‍ മുന്തിരിച്ചക്ക് ആട്ടി; ഒറ്റയ്ക്ക് ആപത്തിനെ നേരിട്ടു. അങ്ങനെ ഞാന്‍ രക്തത്തിലാണ്ടു.” യേശു ഒറ്റയ്ക്കു മുന്തിരിച്ചക്ക് ആട്ടിയിറക്കിയ മുന്തിരിനീരിന്റെയും (യേശു സ്വയം ഏറ്റെടുത്ത സഹനത്തിന്റെയും), ശത്രുക്കളെ ഒറ്റയ്ക്കു നേരിട്ടതിന്റെയും ഫലമായി പാര്‍ശ്വത്തില്‍നിന്ന് ഒഴുകിയ രക്തത്തിന്റെ നിറമാണ് അങ്കികളുടേതെന്നു സാരം. (ഉയിര്‍പ്പിക്കപ്പെട്ട സ്ലീബായും സ്ലീബാ പ്രതിഷ്ഠിക്കുന്ന മ്‌നോര്‍ത്തൊയും ചുവന്ന അങ്കികള്‍ അണിയിക്കുന്നതിന്റെ പ്രത്യേക പ്രതീകാത്മകധ്വനി ശ്രദ്ധിക്കാം). പിതാവിനോടുള്ള വിശ്വസ്തത, മരണത്തോടും അവന്റെ ഏജന്റന്മാരോടുമുള്ള ഏറ്റുമുട്ടല്‍ (ദൈവജനത്തെ ജീവന്റെ സ്രോതസ്സിനോടും നാഥനോടുമുള്ള ബന്ധത്തില്‍നിന്ന് അകറ്റുകയോ വേര്‍പെടുത്തുകയോ ചെയ്യുന്ന ആധിപത്യശക്തികളോടുള്ള ഏറ്റുമുട്ടല്‍) എന്നിവയില്‍ വിജയം വരിച്ച യേശുവിന്റെ രക്തസാക്ഷിത്വത്തിന്റെ അടയാളമാണ് ചെമന്ന അങ്കി.

സ്ലീബായുടെ ഘോഷയാത്രയുടെ ഒന്നാം പാദം പൂര്‍ത്തിയാകുന്നത് കര്‍മി യഥാവിധി സ്ലീബാ ഇരുകരങ്ങളുംകൊണ്ട് ഉയര്‍ത്തിപ്പിടിച്ച് മദ്ബഹായില്‍ പടിഞ്ഞാറോട്ടു തിരിഞ്ഞ് ആരാധകസംഘത്തോട് മിശിഹായുടെ ഉയിര്‍പ്പുസംഭവത്തിന്റെയും വൈരികളുടെമേലുള്ള വിജയത്തിന്റെയും സാഘോഷപ്രഖ്യാപനം നടത്തുകയും, ആരാധകസംഘം പ്രഖ്യാപിതസത്യത്തിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നതോടെയാണ്. ഈ വിശ്വാസപ്രഖ്യാനത്തിന്റെ ക്രിയാത്മകപ്രയോഗത്തിന് സ്ലീബായുടെ ഘോഷയാത്രയുടെ രണ്ടാം പാദത്തില്‍ ഊന്നലും വ്യക്തതയും നല്കപ്പെട്ടിരിക്കുന്നു.

ദൈവപിതാവിന്റെ ഹിതമനുവര്‍ത്തിക്കാതെ, മരണത്തിന്റെ ആധിപത്യശക്തികളോടു കൂട്ടുചേര്‍ന്നുകൊണ്ട്്, നമ്മുടെയും സഹോദരങ്ങളുടെയും പരിസ്ഥിതിയുള്‍പ്പടെ പ്രപഞ്ചത്തിലെ ചരാചരങ്ങളുടെയും മരണത്തിനു വീഥിയൊരുക്കുന്ന നമുക്ക് ജീവന്റെ ഉയിര്‍പ്പിന്റെ പെരുന്നാള്‍ യഥാര്‍ഹവും ആത്മാര്‍ഥവുമായി ആഘോഷിക്കാനാകുമോ? ഈ ഖണ്ഡികയുടെ ആരംഭത്തില്‍ ഏശ 63,1-6 ആധാരമാക്കിയുള്ള ഡയലോഗ് – പ്രവാചകനും കര്‍ത്താവുമായുള്ളത് – നമുക്ക് സഭയായും വ്യക്തിപരമായും സ്വന്തമാക്കാനാകുമോ? സഹനമിശിഹായെ അനുകരിച്ച് മുന്തിരിക്കുലയാകാനും മുന്തിരിച്ചക്ക് തന്നത്താന്‍ ആട്ടാനും; വിശ്വാസവൈരികളില്‍നിന്നുള്ള ആപത്തിനെ ഒറ്റയ്ക്കു നേരിട്ടു രക്തസാക്ഷിയാ/കളാകാനും?

സ്ലീബായുടെ ഘോഷയാത്രയുടെ രണ്ടാം പാദം

ഈ ശുശ്രൂഷ, മുന്‍ഖണ്ഡികകളില്‍ നാം എത്തിച്ചേരുകയും അഭീമുഖീകരിക്കുകയും ചെയ്ത വിചാരങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നമുക്ക് ഉഥിതനില്‍നിന്നുതന്നെ ലഭ്യമാക്കുന്നതത്രേ. യോഹ 20,1-18 അധികരിച്ചുള്ള “ഓ! മറിയാമേ ഞാന്‍ …” എന്നാരംഭിക്കുന്ന പ്രദക്ഷിണഗാനത്തിന്റെ ആഭിമുഖ്യം മാത്രം നമുക്കു സ്വന്തമായാല്‍ മതി. ഈ ഘോഷയാത്രയത്രയും ഉഥിതന്‍ നാമോരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നതും,   “ഞാന്‍ ആകുന്നു” എന്ന് ഉഥിതന്‍ മറിയമിനോടു പറയുന്നവയും, “നീ ചെയ്യുക/പറയുക” എന്ന് അവളോട് ഉഥിതന്‍ പറയുന്നതും നാമോരുത്തരും ആവേശത്തോടും ആന്ദത്തോടും ശ്രദ്ധിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുക. അവന്‍ ആശംസിക്കുന്നതും അവനായിരിക്കന്നതുമായ സമാധാനവും നമുക്കു സംലഭ്യമാകും. ഉയിര്‍പ്പുപ്രകാശത്തിന്റെ ഉണര്‍ന്നെഴുന്നേറ്റ വാഹകരാകുക. നമ്മുടെ ഉയിര്‍പ്പുപെരുന്നാളെന്നാല്‍ കതിനായും പടക്കവും മെഴുകുതിരിയും മാത്രമാകാതിരിക്കട്ടെ! ഉയിര്‍പ്പിന്റെ ഉഥിതാശംസകള്‍!

റവ. ഫാ. ഡോ. കുര്യന്‍ വാലുപറമ്പില്‍
കടപ്പാട്: ക്രൈസ്തവ കാഹളം മാസിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.