
ജോർദാനിലെ കരക് ഗവർണറേറ്റിലുള്ള ഹുമൂദ് ഗ്രാമത്തിലെ ദൈവാലയത്തിന് നേരെ നടന്ന ഭീകരാക്രമണം ഏതെങ്കിലും പ്രത്യേക ഭീകരസംഘടനകളുടെ പിന്തുണയോടെയല്ല, മറിച്ച് അക്രമികൾ സ്വയം സംഘടിച്ച് ചെയ്തതാണെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ ഒബൈദല്ല അൽ-മയത്ത വ്യക്തമാക്കി. കടുത്ത തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ വ്യക്തികളാണ് ഇതിന് പിന്നിലെന്ന് ജോർദാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ ജാഗ്രത തുടരുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
അമോൻ ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഭീകരാക്രമണത്തിൽ പങ്കാളികളായവരുടെ പേരുവിവരങ്ങൾ അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് സൂത്രധാരത്വം വഹിച്ച ഹസ്സ സെയ്ദാൻ മുഹമ്മദ്, കൂട്ടാളികളായ മിഷാൽ സെയ്ദാൻ മുഹമ്മദ്, അഹമ്മദ് സമി ഹുസൈൻ എന്നിവരാണ് പ്രതികൾ. ഹുമൂദ് ഗ്രാമത്തിന് സമീപം താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഇവർ മൂവരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തെയും രാജ്യത്തിന്റെ സുരക്ഷ തകർക്കാനുള്ള ശ്രമങ്ങളെയും ജോർദാൻ ഭരണകൂടവും സുരക്ഷാ സേനയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തീവ്രവാദ ആശയങ്ങൾ വ്യാപിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും രാജ്യത്തുടനീളം ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




