
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന ക്രൈസ്തവ പുരോഹിതന്മാരുടെയും സന്ന്യാസികളുടെയും എണ്ണം ആശങ്കാജനകമാംവിധം വർധിക്കുന്നതായി റിപ്പോർട്ട്. എക്യുമെനിക്കൽ സംഘടനയായ ‘ക്രിസ്ത്യൻസ് എഗൈൻസ്റ്റ് ദി വാർ’ (Christians Against the War) പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തൽ.
സംഘടന പുറത്തിവിട്ട കണക്കുകൾ പ്രകാരം 2026-ൽ ഇതുവരെ കുറഞ്ഞത് 17 ക്രൈസ്തവ പുരോഹിതന്മാരും സന്ന്യാസിമാരും ആണ് ഉക്രൈയിനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം (2025) ആകെ രേഖപ്പെടുത്തിയ 14 മരണങ്ങളുടെ കണക്കുകളെക്കാൾ കൂടുതലാണിത്. ബോംബാക്രമണങ്ങൾക്കും സൈനിക മുന്നേറ്റങ്ങൾക്കുമിടയിലും ജനങ്ങൾക്ക് അരികിൽ നിന്ന് സേവനം അനുഷ്ഠിക്കുന്ന സന്ന്യസ്തരും വൈദികരും ആണ് കൂടുതലും കൊല്ലപ്പെടുന്നത്. 2026-ൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 13 ഉക്രേനിയൻ പുരോഹിതരും ഒരു അൾത്താര ബാലനും കൊല്ലപ്പെട്ടതായി ഈ സംഘടന രേഖപ്പെടുത്തുന്നു. കൂടാതെ, റഷ്യൻ ഓർത്തഡോക് സഭയിലെ നാല് സന്ന്യാസിമാരും പുരോഹിതന്മാരും ഇതേ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
2014-ൽ റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ ഉക്രൈനിൽ മാത്രം കുറഞ്ഞത് 99 പുരോഹിതന്മാരും സന്ന്യാസിനിമാരും മറ്റ് സഭാ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഈ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യൻ ഭാഗത്തും സഭയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. റഷ്യ തടവിലാക്കപ്പെട്ട ഉക്രേനിയക്കാരുടെ മോചനത്തിനായി വത്തിക്കാന്റെ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് പുരോഹിതന്മാരുടെ മരണനിരക്ക് ഉയരുന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്.




