ഉയിര്‍പ്പുതിരുന്നാള്‍: പ്രസംഗം

”ക്രിസ്തു മരിച്ചവരുടെയിടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം” (1 കോറി 15:14). ”എന്നാല്‍ നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെയിടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു” (1 കോറി 15:20). ക്രിസ്തുവിന്റെ അപ്പസ്‌തോലനെന്ന പദവിക്ക് ഏറ്റവും ഒടുവിലായി അര്‍ഹനായ, അവന്റെ ജീവിതകാലത്തോ മരണവേളയില്‍പ്പോലും ക്രിസ്തുവിനെ ശത്രുവായി കണ്ടിരുന്ന, പിന്നീട് വര്‍ദ്ധിച്ച തീക്ഷണതയോടുകൂടി യേശുവിന് സാക്ഷ്യം വഹിച്ചവനുമായ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകളാണ് ഇവ. ക്രിസ്തുനാഥന്റെ ഉത്ഥാനത്തിരുന്നാളിന്റെ മംഗളങ്ങളും സമാധാനവും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

ലോയ്ഡ് ഡഗ്ലസിന്റെ ”ദി റോബ്” എന്ന വിശ്വപ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രമുണ്ട്. ‘ദി റോബ്’ എന്നത് യേശുവിന്റെ മേലങ്കിയാണ്. മരണവേളയില്‍ കുരിശിന്റെ ചുവട്ടില്‍വച്ച് പടയാളികള്‍ നറുക്കിട്ടെടുത്ത മേലങ്കി. നറുക്ക് വീണത് മാഴ്‌സലസ് ഗാലിയോ എന്ന റോമന്‍ പടയാളിക്കായിരുന്നു. അയാള്‍ ആ മേലങ്കി സ്വന്തമാക്കി. എന്നാല്‍ മേലങ്കി അയാളുടെ കയ്യില്‍ നിന്നും സെമട്രിയൂസ് എന്ന അടിമ മോഷ്ടിച്ചു. അതില്‍ പിന്നെ ഗാലിയോയുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ചക്രവര്‍ത്തി മേലങ്കി കണ്ടുപിടിച്ച് നശിപ്പിക്കുവാന്‍ ഉത്തരവിട്ടു. അവസാനം ഗാലിയോ ഒരു കച്ചവടക്കാരന്റെ വേഷം കെട്ടി ക്രിസ്ത്യാനികളുടെയിടയിലും അന്വേഷണമാരംഭിച്ചു. അവിടെ വെച്ച് ഗാലിയോ കേള്‍ക്കുന്നത് യേശുവിനെക്കുറിച്ചുള്ള ഒരു പുതിയ കഥയാണ്. യേശു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തുവത്രേ. ഇതുകേട്ട ഗാലിയോ പൊട്ടിത്തെറിച്ചു ”അസംബന്ധം പറയരുത്. ഞാന്‍ അവന്റെ കഥ കഴിച്ചതാണ്. ഇതു പച്ചക്കള്ളമാണ്.” അപ്പോള്‍ ഇവയെല്ലാം കേട്ടുകൊണ്ടിരുന്ന ഒരു സാധുസ്ത്രീ ഇങ്ങനെ പറഞ്ഞു. ”അല്ല. അങ്ങേയ്ക്കു തെറ്റുപറ്റിയിരിക്കുന്നു. അങ്ങ് അദ്ദേഹത്തെ വധിച്ചുവെങ്കില്‍ അതൊരു തുടക്കം മാത്രമായിരുന്നു.” മനുഷ്യന്‍ അവസാനിപ്പിച്ചിടത്തുനിന്ന് ദൈവം ആരംഭിച്ചതിന്റെ അനുസ്മരണമാണ് ഉയിര്‍പ്പുതിരുന്നാള്‍.

യേശുവിന്റെ മരണം കൊണ്ട് എല്ലാം അവസാനിച്ചു എന്നു കരുതിയവര്‍ക്ക് തെറ്റിപ്പോയി. പിതാവ് ഏല്‍പ്പിച്ച ദൗത്യവുമായി വന്ന പുത്രനെ മനുഷ്യന്‍ തന്റെ ഇത്തിരി ബുദ്ധിയുടെയും ശക്തിയുടെയും പിന്‍ബലത്തില്‍ നിഗ്രഹിച്ച് അവസാനിപ്പിച്ചുവെന്നു കരുതിയ ലോകത്തിനു മുമ്പില്‍ ദൈവപിതാവിന് പ്രവര്‍ത്തിക്കുവാന്‍ സമയമായി എന്ന് തിരുവുത്ഥാനം നമുക്ക് സാക്ഷ്യം നല്‍കുന്നു.
മനുഷ്യന്‍ ഉരുട്ടിവച്ച് കാവല്‍ നിന്ന കല്ലുകള്‍ ദൈവശക്തിയുടെ പിന്‍ബലത്താല്‍ മാറ്റപ്പെട്ടു. അങ്ങനെ ദൈവം സര്‍വ്വശക്തനാണെന്ന് കാല്‍വരിക്കപ്പുറം തെളിയിക്കപ്പെട്ടു. കാല്‍വരിയും അവിടെ ഉയര്‍ന്ന മരക്കുരിശും അതിന്റെ കദനഭാരവും നാം ആചരിച്ച തപസ്സുദിനങ്ങളുമൊക്കെ ഒരുപക്ഷേ ഏറെ സംശയങ്ങളും അതില്‍ നിന്നുളവായ ചോദ്യശരങ്ങളുമൊക്കെ ഉയര്‍ത്തിക്കൊണ്ടായിരിക്കാം ഈ നോമ്പുകാലവും നമുക്കു മുന്നിലൂടെ കടന്നുപോയത്?

”എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു.” എന്ന് പുത്രന്‍ നിലവിളിച്ചപ്പോള്‍ പിതാവ് എവിടെയായിരുന്നു? നീതിമാന്റെ നിലവിളിക്കുമുമ്പില്‍ ദൈവം നിശബ്ദത പാലിച്ചതെന്തുകൊണ്ട്? കാല്‍വരിയുടെ ഏകാന്തതയില്‍ ആശ്രയബോധം നഷ്ടപ്പെട്ട് ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നില്‍ക്കുന്ന അവസരങ്ങള്‍ ഒരുപക്ഷേ, നമ്മില്‍ പലരും ചോദിച്ചുപോയേക്കാം. എന്റെ ദൈവമേ, എന്തുകൊണ്ട് നീ പോലും എന്നെ കൈവിട്ടു? ആര്‍ക്കും വേണ്ടാത്ത ഒരു ഭാരമായിട്ട് എന്തുകൊണ്ട് ഞാനിങ്ങനെ? സ്‌നേഹമുള്ളവരേ, കാല്‍വരിയില്‍ നിശബ്ദത പാലിച്ച ദൈവം സംസാരിച്ച ദിനമാണ് ഉയിര്‍പ്പ് ദിനം. ഉയിര്‍പ്പുതിരുന്നാല്‍ തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ഈ ലോകത്തിലേയ്ക്കു വന്ന പുത്രനെ പിതാവ് ഉപേക്ഷിച്ചിട്ടില്ല, ഇനി ഒരിക്കലും ഉപേക്ഷിക്കുകയുമില്ല എന്ന് പിതാവ് നല്‍കിയ സാക്ഷ്യമാണ്. ഈ വിശുദ്ധവാരത്തില്‍ നാം ഇന്നലെവരെ ചൊല്ലിയ ത്രിസന്ധ്യാജപത്തില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായല്ലോ. മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്ന് കുരിശുമരണത്തോളം കീഴ്‌വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി.

മനുഷ്യരായ നമ്മള്‍ നമ്മുടെ പദ്ധതികള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച് വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ക്കുമപ്പുറം ദൈവഹിതപ്രകാരം തന്റെ ജീവിതങ്ങളെ ക്രമപ്പെടുത്തുന്ന ഏതൊരുവന്റെയും ജീവിതത്തില്‍ സര്‍വ്വേശ്വരന്‍ തക്കസമയത്ത് ഇടപെടുന്നവനാണ് എന്ന വലിയ സന്ദേശമാണ് ഈ ഉത്ഥാനത്തിരുന്നാള്‍ നമുക്ക് നല്‍കുന്നത്. അതുകൊണ്ട് ഇപ്രകാരം നമ്മുടെ ജീവിതത്തിലും വേദനയുടെയും, നിരാശയുടെയും, ആരുമില്ലാ എന്ന തോന്നലിന്റെയും, ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം പരാജയത്തിലണല്ലോ അവസാനിക്കുന്നത് എന്ന ചിന്തകളുടെയും, സന്ദര്‍ഭങ്ങളില്‍ ക്രൂശിതനിലേയ്ക്ക് ഒന്നു നോക്കുവാന്‍ നിനക്കു സാധിക്കുന്നുണ്ടോ? കാല്‍വരിയുടെ ഏകാന്തതയില്‍, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നിന്ദിതനും പീഢിതനുമായി മരണത്തെ മുഖാഭിമുഖം കാത്തുകിടന്ന അവനില്‍ ഉത്ഥിതന്റെ വിജയഭേരി നിനക്കു കാണുവാന്‍ സാധിക്കുന്നുവെങ്കില്‍ ഈ നിമിഷം മുതല്‍ നിന്റെ ജീവിതവും ധന്യമായി. കാരണം പരാജയത്തിന്റെ ഏറ്റവും ബലഹീനമായ നിമിഷങ്ങളിലാണ് ഒരുവന്‍ തന്റെ വിജയത്തിലേയ്ക്കുള്ള കുതിപ്പ് നടത്തുന്നത്.

ഒരുവന്‍ എത്രത്തോളം ചെറിയവനാകുന്നുവോ അവിടെയാണ് അവന്റെ വലിപ്പം അളക്കപ്പെടുക. പ്രകൃതിയിലേയ്ക്ക് ഒന്നു നോക്കൂ ഒരു മണല്‍ത്തരിയുടെയോ കടുകുമണിയുടെയോ രഹസ്യം ആര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയുമോ? അതുമല്ലെങ്കില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പ്രപഞ്ചരഹസ്യത്തെ അറിയുവാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സിലാവും ഏറ്റവും ചെറിയ ഒരു കണം (ആറ്റം)ത്തില്‍ നിന്നാണ് ഈ പ്രപഞ്ചമൊക്കെയും ഉണ്ടായത് എന്ന്. അങ്ങനെയെങ്കില്‍ തിരുവുത്ഥാനവും നമുക്കു നല്‍കുന്ന സന്ദേശം മറ്റൊന്നുമല്ല. എവിടെയൊക്കെ ഒരുവന്‍ തന്റെ തന്നെ മഹത്വവും സ്വന്തം നേട്ടങ്ങളും ഉപേക്ഷിച്ച് സ്വയം ശൂന്യവത്ക്കരിച്ച് ദൈവഹിതത്തിനു കീഴ്‌വഴങ്ങുന്നുവോ അവിടെ ദൈവത്തിന്റെ ഇടപെടലുകളുണ്ട്. ദൈവം അവനെ കരംപിടിച്ചുയര്‍ത്തുന്ന സുന്ദരമായ മുഹൂര്‍ത്തങ്ങളുണ്ട്.
എല്ലാവര്‍ക്കും ഉയിര്‍പ്പുതിരുന്നാളിന്റെ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ ഒരിക്കല്‍ക്കൂടി നേരുന്നു. ഉത്ഥിതന്റെ നല്‍കുന്ന സമാധാനത്തില്‍ നമ്മുടെ ജീവിതങ്ങള്‍ ലോകത്തില്‍ നന്മനിറയ്ക്കുന്ന ഇടങ്ങളാവട്ടെ…

ജോസഫ് പട്ടേട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.