
‘ക്രീക്ക് വാട്ടർ ഫ്ലോസ്’ (Creekwater Flows) എന്ന സംഗീതസംഘം അവതരിപ്പിച്ച ‘ഹൗ ഈസ് മാമ്മ അപ്പ് ദെയർ’ (How’s Mama Up There?) എന്ന ഗാനം, പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ നീറുന്ന ഓരോ മകന്റെയും മകളുടെയും സങ്കടക്കടലിനെയാണ് വരച്ചുകാട്ടുന്നത്. ‘മുകളില്‍, സ്വര്‍ഗത്തില്‍ അമ്മയ്ക്ക് എങ്ങനെയുണ്ട്’ എന്ന ചോദ്യമാണ് ഈ ഗാനം. മരണം വേര്‍പെടുത്തിയ അമ്മയെ ഓർത്ത്, പ്രാർഥനയുടെ രൂപത്തിൽ ദൈവസന്നിധിയിൽ ചോദ്യങ്ങളുയർത്തുന്ന ഒരു മകന്റെ നിഷ്കളങ്കമായ ആകുലതയാണ് ഈ ഗാനത്തിന്റെ ആത്മാവ്.
ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്:
“ദൈവമേ, വീണ്ടും ഞാനാണ്. ഈ പ്രാർഥന നീ പലവട്ടം കേട്ടിട്ടുണ്ടെന്നറിയാം, എങ്കിലും അമ്മയില്ലാത്ത ഈ ശൂന്യത എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചില ദിവസങ്ങളിൽ ഞാൻ പിടിച്ചുനിൽക്കും. എന്നാൽ, ചില രാത്രികളിൽ ഞാൻ തകർന്നുപോകും. അതുകൊണ്ട് ദൈവമേ, ഒരു കുഞ്ഞിനെപ്പോലെ ഞാൻ നിന്നിലേക്കെത്തുന്നു; എന്റെ ഹൃദയത്തിലെ ചോദ്യം ഇതൊന്ന് മാത്രമാണ്: ദൈവമേ, സ്വർഗത്തിൽ എന്റെ അമ്മ സുഖമായിരിക്കുന്നുണ്ടോ?”
ഈ ചോദ്യത്തോടൊപ്പം, അമ്മയെക്കുറിച്ചുള്ള വേവലാതികൾ മകൻ/ മകള്‍ ദൈവത്തോട് പങ്കുവയ്ക്കുന്നു:
“ദൈവമേ, അമ്മയ്ക്ക് ഇവിടേക്ക്, ഭൂമിയിലേക്ക് നോക്കാൻ നീ അനുവാദം നൽകുന്നുണ്ടോ? ഈ ഏകാന്തമായ വർഷങ്ങളിലൂടെ ഞാൻ കടന്നുപോകാൻ പാടുപെടുന്നത് അമ്മ അറിയുന്നുണ്ടോ? ഭാരങ്ങളൊന്നുമില്ലാതെ, ഉത്കണ്ഠകളുടെ നിഴലില്ലാതെ അമ്മ അവിടെ ആനന്ദത്തോടെ ഇരിക്കുകയാണോ? പണ്ട് ആ മുഖത്തുണ്ടായിരുന്ന അതേ തെളിച്ചത്തോടെ അമ്മ അവിടെ പുഞ്ചിരിക്കുന്നുണ്ടോ? അമ്മയ്ക്ക് പ്രിയപ്പെട്ട സ്തുതിഗീതങ്ങൾ പാടി അമ്മ അവിടെ ആനന്ദിക്കുന്നുണ്ടോ? ദൈവമേ, അമ്മയില്ലാത്ത ഈ ശൂന്യതയിൽ ഞാൻ നൊന്തുരുകുന്നതും മുന്നോട്ടുപോകാൻ പാടുപെടുന്നതും അമ്മ അറിയുന്നുണ്ടാകുമോ? ദയവായി അമ്മയോട് പറയണേ, അമ്മ പകർന്നുനൽകിയ ധൈര്യത്തോടെ ഞാൻ ഇന്നും പിടിച്ചുനിൽക്കുന്നുണ്ടെന്ന്.”
ജീവിതത്തിന്റെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാൻ മകനെ/ മകളെ പഠിപ്പിച്ചത് അമ്മയായിരുന്നു. ആ തിരിച്ചറിവ് അവൻ/ അവള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളിൽ അമ്മയുടെ സാന്നിധ്യം അവൻ/ അവള്‍ ഇന്നും തേടുന്നുണ്ട്:
“എന്റെ ചുറ്റുമുള്ള കൊച്ചുകൊച്ച് കാഴ്ചകളിൽ ഞാൻ ഇന്നും അമ്മയെ തിരയുന്നുണ്ട്. സന്ധ്യയുടെ മങ്ങലിൽ അടുക്കളയിലെ വെളിച്ചത്തിലോ, പൈൻ മരച്ചില്ലകളെ തഴുകി കടന്നുപോകുന്ന മൃദുവായ കാറ്റിലോ അമ്മയുണ്ട്. അമ്മയുടെ കൈപ്പട പതിഞ്ഞ ആ പഴയ ബൈബിൾ ഇന്നും അതേ സ്ഥാനത്തുണ്ട്. തളർച്ചയുടെ നിമിഷങ്ങളിൽ, ‘ദൈവത്തിന്റെ പദ്ധതികളിൽ വിശ്വസിക്കൂ’ എന്ന് മന്ത്രിക്കുന്ന ആ വാത്സല്യത്തിന്റെ ശബ്ദം, ഒരു ദീപനാളമായി എന്റെ മനസ്സിൽ ഇന്നും തെളിയുന്നു.”
എങ്കിലും, മനസ്സ് വീണ്ടും ആകാശത്തേക്ക് ഉയരുന്നു. സ്വർഗത്തിലെ അമ്മയുടെ സന്തോഷത്തെക്കുറിച്ച് വീണ്ടും ചോദിക്കുന്നു:
“നാഥാ, സ്വർഗത്തിന്റെ മടിത്തട്ടിൽ എന്റെ അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? വേദനകളൊഴിഞ്ഞ ആ മനസ്സിൽ ഇപ്പോൾ സമാധാനം പൂത്തുലഞ്ഞിട്ടുണ്ടാകുമോ? അമ്മ പ്രാർഥിച്ചതും ആഗ്രഹിച്ചതും പോലെ, സ്വർഗം അങ്ങേയറ്റം മനോഹരമാണെന്നും അങ്ങ് അമ്മയെ ചേർത്തുപിടിച്ചിട്ടുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ തിരുക്കരങ്ങളിൽ അമ്മ സുരക്ഷിതയാണെന്ന ബോധ്യം മാത്രമാണ് എന്റെ ഹൃദയത്തിന് ഇപ്പോൾ ഏക ആശ്വാസം.”
മനുഷ്യസഹജമായ ആഗ്രഹം ഒടുവിൽ വാക്കുകളായി പുറത്തുവരുന്നു. ഒരുവട്ടം കൂടി അമ്മയോടൊപ്പം ചിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
“ദൈവമേ, അമ്മയോടൊപ്പം ആ പഴയകാലത്തെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു ദിനം കൂടി ചെലവഴിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അതിനായി എന്തും ചെയ്യാന്‍ ഞാന്‍ തയ്യായാറാണ്. അങ്ങ് എന്നെ തിരികെവിളിക്കും വരെ ഞാൻ ആകാശത്തോട് സംസാരിച്ചുകൊണ്ടേയിരിക്കും. ഹൃദയം സഹിക്കാനാവാതെ വിങ്ങുമ്പോൾ, എന്റെ ഈ കണ്ണുനീർ അങ്ങേയ്ക്കു മുന്നിൽ സാക്ഷിയാകട്ടെ. സ്വർഗത്തിലെ ആ പ്രകാശപൂർണ്ണമായ ലോകത്ത് അമ്മ വീണ്ടും ചെറുപ്പമായോ? തീരാദുഃഖങ്ങളും വേദനകളും ഒഴിഞ്ഞുമാറി, അമ്മ അവിടെ നിർമ്മലമായി ആനന്ദിക്കുകയാണോ?”
അവസാനമായി, മകൻ/ മകള്‍ താൻ അനുഭവിക്കുന്ന മൗനവേദന ദൈവത്തോട് തുറന്നുപറയുന്നു:
“ദൈവമേ, അമ്മ മാഞ്ഞുപോയ ഈ ശൂന്യതയിൽ ഞാൻ അനുഭവിക്കുന്ന മൗനവേദനയും മുന്നോട്ടുപോകാൻ ഞാൻ നടത്തുന്ന നിസ്സഹായമായ പോരാട്ടങ്ങളും അമ്മ കാണുന്നുണ്ടാകുമോ? ദയവായി എന്റെ അമ്മയുടെ സന്നിധിയിൽ അങ്ങ് ഇതൊന്നു പറയണം; അമ്മയുടെ വാത്സല്യം നൽകിയ കരുത്തിൽ, തളരാതെ ഞാൻ പിടിച്ചുനിൽക്കുന്നുണ്ടെന്ന്.”
മാതൃത്വം എന്നത് മരണത്തിനപ്പുറം നിലനിൽക്കുന്ന ഒന്നാണ്. നമ്മെ വിട്ടുപിരിഞ്ഞാലും, നമ്മുടെ ഓരോ ചുവടിലും കരുതലായി അമ്മയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് ഈ ഗാനം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും ആകാശത്തേക്കു നോക്കി അമ്മയോട് സംസാരിക്കാനും ആ സ്നേഹത്തണലിൽ നിന്ന് കരുത്ത് ഉൾക്കൊള്ളാനും എല്ലാ മക്കൾക്കും കഴിയണം. സ്വർഗത്തിൽ വേദനകളില്ലാതെ, ഉത്കണ്ഠകളില്ലാതെ അമ്മ സന്തോഷത്തോടെയിരിക്കുന്നുണ്ടാകുമെന്ന വിശ്വാസമാണ് ഏകാന്തതയുടെ ഈ കഠിനമായ വർഷങ്ങളെ അതിജീവിക്കാൻ നമുക്ക് വേണ്ട ഏക പ്രത്യാശ.
അമ്മയുടെ ത്യാഗവും വാത്സല്യവും ഒരുകാലത്തും അളക്കാന്‍ നമുക്ക് കഴിയില്ല. എങ്കിലും, അവർ നമുക്ക് പകർന്നുനൽകിയ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ആദരവ്. അമ്മ നമ്മെ വിട്ടുപോയെങ്കിലും, അവർ നൽകിയ പാഠങ്ങൾ നമ്മുടെ ഉള്ളിൽ തെളിയുന്ന പ്രകാശനാളം പോലെ എന്നും ജ്വലിച്ചുനിൽക്കും. ആ സ്നേഹത്തണലിൽ അഭിമാനത്തോടെ ജീവിക്കാം; ‘അമ്മേ, ഞാൻ ഇവിടെ തളരാതെ പിടിച്ചുനിൽക്കുന്നുണ്ട്’ എന്ന ബോധ്യത്തോടെ, അമ്മ നൽകിയ വഴികളിലൂടെ വഴിതെറ്റാതെ മുന്നോട്ടുപോകാൻ എല്ലാവര്‍ക്കും കഴിയട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS




