
മിഷനറിമാരുടെ പ്രസംഗങ്ങളിലൂടെയോ, സന്യാസ സമൂഹങ്ങളുടെ വരവോടെയോ അല്ലാതെ, ദൈവവചനത്തെക്കുറിച്ചുള്ള സത്യാന്വേഷണത്തിലൂടെ മാത്രം രൂപം കൊണ്ടതാണ് കൊറിയയിലെ സഭ. 2027 ൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ പശ്ചാത്തലത്തിൽ ഈ അദ്ഭുതകരമായ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാം…
അടുത്തറിഞ്ഞ് പിന്നീട് ഹൃദയങ്ങളിൽ ജ്വലിച്ച വചനം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, സത്യം എന്തെന്നറിയാനുള്ള തീവ്രമായ ആഗ്രഹവുമായി നടന്ന ഒരു കൂട്ടം കൊറിയൻ യുവാക്കളാണ് ഈ വിശ്വാസ വിപ്ലവത്തിന് തിരികൊളുത്തിയത്. അവരിൽ പ്രമുഖനായിരുന്നു ‘ലീ സ്യൂങ് ഹുൻ’ എന്ന യുവ പ്രഭു. നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായി ബീജിംഗിലേക്ക് യാത്ര ചെയ്ത അദ്ദേഹം അവിടെവച്ച് കത്തോലിക്കാ വിശ്വാസത്തെ കുറിച്ച് മനസ്സിലാക്കുകയും പഠിക്കുകയും അതിൽ ആകൃഷ്ടനാവുകയും ചെയ്തു.
കൊറിയയിലേക്ക് മടങ്ങിയെത്തിയ ലീ സ്യൂങ് ഹുൻ താൻ ഗ്രഹിച്ച സത്യങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കുവച്ചു. ഒടുവിൽ പുരോഹിതന്മാരുടെ അജപാലന ശുശ്രൂഷകൾ പോലുമില്ലാതെ, പഠിച്ചും പരസ്പരം പകർന്നുനൽകിയും ഒരു വലിയ വിശ്വാസ സമൂഹം അവിടെ പടുത്തുയർത്തപ്പെട്ടു. കൊറിയയിൽ പുരോഹിതൻ എത്തുന്നതിന് മുൻപേ അവിടെ സഭ ജനിച്ചിരുന്നു!
വിപ്ലവകരമായ വചനവും രക്തസാക്ഷിത്വവും
അക്കാലത്തെ കർക്കശമായ കൊറിയൻ സാമൂഹിക വ്യവസ്ഥിതിക്ക് മുന്നിൽ കത്തോലിക്കാ വിശ്വാസം വലിയൊരു വെല്ലുവിളിയായിരുന്നു. “എല്ലാവരുടെയും പിതാവായി ഒരു ദൈവമേ ഉള്ളൂ എന്നും, നാമെല്ലാവരും ആ ദൈവത്തിന്റെ മക്കളും സഹോദരീസഹോദരന്മാരുമാണ്” എന്നുമുള്ള സുവിശേഷ തത്വം കൊറിയൻ ജനതയെ ആഴത്തിൽ സ്വാധീനിച്ചു. ജാതി-വർഗ വ്യത്യാസങ്ങൾ നിലനിന്നിരുന്ന സമൂഹത്തിൽ ഈ സമത്വചിന്ത, വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായി.
18, 19 നൂറ്റാണ്ടുകളിലുടനീളം കടുത്ത പീഡനങ്ങളാണ് കൊറിയൻ കത്തോലിക്കർക്ക് നേരിടേണ്ടി വന്നത്. വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ആയിരക്കണക്കിന് പേർ തടവറയിലാവുകയും ക്രൂരമായി പീഡിപ്പിക്കപ്പെട്ട് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. എന്നാൽ പീഡനങ്ങൾ ഏൽക്കുംതോറും ആ സഭ കൂടുതൽ ശക്തമായി വളരുകയാണുണ്ടായത്. 1984-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച 103 കൊറിയൻ രക്തസാക്ഷികളും, 2014-ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച 124 രക്തസാക്ഷികളും ഈ വിശ്വാസത്തിന്റെ അനശ്വര പ്രതീകങ്ങളാണ്.
2027 ലോക യുവജന സമ്മേളനം; സിയോളിലേക്ക് സ്വാഗതം
സാധാരണക്കാരായ ഏതാനും യുവാക്കളുടെ ഹൃദയത്തിൽ വിരിഞ്ഞ ആ വചനം ഇന്ന് രണ്ട് നൂറ്റാണ്ടുകൾക്കിപ്പുറം പടർന്നുപന്തലിച്ച് ഒരു ചരിത്ര നിമിഷത്തിലേക്ക് നീങ്ങുകയാണ്. 2027-ൽ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോൾ അടുത്ത ‘ലോക യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു.
തങ്ങളുടെ വിശ്വാസം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് യുവാക്കളാണ് 2027-ൽ കൊറിയൻ മണ്ണിലേക്ക് ഒഴുകിയെത്തുക. അന്ന് പുരോഹിതന്മാരില്ലാതെ വചനം കാത്തുസൂക്ഷിച്ച ആദിമ കൊറിയൻ സഭയുടെ ധീരസ്മരണകൾക്ക് മുന്നിൽ, ആഗോള കത്തോലിക്കാ യുവാക്കളുടെ വിശ്വാസ പ്രഖ്യാപനമായി ഈ സംഗമം മാറും. സത്യാന്വേഷണത്തിനായി ഹൃദയം തുറന്നിടുന്ന ഏതൊരു സാധാരണക്കാരനിലും ദൈവം അദ്ഭുതങ്ങൾ പ്രവർത്തിക്കും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് കൊറിയൻ സഭയുടെ ചരിത്രം.




