ഫാ. ആനന്ദ് ഡേവിഡ് സാൽക്സോ, റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി

റാഞ്ചി അതിരൂപതയുടെ വികാരി ജനറലും റാഞ്ചി സെന്റ് മേരീസ് കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. ആനന്ദ് ഡേവിഡ് സാൽക്സോയെ (51) റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. 2026 ജൂൺ 24-നാണ് ഈ നിയമനം പ്രഖ്യാപിച്ചത്.

1975 നവംബർ 20-ന് റാഞ്ചി അതിരൂപതയിലെ മന്ദാറിലാണ് ഫാ. ആനന്ദ് ഡേവിഡ് സാൽക്സോ ജനിച്ചത്. 2006 മെയ് 15-ന് റാഞ്ചി അതിരൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം വിവിധ പദവികൾ വഹിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്തു. കർദിനാൾ ടോപ്പോയുടെ പ്രൈവറ്റ് സെക്രട്ടറിയായും (2006-2009) സേവനമനുഷ്ഠിച്ചു. മംഗലാപുരത്തെ മുള്ളേഴ്സ് ഹോസ്പിറ്റലിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.

തുടർന്ന് സി.ബി.സി.ഐ (CBCI) സൊസൈറ്റി ഫോർ മെഡിക്കൽ എജ്യുക്കേഷൻ നോർത്ത് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ, ബിഷാൻ (BIJHAN) മേഖലയിലെ കൗൺസിൽ ഓഫ് ഡയോസിഷൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, മന്ദാറിലെ ലീവൻസ് ഹോസ്പിറ്റൽ പ്രൊജക്റ്റിന്റെ ഗവേണിംഗ് ബോർഡ് അംഗം, ഡൽഹി സി.ബി.സി.ഐ സെക്രട്ടറി ജനറലിന്റെ സെക്രട്ടറി എന്നിങ്ങനെയുള്ള ചുമതലകൾ വഹിച്ചു.

പബ്ലിക് റിലേഷൻസ് ഓഫീസർ, റാഞ്ചി ആർച്ച് ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്റ, റാഞ്ചി സെന്റ് മേരീസ് കത്തീഡ്രൽ വികാരി, റാഞ്ചി സോഷ്യൽ ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ, റാഞ്ചിയിലെ സെമിനാരി വിദ്യാർഥികളുടെ ഡയറക്ടർ, റാഞ്ചി അതിരൂപതയുടെ വികാരി ജനറൽ എന്നീ ഉത്തരവാദിത്വങ്ങളും അദ്ദേഹം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.