ആർച്ച് ബിഷപ്പ് സൂസപാക്യം ചുമതല ഒഴിയുന്നു

പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്തു രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന് കൈമാറുകയാണെന്ന് അറിയിച്ച് തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. മാർച്ച് മാസം പതിനൊന്നാം തീയതി 75 വയസ്സ് പൂർത്തിയാകുകയാണെന്നും ഇന്നുമുതൽ തന്റെ സ്ഥാനത്തു നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉത്തരവാദിത്വവും സഹായമെത്രാനെ ഭരമേൽപ്പിക്കുന്നുവെന്നും ഉത്തരവാദിത്വങ്ങളിൽ നിന്ന് പരിശുദ്ധ സിംഹാസനം തന്നെ ഒഴിവാക്കുന്നത് വരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്വം തനിയ്ക്കായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

മാർച്ച് മാസം 10-ാം തീയതി മുതൽ അതിരൂപതാ മന്ദിരത്തിൽ നിന്ന് അതിരൂപതാ സെമിനാരിയിലേക്ക് മാറി താമസിക്കാൻ ഉദ്ദേശിക്കുകയാണെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്. ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സകളെയും കണക്കിലെടുക്കേണ്ടത് തന്റെ ഈ തീരുമാനം എന്ന് ബിഷപ്പ് വ്യകതമാക്കുന്നു. നിക്ഷിപ്തതാൽപര്യങ്ങൾക്കുപരിയായി യേശുവിന്റെ സ്നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയിൽ പങ്കുചേരാൻ നമുക്ക് നമ്മെത്തന്നെ പൂർണ്ണമായി സമർപ്പിക്കാം. പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യവും നമ്മെ എപ്പോഴും നേർവഴിയിലേക്കുതന്നെ നയിക്കും എന്ന് പറഞ്ഞു കൊണ്ടാണ് സർക്കുലർ അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.