അബ്ദുള്‍ കലാമിനെ സ്വാധീനിച്ച മൂന്നു അധ്യാപകര്‍

ജ്ഞാനത്തിന്റെ കൊടുമുടിയിലേയ്ക്കുള്ള വിശാലമായ പാതയിലേയ്ക്ക് നമ്മെ നയിക്കുന്ന വ്യക്തിത്വങ്ങളാണ് ഓരോ അധ്യാപകരും. “മാതാ പിതാ ഗുരു ദൈവം” എന്ന സംസ്കൃത ശ്ലോകം സൂചിപ്പിക്കുന്നതുപോലെ, ദൈവത്തിലേയ്ക്ക് അല്ലെങ്കില്‍ സത്യത്തിലേയ്ക്ക് ഓരോ മനുഷ്യനെയും നയിക്കുന്നവരാണ് അധ്യാപകര്‍. ആത്മീയതയുടെ തലങ്ങള്‍ പോലും കാട്ടിത്തരാന്‍ പ്രാപ്തിയുള്ളവര്‍! അറിവ് പറഞ്ഞുതരുന്നവര്‍ ആരും അധ്യാപകര്‍ തന്നെയാണ്.

നന്മയുടെ പാതയിലേയ്ക്ക് അബ്ദുല്‍ കലാം എന്ന യഥാര്‍ത്ഥ ഭാരതീയനെ നയിച്ച അദ്ദേഹത്തിന്റെ മൂന്നു അധ്യാപകരെ പരിചയപ്പെടാം.

1.  ജനാബ് അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍

ജനാബ് അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍, കലാമിന്റെ പിതാവാണ്. ഭാരതത്തിനു ലഭിച്ച കറ തീര്‍ന്ന രാഷ്‌ട്രപതി എന്ന വിശേഷണത്തിലേയ്ക്ക് കലാമിനെ എത്തിച്ച ആള്‍. അതിന് ആധാരമായ സംഭവം ഇതാ:

കലാമിന്റെ സ്കൂള്‍ പഠന കാലയളവ്. പഞ്ചായത്തിന്റെ പ്രസിഡന്റായി അദ്ദേഹത്തിന്റെ പിതാവ് സ്ഥാനമേറ്റു. ഒരിക്കല്‍ വീട്ടിലിരുന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന കലാം വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടു. തട്ടല്‍ കേട്ടതിനൊഒപ്പം വാതില്‍ തുറന്ന് ഒരാള്‍ അകത്തേയ്ക്ക് വന്നു. കലാമിനെ കണ്ട ഉടന്‍ “അച്ഛന്‍ ഇല്ലേ?” എന്ന് ചോദിച്ചു. പ്രാര്‍ത്ഥനയ്ക്ക് പോയിരിക്കുകയാണ് എന്ന മറുപടിക്ക് പിന്നാലെ അടുത്ത ചോദ്യവും എത്തി. “ഞാന്‍ താങ്കളുടെ പിതാവിനായി കുറച്ചു സാധനങ്ങള്‍ കൊണ്ടുവന്നതാണ് ഇവിടെ വയ്ച്ചോട്ടെ?” എന്ത് ചെയ്യണമെന്ന് അറിയാത്തതിനാല്‍ കലാം അമ്മയെ ഉറക്കെ വിളിച്ചു കാര്യം തിരക്കി.  എന്നാല്‍ അമ്മയും പ്രാര്‍ത്ഥനയില്‍ ആയിരുന്നതിനാല്‍ മറുപടി ഉണ്ടായില്ല. എങ്കില്‍ സാധനങ്ങള്‍ കട്ടിലില്‍ വെച്ചോളാന്‍ കലാം പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞ് കലാമിന്റെ പിതാവ് വീട്ടില്‍ എത്തിയപ്പോഴ് കട്ടിലില്‍ ഒരു പൊതി  കണ്ടു. കലാമിനോട് കാര്യം തിരക്കിയപ്പോള്‍ ആരോ അച്ഛനായി തന്നിട്ട് പോയതാണെന്ന് കലാം പറഞ്ഞു.  കാര്യം പിടികിട്ടാഞ്ഞ കലാമിന്റെ പിതാവ് പൊതി അഴിച്ചുനോക്കി. അതില്‍ വിലകൂടിയ ഒരു ധോത്തി, അംഗവസ്ത്രം, കുറച്ച് പഴങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. സമ്മാനമാണെന്നു മനസിലായ കലാമിന്റെ പിതാവ് കോപം കൊണ്ട് ജ്വലിച്ചു. കലാം അന്നാണ് അദ്ദേഹത്തെ അത്ര കോപത്തില്‍ കാണുന്നത്. അന്നാണ് ആദ്യമായി അച്ഛന്‍ കലാമിനെ അടിക്കുന്നതും. സങ്കടവും ദേഷ്യവും സഹിക്കാന്‍ കഴിയാതെ അദ്ദേഹം കലാമിനെ അടിച്ചു. കുറച്ചു സമയം കഴിഞ്ഞു അമ്മയുടെ അടുക്കല്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന കലാമിന് ഒരു ഉപദേശവും നല്‍കി. ആരുടേയും പക്കല്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങരുത്. സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ നാം അവരോട് കടപ്പെട്ടിരിക്കേണ്ടതായി വരുമെന്നും ഇത് പലപ്പോഴും നമ്മളെ നമ്മുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2.  ശ്രീ. ശിവസുബ്രഹ്മണ്യ അയ്യര്‍

ശ്രീ. ശിവസുബ്രഹ്മണ്യ അയ്യര്‍ കലാമിന്റെ പ്രൈമറി സ്കൂള്‍ അധ്യാപകനാണ്. ലോകം ഇരുകൈകളോടെ വരവേറ്റ എയ്റോ സ്പേസ് ശാസ്ത്രഞ്ജനായ കലാമിന് പ്രകൃതിയില്‍ നിന്നും കാര്യങ്ങള്‍ പഠിക്കാനും ക്ഷമയോടെ ഓരോന്നിനുമായി അദ്ധ്വാനിക്കാനും പഠിപ്പിച്ച അധ്യാപകന്‍ ശ്രീ. അയ്യര്‍ ആണ്.

ഒരിക്കല്‍ ശ്രീ അയ്യര്‍ പക്ഷികളുടെ പറക്കലിനെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അവയുടെ ചിറകുകളുടെയും വാലിന്‍റെയും ശരീരത്തിന്‍റെയും ഘടനയും. അവ എങ്ങനെയാണ് പറക്കുന്നതെന്നും, ദിശ മാറ്റി സഞ്ചരിക്കാന്‍ എന്താണ് ചെയ്യുന്നതെന്നും ഒക്കെ അദ്ദേഹം പഠിപ്പിച്ചു. 25 മിനിട്ടുകള്‍ നീണ്ട ക്ലാസിനൊടുവില്‍ എല്ലാവര്‍ക്കും മനസിലായോ എന്ന ചോദ്യത്തിന്, “മനസിലായില്ല” എന്ന് കലാം മറുപടി പറഞ്ഞു. ഒപ്പം മറ്റു ചില വിദ്യര്‍ത്ഥികളും ഇതേ അഭിപ്രായം രേഖപ്പെടുത്തി.

ഇത് കേട്ട അദ്ധ്യാപകന്‍ ഒട്ടും അസ്വസ്ഥത കാണിച്ചില്ല. വൈകിട്ട് നമുക്ക് കടല്‍ത്തീരത്തേയ്ക്ക് പോകാം എന്ന് മാത്രം പറഞ്ഞു. വൈകിട്ട് പറഞ്ഞതുപോലെ വിദ്യാര്‍ത്ഥികളെയും കൂട്ടി കടല്‍ത്തീരത്ത് എത്തിയ അദ്ദേഹം എല്ലാവരോടും അവിടെ പറക്കുന്ന പക്ഷികളെ ശ്രദ്ധിക്കാന്‍ പറഞ്ഞു. പതിയെപ്പതിയെ ഓരോന്നിന്റെയും ശരീരഘടനയും പ്രത്യേകതകളും അദ്ദേഹം വിവരിച്ചു. പിന്നെ പാഠങ്ങളിലേയ്ക്ക് കടന്നു. 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ കലാമിനും സഹപാഠികള്‍ക്കും കാര്യം പിടികിട്ടി.

അത് കലാമിന് വലിയ ഒരു തിരിച്ചറിവായിരുന്നു. പ്രകൃതിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ആ ദിനമാണ് പക്ഷി ചിറകില്‍ നിന്നും വിമാനത്തിന്റെ ചിറകിലേയ്ക്ക് കലാമിനെ എത്തിച്ചത്.

 3.  പ്രൊഫ. സതീഷ് ധവാന്‍

പ്രൊഫ. സതീഷ് ധവാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകന്‍ ആയിരുന്നു, അദ്ദേഹം പിന്നീട് ഐ.എസ്.ആര്‍.ഓ-യുടെ ചെയര്‍മാന്‍ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

കലാം ഹോവര്‍ക്രാഫ്റ്റിന്റെ പ്രൊജക്റ്റുമായി മുന്നോട്ട് പോയികൊണ്ടിരുന്ന സമയം. അതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക സംശയങ്ങള്‍ ഉടലെടുത്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകനായ ധവാന് ഇക്കാര്യത്തില്‍ സഹായിക്കാനാകും എന്ന് കലാമിന്റെ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടറിന്റെ അനുമതി നേടി കലാം പ്രൊഫ. ധവാനെ കാണാന്‍ പുറപ്പെട്ടു. നിറയെ പുസ്തകങ്ങളുള്ള മുറിയിലെ കസാരയില്‍ ഇരിക്കുന്ന പ്രൊഫ. ധവാനെ കണ്ടു കാര്യം അവതരിപ്പിച്ചു. പ്രശ്നം വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം ഒരു കഠിനമായ പ്ലാന്‍ കലാമിന് മുന്നിലേയ്ക്കു വച്ചു.

സംശയത്തിന് പരിഹാരം പറഞ്ഞുതരാം. പക്ഷേ, അതിനായി ശനിയാഴ്ചകളില്‍ രണ്ട് മുതല്‍ മൂന്നു വരെയുള്ള അദ്ദേഹത്തിന്റെ ക്ലാസില്‍ എത്തണം. ആറു ആഴ്ച്ചത്തെ ക്ലാസ്. കലാം അത് സമ്മതിച്ചു. തുടര്‍ന്ന് ഓരോ ശനിയും ക്ലാസ്സിനു എത്തി. ക്ലാസ്സ് കഴിയുമ്പോള്‍ പ്രൊഫ. ധവാന്റെ വക ഒരു പ്രത്യേക ചോദ്യോത്തര സെഷനും ഉണ്ടാവും. അതികഠിനമായ ചില ചോദ്യങ്ങള്‍. അങ്ങനെ ക്ലാസുകള്‍ തീരാറായപ്പോഴേക്കും കലാം തന്റെ സംശയങ്ങള്‍ക്കുള്ള 90 % ഉത്തരങ്ങളും കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളതിന് പ്രൊഫ. ധവാനും നല്‍കി. ക്ലാസ്സുകള്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത് തന്റെ അറിവിനെ കൂടുതല്‍ മിനുസപ്പെടുത്തി, ഏറ്റവും മികച്ച ഫലം നല്‍കാനായിരുന്നു എന്ന് കലാമിന് അപ്പോഴാണ്‌ മനസിലായത്.

കലാമിന്റെ ശാസ്ത്രജീവിതത്തിലെ ആദ്യസംരംഭം പ്രതീക്ഷിച്ചതിലും അധികം മേന്മയോടെയും പകിട്ടോടെയും പൂര്‍ത്തിയാക്കാന്‍ സഹായിച്ച അധ്യാപകന്‍. രണ്ടു യാത്രക്കാരെ വച്ചു പറക്കാന്‍ കഴിയുന്ന ആ ഹോവര്‍ക്രഫ്റിന്റെ ആദ്യ പൈലറ്റായി പറക്കുന്നതു മുതലുള്ള ജീവിതത്തിന്റെ മികച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ഈ അധ്യാപകന്റെ കരങ്ങളാണ്.

കലാമിനെ നയിച്ചതുപോലെ ഓരോ മനുഷ്യനെയും വെളിച്ചത്തിന്റെ പാതയിലേയ്ക്ക് നയിച്ച അധ്യാപകര്‍ക്കു മുമ്പില്‍ ശിരസ്സ്‌ നമിച്ചുകൊണ്ട് അധ്യാപകദിന ആശംസകള്‍ അര്‍പ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.