നസ്രായൻ്റെ ഈ ഹൃദയം കാണാതെ പോകരുതേ…  

സി. പ്രണിത DM

എന്താണ് ഹൃദയം. മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട അവയവം. അതു മടുത്താൽ ജീവിതം മടുക്കുo; അത് നിന്നാൽ ജീവിതം നിലച്ചു. മനുഷ്യൻ്റെ ജീവനുവേണ്ടി വിശ്രമിക്കാതെ ജോലി ചെയ്യുകയാണ് ഹൃദയം. അത് വിശ്രമിച്ചാൽ നമ്മൾ അന്ത്യവിശ്രമത്തിലാകും.

ഹൃദയം കൊണ്ട് സ്നേഹിച്ചാൽ എത്ര അകലവും അടുത്താകും; അതാണ് സ്വർഗ്ഗത്തിൻ്റെ സ്നേഹം. ദൈവം തൻ്റെ ജീവശ്വാസം നല്കിയവൻ വഴിതെറ്റിയപ്പോൾ ഹൃദയം നല്കി സ്വന്തമാക്കാനെത്തിയ നസ്രായൻ്റെ ഹൃദയം നമുക്ക് മറക്കാൻ പറ്റുമോ? അവൻ്റെ ഹൃദയഭിത്തികളിൽ സൂക്ഷിച്ചുനോക്കിയാൽ കാണാം അവിടം വളരെ മനോഹരമായ കൊത്തുപണികളാൽ അലംകൃതമായിരിക്കുന്നത്. ആ ഹൃദയത്തിൽ സന്തോഷം, ക്ഷമ, സമാധാനം ഒക്കെ നിറഞ്ഞുനില്‍ക്കുന്നു.

ഈ കലാവൈഭവം കാണാൻ ആർക്കും ടിക്കറ്റോ പ്രത്യേക യോഗ്യതകളോ ഒന്നും വേണ്ട. അവിടെ എല്ലാവർക്കം കയറാം, പാപിക്കും പുണ്യവാനും രോഗിക്കും ആരോഗ്യവാനും ഒക്കെ. ആ ഹൃദയം ദാഹിക്കുന്നവന് നീർച്ചാൽ, വിശക്കുന്നവന് ഫലസമൃദമായ പറുദീസ, അവഗണിക്കപ്പെടുന്നവനും ഭാരം വഹിക്കുന്നവനും സുരക്ഷിതമായ താമസസ്ഥലം… രാഷ്ട്രിയ-മത-വർഗ്ഗീയതകൾക്കുമപ്പുറം കുത്തിമുറിപ്പെടുത്തിയവനു വരെ സൗഖ്യം നല്കുന്ന ആതുരാലയം, ഭാരം ചുമന്ന് മടുത്തു വരുന്നവന് തൻ്റെ ഭാരം ഇറക്കിവയ്ക്കാൻ പറ്റിയ ചുമടുതാങ്ങി, ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് തോന്നുന്നവന് ഇരിക്കാൻ അവൻ്റെ ഹൃദയത്തിൽ ഇടം… എന്നെയും നിന്നെയും സാത്താൻ്റെ കുടിലതന്ത്രങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ തൻ്റെ ഹൃദയം തുറന്നുവച്ചിരിക്കുന്നവൻ. അവിടെ ഓടിക്കയറിയാൽ ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും നമ്മൾ സുരക്ഷിതർ.

അവൻ്റെ ഹൃദയത്തിന് വലിയ വിശാലതയുണ്ട്. അവിടെ ചതിയില്ല, വഞ്ചനയില്ല, ഒറ്റിക്കൊടുത്തവനായി അപ്പം മുറിച്ച, തൂക്കിലേറ്റിയവർക്കായി മദ്ധ്യസ്ഥ്യം യാചിച്ച, അനാഥരായവർക്കായി സ്വന്തം അമ്മയെ നല്കിയ, വിശക്കുന്നവനായി സ്വന്തം ശരീരം പകുത്തുനലകിയ, അപരൻ്റ പാപത്തിനായി സ്വയം കുരിശിലേറിയ, ഇന്നും എനിക്കും നിനക്കുമായി ഹൃദയം തുറന്ന് കാത്തിരിക്കുന്ന സ്വർഗ്ഗത്തിൻ്റെ ഈ തിരുഹൃദയം കാണാതെപോകരുത്. അങ്ങനെ സംഭവിച്ചാൽ നഷ്ടം കാണാതെപോകുന്നവനു മാത്രം… അതെ, ജീവിതവ്യഗ്രതകളിൽ പെട്ട് നേട്ടത്തിനും പേരിനും പെരുമയ്ക്കുമായി ഓടുമ്പോൾ അവൻ്റെ ഹ്യദയത്തിലേയ്ക്കുള്ള ഓട്ടം നമുക്ക് മറക്കാതിരിക്കാം.

തിരുസഭാ മാതാവിനൊടൊപ്പം നമുക്കും പ്രാർത്ഥിക്കാം. ഹൃദയശാന്തതയും എളിമയുള്ള ഈശോയുടെ തിരുഹൃദയമേ, എൻ്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണമെ; എന്നെ അവിടുത്തെ തിരുഹൃദയത്തിൽ ഇരുത്തണമെ.

സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.