പാത്മോസ്: വെളിപാടുകളുടെ ഗുഹയിലേക്ക് – 1

റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ

മനുഷ്യർ ഒരു തുറന്ന തടവറയായി വിധിയെഴുതിയ പാത്മോസ് എന്ന വിജനമായ ദ്വീപ്, ദൈവപദ്ധതിയിൽ സ്വർഗീയരഹസ്യങ്ങൾ അനാവരണം ചെയ്യപ്പെട്ട ഒരു പുണ്യഭൂമിയാണ്. ഈശോയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്നേഹത്തിന്റെ ശ്ലീഹാ, വി. യോഹന്നാൻ, തന്റെ വാർധക്യകാലത്തെ തടവറയനുഭവങ്ങളുടെ ഏകാന്തതയിൽ സ്വർഗസന്ദേശം ശ്രവിച്ച ഒരു കൊച്ചുദ്വീപാണ് ഗ്രീസിലെ പാത്മോസ്. പീഡനങ്ങളിൽ തളരുന്ന സഭയ്ക്ക് പ്രത്യാശ പകരാൻ ഈശോ നൽകിയ ദർശനങ്ങൾ കോർത്തിണക്കി ബൈബിളിലെ അവസാന ഗ്രന്ഥമായ ‘വെളിപാട്’ പിറവികൊണ്ടതും ഇവിടെയാണ്. തിന്മയുടെമേൽ ദൈവം നേടുന്ന അന്തിമവിജയത്തെക്കുറിച്ച് ലോകത്തിന് സന്ദേശം നൽകിയ പാത്മോസ്, പ്രതിസന്ധികളിൽ തളരുന്ന ഏതൊരു വിശ്വാസിക്കും ഇന്നും ദൈവസ്വരത്തിന്റെ ഉജ്വലമായ അടയാളമായി നിലകൊള്ളുന്നു. പീഡനങ്ങളുടെ കനൽവഴികളെ സ്വർഗീയമഹത്വത്തിന്റെ പ്രകാശമായി മാറ്റിയ ആ പുണ്യഭൂമിയിലേക്ക്; വെളിപാടുകളുടെ പാറക്കെട്ടും ചരിത്രവും ഉറങ്ങുന്ന ആ പുണ്യഭൂമികയിലേക്ക് റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ നടത്തിയ യാത്രാനുഭവങ്ങൾ.

തുർക്കിയിലെ എഫേസൂസിന്റെ തീരങ്ങളിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയാണ് ഗ്രീസിലെ പാത്മോസ് എന്ന ​ദ്വീപ്. ഈ ദ്വീപിനെക്കുറിച്ചും അവിടത്തെ അനുഭവങ്ങളെക്കുറിച്ചും യോഹന്നാൻ വെളിപാട് പുസ്തകത്തിൽ ഇപ്രകാരം കുറിക്കുന്നു: “നിങ്ങളുടെ സഹോദരനും ഈശോയിലുള്ള പീഡകളിലും രാജ്യത്തിലും സഹനത്തിലും പങ്കുകാരനുമായ യോഹന്നാനായ ഞാൻ, ദൈവവചനത്തെപ്രതിയും ഈശോയ്ക്കു നൽകിയ സാക്ഷ്യത്തെപ്രതിയും പാത്മോസ് എന്ന ദ്വീപിലായിരുന്നു” (വെളി. 1:9). പാത്മോസിൽ തടവുകാരനായിരുന്നിട്ടും, ആ നിശ്ശബ്ദതയിലും ഒറ്റപ്പെടലിലും തന്റെ വിശ്വാസത്തെ കൂടുതൽ ജ്വലിപ്പിക്കാനാണ് ശ്ലീഹാ ശ്രമിച്ചത്. അവിടെയുള്ള പരുക്കൻ ഗുഹയുടെ ഏകാന്തതയിൽ വച്ച് അദ്ദേഹം ദൈവവുമായി നടത്തിയ ആത്മീയസംവാദത്തിന്റെ പരിസമാപ്തിയിലാണ് വിശുദ്ധ ​ഗ്രന്ഥത്തിലെ അവസാന പുസ്തകമായ ‘വെളിപാട്’ (Book of Revelation) പിറക്കുന്നത്.

2023 ഓഗസ്റ്റ് 27 ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് എന്റെ സ്വപ്നതുല്യമായ പാത്മോസ് യാത്രയ്ക്ക് തുടക്കമായത്. പരിചിതമായ ചില ഇടങ്ങളിൽ നിന്നും തികച്ചും അപരിചിതമായ പഥങ്ങളിലേക്ക് ചുവടുവയ്ക്കുമ്പോൾ, സുരക്ഷിതമായ ജീവിതം ഉപേക്ഷിക്കേണ്ടിവന്ന ഈശോയ്ക്കായി പാത്മോസിലേക്ക് പ്രവാസത്തിലേക്കു പോയ യോഹന്നാൻ ശ്ലീഹായുടെ ആത്മധൈര്യം മാത്രമായിരുന്നു ആ യാത്രയിലെ ആശ്രയം.

കോസ് ദ്വീപിലെ പ്രതിസന്ധികളും അപ്രതീക്ഷിത വഴികാട്ടികളും

വിമാനമിറങ്ങി ഗ്രീസിലെ ‘കോസ്’ (Kos) ദ്വീപിൽ കാലുകുത്തുമ്പോൾ സമയം വൈകുന്നേരം അഞ്ചുമണി പിന്നിട്ടിരുന്നു. എന്റെ കണ്ണുകളുടക്കിയത് അവിടത്തെ വേറിട്ട ഭൂപ്രകൃതിയിലേക്കാണ്. കേരളത്തിലെ പച്ചപ്പിനു വിപരീതമായി സസ്യലതാദികൾ കുറഞ്ഞ, ഒരുതരം വരണ്ട പ്രകൃതിയായിരുന്നു കോസിന്റേത്. സൂര്യപ്രകാശമേറ്റ് തിളങ്ങുന്ന ആ കുന്നിൻചെരിവുകൾ എനിക്ക് പുതിയൊരു കാഴ്ചയായിരുന്നു. എങ്കിലും, അപരിചിതമായ ആ നാട്ടിൽ പാത്മോസിലേക്ക് കപ്പൽ കയറേണ്ട തുറമുഖത്തെത്തുക എന്നത് അൽപം ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നു. എന്നാൽ, ആ വലിയ യാത്രയിൽ എന്നെ സഹായിക്കാൻ ദൈവം ‘ജോർജ്’ എന്ന ടാക്സി ഡ്രൈവറുടെ രൂപത്തിൽ ഒരാളെ അയച്ചു. ഭാഷയും വേഷവും മാറുമ്പോഴും മനുഷ്യരിലെ നന്മ മാറുന്നില്ലെന്ന് എനിക്ക് തോന്നി. തികച്ചും അപരിചിതമായ ആ വഴിത്താരകളിൽ ദൈവം നമുക്കായി ചില ‘മാലാഖമാരെ’ മുൻകൂട്ടി കരുതിവയ്ക്കുമെന്ന വിശ്വാസം ജോർജിനൊപ്പമുള്ള ആ യാത്രയിൽ എനിക്ക് വീണ്ടും ബോധ്യമായി.

ഒരു നിശ്ശബ്ദയാമത്തിൽ പാത്മോസിന്റെ തീരത്തേക്ക്

സൂര്യൻ കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞ ആ സായാഹ്നത്തിൽ, രാത്രി 8.30 ഓടെ കോസ് തുറമുഖത്തെ ‘ബ്ലൂ സ്റ്റാർ ഫെറി’ അതിന്റെ നങ്കൂരമുയർത്തി. ഈജിയൻ കടലിന്റെ അനന്തമായ നീലിമയിലൂടെ, ഇരുളിന്റെ തിരശ്ശീല കീറിമുറിച്ചുകൊണ്ട് കപ്പൽ മുന്നോട്ടുനീങ്ങുമ്പോൾ, എനിക്കു ചുറ്റുമുള്ള പ്രപഞ്ചം മുഴുവൻ ഒരു വലിയ പ്രാർഥനയിലേക്ക് വഴിമാറുന്നതുപോലെ തോന്നി. ആ പ്രാർഥനയ്ക്ക് ‘ദൈവം സ്നേഹമാകുന്നു’ എന്ന യോഹന്നാന്റെ വചനമായിരുന്നു ആധാരം.

യാമങ്ങൾ കടന്നുപോയി. അർധരാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്, ഏതാണ്ട് 12:16 ന് ചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പാത്മോസ് എന്ന പുണ്യദ്വീപ് കണ്മുന്നിൽ തെളിഞ്ഞു. മഷിയൊഴിച്ച കടൽപരപ്പിനു നടുവിൽ ഒരു ‘ലൈറ്റ് ഹൗസ്’ പോലെ ആ ദ്വീപ് വിസ്മയമായി നിലകൊള്ളുകയാണ്. പതിയെപ്പതിയെ ദൂരെ മലമുകളിൽ, ഒരു നിഗൂഢസൗന്ദര്യം പോലെ പ്രകാശത്തിൽ ജ്വലിച്ചുനിൽക്കുന്ന ‘വെളിപാടിന്റെ ഗുഹ’ (Cave of the Apocalypse) ദൃശ്യമായി. യുഗങ്ങൾക്കു മുൻപേ സ്വർഗത്തിന്റെ രഹസ്യങ്ങൾ ഭൂമിയിലേക്ക് ഒഴുകിയെത്തിയ ആ പവിത്രസങ്കേതം, ഇരുളിൽ ഒരു കാവൽക്കാരനെപ്പോലെ യാത്രികരെ സ്വാഗതം ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങി.

സ്വർഗം ഭൂമിയിലേക്ക് ചായ്ച്ചുവച്ച ആ മണ്ണിൽ ആദ്യമായി പാദം സ്പർശിക്കുമ്പോൾ, ഏകാന്തതയിൽപ്പോലും സ്വർഗീയമായൊരു ഗീതം മുഴങ്ങുന്നതുപോലെ തോന്നി. അന്ന് രാത്രി ‘റോമാന്റസ’ ഹോം സ്റ്റേയിൽ വിശ്രമിക്കുമ്പോൾ, ജനാലകൾക്കു പുറത്ത്, ഈജിയൻ കടലിന്റെ തിരമാലകൾ വി. യോഹന്നാൻ കണ്ട ദർശനങ്ങളുടെ ബാക്കിപത്രം മന്ത്രിക്കുന്നതായി ഞാൻ സങ്കൽപിച്ചു. അത്രമേൽ ദീപ്തമായിരുന്നു ആ രാത്രിയിൽ ‘സ്കാല’ (Skala) എന്ന തുറമുഖത്തിലെ രാത്രി.

പാത്മോസിന്റെ തുറമുഖനഗരം പുലർകാല വെളിച്ചത്തിൽ ഉണർന്നുതുടങ്ങുന്നതേയുള്ളൂ. സമയം രാവിലെ ഏഴുമണി. ആ പുണ്യഭൂമിയുടെ ഓരോ സ്പന്ദനവും ഹൃദയത്തിൽ ഏറ്റുവാങ്ങാൻ വാഹനയാത്ര വേണ്ടെന്നുവച്ച് നടത്തം തന്നെ ഞാൻ തിരഞ്ഞെടുത്തു. ഓരോ ചുവടിലും ഈ മണ്ണ് കാത്തുസൂക്ഷിക്കുന്ന ആത്മീയതയുടെ കരുത്ത് അറിയണമെന്നതായിരുന്നു എന്റെ ഉള്ളിലെ വാശി. ഒരൊറ്റ ദിവസം കൊണ്ട് ഈ സന്ദർശനം പൂർത്തിയാക്കേണ്ടതുണ്ട്. ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഇവിടെ എത്തിച്ചേരാനായ സ്ഥിതിക്ക്, ഇന്നത്തെ പകൽ മുഴുവൻ ആ വിശുദ്ധ ഗുഹയിൽ ചെലവഴിക്കണമെന്നും മറ്റു സന്ദർശനങ്ങൾ അതിനുശേഷം മതിയെന്നും ഞാൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.

ദൈവികരഹസ്യങ്ങളുടെ തിരശ്ശീല നീക്കപ്പെട്ട ആ വിശുദ്ധ ശിലാസങ്കേതം, പാത്മോസിലെ പർവതശിഖരത്തിൽ ഒരു നിഗൂഢത പോലെ ഒളിഞ്ഞിരിപ്പുണ്ട്. അവിടേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ഒന്നര മണിക്കൂറോളം നീളുന്ന ദുഷ്കരമായ കയറ്റമാണ് എനിക്കു മുന്നിലുണ്ടായിരുന്നത്. ഗ്രീസിലെ ഓഗസ്റ്റ് മാസത്തെ പ്രഭാതങ്ങൾക്ക് നമ്മുടേതിൽ നിന്നും വ്യത്യസ്തമായ ഒരു ഭാവമാണ്. പുലർച്ചെ നാലുമണിക്കു തന്നെ അവിടെ സൂര്യൻ ഉദിച്ചുയരും. അതുകൊണ്ടു തന്നെ, ഞാൻ യാത്ര തുടങ്ങിയ ഏഴുമണി മുതൽ 8.30 വരെയുള്ള സമയം, നമ്മുടെ നാട്ടിലെ ഉച്ചസമയത്തിനു സമാനമായ കഠിനമായ ചൂടാണ് അനുഭവപ്പെട്ടത്.

രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമാണ് വിശ്വാസികൾക്കായി ഈ വിശുദ്ധ കവാടങ്ങൾ തുറക്കപ്പെടുക. ആ കുറഞ്ഞ സമയമത്രയും, ആശ്രമവാതിലുകൾ അടയുന്നതുവരെ പ്രാർഥനയുടെയും ധ്യാനത്തിന്റെയും നിശ്ശബ്ദതയിൽ പൂർണ്ണമായി അലിഞ്ഞുചേരണമെന്ന ഉറച്ച ലക്ഷ്യം എന്റെ ഉള്ളിലുണ്ടായിരുന്നു. കത്തുന്ന വെയിലും കയറ്റത്തിന്റെ ആയാസവും ആത്മീയമായ ആവേശത്തിനു മുന്നിൽ വഴിമാറി. ഒടുവിൽ, കൃത്യം 8.26 ന് – ഗുഹയുടെ വാതിലുകൾ തുറക്കാൻ കേവലം നാല് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ – ക്രൈസ്തവചരിത്രത്തിന്റെ സ്പന്ദനങ്ങൾ ഉറങ്ങുന്ന ആ പുണ്യസങ്കേതത്തിനു മുന്നിൽ ഞാൻ എത്തിച്ചേർന്നു. ആ നിമിഷം, കഠിനമായ യാത്രയുടെ ക്ഷീണമത്രയും ഒരു കുളിർകാറ്റിലെന്നപോലെ മാഞ്ഞുപോയി.

ആ നാല് മിനിറ്റുകൾ കേവലം ഒരു കാത്തിരിപ്പായിരുന്നില്ല, മറിച്ച് കാലത്തിന്റെ അതിരുകൾ മാഞ്ഞുപോയ ഒരു നിമിഷം പോലെയായിരുന്നു. ചുറ്റും ഗ്രീഷ്മസൂര്യൻ അഗ്നി വർഷിക്കുമ്പോഴും എന്റെ മനസ്സ് ആ അടഞ്ഞ വാതിലുകൾക്കപ്പുറമുള്ള ശിലാസങ്കേതത്തിന്റെ ശീതളിമയിലേക്ക് നേരത്തെതന്നെ ഇറങ്ങിച്ചെന്നിരുന്നു. രണ്ടായിരം വർഷങ്ങൾക്കു മുൻപ്, വിണ്ണിലെ രഹസ്യങ്ങൾ മണ്ണിലെ അക്ഷരങ്ങളായി മാറിയ ആ നിമിഷങ്ങളെ ഞാൻ സങ്കൽപിച്ചു; വി. യോഹന്നാൻ ദൈവസ്വരത്തിനായി കാതോർത്ത ആ നിശ്ശബ്ദതയും, വെളിപാടുകൾ അഗ്നിശലഭങ്ങളെപ്പോലെ പാറിനടന്ന ആ ഇരുളും ഉള്ളിൽ ദൃശ്യങ്ങളായി വിരിഞ്ഞുതുടങ്ങി. പീഡനങ്ങളുടെ കനൽവഴികളിൽ തളർന്ന സഭയ്ക്ക് പ്രത്യാശയുടെ കതിർമരങ്ങൾ കാട്ടിക്കൊടുത്ത ആ പരുക്കൻ പാറക്കെട്ടുകൾ എത്രത്തോളം പവിത്രമായിരിക്കുമെന്ന ചിന്ത ഒരു ദിവ്യാനുഭൂതി പകർന്നുതരും. അടഞ്ഞുകിടക്കുന്ന ആ കവാടത്തിനപ്പുറം കാത്തിരിക്കുന്നത് മണ്ണും വിണ്ണും തമ്മിൽ ചുംബിച്ച ഒരു വിശുദ്ധ ഇടമാണെന്ന തിരിച്ചറിവിൽ ആ നാല് മിനിറ്റുകൾ ഒരു യുഗത്തിന്റെ ദൈർഘ്യമായി എന്റെ ഹൃദയത്തിൽ മിടിച്ചുനിന്നു.

കൃത്യം എട്ടരയ്ക്ക് ആ വിശുദ്ധ കവാടങ്ങൾ തുറക്കപ്പെട്ടു. അകത്തേക്ക് പ്രവേശിച്ചപ്പോൾത്തന്നെ എന്നെ സ്വീകരിച്ചത് ഒരു മണിക്കൂർ നീണ്ടുനിന്ന പരിശുദ്ധ കുർബാനയായിരുന്നു. പരിശുദ്ധ കുർബാനയ്ക്കു ശേഷം തീർഥാടകരുടെ തിരക്ക് വർധിച്ചെങ്കിലും, ഭക്തിസാന്ദ്രമായ ആ അന്തരീക്ഷം വിട്ടുപോകാൻ ആർക്കും തോന്നിയില്ല. പലരും ഗുഹയുടെ ഓരങ്ങളിലിരുന്ന് പ്രാർഥനയിൽ മുഴുകി. അവിടെയുണ്ടായിരുന്ന ‘ഇസിദോർ’ (Isidore) എന്ന ഓർത്തഡോക്സ് വൈദികൻ ആ ശിലാസങ്കേതത്തിന്റെ ചരിത്രവും പ്രാധാന്യവും എനിക്ക് വിശദീകരിച്ചുതന്നു.

ഏതാണ്ട് 6.6 മീറ്റർ നീളവും 5.5 മീറ്റർ വീതിയുമുള്ള ഒരു സ്വാഭാവിക ഗുഹയാണിത്. വലിപ്പത്തേക്കാളുപരി അവിടത്തെ ശിലാനിർമ്മിതിയിൽ തെളിയുന്ന അടയാളങ്ങളാണ് ഏതൊരു സഞ്ചാരിയെയും അദ്ഭുതപ്പെടുത്തുക. വെളിപാടുകൾ കേട്ട നിമിഷം പാറ മൂന്നായി പിളർന്നതിന്റെ അടയാളങ്ങൾ ഇന്നും ആ ഗുഹയുടെ മുകളിൽ വ്യക്തമായി കാണാം. ഈ വിള്ളലുകൾ പരിശുദ്ധ ത്രിത്വത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. വി. യോഹന്നാൻ തല ചായ്ച്ചുറങ്ങിയ ഇടവും, വെളിപാടുകൾ എഴുതിയെടുത്ത സഹായിയായ പ്രോക്കോറസിന് പിടിച്ചുനിൽക്കാൻ പാകത്തിൽ പാറയിൽ രൂപപ്പെട്ട വിള്ളലുകളും ഇസിദോർ അച്ചൻ എനിക്ക് കാണിച്ചുതന്നു.

ഏറെ നേരത്തെ ധ്യാനത്തിനും പ്രാർഥനയ്ക്കും ശേഷം ആത്മീയമായ ഒരു പൂർണ്ണതയോടെയാണ് ഞാൻ വെളിപാടിന്റെ ഗുഹയിൽ നിന്നും പുറത്തേക്കിറങ്ങിയത്. തൊട്ടടുത്ത ലക്ഷ്യം പാത്മോസിന്റെ നെറുകയിൽ ഒരു കോട്ട പോലെ തലയുയർത്തി നിൽക്കുന്ന ‘സെന്റ് ജോൺസ് മോണാസ്റ്ററി’ ആയിരുന്നു. ദൂരൈക്കാഴ്ചയിൽ ഇതൊരു ആരാധനാലയത്തേക്കാൾ ശത്രുക്കളിൽ നിന്ന് സംരക്ഷണം തീർക്കുന്ന ഒരു പടുകൂറ്റൻ കോട്ടയായാണ് അനുഭവപ്പെട്ടത്. ചരിത്രവും വിശ്വാസവും ഇഴചേർന്ന ഈ ആശ്രമം അമൂല്യമായ പുരാതന രേഖകളുടെയും തിരുശേഷിപ്പുകളുടെയും ഒരു വലിയ കലവറയാണ്. കോൺസ്റ്റന്റൈൻ-ഹെലേന ചാപ്പലിന്റെ ഗാംഭീര്യവും നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികളും അവിടെ സംരക്ഷിക്കുന്നുണ്ട്.

ആ മോണാസ്റ്ററിയിലെ വിസ്മയങ്ങൾക്കിടയിലും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഏതോ അദൃശ്യമായ ചരടാൽ വലിക്കപ്പെടുന്നതുപോലെ ആ ഗുഹയിലേക്കുതന്നെ തിരികെപ്പോകാൻ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു. മോണാസ്റ്ററിയിലെ കാഴ്ചകളേക്കാൾ ആ ശിലാസങ്കേതത്തിലെ നിശ്ശബ്ദതയാണ് എനിക്ക് കൂടുതൽ ആകർഷകമായത്. ഒടുവിൽ ആ മന്ത്രണങ്ങൾക്ക് വഴങ്ങി ഞാൻ വീണ്ടും മലയിറങ്ങി. ഉച്ചയ്ക്ക് സന്ദർശകർ ഒഴിഞ്ഞുതുടങ്ങിയ ആ സമയത്ത്, പത്മോസ് ഗുഹയിലെത്തി ഞാൻ ഏകാന്തനായി ഇരുന്നു. അവിടെയിരുന്ന് വെളിപാട് പുസ്തകത്തിലെ ഓരോ വരികളും വീണ്ടും വീണ്ടും വായിക്കുമ്പോൾ, ആ അക്ഷരങ്ങൾക്ക് മുമ്പത്തേക്കാൾ ജീവൻ വയ്ക്കുന്നതുപോലെ തോന്നി. രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഇതേ മണ്ണിൽ വച്ച് യോഹന്നാൻ ദർശിച്ച അതേ പ്രത്യാശയുടെ സന്ദേശങ്ങൾ, ചുറ്റുമുള്ള ഓരോ ശിലയിലും പ്രതിധ്വനിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ ഏകാന്തതയിൽ ദൈവത്തോടും ചരിത്രത്തോടും സംവദിച്ച ആ നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ ആത്മീയ അനുഭവങ്ങളിൽ ഒന്നായി മാറി.

സ്കാലയിലെക്കുള്ള മടക്കയാത്രയും ആത്മീയ ചിന്തകളും

പാത്മോസിന്റെ നെറുകയിൽ ഉച്ചവെയിൽ വെള്ളിവെളിച്ചം ചൊരിയുന്ന വേളയിൽ, ഏതാണ്ട് മൂന്നുമണിയോടെ ഞാൻ മലയിറങ്ങി സ്കാലയുടെ തെരുവുകളിലേക്ക് തിരിച്ചെത്തി. വി. യോഹന്നാന്റെ പാദമുദ്രകൾ പതിഞ്ഞ ആ മണ്ണിൽ, ചരിത്രവും വർത്തമാനവും ഇഴചേർന്നുനിൽക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇന്നുള്ളത്. കഠിനമായ നടത്തത്തിനൊടുവിൽ നന്നേ വിശക്കുന്നുണ്ടായിരുന്നതിനാൽ എന്റെ ആദ്യ ലക്ഷ്യം ഈ ദ്വീപിന്റെ തനതായ രുചികൾ തന്നെയായിരുന്നു. ഒടുവിൽ ‘സാജിറ്റേറിയസ്’ (Sagittarius) റെസ്റ്റോറന്റിലിരുന്ന്, മുന്തിരിയിലയിൽ പൊതിഞ്ഞ്, നാരങ്ങാനീരിന്റെ ഗന്ധം തുളുമ്പുന്ന ‘ഡോൾമാഡെസ്’ എന്ന ഗ്രീക്ക് വിഭവം ആസ്വദിച്ചു കഴിക്കുമ്പോഴും എന്റെ മനസ്സ് ആ വിശുദ്ധ ഗുഹയിലെ നിശ്ശബ്ദതയിൽത്തന്നെയായിരുന്നു. അന്നത്തെ ആ ഉച്ചഭക്ഷണത്തിന് എന്റെ ശരീരത്തിന്റെ വിശപ്പടക്കാൻ കഴിഞ്ഞെങ്കിലും, ഉച്ചവരെ ഞാൻ നുകർന്ന ആത്മീയ മധുരത്തിന്റെ ഓർമ്മയിൽ എന്റെ ആത്മാവ് അപ്പോഴും ദൈവത്തോട് നന്ദി നിറഞ്ഞതായിരുന്നു. നാവിൽ വിരുന്നെത്തിയ രുചികളേക്കാൾ, ഹൃദയത്തിൽ പതിഞ്ഞ ആ പുണ്യസങ്കേതത്തിന്റെ സ്മരണകളാണ് ആ നിമിഷങ്ങളിൽ എന്നെ കൂടുതൽ തൃപ്തനാക്കിയത്.

മടക്കയാത്ര നാളെ രാവിലെ 2.30 നാണ്. അതുകൊണ്ടുതന്നെ രാവിലെ വരെ വിശ്രമിക്കാൻ ഒരിടം കണ്ടെത്തണം. ഹോട്ടൽ മുറികളിൽ തിരികെപ്പോകുന്നതിനേതാക്കൾ ഗുണകരം അൽപം ക്ഷീണിച്ചാലും ഇനിയുള്ള സമയം പാത്മോസിന്റെ സൗന്ദര്യം കണ്ടുകളയാമെന്നു കരുതി. ഉച്ചസൂര്യൻ അഗ്നി വർഷിക്കുന്നതിൽ ഇനിയും ക്ഷീണിച്ചിട്ടില്ലാത്തതിനാൽ, റെസ്റ്റോറന്റിന്റെ പുറത്തെ മരണലിലിരുന്ന് ഞാൻ അകലെയുള്ള ഈജിയൻ കടലിന്റെ നീലിമയിലേക്ക് കുറേനേരം നോക്കിയിരുന്നു.

അനന്തമായ ആ കടൽപ്പരപ്പിനും ചിതറിക്കിടക്കുന്ന ദ്വീപുകൾക്കുമിടയിൽ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് ഇതേ സൂര്യനു താഴെ ഏകാന്തനായി കഴിഞ്ഞിരുന്ന യോഹന്നാനെ ഞാൻ സങ്കൽപിച്ചു. അന്ന് പാത്മോസിൽ മനുഷ്യനിർമ്മിതമായ ജയിലുകളില്ലായിരുന്നു, മറിച്ച് സമുദ്രത്താൽ ചുറ്റപ്പെട്ട ഈ ദ്വീപ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ തടവറ. ആ ഏകാന്തതയിൽ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളും അതേ മണ്ണിൽ വച്ച് അദ്ദേഹം കണ്ടെത്തിയ ദൈവീകസമാധാനവും എന്റെ ഉള്ളിൽ ഒരു വിങ്ങലായി പടർന്നു. അവശതകളിലും പരിമിതികളിലും അദ്ദേഹം തോറ്റുകൊടുത്തില്ല, മറിച്ച് തന്റെ ഏകാന്തതയെ സ്വർഗത്തിലേക്കുള്ള കിളിവാതിലായി മാറ്റുകയാണ് ചെയ്തത്.

വൈകുന്നേരമായതോടെ സൂര്യന്റെ ചൂട് കുറഞ്ഞുതുടങ്ങി. ഒരുകാലത്ത് തടവുകാർക്കായി നീക്കിവച്ചിരുന്ന ഈ പ്രദേശം ഇന്ന് സഞ്ചാരികളുടെയും തീർഥാടകരുടെയും പ്രിയപ്പെട്ട ഇടമായി മാറിയത് യോഹന്നാന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ്. പ്രകാശം നിഴലിനോട് ചേരുന്നതുപോലെ, അദ്ദേഹത്തിന്റെ ജീവിതത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഈശോയുടെ പ്രിയശിഷ്യനായിരുന്നിട്ടും ഒറ്റപ്പെടലിന്റെ കയ്പ്പറിഞ്ഞ അദ്ദേഹം, അതേ ഏകാന്തതയെ ദൈവത്തിലേക്കുള്ള പാലമാക്കി മാറ്റി. ആ വിപരീതസാഹചര്യങ്ങളെ പ്രകാശമാക്കി മാറ്റിയ അദ്ദേഹത്തിന്റെ ജീവിതം എന്തൊരു വലിയ പാഠമാണ്.

അസ്തമയം: ഒരു അനുഗ്രഹം

വി. യോഹന്നാന്റെ പാദമുദ്രകൾ പതിഞ്ഞ ആത്മീയവഴികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച് പാത്മോസിലെ ആ അമൂല്യമായ പകൽ ഞാൻ പൂർത്തിയാക്കി. പിറ്റേന്ന് പുലർച്ചെ രണ്ടുമണിക്ക് വരാനിരിക്കുന്ന കപ്പലിനായി ആ തീരത്ത് കാത്തിരിക്കുമ്പോൾ, എന്റെ കൈയിൽ അവശേഷിച്ചിരുന്നത് വെറും 15 യൂറോ മാത്രമായിരുന്നു. ഗ്രീസിലെ ബാങ്ക് കാർഡുകളുടെ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങളെ ഭയന്ന്, പണമെടുക്കാൻ മുതിരാതെ ആ രാത്രി അത്താഴം വേണ്ടെന്നുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഉള്ളിൽ പ്രത്യാശയുടെ കതിർനാളങ്ങൾ ബാക്കിയുണ്ടായിരുന്നെങ്കിലും, വിശപ്പിന്റെ വിളിയെ അവഗണിക്കാൻ എന്റെ ശരീരത്തിനാകുമായിരുന്നില്ല.

പകൽവെളിച്ചം മാഞ്ഞതോടെ സ്കാലയിലെ തിരക്കുകളും ഒഴിഞ്ഞുതുടങ്ങി. തുറമുഖത്തെ ആ വിജനമായ ബെഞ്ചിൽ ഞാൻ മാത്രമായി. രാത്രിയുടെ നിശ്ശബ്ദതയിലേക്ക് കടൽക്കാറ്റും കൊതുകുകളുടെ ശല്യവും പടർന്നപ്പോൾ, ആത്മീയമായ ചിന്തകളേക്കാൾ വിശപ്പിന്റെ കാഠിന്യമാണ് മനസ്സിനെ അസ്വസ്ഥമാക്കിയത്. ഏറ്റവും ആവശ്യമുള്ള നേരത്ത് ബാങ്കിൽ നിന്നും പണമെടുക്കാതെ പോയത് എത്ര വലിയ മണ്ടത്തരമായിരുന്നു എന്ന തിരിച്ചറിവ് ഒരു വേട്ടയാടലായി എന്നെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു.

രാത്രി ഒൻപതര കഴിഞ്ഞിരിക്കുന്നു. ആളൊഴിഞ്ഞ ആ തെരുവിലൂടെ അപ്രതീക്ഷിതമായി കടന്നുപോയ ഇസിദോർ അച്ചൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നെ കണ്ടമാത്രയിൽ, അടുത്തുള്ള പള്ളിയിൽ നടക്കുന്ന സന്ധ്യാപ്രാർഥനയിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു. പള്ളിക്കുള്ളിലെ കൊത്തുപണികളുള്ള ആ പഴയ മരക്കസേരയിൽ പ്രാർഥനാനിരതനായി ഇരിക്കുമ്പോഴും, ഉള്ളിലെ വിശപ്പിന്റെ നിലവിളി ആത്മീയമായ ഉണർവിനെപ്പോലും തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. പ്രാർഥനകൾ നീളുന്തോറും ശരീരം കൂടുതൽ തളർന്നുവന്നു. എന്നാൽ, പ്രാർഥനകൾ അവസാനിക്കാറായപ്പോൾ, പ്രാർഥനകളുടെ പരിസമാപ്തിയിൽ കരുതലിന്റെയും ആത്മീയതയുടെയും പ്രതീകമെന്നോണം വിശുദ്ധമായ അപ്പത്തിന്റെ ഒരു കഷണം എനിക്കുനേരെ നീട്ടപ്പെട്ടു. വിശപ്പടക്കാൻ മാത്രം വലുതായിരുന്നു ആ അപ്പം. വിശപ്പ് കൊണ്ട് ഏറ്റവും അഗതിയായിത്തീർന്ന ആ നിമിഷം കൈകളിൽ വന്നുചേർന്ന ആ അപ്പക്കഷണം എന്റെ നിസ്സഹായത കണ്ട് ദൈവം തന്റെ അദൃശ്യമായ കൈകളാൽ നീട്ടിത്തന്ന അന്നമായിരുന്നു. ഏറ്റവും ആവശ്യമുള്ള നേരത്ത് ലഭിക്കുന്ന ഇത്തരം ലളിതമായ കരുതലുകളാണ് ദൈവസാന്നിധ്യത്തിന്റെ ഏറ്റവും വലിയ സാക്ഷ്യങ്ങൾ. ആ അപ്പത്തിന്റെ ഓരോ തരിയും എന്റെ ഹൃദയത്തിലെ സകല ഭാരങ്ങളെയും മായ്ച്ചുകളഞ്ഞു. അങ്ങനെ ആ യാമത്തിലും പള്ളിക്കുള്ളിലെ ധൂപവർഗത്തിന്റെ സുഗന്ധവും പ്രാർഥനാഗീതങ്ങളും എന്നെ ശാന്തമാക്കി. പുലർച്ചെ പതിനൊന്നരയോടെ സന്ധ്യാപ്രാർഥന അവസാനിക്കുമ്പോൾ, വിശപ്പടങ്ങിയ ശരീരവും പ്രകാശപൂർണ്ണമായ മനസ്സുമായി ഞാൻ വീണ്ടും തുറമുഖത്തെത്തി; ഒന്നരയോടെ. അപ്പോഴും ആകാശത്ത് നക്ഷത്രങ്ങൾ പാത്മോസിന്റെ കാവൽക്കാരായി ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു.

പുലർച്ചെ രണ്ടുമണിയോടെ, ഇരുളിൽ ഒരു വെള്ളിമേഘം പോലെ ‘ബ്ലൂ സ്റ്റാർ’ കപ്പൽ ചക്രവാളത്തിൽ തെളിഞ്ഞു. കടലിന്റെ തിരമാലകളെ വകഞ്ഞുമാറ്റി ആ വലിയ നൗക തുറമുഖത്തോടടുത്തപ്പോൾ, ഏകാന്തതയുടെ ഒരു പകൽക്കാലം അവസാനിക്കുകയാണെന്ന തിരിച്ചറിവിൽ ഉള്ളൊന്നു പിടഞ്ഞു. കപ്പലിന്റെ പടവുകൾ കയറുമ്പോൾ, താഴെ പാത്മോസിന്റെ മണ്ണ് നിശ്ശബ്ദമായി വിടചൊല്ലി. ഡെക്കിലെ തണുത്ത കാറ്റേറ്റുനിൽക്കുമ്പോൾ, കടൽപക്ഷികളെപ്പോലെ സ്വതന്ത്രമായ ചിന്തകൾ എന്റെ ഉള്ളിൽ ചിറകടിച്ചുയർന്നു.

പിറ്റേന്ന് പ്രഭാതം പൊട്ടിവിടരുമ്പോൾ കപ്പൽ ശാന്തമായ കടലിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. തീർഥാടനം പൂർത്തിയാക്കി മടങ്ങുന്ന സഞ്ചാരിയുടെ ഹൃദയത്തിൽ ഇപ്പോൾ പരാതികളോ, വിശപ്പിന്റെ ആധിയോ ഇല്ല. പകരം ഒരു യുഗത്തിന്റെ ആത്മീയസമ്പാദ്യം മുഴുവൻ കൈവന്നവന്റെ നിറഞ്ഞ സംതൃപ്തി മാത്രം. കഠിനമായ പാറക്കെട്ടുകൾക്കിടയിൽ കണ്ട ദൈവസാന്നിധ്യവും ഇസിദോർ അച്ചൻ കാട്ടിത്തന്ന വെളിപാടിന്റെ അടയാളങ്ങളും പ്രതിസന്ധിയിൽ ലഭിച്ച ആ അപ്പക്കഷണവും ഒരു മഹാകാവ്യം പോലെ എന്റെ ഓർമ്മകളിൽ തെളിഞ്ഞുനിന്നു. ലക്ഷ്യസ്ഥാനത്ത് കപ്പലടുക്കുമ്പോൾ, ആ വലിയ യാത്രയുടെ അന്ത്യമല്ല, മറിച്ച് എന്റെ ഉള്ളിലെ പുതിയൊരു മനുഷ്യന്റെ തുടക്കമായിരുന്നു അത്. പാത്മോസ് എന്ന ആ ചെറിയ ദ്വീപ് എന്റെ ഹൃദയത്തിൽ വലിയൊരു പരിവർത്തനത്തിന്റെ വിത്ത്  പാകി എന്ന തിരിച്ചറിവോടെ, നിറഞ്ഞ മിഴികളോടെ ഞാൻ മണ്ണിലിറങ്ങി.

പത്മോസ്: തടവറയിൽ വിരിഞ്ഞ പ്രത്യാശയുടെ പ്രകാശം

പാത്മോസിലേക്കുള്ള യാത്ര ഇന്നും ഒരു പരീക്ഷണമാണ്. ഗതിമാറി വീശുന്ന കാറ്റും എത്തിപ്പിടിക്കാൻ പ്രയാസമുള്ള കപ്പൽയാത്രകളും വിശ്വാസത്തിന്റെ ആഴമളക്കുന്ന ഉരകല്ലുകളാണ്. വി. യോഹന്നാൻ രണ്ടായിരം വർഷങ്ങൾക്കു മുൻപ് അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു നേർത്ത നിഴൽ മാത്രമാണ് ഇന്നത്തെ യാത്രാക്ലേശങ്ങളെന്ന് തിരിച്ചറിയുമ്പോൾ ഓരോ തടസ്സവും ഒരു അനുഗ്രഹമായി അനുഭവപ്പെടും. ലോകം അദ്ദേഹത്തെ ഒരു തടവുകാരനായി കണ്ട് ഈ പരുക്കൻ ശിലകൾക്കിടയിലേക്ക് നാടുകടത്തിയപ്പോൾ, തന്റെ ഏകാന്തതയെ സ്വർഗീയരഹസ്യങ്ങൾ വിരിയുന്ന ഒരു വിശുദ്ധസങ്കേതമാക്കി മാറ്റുകയായിരുന്നു. ‘ഇല്ലിയായിക്കി കടൽപക്ഷി പോലെ’ ഭൗതികമായ വിലങ്ങുകളെ ഭേദിച്ച്, തന്റെ ആത്മാവിനെ ദൈവീകപ്രകാശത്തിലേക്ക് പറത്തിവിട്ട ആ വലിയ മനുഷ്യന്റെ പാത പിന്തുടരാൻ കഴിഞ്ഞത് എനിക്ക് ജീവിതത്തിലെ ഒരു വലിയ സുകൃതമാണ്. പ്രതിസന്ധികളുടെ ഇരുൾവഴികളിലും ദൈവസാന്നിധ്യത്തിന്റെ നക്ഷത്രശോഭ തേടി നമ്മുടെ ആത്മാവ് ചിറകടിച്ചുയരട്ടെ.

റവ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ

തുടരും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.